ഇന്നു വി. #ചാവറ പിതാവിന്റെ തിരുനാൾ… ചില കാര്യങ്ങൾ മാത്രംകുറിക്കട്ടെ!
ഒന്ന്: കുടുംബ പ്രാർത്ഥന…
വിശുദ്ധ ചാവറപ്പിതാവിനെക്കുറിച്ച് ഓർക്കുമ്പോൾ കുടുംബപ്രാർത്ഥനയെക്കുറിച്ച് പറയാതിരിക്കുന്നതെങ്ങനെ? നിങ്ങളുടെ വീട്ടിൽ കുടുംബ പ്രാർത്ഥനയുണ്ടോ? എങ്കിൽ ഭാഗ്യവാനാണ് / ഭാഗ്യവതിയാണ്/ നിങ്ങൾ.
കുടുംബ പ്രാർത്ഥന നഷ്ടപ്പെടുത്തിക്കളഞ്ഞില്ല എന്ന ഒരൊറ്റ കാരണത്താൽ നിങ്ങളുടെ മാതാപിതാക്കന്മാരോട് നന്ദി വേണം നിങ്ങൾക്ക്. കാരണം ഒത്തിരി മക്കൾക്ക് കുടുംബ പ്രാർത്ഥന എന്ന ആത്മീയസൗഭാഗ്യത്തിൽ പങ്കുചേരാനുള്ള അനുഗ്രഹാവസരം കിട്ടിയിട്ടേയില്ല! സ്വർഗ്ഗീയ പിതാവിന്റെ പൈതൃക പരിപാലനാ നുഭവമാസ്വദിച്ച് അടങ്ങിയൊതുങ്ങി അര മണിക്കൂറെങ്കിലും ഇരിക്കാനുള്ള ഈ അച്ചടക്കാഭ്യാസം നമ്മുടെ ന്യൂജെൻ – ന് കുറച്ചൊന്നുമല്ല ആവശ്യമായിരിക്കുന്നത്!
ഇനി, കുരിശു വരച്ചു കഴിഞ്ഞ് മൂത്തവർക്കുള്ള ആ സ്തുതി കൊടുക്കലുണ്ടല്ലോ പല പരിഭവങ്ങൾക്കും, പടലപിണക്കങ്ങൾക്കും പരിഹാരം കൂടിയായ അനന്യമായ ഒരു സ്നേഹാനുഭവമാണത് നൽകുന്നത്. വീടിനെ കുടുംബമാക്കുന്നതിൽ കുടുംബ പ്രാർത്ഥനയ്ക്കുള്ള പങ്കിന് പകരം വെക്കാൻ മറ്റൊന്നുമില്ലെന്ന് നാം തിരിച്ചറിയണം.
ഇനി വി. ചാവറ പിതാവ് പറയുന്നതൊന്ന് ശ്രദ്ധിച്ചാലും.
“കുരിശു മണിയടിക്കുമ്പോൾ മക്കളെല്ലാം വീട്ടിൽ ഉണ്ടാകണം നമസ്കാരം കഴിഞ്ഞാൽ ഉടൻ സ്തുതി ചൊല്ലി അപ്പൻ്റെയും അമ്മയുടെയും കൈമുത്തണം.”
രണ്ട്: പ്രാർത്ഥനയിലെ ശരീരഭാഷ…
ചാവറയച്ചനെ പ്രാർത്ഥനാ സമയത്ത് കണ്ടവർക്ക് ഒരു മാലാഖാ നിൽക്കുന്നതു പോലെ തോന്നിയിരുന്നു. സന്ധ്യാപ്രാർത്ഥനയ്ക്കണഞ്ഞിരിക്കുന്ന കാർന്നോമ്മാരെ നോക്കുമ്പോൾ മക്കൾക്ക് മാലാഖമാരെപ്പോലെ തോന്നണം, ചേട്ടന്മാരെ കാണുമ്പോൾ അനുജന്മാർക്കും അതു തോന്നണം.തോന്നുമോ? ” മക്കളേ, സന്ധ്യാപ്രാർത്ഥന നിങ്ങളങ്ങ് എത്തിച്ചു തീർക്കുമ്പഴേക്കും ഞാനങ്ങ് എത്തിയേക്കാ”മെന്നു മൊഴിഞ്ഞു മുങ്ങി നടന്നാൽ വിശ്വാസം ജീവിക്കാൻ മക്കൾക്ക് മാതൃകയാകാനാകുമോ?
മൂന്ന്: അപ്പൻ എന്ന അഭിസംബോധന…
“അപ്പാ ” എന്നാണ് ചാവറപ്പിതാവ് നമ്മുടെ കർത്താവിനെ അഭിസംബോധന ചെയ്തത്. ഈശോ പിതാവിനെ ഗാഢസ്നേഹത്തോടെ വിശേഷിപ്പിച്ച അതേ പദം! ചെറുപ്പകാലത്തുതന്നെ അപ്പനെയും അമ്മയെയും നഷ്ടപ്പെട്ട ചാവറക്ക് അപ്പൻ എന്ന് അഭിസംബോധന ഒരു ആലങ്കാരിക പ്രയോഗം മാത്രമായിരുന്നില്ല. നമ്മുടെ കർത്താവും പരിശുദ്ധ കന്യകാമറിയവും അക്ഷരാർത്ഥത്തിൽ അദ്ദേഹത്തിന് സ്വന്തം പിതാവും മാതാവുമായിരുന്നല്ലോ. കർത്താവിനെ നാം എങ്ങിനെയാണ് അഭിസംബോധന ചെയ്യുന്നത്? അതു ശ്രദ്ധിച്ചാലറിയാം ദൈവവുമായുള്ള നമ്മുടെ വ്യക്തി ബന്ധം. വർദ്ധിപ്പിക്കണം നമുക്കാബന്ധം.
നാല്: ആത്മീയ സ്വയാവബോധം…
ദൈവസന്നിധിയിൽ ” ഞാൻ മഹാപാപി” എന്നായിരുന്നു ആ വലിയ വിശുദ്ധൻ സ്വയം കരുതിയത്. ” ഞാൻ മഹാ വിശുദ്ധൻ ” എന്നും ”അവൻ /ൾ പാപി , അത്ര പോരാ ” എന്നും നാം കരുതുന്നത് വിശുദ്ധിയുടെ ലാഞ്ചന ജീവിതത്തിനടുത്തു കൂടി പോകാത്തതു കൊണ്ടല്ലേ? പ്രാർത്ഥിക്കാം, പ്രാവർത്തികമാക്കാൻ പരിശ്രമിക്കാം. അല്ലെങ്കിൽ ഈ തിരുനാളും കുറേ വെടിയും പുകയും മാത്രമായി തീർന്നു പോകും – ശരിയല്ലേ?
By, സൈ