വി. കുര്യാക്കോസ് ഏലിയാസ് ചാവറ: ആരോപണങ്ങളും മറുപടിയും…
ആരോപണം 1
“പള്ളിക്ക് ഒരു പള്ളിക്കൂടം” എന്ന ആശയം 1864-ല്‍ നടപ്പിലാക്കികൊണ്ട് വി. കുര്യാക്കോസ് ഏലിയാസ് അച്ചന് കേരള കത്തോലിക്കാ സഭയില്‍ വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണത്തിനും പരിഷ്കരണത്തിനും തുടക്കമിട്ടു എന്ന് പറയുന്നത് ശരിയല്ല. കാരണം വരാപ്പുഴ മെത്രാപ്പോലീത്ത ആയിരുന്ന ബര്ണാര്ദീന് ബച്ചിനെല്ലിയുടെ 1856-ലെ ഇടയ ലേഖനത്തില്‍ നിന്നാണ് ഈ ആശയം സ്വീകരിച്ചിരിക്കുന്നത്.
മറുപടി
ഈ ആരോപണത്തിനുള്ള മറുപടിയായി താഴെ ചേര്‍ക്കുന്ന വസ്തുതകളിലേയ്ക്ക് അങ്ങയുടെ പ്രത്യേകമായ ശ്രദ്ധയുണ്ടാകണമെന്നു അപേക്ഷിക്കുന്നു.
(a) 1856-നു മുന്‍പു തന്നെ, അതായതു 1846-ല്‍, ഫാ. കുര്യാക്കോസ് ഏലിയാസ് ചാവറ മാന്നാനത്ത് അവിടുത്തെ സെന്റ്. ജോസഫ്സ് ആശ്രമത്തോട് ചേര്‍ന്ന് ഒരു സംസ്കൃത വിദ്യാലയം ആരംഭിച്ചിരുന്നു എന്നത് ഒരു വസ്തുതയാണ്. ഇത് സ്ഥാപിക്കപ്പെട്ടത് വരാപ്പുഴ മെത്രാപ്പോലീത്ത പുറപ്പെടുവിച്ചു എന്ന് ആരോപണക്കാരന്‍ പറയുന്ന ഇടയലേഖനം (അങ്ങനെയൊരു വസ്തു ഉണ്ടെങ്കില്‍) പുറപ്പെടുവിക്കുന്ന 1856-ന് 10 വര്‍ഷം മുന്‍പാണ്.
(b)കേരളത്തിലെ പള്ളികളില്‍ ഫലപ്രദമായ വിധം പ്രവര്‍ത്തിക്കുന്നതിന് ഏറെ ബുദ്ധിമുട്ടുള്ളതാണെന്നു കണ്ട് ബച്ചിനെല്ലി മെത്രാപ്പോലീത്ത 1861-ല്‍ തന്നെ ഫാ. കുര്യാക്കോസ് ഏലിയാസിനെ വികാരി ജനറലായി നിയമിച്ചു എന്നതും ഈ അവസരത്തില്‍ സ്മരണീയമാണ്. മെത്രാപ്പോലീത്തയുടെ വാക്കുകളില്‍ പറഞ്ഞാല്‍, ڇനമ്മുടെ അധീനതയിലുള്ള ദേവാലയങ്ങളുടെ, ഏറെ നീണ്ട കാലത്തേ ഭരണനിര്‍വഹണത്തില്‍ നാമനുഭവിക്കുന്ന ബുദ്ധിമുട്ടുകളും നമ്മുടെ പ്രായാധിക്യവും തദ്ഫലമായുള്ളക്ഷീണവും അതിലധികമായി നമ്മുടെ ഭരണ നിര്‍വഹണത്താല്‍ വൈദികരിലോ അല്മായരിലോ എന്തെങ്കിലും ആധ്യാത്മിക ഫലം നാം കാണുന്നില്ല എന്നുള്ളതിനാലും. ആയതിനാല്‍ നമ്മുടെ അധീനതയിലുള്ള സീറോ മലബാര്‍ പള്ളികളിലെ പുരോഹിതരെയും ജനങ്ങളെയും ഭരിക്കുവാനായി നാം, താങ്കളെ വികാരി ജനറലായി നിയമിക്കുന്നു. അത് കൊണ്ട് നിയമം അംഗീകരിച്ചു തരുന്ന അധികാരാവകാശങ്ങള്‍ക്കു പുറമെ നാം നല്കുന്ന ‘പത്തേന്തി’ (patent letter) യിലൂടെ അധികാരപ്പെടുത്തി നല്‍കിയിട്ടുള്ള അധികാരാവകാശങ്ങളും….. നല്കുന്നു .”[ASJM: Archieves of St. Joseph Monastery Mannanam. Sacra Congregatio Pro Causis Sanctorum. (PN 1174) Changanacherren. Seu Varapolitana, Beatificationis et Canonizationis Servi Dei Cyriaci Eliae Chavara, Positio super introductione, Causae et super virtutibus, Romae 1977, 217/2180.]
(c) അതിനും മുന്‍പ് തന്നെ, 1850-ല്‍ കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ അത്യാവശ്യകതയെക്കുറിച്ചു കുര്യാക്കോസ് എലിയാസ് അച്ചനു ബോധ്യമുണ്ടായിരുന്നു. വിദ്യാഭ്യാസമില്ലാത്ത വ്യക്തികള്‍ ജ്ഞാനാന്ധരായിരിക്കുമെന്നു (ജ്ഞാന കുരുടന്മാര്) ദൃഢമായ കാഴ്ചപ്പാടുണ്ടായിരുന്നു അദ്ദേഹത്തിന്. കേരള ക്രൈസ്തവരില്‍ വിശുദ്ധിയുടെ ഫലങ്ങള്‍ കുറവായിരിക്കുന്നതും ഈ അന്ധത കൊണ്ടാണെന്നു അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ട് ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താന്‍ അദ്ദേഹം തീവ്രമായി പരിശ്രമിച്ചു. ഇതിനായി 1850 മാര്‍ച്ച് 25-ാം തിയതി എല്ലാ ഇടവക വികാരിമാര്ക്കുമായി ഫാദര്‍ ചാവറ വ്യക്തിപരമായി ഒരു സര്‍ക്കുലര്‍ അയച്ചു. മലയാളം, തമിഴ്, ലത്തീന്‍, സുറിയാനി മുതലായവ പഠിപ്പിക്കുന്ന ഒരു വിദ്യാകേന്ദ്രത്തിനായി വൈദികരെ പ്രേരിപ്പിക്കുകയും ഉത്സുകരാക്കുകയും ചെയ്യുക, ഈ കേന്ദ്രം നടത്തികൊണ്ട് പോകാനായി ഇടവകാംഗങ്ങളില്‍ നിന്നും അവരുടെ വരുമാനത്തിന്റെ 10 ശതമാനം സംഭാവനയായി ശേഖരിക്കുക എന്നതായിരുന്നു നിര്‍ദ്ദേശം. (Chavara, CWC, The Complete Works of Chavara Vol4, Letters IX/2).വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനുള്ള ചാവറയച്ചന്റെ തീവ്രാവേശവും ഔത്സുക്യവും സാക്ഷ്യപ്പെടുത്തുന്ന രേഖയാണ് ഈ സര്‍ക്കുലര്‍.
(d) എന്തെങ്കിലും ചരിത്ര രേഖയുടെ അടിസ്ഥാനത്തിലുള്ള പിന്‍ബലത്തോടെയല്ല പരാതിക്കാരന് തന്റെ അവകാശവാദം നടത്തിയിരിക്കുന്നത്. പരാതിയില്‍ പറയുംപോലെ 1856-ല്‍ ബച്ചിനെല്ലി മെത്രാപ്പോലീത്ത പുറപ്പെടുവിച്ചു എന്ന് പറയുന്ന ഇടയലേഖനം ഇതുവരെയും ആര്‍ക്കും ലഭ്യമായിട്ടില്ല. അത് ഇതുവരെയും എവിടെയും പ്രസിദ്ധികരിക്കുകയോ അതിനെക്കുറിച്ചു എന്തെങ്കിലും പരാമര്‍ശം ഉണ്ടാകുകയോ ചെയ്തിട്ടില്ല.
(e) ഫാദര്‍ കുര്യാക്കോസ് എലിയാസ് ചാവറ വരാപ്പുഴ അതിരൂപതയുടെ വികാരിജനറലായിരിക്കുമ്പോള് ആണ്’പള്ളിക്ക് ഒരു പള്ളിക്കൂടം’ എന്ന ആശയം കേരളത്തിലെ പള്ളികളില്‍ പ്രായോഗികമായി നടപ്പാക്കപ്പെട്ടത് എന്നത് നിഷേധിക്കപ്പെടുവാന്‍ കഴിയാത്ത വസ്തുതയാണ്. ആശയം ആരുടെതെന്നത് ഇവിടെ പ്രസക്തമല്ല.
(f) മുകളില്‍ പറഞ്ഞിട്ടുള്ള ‘ക്ഷണപത്ര’ത്തിലെ വിവരണത്തില്‍ വി. കുര്യാക്കോസ് ഏലിയാസ് ‘പള്ളിക്ക് ഒരു സ്കൂള്‍’ എന്ന ആശയം കണ്ട് പിടിച്ചു എന്നവകാശപ്പെട്ടിട്ടില്ല. ഈ ആശയം പ്രായോഗികമായി നടപ്പിലാക്കികൊണ്ട് വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണത്തിനും പരിഷ്കരണത്തിനും കുര്യാക്കോസ് ഏലിയാസ് അച്ചന് തുടക്കമിട്ടു എന്നാണ് പറഞ്ഞിട്ടുള്ളത്.
(g) സ്വീകാര്യമായ ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തില്‍ ബര്ണാര്ദീനോ ബച്ചിനെല്ലി മെത്രാപ്പോലീത്തയില്‍ നിന്നാണ് ഈ ആശയം ഉദ്ഭൂതമായത് എന്ന് പരാതിക്കാരന് സംസ്ഥാപിച്ചാല് അത് സ്വീകരിക്കുന്നതിന് ഞങ്ങള്‍ക്ക് യാതൊരു വൈമനസ്യവുമില്ല.
(h) ഫാദര്‍ കുര്യാക്കോസിന്റെ കാര്യക്ഷമമായ നേതൃത്വത്തില്‍ 1864 മുതല്‍ പള്ളികളോടും ആശ്രമങ്ങളോടും അനുബന്ധിച്ചു ഏറെ സ്കൂളുകള്‍ സ്ഥാപിക്കപ്പെട്ടു എന്നത് അനവധിയായ ചരിത്ര രേഖകളിലൂടെ സംശയലേശമെന്യേ തെളിയിക്കപ്പെട്ട വസ്തുതയാണ്. അതിനു മുന്‍പ് കത്തോലിക്കര്‍ക്ക് അവരുടെ കുട്ടികളെ പഠിപ്പിക്കുവാന്‍ അവസരമുണ്ടായിരുന്നില്ല. കാരണം, ശീശ്മക്കാരോ, പാഷണ്ഡികളോ നടത്തുന്ന വിദ്യാലയങ്ങളില്‍ കത്തോലിക്കാകുട്ടികള്‍ പോകുന്നതിനു ബച്ചിനെല്ലി മെത്രാപ്പൊലീത്ത എതിരായിരുന്നു ചില പ്രത്യേക അവസരങ്ങളില്‍ സര്‍ക്കാര്‍ സ്കൂളില്‍ പോകാന്‍ അദ്ദേഹം അനുവദിച്ചിരുന്നു (Cf: Report of the Archbishop Baccinelli on the state of the Christians of Syro Malabar Rite in the Apostolic Vicariate of Verapoly in 1867, Response to the question. number 53).
(i) ഫാദര്‍ ചാവറ വികാരി ജനറലായി നിയമിക്കപ്പെട്ടതിനു ശേഷമുള്ള കാലഘട്ടത്തില്‍ കത്തോലിക്കാ സ്കൂളുകളുടെ എണ്ണം ക്രമമായി വര്‍ധിച്ചു വന്നു എന്നതിന് ചരിത്രപരമായ തെളിവുകളുണ്ട്. നമ്മുടെ ശ്രദ്ധയില്‍ വരേണ്ട ഒരു പ്രധാന കാര്യമാണിത്. 1864-ല്‍ ഒരേയൊരു കത്തോലിക്കാ സ്കൂള്‍ മാത്രമാണുണ്ടായിരുന്നത്. 1866-ല്‍ അത് 42 ആയും 1867-ല്‍ അത് 191 ആയും ഉയര്‍ന്നു. വരാപ്പുഴ അതിരൂപതയുടെ വികാരിജനറാളും, CMI സന്യാസ സഭയുടെ പ്രിയോര്‍ ജനറലുമായിരുന്ന ഫാദര്‍ കുര്യാക്കോസ് ഏലിയാസിന്റെ കഠിന പ്രയത്നങ്ങളിലേക്ക് വെളിച്ചമേകുന്ന വസ്തുതയാണിത്.
എല്ലാ ദേവാലയങ്ങളോടും ചേര്‍ന്ന് വിദ്യാലയങ്ങള്‍ സ്ഥാപിക്കണമെന്നു ബച്ചിനെല്ലി മെത്രാപ്പോലിത്ത 1856-ല്‍ ഇടയലേഖനം അയച്ചിരുന്നുവെങ്കില്‍, അത്തരമൊരു ഇടയലേഖനം നിലവിലുണ്ടായിരുന്നെങ്കില്‍, എന്തുകൊണ്ടാണ് 1864 വരെയായിട്ടും അതിരൂപതയില്‍ നിലവിലുണ്ടായിരുന്നത് ഒരേയൊരു വിദ്യാലയം മാത്രമായിരുന്നത്?
ഫാദര്‍ കുര്യാക്കോസ് ഏലിയാസ് വികാരി ജനറലായി നിയമിതനായതിനു ശേഷം സ്കൂളുകളുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങിയെന്നതു സുവ്യക്തമാണ്. ഫാദര്‍ കുര്യാക്കോസ് ഏലിയാസിന്റെയും CMI വൈദികരുടെയും അക്ഷീണ അധ്വാനവും യത്നവുമാണിതിന്റെ കാരണമെന്ന് ഏതൊരു വ്യക്തിക്കും ബോധ്യമാകുന്ന കാര്യമാണ്.
(j) വരാപ്പുഴ മെത്രാപ്പോലീത്ത ബര്‍ണാര്‍ഡിനോ ബച്ചിനെല്ലി റോമിലെ പ്രൊപ്പഗാന്താ തിരുസംഘത്തിനു വരാപ്പുഴ അപ്പോസ്തോലിക്ക് വികാരിയാത്തിലെ സീറോ മലബാര്‍ റീത്തില്‍ പെട്ട ക്രിസ്ത്യാനികളുടെ സ്ഥിതിയെക്കുറിച്ചു 1867-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് 104 സുറിയാനി പള്ളികളോട് അനുബന്ധിച്ചു 191 വിദ്യാലയങ്ങളുണ്ടെന്നും അവിടെ ഞായറാഴ്ചകളില്‍ മതപഠനവും മറ്റു ദിവസങ്ങളില്‍ മലയാള ഭാഷ വായിക്കുന്നതിനും എഴുതുന്നതിനും ഭാഷയില്‍ രചനകള്‍ നടത്തുന്നതിനും ഗണിതശാസ്ത്രം പഠിപ്പിക്കുന്നതിനും വേണ്ടഏര്‍പ്പാടുകള്‍ ഉണ്ടെന്നുമാണ്. (ACO:Archivi Congregazioni Orientali 1862-1877,Scritture referrite Congressi Malabaressi, ff.150-172).
(k) 1864-ല്‍ ആര്‍പ്പൂക്കരയില്‍ നിലവില്‍ വന്ന, ദലിതര്‍ക്കുവേണ്ടിയുള്ള ആദ്യത്തെ വിദ്യാലയ സ്ഥാപനത്തിന്റെ പിന്നിലും ഫാ. കുര്യാക്കോസ് ഏലിയാസ് ചാവറയായിരുന്നു.(Alochana – Archives of St. Josephs Monastery Mannanam, (ASJM) Manuscript, the Book of Consultation of the Monastery at Mannanam, 1864-1871; p.139).
ഈ കാരണങ്ങളാല്‍ വി. കുര്യാക്കോസ് ഏലിയാസ് ചാവറയാണ് കേരള കത്തോലിക്ക സഭയില്‍ വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിനും, ജനകീയതയ്ക്കും, നവീകരണത്തിനും ആരംഭം കുറിച്ചതെന്നു സുതരാം വ്യക്തമാകുന്നു..
ആരോപണം 2
സംഭാവനായി ‘പിടിയരി’ (handful of rice) എന്ന സമ്പ്രദായത്തിന്റെ ആരംഭകന് വി. കുര്യാക്കോസ് ഏലിയാസ് ചാവറയാണെന്നു വിശേഷിപ്പിക്കുന്നത് ചരിത്രവസ്തുതാപരമായി തെറ്റിദ്ധരിപ്പിക്കുന്ന കാര്യമാണ്. അതിനു കാരണമായി പരാതിക്കാരന് പറയുന്നത് അതും ബച്ചിനെല്ലി മെത്രാപ്പോലീത്തയാണ് ആരംഭിച്ചത് എന്നാണ്. പല വൈദികരും അത് നിര്‍വഹിക്കുന്നുണ്ടായിരുന്നു, ചാവറയച്ചന് അത് നടപ്പിലാക്കാന്‍ ശ്രമിച്ചുവെന്നേയുള്ളു എന്നുമാണ് ആരോപകന് പറയുന്നത്.
മറുപടി വിശദീകരണം
(a) ഇവിടെയും ആരോപണകര്ത്താവിനു കാണിച്ചുതരാന്‍ തെളിവുകളൊന്നുമില്ല. ബച്ചിനെല്ലിമെത്രാപ്പോലീത്തയാണ് ‘പിടിയരി’ എന്ന ആശയത്തിന്റെ പ്രോദ്ഘാടകന്‍ എന്ന് വെറുതെയങ്ങു പ്രസ്താവിക്കുക മാത്രമാണ്.
(b) പുളിങ്കുന്ന്, എല്‍ത്തുരുത് എന്നീ ആശ്രമങ്ങളോടനുബന്ധിച്ച് നടപ്പാക്കിയ ‘പിടിയരി’ എന്ന സമ്പ്രദായം പിന്നാലെ വരാപ്പുഴ രൂപതയിലെങ്ങും നടപ്പിലാക്കിയതില്‍ വികാരി ജനറലെന്ന നിലയില്‍ ചാവറയച്ചന് നിര്‍ണ്ണായകമായ പ്രേരകനും പ്രോത്സാഹകനുമായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. (cf: Mannanam Second Chronicle 1855-1870 pp. 80-81).
(c) വി. കുര്യാക്കോസ് ചാവറയുടെ സമകാലീനനും സഹപ്രവര്‍ത്തകനുമായിരുന്ന റവ. ഫാ. വര്‍ക്കി പാറപ്പുറം തന്റെ നാളാഗമത്തില്‍ (Chronicle) രേഖപ്പെടുത്തിയിരിക്കുന്നത് ‘പിടിയരി’ എന്ന ആശയം പുളിങ്കുന്ന് ആശ്രമാംഗമായിരുന്ന റവ. ഫാ. തോപ്പില്‍ ഗീവര്ഗീസിന്റെയാണ് എന്നാണ്. ഫാദര്‍ കുര്യാക്കോസ് ഏലിയാസ് ചാവറ, പ്രിയോരായിരുന്ന സന്യാസ സമൂഹാംഗമായിരുന്നു ഫാദര്‍ തോപ്പില്‍ ഗീവര്‍ഗീസ് എന്നതും ഇവിടെ ഓര്‍ക്കേണ്ടിയിരിക്കുന്നു. ‘പിടിയരി’ എന്ന ആശയവും അത് രൂപതയാകെ പ്രാവര്‍ത്തികമാക്കാമെന്നതും ഫാദര്‍ കുര്യാക്കോസ് ചാവറ എങ്ങനെയാണു ബച്ചിനെല്ലി മെത്രാപ്പോലീത്തായുടെ മുന്‍പാകെ സമര്പ്പിച്ചതെന്നുമടക്കമുള്ള കാര്യങ്ങള്‍ ഫാദര്‍ വര്‍ക്കി പാറപ്പുറത്തിന്റെ നാളാഗമത്തില്‍ വിശദീകരിക്കുന്നുണ്ട്. മെത്രാപ്പോലീത്ത ഈ ആശയം അംഗീകരിക്കുകയും ചാവറയച്ചന് അത് രൂപതയാകെ നടപ്പിലാക്കുകയും ചെയ്തു. (Varkey Parappuram, Chronicle, Vol. 2, pp. 1182, 1185, 1186, Nos. 187,188).
(d) ചാവറയച്ചന് ‘പിടിയരി’ സമ്പ്രദായം പ്രായോഗികമായി നടപ്പിലാക്കി എന്ന് ആരോപണകര്‍ത്താവ് സമ്മതിച്ചിട്ടുണ്ട്. എം.ജി യൂണിവേഴ്സിറ്റിയുടെ ക്ഷണപത്രത്തിലുള്ള വിവരണത്തില്‍, വി.കുര്യാക്കോസ് ഏലിയാസ് ചാവറ ‘പിടിയരി’ സംഭാവന നടപ്പിലാക്കി എന്ന് മാത്രമാണ് പ്രസ്താവിച്ചിട്ടുള്ളത് അത് ചരിത്ര വസ്തുതയുമാണ്. ചാവറയച്ചനാണ് ഈ സംഭാവന രീതി കണ്ടുപിടിച്ചതെന്നോ ആരംഭിച്ചതെന്നോ ക്ഷണപത്രത്തില്‍ പറയുന്നുമില്ല; അങ്ങനെ അവകാശപ്പെട്ടിട്ടുമില്ല.
ആരോപണം 3
ചാവറയച്ചന് 1846-ല്‍ മാന്നാനത്തു സ്ഥാപിച്ച അച്ചടിശാലയാണ് ഒരു മലയാളി നിര്‍മ്മിച്ച് സ്ഥാപിച്ച ആദ്യത്തെ കത്തോലിക്കാ അച്ചടിശാല എന്ന് ക്ഷണപത്രത്തില്‍ പറഞ്ഞിരിക്കുന്നതില്‍ ഒരു ശതമാനം പോലും സത്യമില്ലെന്നാണ് ആരോപണകര്‍ത്താവ് പറയുന്നത്.
ഇതിനു മറുപടിയായി താഴെ പറയുന്ന കാര്യങ്ങള്‍ സമര്‍പ്പിക്കട്ടെ.
(a) 1846-ല്‍ മാന്നാനത്ത് ആദ്യത്തെ അച്ചടിശാല നിര്‍മ്മിച്ചതിനെയും അച്ചടിയന്ത്രം സ്ഥാപിച്ചതിനെയും പറ്റി ഫാ. കുര്യാക്കോസ് ഏലിയാസ് ചാവറ തന്നെ എഴുതിയവ നമുക്ക് ഉപലബ്ധമാണ്. അദ്ദേഹം എഴുതിയിരിക്കുന്നത് 1844 മുതല്‍ ഒരു അച്ചടിയന്ത്രം നിര്‍മ്മിക്കുക എന്നത് തന്റെ മനസ്സില്‍ ഉറപ്പാക്കിയിരുന്നെന്നും ഇതിനായി രണ്ട് പ്രാവശ്യം കോട്ടയത്ത് പോയി എന്നാല്‍ അവര്‍ (സി.എം.എസ് പ്രൊട്ടസ്റ്റന്റ് മിഷനറിമാര്‍) അച്ചടിശാലയിലേക്ക് കയറാന്‍ അനുവദിച്ചില്ല എന്നുമാണ്. (cf: Chavara, Chronicles Vol pp. 42ff).
(b) വി. കുര്യാക്കോസ് ഏലിയാസ് ചാവറയാണ് മാന്നാനത്തെ കത്തോലിക്കാ അച്ചടിശാലയുടെ സ്ഥാപകനും നിര്‍മ്മാതാവുമെന്ന ഞങ്ങളുടെ അവകാശവാദത്തെ നിഷേധിക്കാന്‍ പരാതിക്കാരന് സൂചിപ്പിക്കുന്ന അതേ പ്രമാണരേഖകള്‍ യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ അവകാശവാദത്തെ പിന്താങ്ങുകയും ഉറപ്പിക്കുകയും ചെയ്യുന്ന രേഖയാണ്. പരാതിക്കാരന് സൂചിപ്പിക്കുന്നത് മാന്നാനത്തെ സെന്റ് ജോസഫ്സ് പ്രസ്സിന്റെ സുവര്‍ണ്ണ ജൂബിലി സ്മാരകമായി പ്രസിദ്ധികരിച്ച പ്രസിദ്ധീകരണമാണ്. അതില്‍ അര്‍ത്ഥശങ്കയ്ക്കിടമില്ലാത്തവിധം, ഫാ. കുര്യാക്കോസ് ഏലിയാസ് ചാവറയാണ് അച്ചടിയന്ത്രം നിര്‍മ്മിച്ചതെന്നും അച്ചടിശാല സ്ഥാപിച്ചതെന്നും പ്രസ്താവിച്ചിട്ടുണ്ട്.
(c) മുകളില്‍ പറഞ്ഞിരിക്കുന്ന സുവര്‍ണ്ണ ജൂബിലി സ്മാരക പ്രസിദ്ധീകരണം അതിനാല്‍ തന്നെ പരാതിക്കാരന്റെ അവകാശ വാദത്തെ പൂര്‍ണമായും തിരസ്കരിക്കുന്ന രേഖയാണ്.
കേരളത്തില്‍ ആദ്യമായി തദ്ദേശീയമായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതും സ്ഥാപിക്കപ്പെട്ടിട്ടുള്ളതും ആയ ആദ്യത്തെ അച്ചടിയന്ത്രത്തിന്റെയും അച്ചടിശാലയുടെയും നിര്‍മ്മാതാവും സ്ഥാപകനും ഫാ. കുര്യക്കോസ് ഏലിയാസ് ചാവറയാണെന്നു അതില്‍ വ്യക്തമായും പ്രസ്താവിക്കുന്നുണ്ട്. ഈ സ്മരണികയുടെ (സുവര്‍ണ്ണ ജൂബിലി സ്മാരക പ്രസിദ്ധികരണം) മുഖ ലേഖനത്തില്‍ പ്രസ്സിനെ സംബന്ധിച്ച ചരിത്രം ചുരുക്കമായി പ്രസ്താവിച്ചിട്ടുണ്ട്. അത് ഇങ്ങനെയാണ് ‘പില്ക്കാലത്തു വരാപ്പുഴ അതിരൂപതയുടെ വികാരി ജനറലും ടി.ഓ.സി.ഡി സന്ന്യാസ സഭയുടെ പ്രിയോര്‍ ജനറലുമായ അഭിവന്ദ്യ ഫാദര്‍ കുര്യാക്കോസ് ഏലിയാസ് ചാവറ.
കേരളത്തില്‍ ഒരു കത്തോലിക്കാ അച്ചടിശാല സ്ഥാപിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഉത്തമ ബോധ്യമുള്ള ആളായിരുന്നു. അതുകൊണ്ട് അതിനായുള്ള യജ്ഞം അദ്ദേഹം ആരംഭിച്ചു. പ്രസ്സ് നിര്‍മ്മിക്കാനും അച്ചടിയന്ത്രം സ്ഥാപിക്കാനും അദ്ദേഹത്തിന് സാധിച്ചതെങ്ങനെയെന്നുള്ള കാര്യങ്ങളും പ്രസ്തുത ലേഖനത്തിലുണ്ട്. ലുഡോവിക് മെത്രാപ്പോലീത്തയുടെയും ബ്രിട്ടീഷ് റെസിഡന്റായിരുന്ന മിസ്റ്റര്‍ കല്ലന് സായിപ്പിന്റെയും സഹായത്തോടെ 1846 ജൂലൈയില്‍ പ്രസ്സിനുള്ള ഔദ്യോഗിക അനുമതി അദ്ദേഹത്തിന് ലഭിച്ചു. (Introduction to the Golden Jubilee Memorial Publication of the press of Mannanam, hnip² butk¸nXmhnsâ enen]pjv] aRPcn, Translated from Tamil into Malayalam by T.J. Paily, Mannanam 1897, Reprinted in 1931).
(d) ആര്‍ച്ച്ബിഷപ്പ് ലുഡോവിക്ക് മര്‍ട്ടീനി (1839-1859) തന്റെ വികാരിയാത്തില്‍ തടികൊണ്ടുള്ള ഒരു പ്രസ്സ്സ്ഥാപിച്ചു എന്ന്, പരാതിക്കാരന് യാതൊരു വിധത്തിലുമുള്ള രേഖകളുടെയും പിന്‍ബലമില്ലാതെ വെറുതെയങ്ങു പ്രസ്താവിച്ചിരിക്കുകയാണ്. എന്നാല്‍ മോണ്‍സിഞ്ഞോര്‍ ലുഡോവിക്ക് മര്‍ട്ടീനി മാന്നാനത്തു അച്ചടി ശാല സ്ഥാപിച്ചിട്ടില്ല എന്നതാണ് വസ്തുത. മറിച്ച്, ചാവറയച്ചനെ മാന്നാനത്ത് അച്ചടിശാല സ്ഥാപിക്കുന്നതിന് രാജകീയ അനുവാദം ലഭിക്കാന്‍ സഹായിക്കുകയും മത പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് അനുവാദം നല്‍കുകയുമാണ് ചെയ്തത്. മെത്രാപ്പോലീത്ത സ്വയം അച്ചടിശാല നിര്‍മിക്കുകയോ സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. യഥാര്‍ത്ഥത്തില്‍ ചാവറയച്ചന്റെ അഭിലാഷം സാക്ഷാത്കരിക്കാന്‍ അദ്ദേഹം തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ച് സഹായിക്കുകയാണ് ചെയ്തത്.
(e) അക്കാലത്ത് കേരളത്തിലുണ്ടായിരുന്നത് കോട്ടയത്തെ സി.എം.സ് പ്രസ്സ്, തിരുവനന്തപുരത്തെ ഗവണ്മെന്റ് പ്രസ്സ് എന്നിവ മാത്രമായിരുന്നു. അവിടെ രണ്ടിടത്തും ഉണ്ടായിരുന്നത് വിദേശത്തുനിന്നിറക്കുമതി ചെയ്തതും ഇരുമ്പുകൊണ്ടുള്ളതുമായ അച്ചടി യന്ത്രങ്ങളായിരുന്നു. മറിച്ച്, ഫാ. കുര്യാക്കോസ് ഏലിയാസ് തയ്യാറാക്കിയത് തടി കൊണ്ടുള്ള അച്ചടിയന്ത്രമായിരുന്നു.
(f) 1905-ല്‍ ആദ്യമായി പ്രസിദ്ധീകരിച്ചതും 1989-ല്‍ എറണാകുളത്തുനിന്നും പുനഃപ്രസിദ്ധീകരണം നടത്തിയതുമായ ‘സ്ഥാപകപിതാക്കന്മാര്‍’ (Founding Fathers) എന്ന ഗ്രന്ഥത്തില്‍, രണ്ടാമത്തെ പ്രിയോര്‍ ജനറലായിരുന്ന ഫാ. പോരൂക്കര കുര്യാക്കോസ് ഏലീശാ, എഴുതിയിരിക്കുന്നത് അക്കാലത്തു ആ പ്രദേശത്തു കോട്ടയത്തെ പ്രൊട്ടസ്റ്റന്റുകാരുടെ അച്ചടിശാലയല്ലാതെ വേറെ അച്ചടിശാല ഇല്ലാതിരുന്നതിനാല്‍, ആ പ്രദേശത്തെ ജനങ്ങളുടെ ആധ്യാത്മിക നന്മക്കായി ഫാ.കുര്യാക്കോസ് ഏലിയാസ് ചാവറ ഒരച്ചടിശാല സ്ഥാപിച്ചു എന്നാണ് (cf: സ്ഥാപകപിതാക്കന്മാര്‍, p 35). (g) വി. കുര്യാക്കോസ് ഏലിയാസ് ചാവറയുടെ വിശുദ്ധപദവി പ്രഖ്യാപനം സംബന്ധിച്ച പേപ്പല്‍ ഡിക്രിയില്‍ കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചിരിക്കുന്നത് വി. ചാവറ പ്രസ്സും ലൈബ്രറിയും സ്ഥാപിച്ചു എന്നാണ് (prot. N. 82. 511, dated. 23 November, 2014).
(h) മാന്നാനത്തു പ്രസ്സ് സ്ഥാപിച്ചത് സംബന്ധിച്ച് വിവരങ്ങള്‍, വന്ദ്യനായ ഫാ. വര്‍ക്കി പാറപ്പുറം (ഇദ്ദേഹം ഫാ. ചാവറയുടെ സമകാലീനനും സഹ പ്രവര്‍ത്തകനുമായിരുന്നു) തന്റെ ഡയറിയില്‍ ചുരുക്കമായി രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിവരണത്തില്‍ (Page. 1469, No. 186) അദ്ദേഹം എഴുതുന്നു ‘പ്രിയോരച്ചന് മാന്നാനം ആശ്രമത്തില്‍ സ്ഥാപിച്ച പ്രസ്സിനെ സംബന്ധിച്ചു, മരണമടഞ്ഞ പ്രിയോരച്ചന്റെ ജീവചരിത്രത്തില്‍ യാതൊന്നും പറഞ്ഞിട്ടില്ല എന്നതില്‍ മാന്നാനം ആശ്രമത്തിലെ വൈദികര്‍ വേദനയുള്ളവരാണ്.’വീണ്ടും അദ്ദേഹം അഭിപ്രായപ്പെടുന്നു ‘ഒരു അച്ചടിശാല സ്ഥാപിച്ചു എന്നത് അത്രയേറെ പ്രശംസനീയമാണോ എന്ന് ചിലര്‍ക്ക് സംശയമുണ്ടാകാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് വലിയ പ്രശംസയ്ക്കും അഗീകാരത്തിനും അര്‍ഹതയുള്ള കാര്യമാണ്. കാരണം അദ്ദേഹം ആ പ്രസ്സ് സ്ഥാപിക്കുന്നതിനു മുന്‍പും സ്ഥാപിച്ചു കഴിഞ്ഞും ഏറെ കാലത്തിനു ശേഷവും കേരളത്തില്‍ മറ്റൊരു കത്തോലിക്കാ പ്രസ്സ് സ്ഥാപിതമായില്ല. മാന്നാനം ആശ്രമത്തില്‍ പുരുഷന്മാര്ക്കുള്ള ടി.ഓ.സി.ഡി സന്യാസ സമൂഹത്തിന്റെ സഭാ നിയമപ്രകാരമുള്ള അംഗീകാരം 1855-ല്‍ ലഭിക്കുന്നതിന് എട്ടോ പത്തോ വര്‍ഷം മുന്‍പായിരുന്നു അത് സ്ഥാപിക്കപ്പെട്ടത്. Fr. Varkey Parappuram, Chronicles, Vol-1, pp. 1469-1471, No.186).
(i) അവസാനമായി പരാതിക്കാരന് പറയും പോലെ ലുഡോവിക്ക് മര്‍ട്ടീനി മെത്രാപ്പോലീത്തയ്ക്ക് ഒരു അച്ചടിശാല ആരംഭിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് അദ്ദേഹം അത് തന്റെ ആസ്ഥാനമായ വാരാപ്പുഴയില്‍ സ്ഥാപിക്കാതിരിക്കുന്നത്? അച്ചടിശാല മാന്നാനം ആശ്രമത്തിലാണല്ലോ സ്ഥാപിക്കപ്പെട്ടത്.
ആരോപണം 4
പരാതിക്കത്തില്‍ ആരോപകന് പ്രസ്താവിക്കുന്നത് ‘സി.എം.ഐ’, ‘സി.എം.സി’ സന്യാസ സഭകളുടെ സ്ഥാപകരില്‍ പെട്ടയാളാണ് ഫാ. ചാവറയെന്നത് വസ്തുതാ വിരുദ്ധമാണ് എന്നാണ്. ആരോപകന് പറയുന്നത് ‘ഈ രണ്ട് സന്ന്യാസ സഭകളുടെ സ്ഥാപന കാര്യത്തില്‍ ഫാ. ചാവറ പൂര്‍ണ്ണമായും ചിത്രത്തിന് പുറത്താണ്’എന്നും പാലയ്ക്കല്‍ തോമസ് മല്പ്പാന്, പോരൂക്കര തോമസ് മല്പ്പാന് എന്നീ രണ്ട് വൈദികരാണ് സി.എം.ഐ സന്യാസ സഭയുടെ സ്ഥാപകര്‍, മദര്‍ എലീശ്വായാണ് സി.എം.സി സന്യാസ സഭയുടെ സ്ഥാപക എന്നുമാണ്.
ഈ ആരോപണത്തിന് മറുപടി
(a) തികച്ചും വസ്തുതാ വിരുദ്ധമായ ഒരു പ്രസ്താവനയാണിത്. തോമസ് പാലയ്ക്കല്‍, തോമസ്പോരൂക്കര എന്നീ വൈദികരും തീര്‍ച്ചയായും സി.എം.ഐ സഭയുടെ സ്ഥാപകരാണ്. പക്ഷെ പുരുഷന്മാരുടെ ടി.ഓ.സി.ഡി സഭയുടെ സ്ഥാപകര്‍ ഇവര്‍ മാത്രമല്ല. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനും സഭയുടെ സ്ഥാപക പിതാക്കന്മാരില് ഒരാളാണ്. ചരിത്ര രേഖകളിലും സി.എം.ഐ സഭയുടെ നിയമാവലിയിലും സുവ്യക്തമായി പ്രസ്താവിച്ചിരിക്കും വിധം പോരൂക്കര തോമസ്, പാലയ്ക്കല്‍ തോമസ് എന്നീ മല്പാന്മാരോടും കൂടി ചേര്‍ന്നാണ് ചാവറയച്ചന് ഈ സഭ സ്ഥാപിച്ചത്. ചാവറ കുര്യാക്കോസ് ഏലിയാസ് ആണ് സി.എം.ഐ സഭയുടെഏകസ്ഥാപകന് എന്ന് ഞങ്ങള്‍ ഒരിടത്തും അവതരിപ്പിച്ചിട്ടില്ല. മാത്രമല്ല സ്ത്രീകള്‍ക്കായുള്ള ടി.ഓ.സി.ഡി സഭയുടെ സ്ഥാപകരില്‍ ഒരാളും ചാവറ കുര്യക്കോസ് ഏലിയാസച്ചനാണ്.
(b) ഫാ. കുര്യാക്കോസ് ഏലീയാസിന്റെ സമകാലീനനും ആദ്യത്തെ ജീവചരിത്രകാരനുമായിരുന്ന ഫാ. ലിയോപ്പോള്‍ദ് ബെക്കാറോ ഓ.സി.ഡി (1837-1914) പറഞ്ഞിരിക്കുന്നത് ഞങ്ങളുടെ വാദത്തെ സ്ഥിരീകരിക്കുന്നു. പുരുഷന്മാര്ക്കുള്ള ടി.ഓ.സി.ഡി സഭയുടെ (1958 മുതല്‍ പേര് സി.എം.ഐ എന്നാക്കി) സ്ഥാപകരില്‍ ഒരാളാണ് ചാവറ കുര്യക്കോസ് ഏലിയാസ് എന്ന് അദ്ദേഹം വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു.
ഫാ. ലിയോപ്പോള്‍ദ് ബെക്കാറോ ഒരു ഇറ്റാലിയന്‍ കര്‍മ്മലീത്താ വൈദികനാണ്. അദ്ദേഹം 1859-ല്‍ മലബാറില്‍ എത്തി 1861-ല്‍ സഭയുടെ നോവിസ് മാസ്റ്ററായും 1863-ല്‍ സഭയുടെ പ്രൊവിന്‍ഷ്യല്‍ ഡെലഗേറ്റായും നിയമിക്കപ്പെട്ടു. അദ്ദേഹം ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ആധ്യാത്മിക നിയന്താവും സഹപ്രവര്‍ത്തകനുമായിരുന്നു. ‘ചാവറയച്ചനെ ഞാന്‍ എന്നെ സ്നേഹിക്കുന്നതു പോലെ സ്നേഹിക്കുന്നു’ എന്നദ്ദേഹം എഴുതിയിട്ടുണ്ട്. ഈ കര്‍മ്മലീത്ത വൈദികന് 1860 മുതല്‍ ചാവറയച്ചന്റെ ജീവിതത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും ദൃക്സാക്ഷിയാണ്. അദ്ദേഹം ചാവറയച്ചന് മരണമടഞ്ഞ അതേ വര്‍ഷം തന്നെ 1871-ല്‍ ചാവറയച്ചന്റെ ജീവചരിത്രമെഴുതുകയും മാന്നാനം പ്രസ്സില്‍ നിന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിനു ശേഷം പ്രസ്തുത ജീവചരിത്രം നിരവധി തവണ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഫാ. ലിയോപ്പോള്‍ദ് ബെക്കാറോ കുര്യാക്കോസ് ഏലിയാസച്ചന്റെ ഈ ലഘു ജീവചരിത്രത്തില്‍, പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള ടി.ഓ.സി.ഡി സഭയുടെ സ്ഥാപനത്തെ സംബന്ധിച്ചു താഴെ കാണും പ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. “..ഫാ. തോമസ് പാലയ്ക്കലും, ഫാ. തോമസ് പോരൂക്കരയും …നമ്മുടെ കുര്യക്കോസ് ചാവറയും ഒരു ആശ്രമം ആരംഭിക്കാന്‍ നിശ്ചയിച്ചു….വികാരി അപ്പസ്തോലിക്കയായിരുന്ന അഭിവന്ദ്യ മൗറീലിയസ് മെത്രാനെ ആവശ്യമായ അനുവാദം ലഭിക്കാനായി അവര്‍ സമീപിച്ചു. അനുവാദം ലഭിച്ചപ്പോള്‍ മാന്നാനം എന്ന കുന്നിന് പ്രദേശം പുതിയ ആശ്രമത്തിനു യോജിച്ച സ്ഥലമായി തിരഞ്ഞെടുത്തു. …വളരെ ആഘോഷമായി1831 മെയ് 11-ാം തിയതി കല്ലിടീല്‍ കര്‍മ്മം നടത്തി…
തോമസ് മല്പാനച്ചനും, തോമസ് പോരൂക്കര മല്പാനച്ചനും തങ്ങളുടെ അജപാലന പ്രവര്‍ത്തനങ്ങളിലേയ്ക്കും ആശ്രമസ്ഥാപനത്തിനുള്ള ധനശേഖരണത്തിനുമായി പോയി. ഫാ.കുര്യാക്കോസ് ചാവറ മാന്നാനത്ത് തന്നെ താമസിച്ചു ആശ്രമത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിച്ചു. ജീവിതക്രമം എത്രമാത്രം വിശുദ്ധവും പുണ്യ തീഷ്ണതയുള്ളതായിരുന്നാലും ആയതു സഭയുടെ പ്രതിനിധിയായ മെത്രാന് അംഗീകരിക്കണമെന്ന വസ്തുതയെക്കുറിച്ചു കുരിയാക്കോസ് ഏലിയാസച്ചന് പൂര്‍ണ്ണമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ട് പുതിയ സന്യാസ സമൂഹത്തിനു അനുമതി ലഭിക്കുന്നതിനായി അദ്ദേഹം നിരവധി തവണ മെത്രാനോടനുവാദത്തിനപേക്ഷിച്ചു. ഒടുവില്‍ അന്നത്തെ വരാപ്പുഴ മെത്രാനായിരുന്ന ബര്‍ണാര്‍ദിന്‍ മെത്രാപ്പോലീത്ത അപേക്ഷ അനുവദിച്ചു.
ആ സന്യാസ സഭയ്ക്ക് അദ്ദേഹം നിഷ്പാദുക കര്‍മ്മലീത്താ മൂന്നാം സഭ (Discalced Carmelites of the Third Order) എന്ന പേരും നല്കി. 1855 ഡിസംബര്‍ 8-ാം തിയതി ഫാ. കുര്യാക്കോസ് ചാവറയും മറ്റു പത്തു വൈദികരും മാന്നാനം ആശ്രമത്തില്‍ വെച്ച് സന്യാസ വ്രത വാഗ്ദാനം ചെയ്തു. സ്ത്രീകള്‍ക്കായി ഒരു സന്യാസ ഭവനം ആരംഭിക്കണമെന്ന് അദ്ദേഹത്തിന്റെ വലിയൊരാഗ്രഹമായിരുന്നു. ഇതിനായി ഇതിന്റെ സ്ഥാപനത്തിന് ദൈവതിരുമനസ്സാകുന്നത് വരെ, അദ്ദേഹം ചെയ്ത ഏറെ കാര്യങ്ങള്‍ ഈ ഗ്രന്ഥത്തിന്റെ പരിധിക്കുമപ്പുറമാണ്. അതിന്റെ സ്ഥാപനം മുതല്‍ ആ മഠത്തിന്റെ പുണ്യപൂര്ണ്ണതയിലുള്ള വളര്‍ച്ചയില്‍ അദ്ദേഹം എത്രമാത്രം തല്പരനും തീക്ഷ്ണതയുള്ളവനുമായിരുന്നുവെന്നു ഏവര്‍ക്കുമറിയാവുന്നതാണ്. .(Fr. Leopold Beccaro, Biography of Kuriakose Elias Chavara pp. 7-19, 12).
മേല്പറഞ്ഞ ഗ്രന്ഥത്തിന്റെ അവസാനം ചേര്‍ത്തിട്ടുള്ള അുുലിറശഃ-ല്‍ ഫാ. ലിയോപ്പോള്‍ദ് ബെക്കാറോ തന്റെ ഡയറിയില്‍ 1871 ജനുവരി 31-ാം തീയതി ഇറ്റാലിയന്‍ ഭാഷയില്‍ രേഖപ്പെടുത്തിയിരിക്കുന്നതില്‍ നിന്നുമുള്ള ഒരു ഭാഗമുണ്ട്. അതില്‍ താഴെ പറയുന്ന ഭാഗം, ഈ അവസരത്തില്‍ വളരെ പ്രധാനപ്പെട്ടതും ശ്രദ്ധിക്കപ്പെടേണ്ടതുമാണ്.
“Oggi 3 gennaio 1871, Martedi, il Padre Ciriaco dellas Famiglia…morisse…Fondatore eprimo Priore di Terz. Carmelitani Scalza nel Malabar ha fondato con somme fatiche il monastero delle monache..”
ഇത് താഴെ കാണുന്ന വിധം പരിഭാഷപ്പെടുത്താം – “1871 ജനുവരി 3-ാം തിയതി, ഇന്ന് തിരുക്കുടുംബത്തിന്റെ കുര്യാക്കോസ് ഏലിയാസ്… മരണമടഞ്ഞു… അദ്ദേഹം മലബാറിലെ കര്‍മ്മലീത്ത മൂന്നാം സഭയുടെ സ്ഥാപകനും പ്രഥമ പ്രിയോറുമായിരുന്നു. വളരെയേറെ ബുദ്ധിമുട്ടുകള്‍ സഹിച്ച് അദ്ദേഹം സന്യാസിനികള്ക്കുള്ളകോണ്വെന്റും സ്ഥാപിച്ചു.”
ഫാദര്ബെക്കറോയുടെ ഈ വാക്യങ്ങള്‍, വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള സന്യാസ സഭകളുടെ സ്ഥാപകരില്‍ ഒരാളാണെന്ന വസ്തുതയ്ക്കു മതിയായ സാക്ഷ്യമാണ്.’ ചാവറ കുര്യക്കോസ് ഏലിയാസച്ചന് 1866-ല്‍ സഹസ്ഥാപകനായ ഫാ. ലിയോപ്പോള്‍ദ് ബെക്കാറോയോട് കൂടി സ്ത്രീകള്‍ക്കായുള്ള ടി.ഓ.സി.ഡി സമൂഹം സ്ഥാപിച്ചു എന്നതാണ് വസ്തുത.
(c) ചരിത്ര വസ്തുതകളും സാഹചര്യതെളിവുകളും അനുസരിച്ചു യാതൊരു വിധത്തിലും മദര്‍ എലീശ്വ സ്ത്രീകള്‍ക്കായുള്ള ടി.ഓ.സി.ഡി സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയല്ല. കൂനമ്മാവ് സന്യാസിനി സമൂഹത്തിലെ നാളാഗമം സാക്ഷ്യപ്പെടുത്തുന്നതു പോലെ, തന്റെ വൈധവ്യ ജീവിതകാലം ശുദ്ധമായി നയിക്കാന്‍ ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു എലീശ്വ. തന്റെ ആഗ്രഹം എങ്ങനെ സാധ്യമാക്കണമെന്നു അവര്‍ക്ക് അറിയുമായിരുന്നില്ല. അന്നത്തെ കാലത്തു പ്രത്യേകിച്ച് കേരളത്തിലെ സാഹചര്യങ്ങളില്‍ അത് തീര്‍ച്ചയായും സ്വാഭാവികമായിരുന്നു. അവര്‍ ചെയ്ത ഒരു കാര്യം അവര്‍ തന്റെ കുമ്പസാരക്കാരനായിരുന്ന ലിയോപ്പോള്‍ദ് ബെക്കാറോ അച്ചനോട് തന്റെ ആഗ്രഹം അറിയിക്കുക എന്നതാണ്. ഒരു വിശുദ്ധ ജീവിതം നയിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന ഒരു വ്യക്തിയെ സ്ഥാപകന്‍ അഥവാ സ്ഥാപക എന്ന് പറയുവാന്‍ സാമാന്യ ബുദ്ധിയനുസരിച്ച് പറയുവാന്‍ കഴിയില്ലല്ലോ.
ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി ഒരു സ്ഥാപനം സ്ഥാപിക്കാനുള്ള കാര്യങ്ങള്‍ തരപ്പെടുത്തി സന്യാസ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളും ജീവിത ക്രമങ്ങളും നിശ്ചയിച്ചു കാര്യങ്ങള്‍ നടത്തുന്നവരാണല്ലോ സ്ഥാപകന്‍ അഥവാ സ്ഥാപക. വി. കുര്യാക്കോസ് ഏലിയാസ് ചാവറ തന്റെ നാളാഗമത്തില്‍ കുറിച്ചിരിക്കുന്നതു പോലെ മദര്‍ എലീശ്വയെ പോലെ ശുദ്ധ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന ഏറെ സ്ത്രീകള്‍ ഉണ്ടായിരുന്നു, പക്ഷെ അന്ന് അതിനുള്ള മാര്‍ഗ്ഗങ്ങളോ സൗകര്യങ്ങളോ ഇല്ലായിരുന്നു (Koonammavu Chronicles l-p.1).
(d) സമകാലീന ലേഖകര്‍ ആരും തന്നെ മദര്‍ ഏലിശ്വയെ സ്ത്രീകളുടെ ടി.ഓ.സി.ഡി സഭയുടെ സ്ഥാപക എന്ന് വിവരിച്ചിട്ടില്ല! കൂനമ്മാവ് മഠത്തിലെ ആദ്യ അംഗങ്ങളില്‍ ഒരാളും ആ മഠത്തിലെ നാളാഗമം ലേഖികയും മദര്‍ എലീശ്വായുടെ മകളുമായിരുന്ന സിസ്റ്റര്‍ അന്ന പോലും മദര്‍ എലീശ്വായുടെ സംഭാവനകളെക്കുറിച്ചോ അവരുടെ കാഴ്ചപ്പാടുകള്‍, പ്രേഷിതത്വം, ആദ്ധ്യാത്മികത തുടങ്ങി ഒരാളെ ഒരു സന്യാസസമൂഹത്തിന്റെ സ്ഥാപകയായി പരിഗണിക്കാനുള്ള യോഗ്യതകളെക്കുറിച്ചോ യാതൊന്നും എഴുതിയിട്ടില്ല.
(e) ഫാ. കുര്യാക്കോസ് എലിയാസ് ചാവറയുടെ മരണത്തെക്കുറിച്ചു കൂനമ്മാവ് മഠത്തിലെ നാളാഗമത്തില്‍ 1871 ജനുവരി 3-ാം തീയതിയിലെ കുറിപ്പില്‍ താഴെ കാണും വിധം രേഖപ്പെടുത്തിയിരിക്കുന്നു. ‘ഞങ്ങളുടെ ഈ പിതാവ് (കുര്യാക്കോസ് എലിയാസ് ചാവറ) കേരള ക്രൈസ്തവര്‍ക്കാകെ ഒരു ദീപശിഖയും ദര്‍പ്പണവും ആയിരുന്നു. എന്ന് മാത്രമല്ല, …അദ്ദെഹത്തിന്റെ വിയോഗത്തില്‍ ഞങ്ങള്‍,പ്രത്യേകമായും ഈ മഠത്തിന്റെ സ്ഥാപനത്തിനും, പുണ്യത്തിന്റെ വഴിയിലൂടെ നമ്മെ നയിക്കുന്നതിലും അദ്ദേഹം ചെയ്തതും ചെയ്തുകൊണ്ടിരുന്നതുമായ എല്ലാ നന്മകളയും ഉപകാരങ്ങളെയും ഓര്‍ത്ത്, അഗാധമായി ദുഖിക്കുന്നു (Chronicles of Koonammavu Convent 2-21).
(f) അക്കാലത്ത് ടി.ഓ.സി.ഡി എന്ന് അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ സി.എം.സി സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയാണ് ദൈവദാസി മദര്‍ എലീശ്വാ എന്ന് തെളിയിക്കുന്നതിന് പരിഗണിക്കപ്പെടാവുന്ന യാതൊരു ചരിത്ര വസ്തുതകളും ഇന്നുവരെ ആരും സമര്‍പ്പിച്ചിട്ടില്ല.
(g) മാന്നാനം ആശ്രമത്തിലെയും കൂനമ്മാവ് മഠത്തിലേയും നാളാഗമങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തുന്നത് കുര്യാക്കോസ് എലിയാസ് അച്ചനും, ലിയോപ്പോള്‍ദ് ബെക്കാറോ അച്ചനുമാണ് സ്ത്രീകള്‍ക്കായുള്ള ടി.ഓ.സി.ഡി സന്യാസിനി സമൂഹത്തിന്റെ സ്ഥാപനത്തിന് വേണ്ട എല്ലാ പ്രാരംഭകാര്യങ്ങളും ചെയ്തത് എന്നാണ്.
(h) കുര്യാക്കോസ് ഏലിയാസ് ചാവറ എന്ന ഒരു വ്യക്തിയാണ്, ഫാ. ലിയോപ്പോള്‍ദ് ബെക്കാറോ ഓ.സി.ഡി യോടൊപ്പം സ്ത്രീകള്‍ക്കായുള്ള ടി.ഓ.സി.ഡി യുടെ സ്ഥാപകന്‍ എന്ന് 2014-ല്‍ റോമിലെ സെന്റ്. തോമസ് അക്വിനാസ് പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍നിന്നും ഡോക്ടറേറ്റ് നേടിയ സിസ്റ്റര്‍ ഡോ.ജോസി വെളിയന്‍ സി.എം.സി തന്റെ ജവ.ഉ പ്രബന്ധത്തിലൂടെ സംശയലേശമന്യേ തെളിയിച്ചിട്ടുണ്ട്. (Cf: Jossey Veliyan, Saint Kuriakose Elias Chavara, The Founder of Women TOCD in Kerala, Bangalore-2015).
(i) വി. കുര്യാക്കോസ് എലിയാസ് ചാവറയുടെ നിര്യാണത്തിനുശേഷം ഏറെകാലം കഴിഞ്ഞാണ് സി.എം.സി എന്ന പേര്പ്രചാരത്തില് വന്നതെന്നും അതിനാല്‍ അദ്ദേഹത്തെ ആ സന്യാസസഭയുടെ സ്ഥാപകനായി പരിഗണിക്കാനാവില്ലെന്നും ആണ് പരാതിക്കാരന്റെ വാദം. ഇത് വളരെ ബാലിശമായ ഒരു വാദഗതിയാണ്. ശരിയാണ് സി.എം.സി എന്ന പേര് സന്യാസിനികള്‍ സ്വീകരിച്ചത് 1963-ല്‍ മാത്രമാണ്. അതിനു മാര്‍പാപ്പയുടെ ഔദ്യോഗികാംഗീകാരം ലഭിച്ചത് 1967-ലും മാത്രമാണ്. ടി.ഓ.സി.ഡി സന്യാസിനിസഭയുടെ ലത്തീന്‍ റീത്തിലെ ശാഖയുടെ പേര് പില്ക്കാലത്തു സി.ടി.സി എന്ന് മാറ്റിയതുപോലെ ഇവിടെയും ടി.ഓ.സി.ഡി എന്നത് സി.എം.സി എന്ന് മാറ്റുകമാത്രമാണുണ്ടായത്.
സി.എം.സി സന്യാസിനി സഭയുടെ സ്ഥാപകന്‍ ചാവറയച്ചനാണെന്നതിനെ എതിര്‍ക്കുന്നതിന് അദ്ദേഹം പറയുന്ന ഒരു കാരണം ആ സന്യാസിനിസഭ ഈ പേര് സ്വീകരിച്ചത് ചാവറയച്ചന്റെ മരണശേഷം വളരെയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് എന്നതാണ്. സി.എം.ഐ എന്ന പേര് 1958-ല്‍ മാത്രമാണ് സ്വീകരിക്കപ്പെട്ടത്. എന്നാല്‍ സി.എം.ഐ സന്യാസ സഭയുടെ സ്ഥാപകര്‍ പാലയ്ക്കല്‍ തോമാ മല്പാനും പോരൂക്കര തോമാ മല്പാനുമാണെന്നു പരാതിക്കാരന് പറയുന്നു; ഈ വ്യക്തികളുടെ മരണം കഴിഞ്ഞു 127 വര്‍ഷം കഴിഞ്ഞാണ് സി.എം.ഐ എന്ന പേരുണ്ടായത്!ഇങ്ങനെയെങ്കില്‍ സി.എം.ഐ സന്യാസ സഭയുടെ സ്ഥാപകര്‍ പാലയ്ക്കല്‍ തോമാ മല്പാനും പോരൂക്കര തോമാ മല്പാനുമാണെന്നുപരാതിക്കാരന് എങ്ങനെ പറയാന്‍ കഴിയും. പരസ്പര വിരുദ്ധമായാണ് പരാതിക്കാരന് പറയുന്നത്!!
(j) റീത്തുകളുടെ അടിസ്ഥാനത്തില്‍ സ്ത്രീകളുടെ സന്യാസിനിസഭ ടി.ഓ.സി.ഡി വിഭജിക്കപ്പെട്ടതു 1890-ല്‍ ആണെന്നത് ശരിയാണ്. അക്കാരണം കൊണ്ട് ടി.ഓ.സി.ഡി സന്യാസിനിസഭയുടെ സ്ഥാപകന്‍ ചാവറ കുര്യാക്കോസ് എലിയാസ് അച്ചനല്ലെന്നു പറയാനാവില്ല.
(k) 1986 ഫെബ്രുവരി 8-ാം തിയതി, ചാവറയച്ചന്റെ വാഴ്ത്തപ്പെട്ടവന്‍ എന്ന പദവി പ്രഖ്യാപനത്തിനായുള്ള ഡിക്രിയില്‍, കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ, അസന്നിഗ്ധമായി പ്രസ്താവിക്കുന്നത് ഇങ്ങനെയാണ്:ڇവൈദികരായ തോമസ് പാലയ്ക്കല്‍, തോമസ് പോരൂക്കര എന്നിവരുടെ സഹകരണത്തോടെ, 1831 മെയ് 11-ന് പുരുഷന്മാര്ക്കുള്ള ഒരു സന്യാസസമൂഹത്തിനു ജീവന് നല്‍കാനായി അദ്ദേഹം സ്വയം സമര്‍പ്പിക്കുകയും. 1831 മെയ് 11-ന് അതിന്റെ അടിസ്ഥാനമിടുകയും ചെയ്തു. 1855 ഡിസംബര്‍ 8-ന്, വികാര്‍ അപ്പോസ്തോലിക്കയുടെ അംഗീകാരത്തോടെ തന്റെ സന്യാസവ്രതവാഗ്ദാനം നടത്തി തിരുക്കുടുംബത്തിന്റെ കുര്യാക്കോസ് ഏലിയാസ് എന്ന പേരും സ്വീകരിച്ചു.
പുതിയ സന്യാസസഭയുടെ സുപ്പീരിയറായി അദ്ദേഹം നിയമിക്കപ്പെടുകയും മരണം വരെ അതിനെ ഭരിച്ചു നിയന്ത്രിക്കുകയും ചെയ്തു. അവസാനമായി, പുണ്യയോഗ്യതയുള്ളവനായ കര്‍മ്മലീത്താ മിഷനറി ലിയോപ്പോള്‍ദ് ബെക്കാറോയുടെ സഹായത്തോടുകൂടി 1866-ല്‍ പെണ്‍കുട്ടികളുടെ പരിശീലനത്തിനായുള്ള, സ്ത്രീകളുടെ സന്യാസ സഭ സ്ഥാപിക്കുകയും ചെയ്തു.ڈ (John Paul II. Apostolic Letter, Si Quis, Acts of Pope John Paul II 1079, Acta Apostolicae Sedis) കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷന്റെ ഇത്തരത്തിലുള്ള ഔദ്യോഗിക പ്രഖ്യാപനം, വസ്തുനിഷ്ഠമായ തെളിവുകളില്ലാതെ പുറപ്പെടുവിക്കപ്പെട്ടു എന്ന് ചിന്തിക്കുന്നതും പറയുന്നതും എത്രയോ ബാലിശമാണ്!
(l) ഫാ. കുര്യാക്കോസ് എലിയാസ് ചാവറയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനായുള്ള ഡിക്രിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പാ ഇങ്ങനെ പ്രസ്താവിക്കുന്നു ڇ1831 മെയ് 11-ാം തിയതി തോമസ് പാലയ്ക്കല്‍, തോമസ് പോരൂക്കര എന്നീ വൈദികരോടൊന്നിച്ചു അദ്ദേഹം (കുര്യാക്കോസ് ഏലിയാസ് ചാവറ) മാന്നാനത്ത്ഒരു ഭവനം നിര്‍മ്മിക്കാനാരംഭിച്ചു. അത് ഭാരതത്തില്‍ പുരുഷന്മാരുടെ പ്രഥമ സന്യാസസഭയായി മാറുകയും. ഇന്ന് അത് Carmelites of Mary Immaculate എന്ന് അറിയപ്പെടുകയും ചെയ്യുന്നു. …1866 ഫെബ്രുവരിയില്‍ മറ്റുചിലരോടൊത്തു അദ്ദേഹം കൂനമ്മാവില്‍ Third Order of the Discalced Carmelites (ടി.ഓ.സി.ഡി) സ്ഥാപിക്കുകയും ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സമര്‍പ്പിത ജീവിതം സാധ്യമാകുന്നതിനുള്ള അവസരമൊരുക്കുകയും ചെയ്തു. (23 November, 2014 Prot. N. 82-511).
ഉപസംഹാരം
ചുരുക്കത്തില്‍, ആരോപണകര്ത്താവിന്റെ ആക്ഷേപങ്ങളും അവകാശവാദങ്ങളും അടിസ്ഥാനരഹിതമാണ്. ഒരു വാദഗതിയില്‍ പോലും ചരിത്രപരമായ ഏതെങ്കിലും രേഖകള്‍ ചൂണ്ടിക്കാട്ടാന്‍ കഴിഞ്ഞിട്ടില്ല. ഏതോ ദുരുപദേശത്തിനോ പക്ഷപാതത്തിനോ വിധേയനാണ് അദ്ദേഹമെന്ന് തോന്നുന്നു. മറിച്ച്, വി. കുര്യാക്കോസ് എലിയാസ് ചാവറ ‘പള്ളിക്കു ഒരു പള്ളിക്കൂടം’ എന്ന ആശയം നടപ്പിലാക്കി എന്നതും കേരളത്തിലെ ആദ്യത്തെ അച്ചുകൂടം സ്ഥാപിച്ചു എന്നതും. ‘പിടിയരി’ സമ്പ്രദായം സാര്വത്രികമാക്കിയെന്നതും പുരുഷന്മാര്ക്കും സത്രീകള്‍ക്കും വേണ്ടിയുള്ള ഏതദ്ദേശിയ സന്ന്യാസ സഭകളുടെ (ടി.ഓ.സി.ഡി, ഇപ്പോള്‍ സി.എം.ഐ, സി.എം.സി യഥാക്രമം) സ്ഥാപകനാണെന്നതും ലഭ്യമായ എല്ലാ ചരിത്രരേഖകളും കൊണ്ട് ഉറപ്പാക്കപ്പെട്ടിരിക്കുന്ന വസ്തുതകളാണ്. വി. ചാവറയെക്കുറിച്ചുള്ള ഞങ്ങളുടെ എല്ലാ അവകാശ വാദങ്ങളും ശരിയാണെന്നും സംശയത്തിനപ്പുറമാണെന്നും ലഭ്യമാകുന്ന എല്ലാ ചരിത്രരേഖകളും സ്ഥിരീകരിക്കുന്നു.
REFERENCES:
1) ASJM: Archives of the St Joseph’s Monastery, Mannanam; Sacra Congregatio pro Causis Sanctorum (P. N. 1174), Changanacherren. Seu Verapolitana, Beatificationis et Canonizationis Servi Dei Cyriaci Eliae Chavara, Positio super introduction Causae et super virtutibus, Romae 1977, 217-2180
2) Complete Works of Chavara, Letter IX/2
3) The Report of Archbishop Bernardino Baccinelli (1867).
4) Archivi Congregazioni Orientali 1862-1877. Scritture referrite Congressi Malabaressi, ff. 150-172
5) Alochana, Archives of St Joseph’s Monastery, Mannanam, (ASJM), Manuscript,the Book of Consultation of the Monastery at Mannanam, 1864-1871,p.139
6) Mannanam, Second Chronicle, 1855-1870, pp. 80-81
7) Varkey Parapuram, Chonicle, II (pp. 1182,1185, No. 187)
8) Chavara, Chronicles, Vol. 1, pp. 42ff
9) Introduction of “Visudha Yousepu Pithavinte Atbhutha Lillypushpa Manjari”, Memorial publication on the occasion of the Golden Jubilee of St. Joseph’s Press, Mannanam, 1897, Reprinted in 1931
10) Sthapakapithakanmar, p. 35
11) Prot. N. 82.511, dated 23 November, 2014
12) Fr. Varkey Parapuram, Chronicle, Vol. 1, pages 1469-1471, No. 186
13) Fr. Leopold Beccaro, Biography of Kuriakose Elias Chavara, pp. 7-9, 12.
14) Koonammavu Chronicles I, p. 1
15) Chronicles of Koonammavu Convent 2:23
16) Jossy Veliyan, Saint Kuriakose Elias Chavara. The Founder of the Women TOCD in Kerala, Bangalore, 2015
17) John Paul II, Apostolic Letter, Si Quis, Acts of Pope John Paul II 1079, Acta Apostolicae Sedis
18) 23 November, 2014. Prot. N. 82.511
19) Mannanam Chronicles I, 135/136
20) Excerpt from Fr. Beccaro’s Diary of 3 January, 1871
21) Letter of Permission from the Diwan (3 July, 1846), British Resident.
22) Mannanam Chronicles, (1844 September.) Vol.1, pp. 42ff; p. 51.
23) Mannanam Chronicles, Vol 1, p51.
BY, Chavara Cultural Center