നടി കെപിഎസി ലളിത അന്തരിച്ചു. 74 വയസായിരുന്നു. അസുഖത്തെ തുടർന്ന് ചികിത്സ പുരോഗമിക്കുന്നതിനിടെ തൃപ്പൂണിത്തറയിലെ വീട്ടില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. സ്വയം വരം, അനുഭവങ്ങള്‍ പാളിച്ചകള്‍, ചക്രവാളം, കൊടിയേറ്റം, പൊന്മുട്ടയിടുന്ന താറാവ്, വെങ്കലം, ദശരഥം, ഗോഡ്ഫാദര്, വടക്കു നോക്കി യന്ത്രം, അനിയത്തിപ്രാവ്, അമരം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. 550ലേറെ സിനിമകളില്‍ അഭിനയിച്ചു.
യഥാർത്ഥ പേര്-മഹേശ്വരി അമ്മ. കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. 1978-ൽ ചലച്ചിത്ര സംവിധായകൻ ഭരതന്റെ സഹധർമ്മിണിയായി. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മകൻ സിദ്ധാർഥ് ഭരതൻ ചലച്ചിത്ര നടനാണ്.
മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്. വ്യത്യസ്ത തലമുറകളുടെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറി. നാടകങ്ങളിൽ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം.
സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകൾ കൊണ്ടും അവർ മനുഷ്യ മനസ്സുകളിൽ ഇടം നേടി. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോർത്തു നിന്ന കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
വളരെ ചെറിയൊരു സമയം കൊണ്ട് ഒരു സിനിമയിൽ മനസിൽ കയറിപ്പറ്റുന്നത് അസാധ്യമായ കഴിവുകൊണ്ടാവണം..ആദം ജോവാൻ എന്ന സിനിമ ഓർമയുള്ളവർക്കറിയാം..ലെനയുടെ കഥാപാത്രത്തിനോട് കുശലം ചോദിക്കുന്ന കെ.പി.എ.സി ലളിതയുടെ കഥാപാത്രത്തിൻ്റെ ഒരു ചോദ്യമുണ്ട്.. കാളിയന്തല കുടുംബത്തെക്കുറിച്ച്…അതുകഴിഞ്ഞുള്ളൊരു ഭാവമാറ്റവും..പിന്നെ പറയുന്ന കറുത്തച്ചനൂട്ടിൻ്റെ കഥ…ഇപ്പൊഴും രോമങ്ങൾ എഴുന്നുനിൽക്കും…ആ ശബ്ദത്തിൽ ആ വോയ്സ് മോഡുലേഷനിലുള്ള ആ പുരാണം പറച്ചിൽ കേൾക്കുമ്പൊ..അതാദ്യമായല്ല…..
മണിച്ചിത്രത്താഴിൽ ഗംഗയോട് രാമനാഥൻ്റെയും കാർന്നോരുടെയും നാഗവല്ലിയുടെയും കഥ പറഞ്ഞുകൊടുക്കുന്നതും മറ്റാരുമല്ല..അപ്പുറത്ത് രാമനാഥൻ താമസിച്ചിരുന്ന വീട്ടിൽ അല്ലിയെ കെട്ടാൻ പോണ സാറാണ് താമസിക്കുന്നതെന്ന് പറഞ്ഞ ശേഷമുള്ള ആ നിഷ്കളങ്കമായ ചിരിയും..ഗംഗയുടെ മനസിൽ വെറുതെയല്ല ആ കഥയങ്ങ് കയറിപ്പറ്റിയത്..മനസ്സിനക്കരെ സിനിമയിൽ ഒരു വാചകമുണ്ട്..ഷീല അവതരിപ്പിച്ച കൊച്ചുത്രേസ്യയെ കാണാനെത്തുന്ന കൂട്ടുകാരി ഉണ്ടാക്കിക്കൊണ്ടുവന്ന് കുഞ്ഞുങ്ങൾക്ക് നൽകിയ പലഹാരങ്ങൾ വീട്ടുകാര്‍ എടുത്ത് മുറ്റത്തേക്കെറിയുന്നു..അപ്പുറത്ത് അത് കേട്ടും കണ്ടുമിരിക്കുന്ന കൊച്ചുത്രേസ്യയും കുഞ്ഞുമറിയയും…ഇറങ്ങിപ്പോവുന്നതിന് മുൻപ് ഒരൊറ്റ വാചകമേയുള്ളൂ…
“രാത്രി ഒരു പോള കണ്ണടയ്ക്കാതിരുന്ന് ഉണ്ടാക്കിയതാ “അതുകഴിഞ്ഞിറങ്ങിപ്പോവുന്ന കുഞ്ഞുമറിയ കണ്ണ് നനച്ചിട്ടുണ്ട്…കണ്ടപ്പൊഴൊക്കെ..ഒരൊറ്റ വാചകം തികച്ച് വേണ്ടായിരുന്നു കെ.പി.എ.സി ലളിതയെന്ന ആ മഹാ അഭിനേത്രിക്ക് മനസിൽ കയറാൻ…ചിരിപ്പിച്ചിട്ടുണ്ട്..പേടിപ്പിച്ചിട്ടുണ്ട്…കരയിച്ചിട്ടുമുണ്ട്…ശബ്ദം കൊണ്ട് മാത്രം പ്രണയിപ്പിച്ചിട്ടുമുണ്ട്… ഇന്നും ഇറങ്ങിപ്പോയതായി കൂട്ടാൻ തോന്നുന്നില്ല… എന്നുമുണ്ടാവും…മനസിൽ…