കൊടകര: ക്രിസ്തു വിശ്വാസത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്ന ചിന്തകളിലൂടെ സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമായ ലാസ്ലറ്റ് സന്യാസസമൂഹത്തിന്റെ നടവയല്‍ ആശ്രമത്തിലെ മരിയൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ഫാ. ജെൻസൺ വൃക്ക വൃക്ക പകുത്തു നല്കാന് ഒരുങ്ങുന്നു.
“പ്രവര്‍ത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണ്” (യാക്കോബ് 2:17) എന്ന വചനം പൂര്‍ണ്ണമായും സ്വജീവിതത്തില്‍ പകര്‍ത്തിക്കൊണ്ടാണ് വൈദികൻ, മൂന്നുമുറി സ്വദേശിയായ മാങ്കുറ്റിപ്പാടം കണ്ണമ്പുഴ ആൻസി ആന്റുവിന് വൃക്ക പകുത്തു നല്കാന് ഒരുങ്ങുന്നത്. ഇരുപത്തിയാറുകാരിയായ ആന്‍സിക്ക് വൃക്ക പകുത്തു നല്കുവാനുള്ള തീരുമാനത്തിലെത്തുവാന്‍ ജെന്സണ് അച്ചന് മുന്നില്‍ നിമിത്തമായത് ഒരു മൃതസംസ്കാരമായിരിന്നു.
ഇരു വൃക്കകളും തകരാറിലായി 6 വർഷമായി ഡയാലിസിസുമായി കഴിഞ്ഞിരുന്ന ആൻസി ആന്റുവിന് (26) മുന്നില്‍ ദൈവദൂതനെപ്പോലെയാണ് ജെന്സണ് അച്ചന് എത്തിയത്. വയനാട്ടിലെ നടവയല്‍ ആശ്രമത്തിൽ നിന്നു മൂന്നുമുറി ഇടവകയിൽ ഒരു മൃതദേഹ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോള്‍ ശ്രദ്ധയില്‍ പതിഞ്ഞ ഒരു ഫ്ലെക്സ് അദ്ദേഹത്തെ നിർണ്ണായകമായ തീരുമാനത്തിലേക്ക് നയിക്കുകയായിരിന്നു.
വഴിയരികില്‍ സ്ഥാപിച്ച ഫ്ലെക്സ് ബോർഡിൽ വൃക്ക തകരാറിലായതിനാൽ ജീവനു വേണ്ടി പോരാടുന്ന ആൻസിയുടെ ദയനീയമുഖവും സഹായ അഭ്യര്‍ത്ഥനയുമാണ് ഉണ്ടായിരിന്നത്. വൈകിയില്ല. രക്തഗ്രൂപ്പ് അന്വേഷിച്ചപ്പോൾ ഒ പോസിറ്റീവ് ആണെന്ന് മനസിലാക്കി.
തന്റേതും അതു തന്നെ. ഫാ. ജെൻസൺ ആ വീട്ടുകാരോടു വൃക്ക പകുത്തു നല്‍കാനുള്ള സന്നദ്ധത അറിയിച്ചു, “ഞാന്‍ വൃക്ക തരാം”. വൃക്ക ലഭിക്കാത്തതിനെ തുടര്‍ന്നു വലിയ ഒരു ഭാരവുമായി മുന്നോട്ട് പോയിക്കൊണ്ടിരിന്ന ആൻസിയുടെ കുടുംബത്തിന് പുതു പ്രതീക്ഷ പകരുന്ന വാക്കുകളായിരിന്നു അത്.
വൈകിയില്ല. ലാസ്ലറ്റ് സന്യാസസമൂഹത്തിന്റെ പ്രോവിൻഷ്യൽ ഫാ. സജീവ് മാളിയേക്കലിന്റെയും മൂന്നുമുറി ഇടവക വികാരി ഫാ. സണ്ണി കളമ്പനാന്തടത്തിലിന്റെയും അനുമതി നേടി. അവരും പൂര്‍ണ്ണ സമ്മതം നല്‍കിയതോടെ അനുബന്ധ പരിശോധനകള്‍ പൂര്‍ത്തിയാക്കി നിലവില്‍ ഇരുവരും എറണാകുളം ലൂർദ് ആശുപത്രിയിൽ തുടരുകയാണ്.
വൃക്കദാനത്തിനായി 10 കിലോ തൂക്കം ഈ വൈദികൻ കുറച്ചിരിന്നു. മറ്റുള്ളവർക്കായി ജീവിതം സമർപ്പിച്ചു വൈദികനായപ്പോൾ മുതൽ, വൃക്ക ദാനം ചെയ്യാനുള്ള ആഗ്രഹമുണ്ടായിരിന്നുവെന്നും അർഹരെ കൺമുന്നിലെത്തിക്കണേയെന്ന പ്രാർത്ഥനയോടെ കഴിയുമ്പോഴാണു ആൻസിയുടെ വിവരം അറിയുന്നതെന്നും ഫാ. ജെൻസൺ പറയുന്നു. മൂന്നുമുറി ചെന്ത്രാപ്പിന്നി വീട്ടിൽ ജേക്കബ്– മറിയംകുട്ടി എന്നിവരുടെ മകനാണു ഫാ. ജെൻസൺ.
അച്ചൻ നമ്മോട് എല്ലാവരോടും പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നകുറിപ്പാണിത്
ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ.
പ്രിയപ്പെട്ടവരേ,
ഈ ദിവസങ്ങളിൽ വിവിധ മാധ്യമങ്ങളിലൂടെ ഞാനൊരു സർജറിക്ക് തയ്യാറാകുന്നതായി നിങ്ങൾ അറിഞ്ഞിട്ടുണ്ടാകുമല്ലോ!
(27-9 -2021 തിങ്കൾ)
രാവിലെ എട്ടുമണിക്ക് എറണാകുളം ലൂർദ്സ് ആശുപത്രിയിൽ വൃക്കമാറ്റിവക്കൽ ശസ്ത്രക്രിയക്ക് വിധേയയാകുന്ന ആൽഫിയെയും അവൾക്ക് വൃക്ക നൽകാൻ ദൈവം തിരഞ്ഞെടുത്ത എന്നെയും പ്രാർത്ഥനയിൽ ഓർക്കണമെന്ന് അപേക്ഷിക്കുന്നു.
നാളെ നിങ്ങളുടെ പ്രാർത്ഥനയിൽ
ഇരുപതോളം വരുന്ന മെഡിക്കൽ ടീമിനെയും ഓർക്കുമല്ലോ!
സൗഖ്യം പ്രാപിക്കുന്നതു വരെ
അനുദിന ചിന്തകൾക്ക്
താത്ക്കാലിക വിരാമം.
ഫാദർ ജെൻസൺ ലാസലെറ്റ്