ചങ്ങനാശ്ശേരി: ചുരുക്കം ചില വൈദികരുടെയെങ്കിലും പ്രശ്നങ്ങൾ കൊണ്ട് കത്തോലിക്കാ സഭ അവഹേളനങ്ങളും പരിഹാസങ്ങളും നേരിടുമ്പോൾ സഭയുടെ മുതൽക്കൂട്ടുകളായ ഇതു പോലെയുള്ള മാണിക്യമുത്തുകളെ നമ്മൾ കാണാതെ പോകരുത്.
ഫാ.ഫ്രാൻസിസ് വടക്കേറ്റം .ചമ്പക്കുളം ഫൊറോനയിലെ കൊണ്ടാക്കൽ സെൻ്റ്.ജോസഫ് ഇടവക വികാരിയച്ചൻ.. ഞങ്ങൾ ഇടവകക്കാർക്കും നാട്ടുകാർക്കും പ്രിയങ്കരൻ… കേട്ടിടത്തോളം അച്ചൻ മുമ്പ് വികാരിയായിരുന്ന ഇടവകകളിലും എല്ലാവർക്കും പ്രിയപ്പെട്ടവനും, സഹായിയുമായിരുന്നു അച്ചൻ. ആഢംബരങ്ങൾ ഇഷ്ടപ്പെടാത്ത അച്ചൻ. പ്രാർത്ഥന ആയുധമാക്കിയ അച്ചൻ.
ഭക്ഷണം പാചകം ചെയ്യാൻ പോലും വേറെ ഒരാളെ നിയമിക്കാതെയും, ബുദ്ധിമുട്ടിക്കാതെയും സ്വയം ചെയ്ത് ശീലിച്ച അച്ചൻ.. പ്രഭാത വ്യായാമങ്ങൾ മുടക്കാത്ത അച്ചൻ. ചമ്പക്കുളം ആറ്റിലെ പ്രഭാതത്തിലെ കുഞ്ഞോളങ്ങളെ പ്രണയിക്കുന്ന അച്ചൻ.. മഴക്കാലത്ത് പോലും രാവിലെയുള്ള നീന്തൽ ഒഴിവാക്കാത്ത കുട്ടനാട്ടുകാരൻ…. പഴമയേയും, സുറിയാനി സംസ്കാരത്തേയും, കൈവിടാതെ മുറുകെപ്പിടിക്കാൻ, പുതിയ തലമുറയോട് സ്നേഹത്തോടെ ആഹ്വാനം ചെയ്ത്, ചാൻ്റ് രൂപത്തിൽ വി.കുർബ്ബാനയുടെ ഗാനങ്ങളും പ്രാർത്ഥനകളും കൊണ്ടാക്കൽ ഇടവകയിൽ നിർബന്ധമാക്കിയ ഞങ്ങളുടെ പ്രിയപ്പെട്ട അച്ചൻ.
അച്ചനെക്കുറിച്ച് പറയാൻ ഇനിയുമുണ്ട് ഒരു പാട് കൊണ്ടാക്കൽ ഇടവകയിലെ വൃക്കരോഗത്താൽ ബുദ്ധിമുട്ടി, ഡയാലിസിസ് ചെയ്ത് മുമ്പോട്ട് പോയിരുന്ന അപ്പു എന്ന യുവാവിന് ആരെങ്കിലും വൃക്ക ദാനം ചെയ്താൽ അവനെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയുമെന്ന് മനസ്സിലാക്കി, “എൻ്റെ പ്രായം ഒരു പ്രശ്നമല്ലെങ്കിൽ ഞാൻ കൊടുക്കാം” എന്ന് പറഞ്ഞ് അച്ചൻ മുമ്പോട്ട് വന്നു. പിന്നെ അങ്ങോട്ടുള്ള ഓരോ ദിവസങ്ങളും പ്രതീക്ഷയുടേതായിരുന്നു…. ഒരു വർഷത്തിലേറെയായി ഉള്ള തയ്യാറെടുപ്പുകൾക്കിടയിൽ ഒരു പാട് പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്.പലപ്പോഴും ഈ ഓപ്പറേഷൻ വിജയിക്കുമോ എന്ന് സംശയത്തിൽ ഡോക്ടർമാർ പോലും മടിച്ച സമയങ്ങൾ ഉണ്ടായിട്ടുണ്ട്.
അപ്പോഴൊക്കെ “നിങ്ങൾ ഒന്നുകൊണ്ടും വിഷമിക്കേണ്ട. ദൈവം എല്ലാം നോക്കിക്കൊള്ളും. നമുക്ക് യൗസേപ്പിതാവുണ്ട് മാദ്ധ്യസ്ഥത്തിന്”എന്ന് പറഞ്ഞ് അപ്പുവിനെയും കുടുംബത്തെയും അച്ചൻ ചേർത്തുപിടിച്ചു. ഞങ്ങൾ കൊണ്ടാക്കൽ ഇടവകക്കാർക്ക് അത് അച്ചട്ടായ വിശ്വാസമാണ്. ഏത് അസാദ്ധ്യകാര്യങ്ങളും, ഒന്ന് നെഞ്ചുരുകി പ്രാർത്ഥിച്ച് ആ കുരിശടിയിൽ പോയി തിരി കത്തിച്ച് യൗസേപ്പിതാവിൻ്റെ കരങ്ങളിലേയ്ക്ക് സമർപ്പിച്ചാൽ മതി. ദൈവാനുഗ്രഹത്താൽ എല്ലാം ഭംഗിയായി…ഓപ്പറേഷൻ കഴിഞ്ഞ് അച്ചനും അപ്പുവും ആശുപത്രിയിൽ സുഖമായി തുടർചികിത്സയിലാണ്.
നന്ദി പറയേണ്ട ഒരു പാട് പേരുണ്ട്. അച്ചൻ്റെ അമ്മ, സഹോദരങ്ങൾ, ഈ അവയവദാനത്തിന് അനുവാദം കൊടുത്ത് പ്രാർത്ഥനയോടെ കൂടെ നിന്ന ചങ്ങനാശ്ശേരി അതിരൂപത… പ്രാർത്ഥനയോടെ കഴിഞ്ഞിരുന്ന അച്ചനെയും, അപ്പുവിനെയും സ്നേഹിക്കുന്ന നല്ലവരായ ആൾക്കാർ, സാമ്പത്തിക സഹായം എത്തിച്ച എല്ലാ സുമനസ്സുകളും,….. എല്ലാവർക്കും നന്ദി. ഒരു പബ്ളിസിറ്റിയും ആഗ്രഹിക്കാതെയാണ് അച്ചൻ ഈ അവയവദാനത്തിന് തുടക്കം വച്ചത്.എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടെ തന്നെ എല്ലാവരും അച്ചൻ്റെ ഈ നൻമയെക്കുറിച്ച് അറിഞ്ഞു കഴിഞ്ഞു,..
പ്രിയപ്പെട്ട അച്ചാ, അച്ചൻ തിരിച്ചുപിടിച്ചത് അപ്പുവിൻ്റെ ജീവിതം മാത്രമല്ല… അവൻ്റെ മാതാപിതാക്കളുടെയും, സഹോദരങ്ങളുടെയും, സുഹൃത്തുക്കളുടെയും, അപ്പുവിനെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും പ്രതീക്ഷകളെക്കൂടിയാണ്. അച്ചനെ ഇനി ആരും മറക്കില്ല. ഈ ഇടവകയിൽ നിന്ന് സ്ഥലം മാറിപ്പോയാലും, അപ്പുവിനെ കാണുമ്പോൾ തീർച്ചയായും എല്ലാവരും അച്ചനെ ഓർക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുമെന്നുള്ളതിന് ഒരു സംശയവും ഇല്ല.
ഇന്ന് അച്ചൻ്റെ ജൻമദിനമാണ്… ഒരു തരത്തിൽ പറഞ്ഞാൽ ഈ പ്രായത്തിൽ, ഒരു അവയവദാനം കഴിഞ്ഞ് അച്ചന് ഇത് പുതുജൻമമാണ്. ഇനിയും ഒരുപാട് വർഷങ്ങൾ പാവങ്ങൾക്ക് കൈത്താങ്ങായി ഈ നല്ലയിടയനെ ദൈവം തൻ്റെ കൈവെള്ളയിൽ കാത്തു സംരക്ഷിക്കട്ടെ.. അറുപതാം പിറന്നാളിൻ്റെ എല്ലാ ഭാവുകങ്ങളും ആയുരാരോഗ്യങ്ങളും നേർന്നു കൊള്ളുന്നു.
ഒത്തിരി സ്നേഹത്തോടെയും, പ്രാർത്ഥനയോടെയും, ഷൈനി ബാബു, കനകക്കുന്ന് കൊണ്ടാക്കൽ ഇടവകാംഗം.