Sreechithran Mj
തൊപ്പി എന്നൊരു പയ്യൻ കഴിഞ്ഞദിവസം വളാഞ്ചേരി ഏതോ തുണിക്കട ഉദ്ഘാടിക്കാൻ വന്നപ്പോൾ വലിയ ജനക്കൂട്ടം . അതിനെക്കുറിച്ച് പല പോസ്റ്റുകൾ . ചിലർ തൊപ്പിയെക്കുറിച്ച് ആദ്യമായി കേൾക്കുന്നു , ഇവനാരെടെയ് എന്ന അത്ഭുതം. ചിലർക്ക് തൊപ്പിയുടെ വീഡിയോകൾ കണ്ടപ്പോൾ ഇത്തരമൊരുത്തനെ ആഘോഷിക്കുന്നതിലൂടെ സംഭവിക്കുന്ന സമൂഹത്തിന്റെ മൂല്യച്യുതിയോർത്ത് ധാർമ്മികരോഷം , സങ്കടം , ദേഷ്യം.
ഞാനീ തൊപ്പിയെപ്പൊലുള്ളവരെ കുറച്ചായി നിരീക്ഷിക്കാറുണ്ട്. പുതിയ കേരളത്തിന്റെ സാമൂഹ്യ പൊതുമണ്ഡലത്തെ അറിയാനുള്ള ശ്രമമാണ് എന്റേത്. ഈ പയ്യൻ പലരും പറഞ്ഞതു പോലെ ചൈൽഡ് ഹുഡ് ട്രോമയിലൂടെ കടന്നുപോന്ന കുട്ടിയാണ്. യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലാണ് ജനനവും വളർച്ചയും . സ്കൂളിൽ പഠിക്കുമ്പോൾ ഒരു ഡിജിറ്റൽ കളിപ്പാട്ടം വാങ്ങാൻ വീട്ടിൽ പണം തരാത്തതു കൊണ്ട് വരുന്നവഴിക്കുള്ള ഒരു കടയിലെ പൈസയെടുത്ത് ഓടുകയും നാട്ടുകാർ പിടിച്ച് കെട്ടിയിടുകയും ചെയ്തു.
വിദഗ്ധമായ കളവൊന്നുമല്ല, ഓടുന്ന വഴിക്ക് പൈസ റോഡിൽ ചിതറുന്ന അവസ്ഥയിലുള്ള ഒരു ഇമ്മീഡിയറ്റ് ഇംപൾസ് തെഫ്റ്റ് . പിന്നെ വീട്ടുകാർ ഇവനോട് മിണ്ടാതാകുന്നു. ഇവൻ മുറിയിൽ അടച്ചിരിപ്പാവുന്നു , പിന്നെ തൊപ്പി എന്ന പേരിൽ വ്ലോഗ് തുടങ്ങുകയാണ്. പിന്നീട് പയ്യന്റെ ലീലാവിലാസങ്ങൾ . ഒരു അടച്ചിട്ട മുറിയിൽ കാട്ടിക്കൂട്ടാവുന്ന സകലതും അവനവിടെ ചെയ്യുന്നുണ്ട്. സാധാരണ മനുഷ്യന് സങ്കൽപ്പിക്കാൻ ഞെരുക്കം.
എരിവുള്ള ചിപ്സ് കോണകത്തിൽ തിരുകുക, കണ്ടവരെ എല്ലാം തെറിവിളിക്കുക എന്നിങ്ങനെ പല അഭ്യാസങ്ങൾ . വളരെപ്പെട്ടെന്ന് വ്യൂവേഴ്സ് കൂടുന്നു. യൂട്യൂബിന്റെ സിൽവർ ബട്ടൻ കിട്ടിയപ്പോൾ ഒരു ദിവസം അവനതും തല്ലിപ്പൊട്ടിച്ച് വീഡിയോ ചെയ്യുന്നു. ഇടക്കേതോ കാസർകോടുള്ള ഒരു വ്ലോഗർ പെൺകുട്ടിയുമായി തല്ലുകൂടുന്നു. പ്രതികരണങ്ങളൊക്കെ വയലന്റാണ്, എന്നെപ്പോലുള്ള അമ്മാവൻമാരുടെ പഴയ മലയാളത്തിൽ ജുഗുപ്സാവഹം.
അങ്ങനെയങ്ങനെ തൊപ്പി ഫേമസാവുന്നു. അവന്റെ ജീവിതകഥയൊക്കെ അവൻ തന്നെ ഒരിന്റർവ്യൂവിൽ ഇരുന്നു പറഞ്ഞിട്ടുണ്ട്. റൂമിനു പുറത്തധികം ഇറങ്ങാറില്ല. വീട്ടിലുള്ളവർ എപ്പോഴിവന്റെ റൂമിലെ സിസ്റ്റം തല്ലിപ്പൊട്ടിക്കും എന്നറിയില്ല. വാപ്പ വർഷങ്ങളായി മിണ്ടാറില്ല അനിയൻ എപ്പോൾ തല്ലുമെന്നറിയല്ല. ഇതാണ് ചുരുക്കം.
ഈ തൊപ്പിയെ ആണ് വളാഞ്ചേരിയിലെ തുണിക്കട ഉദ്ഘാടനം ചെയ്യാൻ ഏതോ പയ്യൻമാർ വിളിക്കുന്നത്. വളാഞ്ചേരി പട്ടണം ബ്ലോക്കാവുന്ന നിലയിൽ സ്കൂൾകുട്ടികളുടെയും പയ്യൻസിന്റെയും ആൾക്കൂട്ടം. കുട്ടികൾ പറയുന്നത് സ്കൂളില്ല , ഉണ്ടെങ്കിലും തൊപ്പി വന്നാൽ ഞങ്ങൾ പോവില്ല എന്നൊക്കെയാണ്.
തൊപ്പി എനിക്ക് പനിയാണ് പകരും എന്ന് പറയുമ്പോൾ ചത്താലും കുഴപ്പമില്ല എന്ന് ആരാധകർ. തൊട്ട ഭാഗ്യവാൻമാരുടെ രോമാഞ്ചം . തൊടാനാവാത്തവരുടെ നിരാശ. ആൾക്കൂട്ടത്തിനു മുഴുവൻ കാണാനായി ജീപ്പിനു മുകളിൽ കയറി ഷോ . മരത്തിലും പോസ്റ്റിലും പൊത്തിപ്പിടിച്ചു കയറി ആരാധകരായ കുട്ടിപ്പട. സെൽഫി . കുൽഫി . പാട്ട് .
എന്റെയീ പോസ്റ്റ് വായിക്കുന്നവർക്കൊക്കെ അമ്പരപ്പ് സ്വാഭാവികമാണ്. എന്താണീ നടക്കുന്നത് എന്ന തോന്നലും . കാരണം എന്നെ വായിക്കുന്നവരും അമ്മാവൻമാരും അമ്മായിമാരുമാണ്. ന്യൂജെന്റെ വൈബ് മനസ്സിലാവില്ല. പുവർ ഓൾഡ് കൺട്രീസ് .
കേരളത്തിന്റെ പൊതുമണ്ഡലത്തിന് കാര്യമായ മാറ്റം സംഭവിക്കുന്നുണ്ട്. ഞാനോ നിങ്ങളോ കാണുന്നത് മാത്രമല്ല ലോകം . വേറെ ഈ നാട്ടിൽ തന്നെ പല അപരലോകങ്ങളും അധോലോകങ്ങളുമുണ്ട്. അവിടെ നമ്മളീ ചിന്തിക്കുന്ന അന്താരാഷ്ട്ര , ദേശീയ, കേരള രാഷ്ട്രീയമോ സാമൂഹ്യനിരീക്ഷണമോ ഭരണകൂടമോ ഭരണഘടനയോ പലപല ഇസങ്ങളോ കലയിലും കവിതയിലും കഥയിലുമെല്ലാമുള്ള കഴിവുകളോ ഒന്നും വിഷയമല്ലാത്ത ലോകങ്ങളുമുണ്ട്.
ഇ ബുൾ ജെറ്റ് , ഫുക്രു, മുത്തുമണി, തേക്കാ ബെൾക്കാ പാറാ, അലൈനിലെ സൂപ്പർസ്റ്റാർ , കൊണ്ടോട്ടി മച്ചാൻ, മട്ടാഞ്ചേരി മാർട്ടിൻ എന്നിങ്ങനെ ഹീറോകളുണ്ട്. ബിഗ്ബോസിലെ റോബിനും റോബിന്റെ എതിരാളികളും ഒക്കെയുണ്ട് ഇങ്ങനെ പലപല ലോകങ്ങളാണ്. ഇവരൊക്കെ ഭക്ഷണം കഴിച്ചുതന്നെയാവണം ജീവിക്കുന്നത് , എനിക്കറിയില്ല. അവർ കഴിക്കുന്ന ഭക്ഷണം എങ്ങനെയുണ്ടാവുന്നു എന്നോ അധ്വാനം, കൂലി, തൊഴിൽ, വില, വില നിശ്ചയിക്കുന്ന അധികാരം എന്നിവയൊന്നും എന്തായാലും ഈ ലോകങ്ങളിലുള്ള മനുഷ്യരുടെ വിഷയമല്ല.
പലരും വലിയ പൈസയുണ്ടാക്കുന്നുണ്ട്. തേച്ചൊട്ടിക്കപ്പെടുന്നുണ്ട്. എയറിൽ പോകുന്നുണ്ട്. ചിലരൊക്കെ നിയമവിരുദ്ധപ്രവർത്തനത്തിൽ പോലീസ് പിടിക്കുന്നുണ്ട്. അകത്തു പോവുന്നുണ്ട്. പോയി വന്നാൽ സ്വീകരണം കിട്ടുന്നുണ്ട്. എന്തൊക്കെയോ എന്തൊക്കെയോ സംഭവിക്കുന്നുണ്ട്. ആ സംഭവങ്ങളുടെ ചില നിമിഷങ്ങളിൽ ഇങ്ങനെ ആൾക്കൂട്ടമുണ്ടാവുന്നുണ്ട്. ഇന്നലെ ഇബുൾ ജെറ്റിന് വേണ്ടി ചാവാനൊരു ആൾക്കൂട്ടമുണ്ട്.
ഇന്നത് തൊപ്പിക്കുണ്ട്. നാളെ വേറെ ആർക്കോ ഉണ്ട് . ഇവരാരും എന്തെങ്കിലും മേഖലയിൽ പ്രത്യേകമായ സ്കിൽ പ്രദർശിപ്പിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല . പക്ഷേ അതാ ലോകത്തിലെ ആരാധകർ ആവശ്യപ്പെടുന്നുമില്ല. തൊപ്പി കൂൾ ആണ് , ഫ്രീക്കാണ് , ചില്ലാണ് , ടീമാണ്, മജയാണ്. അത്രയും ധാരാളമാണ്. ഇതൊന്നും നിങ്ങൾക്കു മനസ്സിലാവുന്നില്ലെങ്കിൽ നിങ്ങൾ ന്യൂവേൾഡിൽ ഔട്ട്ഫിറ്റായിക്കഴിഞ്ഞു എന്നാണർത്ഥം.
എനിക്കും മുൻപ് അമ്പരപ്പൊക്കെയുണ്ടായിരുന്നു. ഇവരെയൊക്കെ കാണുമ്പോൾ ഏലിയൻസായി തോന്നിയിരുന്നു. ഇപ്പോഴില്ല. ബസ്സിലിരുന്ന് സ്വയംഭോഗം ചെയ്ത മഹത്കൃത്യത്തിന് ആദരവും സ്വീകരണവും കിട്ടുന്ന ലോകത്തിൽ എനിക്ക് ആരാധന തോന്നുന്ന മനുഷ്യരെ ആർക്കും അറിയുക പോലുമില്ല. ഇവർക്ക് പാർലമെന്റിൽ ചെങ്കോൽ സ്ഥാപിച്ചാലോ ചരിത്രം-
-തിരുത്തിയെഴുതിയാലോ ഭരണഘടന തകർന്നാലോ ഇന്ത്യൻ ഇടതുപക്ഷം ആക്രമിക്കപ്പെട്ടാലോ പെട്രോളിനോ അരിക്കോ വില കൂടികൂടിയാലോ പോലും ഒരു പ്രശ്നവുമില്ലെന്നു മാത്രമല്ല അവരതൊന്നും ചിന്തിക്കുന്നതു പോലുമില്ല. അവർ എനിക്ക് അന്യഗ്രഹജീവിയായി തോന്നും മുമ്പേ തന്നെ എന്നെ അവർ അന്യഗ്രഹജീവിയാണെന്ന് തീരുമാനിച്ചു കഴിഞ്ഞു. ഇങ്ങനെയുള്ളവരെ ഒക്കെ കാണാനായതേ പുണ്യം എന്നേ ഇനി എനിക്കു കരുതാനുള്ളൂ.
ഒറ്റ ടെൻഷനേയുള്ളൂ , വളാഞ്ചേരി വഴി എന്റെ വണ്ടി കടന്നുപോവുമ്പൊഴാണ് ഈ ഏലിയൻസ് കൂട്ടം കൂടുന്നതെങ്കിൽ എന്റെ വണ്ടിയും ബ്ലോക്കാവും. അവർക്കൊരു കാര്യമായേ തോന്നാനിടയില്ലാത്ത എന്റെ പാരലൽ വേൾഡിലെ എന്തെങ്കിലും കാര്യത്തിനാവും ഞാൻ പോവുന്നത്. എന്റെ യാത്ര കുന്തമാവും. ഇതിനും പരിഹാരമൊന്നുമില്ല. അനുഭവിക്കുക. അത്ര തന്നെ. ഔട്ട്ഡേറ്റായെങ്കിലും മരിക്കും വരെ നമുക്കും ജീവിക്കണമല്ലോ.