കേരളത്തിലെ മുസ്ലിം രാഷ്ട്രീയം സമുദായ രാഷ്ട്രീയത്തിൽനിന്ന് ഇസ്ലാമിസ്റ്റ് മതരാഷ്ട്ര സ്വപ്നങ്ങളിലേക്ക് സഞ്ചരിക്കുന്നോ? ഇങ്ങനെയൊരു സംശയം പെട്ടെന്നുണ്ടായതല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിയുമായി കൈകോർക്കാൻ മുസ്ലിം ലീഗ് നേതാക്കൾ മുൻകൈയ്യെടുത്തപ്പോഴാണ് ഇങ്ങനെയൊരു സൂചന കണ്ടത്. ഈ നീക്കത്തിനെതിരെ വിവിധ കോണുകളിൽനിന്നും ശക്തമായ വിമർശനം ഉയർന്നുവന്നപ്പോൾ, മുസ്ലിം ലീഗ് പിന്നിലേക്ക് മാറി കോൺഗ്രസ്സിനെക്കൊണ്ട് മുൻകൈയെടുപ്പിക്കുകയുണ്ടായി.
ഇത്, കോൺഗ്രസ്സിനും യു. ഡി. എഫ് മുന്നണിക്കും പൊതു സമൂഹത്തിലുണ്ടായിരുന്ന മതേതര പ്രതിച്ഛായക്ക് കാര്യമായ മങ്ങലേൽപ്പിച്ചു. അതിന്റെ ഫലം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയും ചെയ്തു.ഇസ്ലാമിസ്റ്റ് പ്രത്യയശാസ്ത്രത്തിന് ഇന്ത്യൻ പശ്ചാത്തലത്തിൽ സ്വീകാര്യതയുണ്ടാക്കിക്കൊടുക്കാൻ, ഇന്ത്യയിലെ മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് തയ്യാറായി എന്നത്, അഖിലേന്ത്യാതലത്തിൽത്തന്നെ ആ പാർട്ടിയുടെ പ്രസക്തി ചോദ്യംചെയ്യപ്പെടുന്ന സാഹചര്യമുണ്ടാക്കി. അതിന്റെ ഫലമായി, ബി ജെ പിക്ക് ദേശീയതലത്തിൽ പ്രസക്തി വർധിച്ചു എന്നുമാത്രമല്ല, ഇന്ത്യയിൽ മുസ്ലിം സമുദായത്തിന്റെ രക്ഷക്ക് തീവ്ര ഇസ്ലാമിസ്റ്റ് ചിന്തയാൽ നയിക്കപ്പെടുന്ന നേതാക്കൾ നേതൃ സ്ഥാനത്തുവരേണ്ടതു അനിവാര്യമാണ് എന്ന ചിന്ത സമുദായത്തിൽ ഒരു വിഭാഗം ജനങ്ങളിലെങ്കിലും ശക്തമാവുകയും ചെയ്തു.
സ്വതന്ത്രരും വിവിധ രാഷ്ട്രീയ പാർട്ടികളിൽ അംഗങ്ങളുമായി പ്രവർത്തിക്കുന്ന അത്തരം നേതാക്കൾ സാമ്പ്രദായിക രാഷ്ട്രീയ നേതാക്കളെക്കാൾ കൂടുതൽ അണികളെ ആകർഷിക്കുന്ന സാഹചര്യം കേരളത്തിൽ പോലുമുണ്ടായി. ലീഗുവിട്ടു ഇടതു സ്വതന്ത്രനായി സി. പി. എം മന്ത്രിസഭയിൽ അംഗമായിരുന്ന ജലീലിനെപ്പോലുള്ളവർക്കു ഇടതു രാഷ്ട്രീയത്തിൽ വീര പരിവേഷമുണ്ടായി. ജലീലിനെപ്പോലുള്ളവരെ മുൻനിർത്തി കുഞ്ഞാലിക്കുട്ടിയെയും ലീഗിനെയും കടന്നാക്രമിക്കുന്നത്തിനു മുഖ്യമന്ത്രി തന്നെ മുൻകൈയെടുത്തു. ഇടതു മന്ത്രിസഭയിലിരിക്കുമ്പോഴും, ഖുർആൻ വിതരണം മുതലായ നടപടികളിലൂടെ, സമുദായത്തിനുവേണ്ടി വിട്ടുവീഴ്ച്ചയില്ലാതെ പ്രവർത്തിക്കുന്ന നേതാവ് എന്ന പ്രതിച്ഛായ വളർത്തിയെടുക്കാൻ ജലീലിന് കഴിഞ്ഞു.
സമുദായ രാഷ്ട്രീയത്തിൽ കൂടുതൽ തീക്ഷ്ണതയോടെ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവജനങ്ങളെ ലീഗിന്റെ കോട്ടയിൽനിന്നും അടർത്തിമാറ്റി തങ്ങളോടൊപ്പമാക്കാനുള്ള മാർഗമായി സി. പി. എം. അതിനെ ഉപയോഗിക്കുകയും ചെയ്തു. അങ്ങിനെ, വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയ യു. ഡി. എഫിന് സംഭവിച്ച പ്രതിച്ഛായ നഷ്ട്ടം സംഭവിക്കാതെതന്നെ, സി. പി. എമ്മിന് എസ്. ഡി. പി. ഐ. അടക്കമുള്ള പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന തീവ്ര ഇസ്ലാമിക ചിന്താഗതിക്കാരുടെ പിന്തുണ നേടുന്നതിന് കഴിഞ്ഞു. ജലീലിനെപ്പോലൊരു നേതാവിന്റെ മുൻകാല പശ്ചാത്തലം അത്തരക്കാരിൽ ആത്മവിശ്വാസം വളർത്തിയതിൽ അത്ഭുതമില്ല. ഇതിന്റെയൊക്കെ ഫലമായി, കോൺഗ്രസ്സിന് എന്നപോലെ, സി. പി. എമ്മിനും കേരള രാഷ്ട്രീയത്തിൽ ശക്തിയാർജിച്ചുകൊണ്ടിരിക്കുന്ന തീവ്ര ഇസ്ലാമിസ്റ്റ് അജണ്ടയെ കണ്ടില്ലെന്നു നടിക്കേണ്ട സാഹചര്യമുണ്ടാക്കി.
ഇക്കാര്യത്തിൽ സ്വത്വ പ്രതിസന്ധി നേരിടുന്നത് മുസ്ലിം ലീഗ് നേതൃത്വമാണ്. തീവ്ര ഇസ്ലാമിസ്റ്റ് അജണ്ടകളുള്ളവർ രാഷ്ട്രീയത്തിൽ മേൽക്കൈ നേടുന്നത്, മുസ്ലിം ലീഗിനെ മാത്രമല്ല, മുസ്ലിം സമുദായത്തെത്തന്നെ അസ്വസ്ഥമാക്കുന്നുണ്ട്. ലീഗിന്റെ പഴയ മതേതര മുഖം ഇപ്പോൾ അത്ര പ്രസന്നമല്ലാത്തതിന് കാരണം മറ്റൊന്നാവാൻ വഴിയില്ല. ലീഗിന്റെ രാഷ്ട്രീയ മുഖത്തേക്ക് വല്ലപ്പോഴുമെങ്കിലും പടർന്നുകയറുന്ന മതരാഷ്ട്ര ചിന്തയുടെ മേഘപടലങ്ങൾ ഇതര സമുദായങ്ങളെയും ഉത്കണ്ഠാകുലരാക്കുന്നുണ്ട്.
ഇതിനിടയിൽ, പ്രത്യാശപകരുന്ന ചില കാര്യങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ കാണാൻ കഴിഞ്ഞു. ഒരു പതിറ്റാണ്ടിലേറെയായി, കേരളത്തിൽ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന, സലഫി – വഹാബി ചിന്തയുടെ അപകടം, വൈകിയെങ്കിലും മുസ്ലിം സമുദായവും മതനേതൃത്വവും മനസ്സിലാക്കിവരുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു! സലഫി – വഹാബി തീവ്ര ഇസ്ലാമിസ്റ്റ് ചിന്തയെ നിശിതമായി വിമർശിച്ചുകൊണ്ട്, ചില സുന്നി വിഭാഗം നേതാക്കളെങ്കിലും രംഗത്ത് വന്നിരിക്കുന്നു. ഇത് ഏറ്റവും ശുഭോദർക്കമാണ്. ഉള്ളിൽനിന്നു വരുന്ന ഇത്തരം സ്വയം വിമർശനമാണ് എല്ലാ പ്രസ്ഥാനങ്ങളെയും ശുദ്ധീകരിക്കുന്നതും നവീകരിക്കുന്നതും. കേരളത്തിലെ ഇടതു വലതു രാഷ്ട്രീയ നേതൃത്വങ്ങൾക്കുണ്ടാകാത്ത തിരിച്ചറിവും വിവേകവും സമുദായ നേതൃത്വങ്ങൾക്കുണ്ടായാൽ, കേരളം തീർച്ചയായും കൂടുതൽ നന്മയുള്ള നാളെകളിലേക്കു ചുവടുവയ്ക്കും.
പിൻ കുറിപ്പ്: തീവ്ര ഇസ്ലാമിക ചിന്തയും രാഷ്ട്രീയവും മറ്റുള്ളവർക്ക് മാത്രമല്ല ഭീഷണി ഉയർത്തുന്നത്, അത് മുസ്ലിം സമുദായത്തിൽത്തന്നെ അന്തഛിദ്രം വളർത്തുന്നതും സ്വയം വിനാശകാരിയുമാണ്. ഈ തിരിച്ചറിവിലേക്ക്, സാവധാനമെങ്കിലും ഇസ്ലാമിക ലോകം ഉണർന്നെഴുന്നേൽക്കുകയാണ് എന്നുവേണം വിചാരിക്കാൻ.
By, ഫാ. വർഗീസ് വള്ളിക്കാട്ട്