ഫാ. ജയിംസ് കൊക്കാവയലിൽ
Misogyny (മിസോജനി) എന്ന ആംഗലേയപദം യാദൃശ്ചികമായാണ് പരിചയപ്പെട്ടത്. സ്ത്രീവിരുദ്ധത എന്നാണ് അതിനർത്ഥം. കേരളീയ സമൂഹത്തെ സംബന്ധിച്ച് പൊതു മണ്ഡലത്തിൽ ഈ വാക്ക് വളരെ പ്രസക്തമായി മാറുകയാണ്. ഗാർഹികപീഡനങ്ങളും പ്രണയക്കെണികളും മുതൽ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ വരെ ഇവിടെ സ്ത്രീവിരുദ്ധത വ്യാപിച്ചു കിടക്കുന്നു.
വർദ്ധിക്കുന്ന സ്ത്രീവിരുദ്ധത
കേരളത്തിൻ്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ സ്ത്രീവിരുദ്ധതയ്ക്ക് പ്രകടമായ രണ്ട് ഉദാഹരണങ്ങളാണ് ഈ ദിവസങ്ങളിൽ നമ്മൾ കണ്ടത്. കേരളാ സ്റ്റോറി എന്ന സിനിമയോടുള്ള എതിർപ്പും കക്കുകളി എന്ന നാടകത്തിനു ലഭിച്ച സ്വീകാര്യതയുമാണവ. സ്ത്രീകൾ അകപ്പെട്ടു പോകാൻ സാധ്യതയുള്ള പ്രണയക്കെണികളെക്കുറിച്ചും പിന്നീട് അവർ കടന്നുപോകുന്ന മനുഷ്യത്വരഹിതമായ അവസ്ഥകളെക്കുറിച്ചും തീവ്രവാദത്തിനുവേണ്ടി ദുരുപയോഗിക്കപ്പെടുന്ന സാഹചര്യങ്ങളെക്കുറിച്ചും സമൂഹത്തെ ബോധവൽക്കരിക്കുന്ന സിനിമയായിരുന്നു കേരളാ സ്റ്റോറി.
സിനിമയ്ക്കെതിരായ ഹർജികൾ കേരള ഹൈക്കോടതി പരിഗണിച്ചു തീർപ്പാക്കിയതാണ്. ചെറുപ്പക്കാരും മാതാപിതാക്കളുമെല്ലാം അത് കാണണം എന്ന പ്രചരണം നടത്തേണ്ടതിനുപകരം വലിയൊരു വിഭാഗം രാഷ്ട്രീയനേതാക്കളും സാംസ്കാരിക പ്രവർത്തകരും മാധ്യമങ്ങളും അതിനെതിരെ രംഗത്തുവരികയാണ് ചെയ്തത്. സമൂഹത്തോട് ഉത്തരവാദിത്തപ്പെട്ട പലരും സ്വന്തം കുടുംബത്തിലുൾപ്പെടെയുള്ള സ്ത്രീകളുടെ സുരക്ഷപോലും തൃണവൽഗണിച്ച് വോട്ടുബാങ്കിൻ്റെയും ഈന്തപ്പഴത്തിൻ്റെയും പുറകെ പായുന്ന ഖേദകരമായ കാഴ്ചയാണ് കാണാൻ സാധിച്ചത്.
മറ്റു സംസ്ഥാനങ്ങളിൽ സ്ത്രീകൾ കൂടുതലും ശാരീരിക ആക്രമണങ്ങൾക്കും ബലപ്രയോഗങ്ങൾക്കുമാണ് ഇരയാകുന്നതെങ്കിൽ കേരളത്തിലെ സ്ത്രീകൾ കൂടുതലും വഞ്ചനകൾക്കാണ് ഇരയാകുന്നത്. പ്രണയക്കെണികളും സാമ്പത്തിക ചൂഷണങ്ങളും അതിൽ ഉൾപ്പെടും. അതുകൊണ്ടുതന്നെ ഇവിടെ ബോധവൽകരണം അത്യാവശ്യമാണ്. ഇതിനുള്ള സാഹചര്യം അനാവശ്യ പ്രതിഷേധങ്ങളിലൂടെ കളഞ്ഞുകുളിക്കുകയാണ്.
കക്കുകളി എന്ന നാടകവും കേരളത്തിൻ്റെ രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിലെ സ്ത്രീവിരുദ്ധതയ്ക്ക് മികച്ച ഉദാഹരണമായി മാറി.
സമൂഹത്തിൻ്റെ ആരോഗ്യ വിദ്യാഭ്യാസ ക്ഷേമ മേഖലകളിൽ മറ്റാർക്കും നൽകാനാവാത്ത സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന ക്രിസ്തീയ സന്യാസിനികളെ അവിഹിതബന്ധം പുലർത്തുന്നവരും സ്വവർഗാനുരാഗികളുമായി ചിത്രീകരിക്കുന്ന ഒരു നാടകം ആവിഷ്കാരസ്വാതന്ത്ര്യം എന്ന പേരിൽ കൊട്ടിഘോഷിക്കപ്പെട്ടത് സ്ത്രീവിരുദ്ധതയല്ലേ? സ്ത്രീകൾക്ക് വേണ്ടി നിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന കേരളത്തിലെ ലിബറലുകളും ഫെമിനിസ്റ്റുകളും ഇതിൽ എന്ത് നിലപാടാണ് സ്വീകരിച്ചത്?
കന്യാസ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കുന്നത് സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന നടപടിയാണെന്ന് പറയാനുള്ള സത്യസന്ധത അവർക്കില്ലാതെ പോയി.
സിസ്റ്റർ സെഫിക്കുണ്ടായ ദുരനുഭവങ്ങൾ കേരള സമൂഹത്തിൻ്റെ സ്ത്രീവിരുദ്ധതയ്ക്ക് ഇതുവരെയുള്ളതിൽവച്ച് ഏറ്റവും വലിയ ഉദാഹരണമാണ്. രാഷ്ട്രത്തിൻ്റെ അന്വേഷണ ഏജൻസി നടത്തിയ മനുഷത്വഹീനമായ പരിശോധനയും അതേ തുടർന്ന് കേരളത്തിലെ പത്രദൃശ്യമാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും നടത്തിയ അപഹാസ്യങ്ങളും എത്ര ഭയാനകമായിരുന്നു. ഇതിൽ കൂടുതൽ ഒരു സ്ത്രീയെ അവഹേളിക്കാൻ സാധിക്കുമോ?
കൗരവസഭയിൽ പാഞ്ചാലി പോലും ഇത്രയും അപമാനിക്കപ്പെട്ടിട്ടുണ്ടോ?
സിസ്റ്റർ സെഫിക്കെതിരെ അന്വേഷണസംഘങ്ങൾ കൈക്കൊണ്ട സമാനതകളില്ലാത്ത മനുഷ്യവിരുദ്ധ നടപടികളിൽ നീതിന്യായ കോടതികൾ നടത്തിയ വലിയ വിമർശനം നമ്മുടെ മുൻപിലുണ്ടല്ലോ. കേരളത്തിലെ വനിതാ പൊതുപ്രവർത്തകരും സ്ത്രീവിരുദ്ധതയ്ക്ക് ഇരയാകുന്നുണ്ട്. കേരള രാഷ്ട്രീയത്തിൽ വളരെ ചുരുക്കം വനിതകൾ മാത്രമാണ് ഉയർന്ന തലത്തിൽ പ്രവർത്തിക്കുന്നത്.
പുരുഷൻമാരായ പല രാഷ്ട്രീയ പ്രവർത്തകരെയും അപേക്ഷിച്ച് ചെറിയ തെറ്റുകുറ്റങ്ങൾ മാത്രമാണ് അവരിൽ പലർക്കും സംഭവിക്കുന്നത്. പലതും പ്രസംഗത്തിലോ എഴുത്തിലോ പെട്ടന്നുള്ള പ്രതികരണങ്ങളിലോ ഒക്കെ വരുന്ന പാകപ്പിഴവുകളാണ്. പക്ഷേ അർഹിക്കുന്നതിലും എത്രയോ വലിയ വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും അവർ നിരന്തരം പാത്രമാകുന്നു.
ബാലരാമപുരത്ത് അറബിക് പാഠശാലയിൽ പഠിക്കുന്ന ഒരു പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞിട്ട് ഈ നാട്ടിലെ രാഷ്ട്രീയ നേതാക്കൾക്കോ സാംസ്കാരിക നായകർക്കോ മാധ്യമങ്ങൾക്കോ മിണ്ടാട്ടമില്ല. ഇവിടെ സ്ത്രീപക്ഷ പ്രസ്ഥാനങ്ങളെ, മൂടുപടമണിഞ്ഞ ഫെമിനിസ്റ്റുകളും ലിബറലുകളും ഹൈജാക്ക് ചെയ്തിരിക്കുകയാണ്. വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും ഒരേ സമയം പരസ്യമായി ഫെമിനിസ്റ്റും മിസോജനിസ്റ്റും ആകാൻ എങ്ങനെ സാധിക്കുന്നു എന്ന് പൊതുസമൂഹം ചിന്തിക്കേണ്ടതാണ്.
അപകടത്തിലാകുന്ന സ്ത്രീസുരക്ഷ
കേരളത്തിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾ വളരെ വലുതാണ്. കേരളാസ്റ്റോറി എന്ന സിനിമയിൽ കേരളത്തിൽ നിന്നും 32000 സ്ത്രീകൾ ഐഎസിൽ ചേർന്നു എന്ന തെറ്റായ വിവരണമുണ്ട് എന്ന ആരോപണം പലരുമുയർത്തിയിരുന്നു. എന്നാൽ ഇത് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഐഎസിൽ എത്തിയവരുടെ എണ്ണമാണെന്നാണ് പിന്നീടറിഞ്ഞത്. ഈ ആരോപണം വിജയിച്ചില്ല എന്നതുകൊണ്ടാവാം 2016- 20 കാലഘട്ടത്തിൽ ഗുജറാത്തിൽ 41621 സ്ത്രീകളെ കാണാതായി എന്ന വാർത്തയുമായി പല മാധ്യമങ്ങളുമെത്തിയത്. എന്നാൽ ഇതിൽ 94.9% സ്ത്രീകളെയും ഗുജറാത്ത് പോലീസ് കണ്ടെത്തി തിരികെ വീട്ടിലെത്തിച്ചു എന്നതാണ് യാഥാർത്ഥ്യം.
വടക്കുനോക്കിയന്ത്രങ്ങളായി മാറിയിരിക്കുന്ന ഈ മാധ്യമങ്ങൾ കേരളത്തിലെ കാഴ്ചകൾ പലതും കാണുന്നില്ല. 2016- 20 കാലഘട്ടത്തിൽ തന്നെ കേരളത്തില് 34,079 സ്ത്രീകളെ കാണാതായെന്ന് നാഷണല് ക്രൈം റെക്കോര്ഡ്സ് ബ്യൂറോയുടെ റിപ്പോര്ട്ട്. പലരെയും കണ്ടുകിട്ടിയിട്ടുണ്ടാവാം എങ്കിലും കേരളത്തിലെ ഭീതിദമായ സാഹചര്യങ്ങളുടെ വ്യക്തമായ ദൃഷ്ടാന്തമാണ് എരുമേലിയിൽ നിന്നും കാണാതായ ജസ്ന ജയിംസ് എന്ന പെൺകുട്ടി.
കാണാതാകുന്ന സ്ത്രീകൾക്കു പുറമേയാണ് കേരളത്തിൽ കൊലചെയ്യപ്പെടുകയും ദുരൂഹസാഹചര്യത്തിൽ ജീവനൊടുക്കുകയും ചെയ്യുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും എണ്ണം. വടക്കേ ഇന്ത്യയിൽ നടക്കുന്ന കാര്യങ്ങൾക്ക് നിരന്തരം വാർത്തകൾ നൽകുന്ന മലയാള മാധ്യമങ്ങൾ സ്വന്തം നാട്ടിൽ നടക്കുന്ന വളരെ ഗൗരവമേറിയ ഈ വിഷയങ്ങളെക്കുറിച്ച് കാര്യമായ വാർത്തകൾ നൽകുകയോ ചർച്ചകൾ നടത്തുകയോ ചെയ്യാത്തത് എന്തുകൊണ്ട്?
ബോധവത്കരണത്തിൻ്റെ ആവശ്യകത
കേരളം വിദ്യാഭാസത്തിലും സ്ത്രീ സ്വാതന്ത്ര്യത്തിലും ഒരുപാട് മുന്നേറിയ സംസ്ഥാനം തന്നെയാണ്. ഇവിടത്തെ സ്ത്രീകൾ എല്ലാവരും തന്നെ വിദ്യാഭ്യാസം നേടിയവരും പലരും സ്വന്തമായി വരുമാനം ഉള്ളവരുമാണ്. അതുകൊണ്ടുതന്നെ ഗാർഹികപീഡനങ്ങളും ബലാത്സംഗങ്ങളും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വളരെക്കുറവാണ്. പകരം കേരളത്തിലെ സ്ത്രീകൾ കൂടുതലായി നേരിടുന്നത് പ്രണയക്കെണികളും ശാരീരിക സാമ്പത്തിക ചൂഷണങ്ങളുമാണ്.
കേരളത്തിൽ ഫയൽ ചെയ്യപ്പെടുന്ന സ്ത്രീപീഡന കേസുകളിൽ വലിയൊരു പങ്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, മൊബൈൽ ചാറ്റിംഗിലെ ഫോട്ടോകൾ, വീഡിയോകൾ എന്നിവ ഉപയോഗിച്ച് ബ്ലാക്മെയിൽ ചെയ്തു എന്നിങ്ങനെയുള്ളവയാണ്. കൂടാതെ പ്രണയതീവ്രവാദവും കേരളത്തിൽ വളരെ ശക്തമാണ്. ഇതിലൂടെ കെണിയിൽപെടുത്തപ്പെടുന്ന സ്ത്രീകൾ മിക്കവരും നേരെ സിറിയയിലേയ്ക്കും ഇറാഖിലേയ്ക്കുമല്ല പോകുന്നത്. പലരും മയക്കുമരുന്ന് കാരിയേഴ്സായും മറ്റു നിയമവിരുദ്ധ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായും ഉപയോഗിക്കപ്പെടുന്നു.
പിടിയിലാകുന്ന മിക്ക മയക്കുമരുന്നു സംഘത്തിലും ഒരു പ്രത്യേക വിഭാഗത്തിൽപെട്ട പുരുഷൻമാരോടൊപ്പം ഒരു ഹിന്ദു / ക്രിസ്ത്യൻ സ്ത്രീയെങ്കിലും ഉണ്ടാവും എന്നത് നമുക്ക് പത്രവാർത്തകളിൽ നിന്ന് മനസിലാകും. പല സ്ത്രീകളും അനാശ്യാസ പ്രവർത്തനങ്ങൾക്കും രാജ്യത്തിനകത്തുള്ള തീവ്രവാദ പ്രവർത്തനത്തിനും ഉപയോഗിക്കപ്പെടുന്നു. തടിയൻ്റവിട നസീർ എന്ന ഭീകരന് ജയിലിൽ സിം കാർഡ് എത്തിച്ചു കൊടുത്തതിൻ്റെ പേരിൽ 2012 മുതൽ ജയിലിൽ കഴിയുന്ന ദീപ ചെറിയാൻ എന്ന ഷാഹിന ഇതിന് ഒരു ഉദാഹരണമാണ്.
മൊബൈൽ ചാറ്റിഗിലൂടെ തുടങ്ങുന്ന ബന്ധം, ബ്ലാക് മെയിലിംഗ്, ശാരീരിക സാമ്പത്തിക ചൂഷണം എന്നിവ വഴി പല പെൺകുട്ടികളും കുടുംബിനികളും തീവ്രവാദികളുടെ കയ്യിൽ എത്തിപ്പെടാൻ കാരണമാകുന്നു. സ്വകാര്യഫോട്ടോകൾ തീവ്രവാദികളുടെ പക്കൽ സൂക്ഷിക്കപ്പെടുന്നതിനാൽ പല പെൺകുട്ടികൾക്കും ഒന്നുകിൽ അവർ ആജ്ഞാപിക്കുന്ന മയക്കുമരുന്നു കടത്തുപോലെയുള്ള കാര്യങ്ങൾ അനുസരിക്കുക അല്ലെങ്കിൽ ആത്മഹത്യ ചെയ്യുക ഇവയിലൊന്നല്ലാതെ മറ്റു വഴിയൊന്നുമില്ലാതെവരുന്നു.
രജിസ്റ്റർ ചെയ്യപ്പെടാതെ പോകുന്ന പോക്സോ കേസുകളും പ്രണയതീവ്രവാദത്തിൽ ധാരാളമാണ്.ഇത്തരം ആസൂത്രിത കുറ്റകൃത്യങ്ങൾ തടയാൻ പര്യാപ്തമായ വകുപ്പുകൾ രാജ്യത്തിന്റെ ക്രിമിനൽ ശിക്ഷാ നിയമങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് അങ്ങേയറ്റം ദുഖകരമാണ്. ഇങ്ങനെ വിവിധ രീതിയിൽ, സ്ത്രീസുരക്ഷയും അന്തസ്സും അതീവ അപകടത്തിലായിരിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം.
മുകളിൽ സൂചിപ്പിച്ചതുപോലെ പല സ്ത്രീകളും ബലപ്രയോഗത്തിനിരയായിട്ടല്ല, കെണികളിലും ചതികളിലും വീഴുന്നതുമൂലമാണ് തങ്ങളുടെ ജീവനും ജീവിതവും നഷ്ടപ്പെടുത്തുന്നത്. അതിനാൽ തന്നെ ബോധവത്കരണത്തിനുള്ള എല്ലാ മാർഗങ്ങളും കൃത്യമായി ഉപയോഗിക്കപ്പെടണം. ഇക്കാര്യത്തിൽ മാതാപിതാകൾക്കും അധ്യാപകർക്കും മതാധികാരികൾക്കും മാധ്യമങ്ങൾക്കും സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകർക്കും സർക്കാരിനും എല്ലാം ഗൗരവമായ ഉത്തരവാദിത്തമുണ്ട്. സ്ത്രീസ്വാതന്ത്ര്യത്തോടൊപ്പം സ്ത്രീ സുരക്ഷയും പ്രധാനപ്പെട്ടതാണെന്ന് ഓർത്തിരിക്കാം. ഒപ്പം മുൻകാലങ്ങളേക്കാൾ കൂടുതലായി കേരളത്തിൽ സ്ത്രീവിരുദ്ധത വർദ്ധിക്കുകയും സ്ത്രീസുരക്ഷ അപകടത്തിലാവുകയും ചെയ്യുന്നതെന്തുകൊണ്ട് എന്ന് വ്യക്തമായി വിലയിരുത്തപ്പെടേണ്ടതുമുണ്ട്.