മലയോരകർഷകരെ ട്രോളുകയും കളിയാക്കുകയും ചെയ്യുന്ന വാഴപിണ്ടി നട്ടെല്ലുകാരോട് -മലയോരത്തെ മനോഹരമാക്കി തീർത്ത അവരുടെ ചങ്കുറപ്പിന്റെ ഒരംശം നിനക്കൊക്കെ ഉണ്ടോ?
കാലാവസ്ഥയോടും പ്രകൃതിയോടും വന്യമൃഗങ്ങളൊടും സൗകര്യപരിമിതികളോടും ഒക്കെ മല്ലിട്ട് ജീവിച്ച, മനസ്സിൽ നന്മയും നേരും നെറിവുമുള്ള അവരുടെ കഠിനാധ്വാനത്തിന്റെ അളവെടുക്കാൻ ഇറങ്ങിയിരിക്കുന്ന അമുൽ ബേബിമാർ വല്ല കെഎഫ്സി ചവച്ചും പെപ്സി നുണഞ്ഞും ഇരിക്കുന്നതായിരിക്കും നല്ലത്.
അയൽക്കാരന്റെ കൈകടത്തലുകൾ വരാതിരിക്കാൻ മതിലു കെട്ടി സുരക്ഷിത്വത്തിൽ ഇരിക്കുന്ന നിങ്ങൾക്കൊക്കെ കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് കുടുംബത്തെയും വിളകളെയും രക്ഷിക്കാൻ ചങ്കിലെ സ്നേഹം മുഴുവൻ ബലമാക്കി കാവൽ നിൽക്കുന്ന കർഷകനെ അറിയുമോ?
ഇടയ്ക്കു എന്റർടെന്മെന്റിന് ട്രെക്കിങ് എന്നും പറഞ്ഞിറങ്ങുന്ന നിങ്ങൾക്കൊക്കെ ഇല്ലാത്ത വഴിയിൽ കൂടി ഒന്നുകിൽ ജീവിതം അല്ലെങ്കിൽ മരണം എന്ന ധൈര്യത്തോടെ മലകയറി ഇറങ്ങുന്ന മലയോരമേഖലയിലെ ജനങ്ങളുടെ കാലിന്റെ ബലം അളക്കാൻ സ്നിക്കേഴ്സും ബൂട്ട്സ്സും ഇട്ട ഇളംപാദങ്ങൾ പോരാതെ വരും.
നിങ്ങൾക്ക് ഇതൊക്കെ സാഹസം ആണെങ്കിൽ അവർക്ക് ഇതൊക്കെ ജീവിതമാണ്.
ശരീരത്തിന്റെ അളവ്കോലുകൾ സൂക്ഷിക്കാനും, കൊഴുപ്പുരുക്കാനും മാംസപേശികൾ ബലപ്പെടുത്താനും ജിമ്മിൽ കയറി ഇറങ്ങുകയാണെങ്കിൽ അവർക്ക് ഇതൊക്കെ കിട്ടുന്നത് നിത്യവൃത്തിയിലൂടെയാണ്. എല്ല്മുറിയെ പണിയെടുത്താണ് അവരുടെ ജീവിതം.
ഹണിമൂണിനും ക്യാമ്പ്ഫയറിനും സഫാരിക്കും മാത്രം കാട്ടിൽ കയറുന്ന ജ്ഞാനം വച്ചു കാടിന് നടുക്കും അരികിലും ജീവിക്കുന്നവരെ അളക്കാനും വിധിക്കാനും നിൽക്കരുത് മഹാനുഭാവരേ.
ഇപ്പോഴത്തെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളും താനേ പൊട്ടിമുളച്ചതോ, കൊളംമ്പസ് വന്ന് കണ്ടുപിടിച്ചതോ അല്ല. 3 ദിവസം പട്ടിണി കിടന്നാൽ തീരും ഏതവന്റെയും ഏതവളുടെയും പുച്ഛം. രാജ്യം കാക്കാൻ പട്ടാളക്കാർ ഉണ്ടെങ്കിൽ ജീവൻ കാക്കാൻ ഉള്ളത് കൃഷിക്കാരാണ്.
പിന്നെ, കൃസ്ത്യാനികൾ മല കയറി അധ്വാനിച്ച് ജീവിതം കെട്ടിപടുത്തത് നിനക്കൊക്കെ കുരിശുകൃഷിയാണെങ്കിൽ ഇതരമതസ്ഥർക്കും മതമില്ലാത്തവർക്കും അത് ബാലികേറാമല ആയിരുന്നില്ല. പക്ഷേ കുറച്ചധികം ധൈര്യവുംകഷ്ടപ്പെടാനുള്ള മനസും വേണം. എവിടെ ചെന്നാലും ഒരു കുഞ്ഞാരാധനാലയം പണിയുന്നത് സൃഷ്ടാവിനോടുള്ള നന്ദിയും ആശ്രയബോധ്യവുമാണ്.
ഉയരം കൂടുന്തോറും ചായയ്ക്ക് രുചി കൂടും എന്നു പറഞ്ഞു ഏറ്റവും നല്ല ചായ അന്വേഷിച്ചാൽ പോരാ ആ ഉയരത്തിൽ താമസിക്കുന്നവരുടെ ജീവിതം, യാതനകൾ അറിയണം.
സോഷ്യൽമീഡിയകളിൽ അട്ടഹസിച്ചും ട്രോളിയും സമയം ബാക്കിയുണ്ടെങ്കിൽ ഇറങ്ങണം എസി മുറിയിൽ നിന്ന്, കയറണം കേരളത്തിലെ മലയോര പ്രദേശങ്ങളിലേക്ക്. അവിടെയുള്ള വീടുകളിലെ അപ്പാപ്പന്മാരുടെയും അമ്മാമ്മമാരുടെയും കൈപ്പത്തിയും കാലടിയും ഒന്ന് നോക്കണം. ഈഗോ മാറ്റിവച്ചാണെങ്കിൽ അപ്പോ മനസിലാവും നമ്മുടെ അഭിമാനമാണ് അവരെന്ന്. അവരുടെ ജീവിതാനുഭവങ്ങൾ കേൾക്കുമ്പോ കിട്ടുന്ന ഒരു ത്രിൽ ഉണ്ടല്ലോ അതൊരു ഒന്നോന്നര ഫീൽ ആണ്.
രണ്ടരമണിക്കൂർ അഭിനയിക്കുന്നതിനിടയ്ക്ക് സാഹസം കാണിക്കുന്നവർക്കു മാത്രം കൈയടിച്ചാൽ പോരാ ആദ്യം ആദരിക്കെണ്ടതും ഫാൻസാകെണ്ടതും ഇവരുടെയാണ്.
സുഗന്ധദ്രവ്യങ്ങളുടെ നാടാണ് നൂറ്റാണ്ടുകളായി നമ്മുടെ നാട്. ഇതൊക്കെ സൂപ്പർ മാർക്കറ്റുകളിൽ സ്വയംഭൂവായി പാക്കറ്റുകളിൽ ജനിക്കുന്നതല്ല. ഭക്ഷണം മുന്നിൽ എത്തുമ്പോൾ ഞാൻ കിലോയ്ക്ക് എത്ര കൊടുത്തു അല്ലെങ്കിൽ എത്ര ചിലവാക്കി എന്നോർക്കുന്നതിന് മുൻപ് ഇതെങ്ങെനെ എന്റെ മുന്നിൽ എത്തി എന്നാലോചിക്കാം.
ഭൂമിയുടെ ഭംഗി ആസ്വദിക്കാൻ ഇറങ്ങുന്നവർ, നാലോ അഞ്ചോ ദിവസം സുഖവാസത്തിന് പോകുന്നവർ അവിടെ സ്ഥിരം വസിക്കുന്നവരുടെ അത്ര സുഖമല്ലാത്ത വാസം അറിയണം.
കടലിന്റെ കരയിൽ താമസിക്കുന്നവർ കടൽ ക്ഷോഭിച്ചെന്ന് പറഞ്ഞു അവിടംവിട്ടു ഓടാൻ പറ്റുമോ. എങ്ങോട്ടു ഓടും, എങ്ങനെ ജീവിക്കും, പിന്നെ നമുക്ക് ഞ്ഞംഞ്ഞം ഭക്ഷിക്കാൻ മീമീ വേണ്ടേ? ഇതേപോലെയാണ് മലയോരകർഷകരും, പാടത്തു പണിയെടുക്കുന്നവരും എല്ലാ കർഷകരും.
അവർക്കൊക്കെ എന്തെങ്കിലും ആപത്തു വരുമ്പോ നമ്മുടെ ചങ്കൊന്നു പിടയ്ക്കണം, കണ്ണു നിറയണം. അല്ലാതെ വിധികൾ നടത്തി ഇളിക്കരുത്.
പിന്നെ വയലും പുൽമെടുകളും തോടുകളും നികത്തി മണിമാളികകളും മാളുകളും നിർമ്മിക്കുന്നവർ കാടിന്റെ അതിർത്തിയിൽ താമസിക്കുന്നവരെ വിമർശിക്കാൻ നിൽക്കരുത്.
ഓരോ കർഷകന്റെയും ആത്മവീര്യത്തിന് മുൻപിൽ, മലയോരത്തു താമസിക്കുന്നവരുടെ കഷ്ടപ്പാടിനു മുൻപിൽ, വേദനിക്കുന്ന ഓരോരുത്തരെയും ഹൃദയം കൊണ്ട് ചേർത്തുപിടിച്ച് ഒരു തരി ഭക്ഷണം പാഴാക്കുമ്പോൾ ഒരായിരം പ്രാവശ്യം ചിന്തിക്കണം, മാപ്പ് പറയണം മനസ്സുകൊണ്ട്, ദൈവത്തോടും അതിന്റെ പുറകിലെ അദ്ധ്വാനിയോടും.
By, റോസ്മരിയ അച്ചു.