സ്ത്രീകള്‍ക്ക് എതിരെഉള്ള അതിക്രമങ്ങള്‍ നിര്‍ത്തലാക്കുന്നതിനുള്ള അന്തര്‍ദേശീയ ദിനം!ജനാധിപത്യമര്യാദയുടെ ലംഘനം ഏറ്റവും കൂടുതല്‍ നടക്കുന്നത് കുടുംബങ്ങളിലാണ്. ഗാര്‍ഹീക പീഡനത്തിന് ഇന്ത്യയില്‍ മൂന്നാം റാങ്കുണ്ട് നമ്മുടെ നാടിന്. സ്ത്രീധനരഹിത കേരളത്തിലെത്താന്‍ നമ്മള് ഇനിയും ഒരുപാട് ദൂരം നടക്കേണ്ടതുണ്ട്. സ്വന്തം കഴിവില്‍ പരിപൂര്‍ണ വിശ്വാസമുള്ളവരും, പരാശ്രയികളുമല്ലാത്ത, ഒരു പുതുപെണ്‍തലമുറയ്ക്ക് മാത്രമേ ആത്യന്തികമായി വിവാഹവും സ്ത്രീധനവും തമ്മിലള്ള അവിശുദ്ധ കൂട്ടുകെട്ട് ഇല്ലാതാക്കാന്‍ സാധിക്കൂ.
സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കപ്പെടേണ്ടത് ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിൽ അനിവാര്യമാണ്. മനുഷ്യ പുരോഗതിക്കായി നാം ഉപയോഗപ്പെടുത്തുന്ന നൂതന സാങ്കേതിക വിദ്യകൾതന്നെ സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്യുന്നതിനായി ദുരുപയോഗിക്കുന്നു എന്നത് ഏറെ ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾക്ക് പുറമെയാണ് അവരുടെ സ്വകാര്യത ലംഘിക്കുന്ന ഇത്തരം അതിക്രമങ്ങൾ. ഇന്ത്യൻ പീനൽകോഡ് ,കേരള പോലീസ് ആക്റ്റ്, IT ആക്റ്റ് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് സ്ത്രീകൾക്കെതിരായുള്ള ഇത്തരം അതിക്രമങ്ങളെ നാം പ്രധാനമായും നേരിടുന്നത്.
ഭരണഘടനയും സ്ത്രീകളും മൗലികാവകാശങ്ങൾ വിവരിക്കുന്ന ഭരണഘടനയുടെ ഭാഗം മൂന്നിലെ 14, 15, 15/3, 16 അനുഛേദങ്ങൾ സ്ത്രീയുടെ അവകാശ സംരക്ഷണത്തിൽ പ്രധാനപ്പെട്ടതാണ്. നയങ്ങൾ രൂപപ്പെടുത്താനുള്ള അടിസ്ഥാന തത്ത്വങ്ങൾ ഉൾപ്പെടുന്ന അനുഛേദം 39 തുല്യതയ്ക്കായി രൂപപ്പെടുത്തേണ്ട നയങ്ങൾക്ക് വഴികാട്ടുന്നു. അനുഛേദം 42 -ഉം സ്ത്രീയുടെ അവകാശ സംരക്ഷണത്തിൽ പ്രധാനപ്പെട്ടതാണു.
വിദ്യാഭ്യാസ സ്ഥാപനം, ബസ്-സ്റ്റോപ്പ്, റോഡ് ,റെയിൽവേ സ്റ്റേഷൻ, സിനിമ തിയേറ്റർ, പാർക്ക്, ബസുകൾ ഉൾപ്പെടെയുള്ള എല്ലാ പൊതു സ്ഥലങ്ങളിലും സ്ത്രീകളുടെ സ്വകാര്യതയിലേക്ക് കടന്നു കയറി ഫോട്ടോ, വീഡിയോ, മൊബൈൽഫോൺ മുതലായവയുടെ സഹായത്തോടെയോ അല്ലാതെയോ റിക്കോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ അത് ശിക്ഷാർഹമായ കുറ്റമായിരിക്കും. സ്ത്രീകൾക്കെതിരായ ഇത്തരം കുറ്റകൃത്യങ്ങൾ തങ്ങളുടെ ചുമതലയിലുള്ള സ്ഥലത്ത് വെച്ച് നടന്നാൽ അത് റിപ്പോർട്ട് ചെയ്യാൻ ചുമതലയുള്ള വ്യക്തിക്ക് ബാദ്ധ്യതയുണ്ടായിരിക്കും. ഈ ബാദ്ധ്യത നിറവേറ്റുന്നതിൽ വീഴ്ച വരുത്തുന്നത് കുറ്റകരമായി കണക്കാക്കപ്പെടും.
ബസുകളിലും മറ്റു പബ്ലിക് സർവീസ് വാഹനങ്ങളിലും സ്ത്രീകൾക്കെതിരായുള്ള കുറ്റകൃത്യങ്ങൾ നടന്നാൽ ആ വാഹനം ഉടൻ തന്നെ പോലീസ് സ്റ്റേഷനിലെത്തിക്കാൻ ജീവനക്കാർക്ക് ബാദ്ധ്യതയുണ്ടായിരിക്കും. അങ്ങനെ റിപ്പോർട്ട് ചെയ്യാത്തത് കുറ്റകൃത്യമായി കണക്കാക്കും. സ്ത്രീകളുടെയും കുട്ടികളുടെയും മാന്യതയ്ക്ക് നിരക്കാത്ത വിധത്തിലുള്ള ഫോട്ടോകൾ ,വീഡിയോകൾ, ക്ലിപ്പിങ്ങുകൾ മുതലായവ കയ്യിൽ സൂക്ഷിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കപ്പെടും.
സ്ത്രീ ശാക്തീകരണ നിയമങ്ങൾ അനവധിയുണ്ടെങ്കിലും, സാധാരണയായി സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ചില അത്യാവശ്യ, അവശ്യ നിയമങ്ങൾ, സഹായ ഏജൻസികൾ ഏതൊക്കെയെന്ന് നോക്കാം…
ക്രിമിനൽ നിയമങ്ങൾ നൽകുന്ന ആനുകൂല്യങ്ങൾ
ഇന്ത്യന്‍ പീനൽ കോഡിലെ സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട വകുപ്പാണ് 354,. മാനഭംഗപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ ഒരാൾ അക്രമിക്കാൻ വന്നാലോ, അല്ലെങ്കിൽ താൻ അപമാനിക്കപ്പെട്ടു എന്ന തോന്നലുണ്ടായാലോ പോലും ഒരു സ്ത്രീക്ക് ഈ വകുപ്പ് പ്രകാരം കുറ്റകൃത്യം ചെയ്ത ആൾക്കെതിരെ നിയമ നടപടി കൈക്കൊള്ളാം. വിവാഹത്തിനോ, നിർബന്ധ ശാരീരിക ബന്ധത്തിനോ സ്ത്രീയെ വശീകരിച്ച് കടത്തികൊണ്ടു പോയാൽ, പത്തുവർഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റകൃത്യമാണ്.ഈ പറഞ്ഞ ആവശ്യത്തിനായി സ്ത്രീയെ കടത്തിക്കൊണ്ടു വന്നാലും ശിക്ഷാർഹമാണ്. 375-ആം വകുപ്പ് പ്രകാരം ബലാൽസംഗത്തിന് ഏഴു മുതൽ പത്തുവർഷം വരെയോ ജീവപര്യന്തമോ തടവും പിഴയും ലഭിക്കും.
പോലീസ് സ്റ്റേഷനിലുള്ളവർ, ജയിൽ അധികാരി, ആശുപത്രി മേധാവി, എന്നിവർ ഒരു സ്ത്രീയെ അവളുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിനടിമപ്പെടുത്തുക, ഗർഭിണി, പന്ത്രണ്ട് വയസിന് താഴെയുള്ള പെൺകുട്ടി, ഇവരെ ബലാൽസംഗം ചെയ്യുക, തുടങ്ങിയവയൊക്കെ ഈ വകുപ്പിന് കീഴിൽ പത്തു വർഷം മുതൽ ജീവപര്യന്തമോ, പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം കേസിൽ ഇരയാകുന്ന സ്ത്രീയുടെ പേരോ, മേൽവിലാസമോ വെളിപ്പെടുത്തിയാൽ രണ്ടു വർഷം തടവും പിഴയും ലഭിക്കുന്ന കുറ്റമായി പരിഗണിക്കും. വിവാഹബന്ധം വേർപെടുത്താതെ ഭാര്യ ജീവനോടെയുള്ളപ്പോൾ മറ്റു വിവാഹം കഴിച്ചാൽ ഏഴു വർഷം വരെ തടവും പിഴയും കിട്ടും, എന്നാൽ മുസ്ലിം സമുദായത്തിലെ പുരുഷന് നാല് വിവാഹം വരെ കഴിക്കാവുന്നതാണ്. വിവാഹ വിവരം മറച്ച് മറ്റു വിവാഹം ചെയ്യുന്നതും, തട്ടിപ്പ് നടത്തി വിവാഹം കഴിക്കുന്നതും പത്തു മുതൽ 7 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാവും.
സ്ത്രീധന മരണം
വിവാഹം കഴിഞ്ഞ് 7 വർഷത്തിനുള്ളിൽ ഒരു സ്ത്രീ അസാധാരണ സാഹചര്യത്തിൽ മരിക്കുകയും, മരിക്കുന്നതിന് മുൻപ് അവരെ ഭർത്താവും ബന്ധുക്കളും ഉപദ്രവിച്ചതായും തെളിവുണ്ടായിരിക്കുകയും ചെയ്താല്‍ 306 വകുപ്പ് പ്രകാരം സ്ത്രീധന മരണമായി കരുതുന്നു. സ്ത്രീയെ ഭർത്താവോ ബന്ധുക്കളോ പീഡിപ്പിക്കുന്നതും കുറ്റകൃത്യമാണ്. ഒരു സ്ത്രീയുടെ മാന്യതക്ക് കോട്ടം തട്ടുന്ന വിധത്തിൽ ഏതെങ്കിലും വാക്ക് ഉച്ചരിക്കുകയോ, ആംഗ്യം കാണിക്കുകയോ എന്തെങ്കിലും പ്രചരിപ്പിക്കുകയോ ചെയ്താൽ ഇന്ത്യൻ പീനൽ കോഡ് 509 വകുപ്പ് പ്രകാരം ഒരു വർഷം തടവോ പിഴയോ രണ്ടും ഒരുമിച്ചോ അനുഭവിക്കാൻ കുറ്റം ചെയ്തയാൾ നിയമത്തിന് മുന്നിൽ ബാധ്യസ്ഥനാണ്..
ഒരു സ്ത്രീയേയും, പോലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ പാടില്ല.. അവർ താമസിക്കുന്നതോ, നിർദ്ദേശിക്കുന്നതോ ആയ സ്ഥലത്ത് വെച്ച് ഒരു സ്ത്രീ പോലീസ് ഓഫീസറുടേയോ, കുടുംബാഗങ്ങളുടേയോ സുഹൃത്തുക്കളുടേയോ സാന്നിധ്യത്തിൽ മാത്രമേ, ചോദ്യം ചെയ്യാൻ പാടുള്ളു. കേരളാ പോലീസ് നിയമമനുസരിച്ച് ഒരു സ്ത്രീക്ക് നേരേ പൊതു സ്ഥലത്തുവെച്ച് ലൈംഗിക ചേഷ്ടകളാ പ്രവർത്തികളോ ചെയ്യുന്നതും അവരുടെ സ്വകാര്യതക്ക് ഭംഗം വരുത്തുന്ന ഫോട്ടോയോ, വീഡിയോയോ എടുക്കുന്നതും ശിക്ഷാർഹമാണ്.
സ്ത്രീധന നിരോധന നിയമം
1961 ലെ സ്ത്രീധന നിരോധന നിയമം അനുസരിച്ച് സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നൽകാൻ പ്രേരിപ്പിക്കുന്നതുമൊക്കെ 5 വർഷം തടവും 15000 രൂ.പിഴയും ലഭിക്കാവുന്ന കുറ്റമാണ്.. സ്ത്രീധനം നേരിട്ടോ അല്ലാതെയോ ആവശ്യപ്പെടുന്നവർക്ക് രണ്ടു വർഷം മുതൽ ആറു മാസം വരെ തടവും 10,000 രൂപ പിഴയും ലഭിക്കും.
ഗാർഹിക പീഡന നിരോധന നിയമം
വീടുകളിൽ സ്ത്രീയുടെ ആരോഗ്യം, ജീവൻ, സമാധാനം എന്നിവയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ ആ വീട്ടിൽ താമസിക്കുന്ന ഏതെങ്കിലും പുരുഷൻ പ്രവർത്തിക്കുന്നതിനെ ഗാർഹിക പീഡനം എന്നു പറയുന്നു. ശാരീരിക, ലൈംഗിക പീഡനങ്ങൾക്കുപരി വാക്കുകൊണ്ടോ, പ്രവൃത്തി കൊണ്ടോ, പോലും കളിയാക്കുകയോ മാനസികമായി പീഡിപ്പിക്കയോ ചെയ്യുക, വീട്ടിൽ ചെലവ് തരാതിരിക്കുക, കുടുംബ വസ്തുക്കൾ വിൽക്കുക തുടങ്ങിയവയൊക്കെ ഗാർഹിക പീഡന പരിധിയിൽപ്പെടും.
പീഡനത്തിനിരയാകുന്ന സ്ത്രീ ജില്ലാ പ്രൊട്ടക്ഷൻ ഓഫീസറെ അറിയിച്ചാൽ, അതുവഴി നിയമസംരക്ഷണം ജുഡീഷ്യൽ ഫസ്റ്ററ്ക്ലാസ് മജിസ്ട്രേറ്റ് കോടതി വഴി ലഭിക്കും. പരാതിക്കാരിക്ക് നേരിട്ടോ വക്കീൽ മുഖാന്തരമോ പ്രസ്തുത കോടതിയെ സമീപിക്കാവുന്നതും കോടതി വഴി വീട്ടിൽ താമസിക്കുന്നതിന് സംരക്ഷണ ഉത്തരവും, കുട്ടികളുടെകസ്റ്റഡി ഉത്തരവും മറ്റും ലഭിക്കുന്നതുമാണ്. ഉത്തരവ് ലംഘിക്കുന്നവർക്ക് തടവും 2,00,000/-രൂപ പിഴയും ലഭിക്കും. ക്രിമിനൽ നടപടി നിയമം 125- വകുപ്പ് പ്രകാരം ഒരു പുരുഷന് തന്റെ പങ്കാളിയേയും മക്കളേയും മാതാപിതാക്കളേയും സംരക്ഷിക്കാൻ ബാധ്യസ്ഥനാണ്.. നിയമപ്രകാരമല്ലാത്ത മക്കൾക്കും ചിലവിന് കിട്ടാൻ അവകാശമുണ്ട്.
സൈബർ കുറ്റകൃത്യങ്ങൾ
സൈബർ കുറ്റകൃത്യത്തിനിരയായ ഒരാൾക്ക് ലോകത്ത്എവിടെ വേണമെങ്കിലും പരാതിപ്പെടാം.. എല്ലാ ജില്ലകളിലും പോലീസ് സ്റ്റേഷനോട് ചേർന്ന് സൈബർ സെല്ലുകൾ ഉണ്ട്. ലോക്കൽ പോലീസ് സ്റ്റേഷനിലാണ് പരാതിപ്പെടേണ്ടത്.പരാതിയോടൊപ്പം, പേര്, മെയിൽ ഐഡി, ഫോൺ നമ്പർ അഡ്രസ് എന്നിവ നൽകണം.. തെളിവായി സംശയമുള്ളവരുടെ പേരുവിവരം, defaced web Page ന്റെ Soft and hard copy’, server logട തുടങ്ങി സാധ്യമായ വിവരങ്ങൾ നൽകണം മറ്റൊരാളുടെ കംപ്യൂട്ടർ മൊബൈൽ ഫോൺ എന്നിവിടങ്ങളിൽ കടന്നു കയറുക ‘ ഇലക്ട്രോണിക് മാധ്യമങ്ങളിൽ സ്ത്രീക്കളെ മോശമായി ചിത്രികരിക്കുക പ്രചരിപ്പിക്കുക,
അവരുടെ ലൈംഗിക കാര്യങ്ങൾ ടി മാധ്യമത്തിൽ പ്രസിദ്ധീകരിക്കുക, പ്രചരിപ്പിക്കുക ,സോഷ്യൽ മീഡിയയിൽ മറ്റൊരാളുടെ പേരിൽ ഫേക്ക് അക്കൗണ്ടുണ്ടാക്കുക, സ്വന്തം അക്കൗണ്ടിൽ മറ്റാരുടെയെങ്കിലും സാന്നിധ്യം (hacking), നമ്മുടെ അക്കൗണ്ടിൽ നിന്നും പണം ചോദിച്ച് മെസേജയക്കുക, നെറ്റിലൂടെ ഒരാളെ ഭീഷണിപ്പെടുത്തുക ഇതൊക്കെ വലിയ ശിക്ഷകൾ കിട്ടുന്ന സൈബർ കുറ്റകൃത്യങ്ങളാണ്. ടി കുറ്റങ്ങൾക്കെതിരെ http://www.cyber Archived 2013-07-11 at the Way back Machine. cell india.com എന്ന സൈറ്റിലൂടെയും പരാതിപ്പെടാം.
ട്രയിൻ യാത്രക്കിടയിൽ ശല്യമുണ്ടായാൽ 9846200100 എന്ന നമ്പരിൽ പരാതിപ്പെടുക. ബസ് യാത്രയ്ക്കിടയിൽ ശല്യമുണ്ടായാൽ പോലീസിൽ പരാതിപ്പെടാം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യനിയമ സഹായം നൽകുന്നതിനായി ലീഗൽ സർവ്വീസ് അതോരിറ്റികൾ എല്ലാ കോടതികളോടുമനുബന്ധിച്ചുണ്ട്. അവിടെ അന്വേഷിച്ച്, അപേക്ഷിച്ചാൽ. സൗജന്യ നിയമ സഹായം ലഭിക്കും. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനും, സ്ത്രീയുടെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിച്ചുകൊണ്ടുള്ള ഒരു സാമൂഹ്യക്രമം കൊണ്ടുവരുന്നതിനുമായി കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ പലനിയമ നിർമ്മാണങ്ങളും നടത്തീയിട്ടുണ്ട്. അവ താഴെ പറയുന്നവയാണ്.
ഇന്ത്യൻ ശിക്ഷാനിയമം
- ബലാത്സംഗം (Rape) ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 375-ആം വകുപ്പിൽ ബലാത്സംഗം നിർവ്വഹിച്ചിരിക്കുന്നു. 376 (1)-ആം വകുപ്പിൽ ബലാത്സംഗത്തിന്റെ ശിക്ഷ ഏറ്റവും കൂടിയത് ജീവപരന്ത്യം തടവും കുറഞ്ഞത് 7 വർഷവുമായി നിജപ്പെടുത്തിയിരിക്കുന്നു. എന്നാൽ 376(2)-ാം ഉപവകുപ്പുപ്രകാരം ഏറ്റവും കുറഞ്ഞ ശിക്ഷ 10 വർഷമാക്കിയിരിക്കുന്നു.
- മാനഭംഗം (Outraging Modesty) ഇന്ത്യൻ ശിക്ഷാനിയമം 354-ആം വകുപ്പുപ്രകാരം ഒരു സ്ത്രീയോട് മര്യാദ ലംഘനം നടത്തണമെന്നുള്ള ഉദ്ദേശത്തോടുകൂടി ഒരു സ്ത്രീയുടെ ശരീരത്ത് സ്പർശിച്ചാൽ 2 വർഷം തടവുശിക്ഷ ലഭിക്കും.
- സ്ത്രീധന മരണം (Dowry Death) ഇന്ത്യൻ ശിക്ഷാനിയമം 304-B വകുപ്പുപ്രകാരം വിവാഹത്തിനുശേഷം 7 വർഷങ്ങൾക്കുള്ളിൽ തീപ്പൊള്ളൽകൊണ്ടോ അല്ലെങ്കിൽ മറ്റേതെങ്കിലും അസ്വാഭാവിക സാഹചര്യങ്ങളിലോ ഒരു സ്ത്രീയുടെ മരണം സംഭവിക്കുകയും മരണത്തിന് തൊട്ട് മുമ്പ് സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ട് ഭർത്താവോ ബന്ധുക്കളോ അവളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് കാണുകയും ചെയ്താൽ ആ മരണത്തെ സ്ത്രീധന മരണം എന്നു പറയാം. സ്ത്രീധന മരണത്തിന് കുറ്റക്കാരായവർക്ക് ജീവപരന്ത്യം തടവ് ശിക്ഷവരെ ലഭിക്കാം. ശിക്ഷ 7 വർഷത്തിൽ കുറയാൻ പാടില്ല.
- ഭർത്താവോ ഭർത്താവിന്റെ ബന്ധുക്കളോ ചെയ്യുന്ന ക്രൂരത (Cruelty by husband or relatives of husband) ഇന്ത്യൻ ശിക്ഷാനിയമം 498(A) വകുപ്പിൽ സ്ത്രീപീഡനത്തെപ്പറ്റി പ്രതിപാദിക്കുന്നു. ഒരു സ്ത്രീയുടെ ഭർത്താവോ അല്ലെങ്കിൽ ഭർത്താവിന്റെ ഏതെങ്കിലും ബന്ധുവോ ഒരു സ്ത്രീയെ ക്രൂരതക്ക് വിധേയയാക്കുകയാമെങ്കിൽ 3 വർഷത്തോളം വരുന്ന തടവുശിക്ഷയോ പിഴയോ ലഭിക്കാവുന്നതാണ്.
- ആളപഹരണവും തട്ടികൊണ്ടുപോകലും (Kidnapping and Abduction) ഇന്ത്യൻ ശിക്ഷാനിയമം 366 പ്രകാരം ഒരു സ്ത്രീയെ അപഹരിച്ചുകൊണ്ടുപോകുകയോ തട്ടികൊണ്ടുപോകുകയോ ചെയ്യുകയോ അവളെ ഇഷ്ടത്തിന് വിപരീതമായി വിവാഹത്തിനോ ലൈംഗിക വേഴ്ച്ചയ്ക്കോ പ്രേരിപ്പിക്കുകയോ ചെയ്യുകയാണെങ്കിൽ 10 വർഷം വരെ തടവു ശിക്ഷ ലഭിക്കാം.
- സ്ത്രീകളെ ശല്യം ചെയ്യൽ (Eve Teasing / Sexual Harassment) ഒരു സ്ത്രീയുടെ മര്യാദയെ ലംഘിക്കണമെന്ന ഉദ്ദേശത്തോടുകൂടി ഏതെങ്കിലും വാക്കുകൾ ഉച്ചരിക്കുകയോ ഏതെയങ്കിലും ചേഷ്ടകൾ കാണിക്കുകയോ ചെയ്താൽ ഒരു വർഷം തടവുശിക്ഷ ലഭിക്കാം. ഫോണിൽ കൂടിയോ എഴുത്തുകളിൽ കൂടിയോ ശല്യം ചെയ്യുന്നതും ഇന്ത്യൻശിക്ഷാനിയമം 294 (b) പ്രകാരം അശ്ലീല വാക്കുകൾ പറയുകയോ അശ്ലീല ഗാനങ്ങൾ പാടുകയോ ചെയ്യുന്നതും 3 മാസം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
- ഗർഭഛിദ്രവും ഗർഭസ്ഥ ശിശുവിന്റെ മരണം സംഭവിപ്പിക്കുന്നതും (Causing miscarriage and preventing child from being born alive) ഇന്ത്യൻ ശിക്ഷാ നിയമം 313-ാം വകുപ്പു പ്രകാരം സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭഛിദ്രം നടത്തുന്നത് 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
- വിവാഹവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ (Offence relating to marriage) നിയമപരമായി വിവാഹം ചെയ്യാതെ ഒരു സ്ത്രീയോടൊപ്പം താമസിക്കുകയും ഭാര്യയാണെന്ന് വിശ്വസിപ്പിച്ചുകൊണ്ട് അവരുമായി ലൈംഗികവേഴ്ച നടത്തുകയും ചെയ്താൽ ഇന്ത്യൻ ശിക്ഷാ നിയമം 493 – ാം വകുപ്പുപ്രകാരം 10 വർഷം വരെ തടവുശിക്ഷ ലഭിക്കാം.
- കേരളാ പോലീസ് നിയമം (Kerala Police Act 2011) കേരളാ പോലീസ് ആക്ടിലെ 119-ാം വകുപ്പ് പ്രകാരം ഏതെങ്കിലും പൊതു സ്ഥലങ്ങളിൽ സ്ത്രീകളുടെ അന്തസ്സ് ഹനിക്കുന്ന തരത്തിലുള്ള ലൈംഗിക ചേഷ്ടകളോ പ്രവർത്തികളോ ചെയ്യുകയോ ഏതെങ്കിലും സ്ഥലത്തുവെച്ചും സ്ത്രീകളുടെ ന്യായമായ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്ന രീതിയിൽ ഫോട്ടോയോ വീഡിടോടോ എടുക്കുകയോ പ്രചരപ്പിക്കുകയോ ചെയ്താൽ 3 വർഷം തടവോ 10000 രൂപയിൽ കവിയാത്ത പിഴയോ ഇവ രണ്ടും കൂടുയോ ശിക്ഷയായി ലഭിക്കാവുന്നതാണ്.
- സ്ത്രീധന നിരോധന നിയമം (Dowary Prohibition Act 1961) ഈ നിയമത്തിന്റെ 3-ാം വകുപ്പുപ്രകാരം സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും 5 വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
- സ്ത്രീകളെ അന്തസ്സിന് ഭംഗം വരുത്തുന്ന രീതിയിൽ അവതരിപ്പിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം (Indecent representation of women (Prohibition) Act 1986) ഈ നിയമത്തിന്റെ 3-ാം വകുപ്പുപ്രകാരം ഏതെങ്കിലും സ്ത്രീയുടെ ചിത്രം അന്തസ്സിനുചേരാത്ത വിധം പരസ്യങ്ങളിലോ പോസ്റ്ററുകളിലോ പ്രദർശിപ്പിക്കുന്നതും 4-ാം വകുപ്പുപ്രകാരം അത്തരം ചിത്രങ്ങൾ അടങ്ങിയ പുസ്തകങ്ങൾ, ഫിലിം തുടങ്ങിയവ വിതരണം ചെയ്യുന്നതും പോസ്റ്റുവഴി അയക്കുന്നതും കുറ്റകരമാണ്.
- ബാലവിവാഹം (Child Marriage (Prohibition) Act 2006) ഇതിരെ 9-ാം വകുപ്പുപ്രകാരം പ്രായപൂർത്തിയായ ഒരു പുരുഷൻ (21 വയസ്സിൽ മുകളിൽ) 18 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടിയെ വിവാഹം കഴുക്കുകയും 10-ാം വകുപ്പുപ്രകാരം ശിശുവിവാഹം നടത്തികൊടുക്കുന്നതും 2 വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
- വേശ്യാവൃത്തി നിരോധന നിയമം (Immoral Traffic (Prevention) Act 1956) ഈ നിയമത്തിന്റെ 3-ാം വകുപ്പു പ്രകാരം വേശ്യാലയം നടത്തുന്നത് 3 വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.
- ഗാർഹികാതിക്രമങ്ങളിൽനിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം (Protection of women from Domestic violence Act 2005) കുടുംബവ്യവസ്ഥക്കുള്ളിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള അതിക്രമത്തിന് വിധേയമാക്കുകയോ അതിക്രമങ്ങളെ തുടർന്ന് സംഭവിക്കുന്ന വിഷയങ്ങൾക്ക് ഇരയാവുകയോ ചെയ്യുന്ന സ്ത്രീകൾക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾക്ക് കൂടുതൽ ഫലപ്രദമായ പരിരക്ഷ നൽകുന്നതിനായി നിർമ്മിച്ചിട്ടുള്ള നിയമമാണിത്. 4-ാം വകുപ്പുപ്രകാരം ഒരു ഗാർഹിക പീഡനം നടക്കുന്നുണ്ടോ, നടന്നുവെന്നോ വിശ്വസിക്കാൻ മതിയായ കാരണമുണ്ടെങ്കിൽ ഏതൊരാൾക്കും സംരക്ഷണ ഉദ്യോഗസ്ഥനെ വിവരം തെര്യപ്പെടുത്താവുന്നതാണ്. 31(1) വകുപ്പുപ്രകാരം നിയമപ്രകാരമുള്ള മജിസ്ട്രേറ്റിന്റെ ഒരു സംരക്ഷണ ഉത്തരവും കുറ്റാരോപിതൻ ലംഘിച്ചാൽ പോലീസിന് കേസ് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇത് ജ്യാമ്യമില്ലാത്ത കുറ്റമാണ്.
- ഗർഭകാലത്ത് ലിംഗനിർണ്ണയ പരിശേധന നിരോധിച്ചു കൊണ്ടുള്ള നിയമം (Pre Conception and Prenatal diagnostic Techniques (Prohibition of Sex selection) Act 1994) ഈ നിയമത്തിന്റെ 23-ാം വകുപ്പിന്റെ ഉപവകുപ്പുപ്രകാരം ഗർഭകാലത്ത് ഗർഭസ്ഥശിശുവിന്റെ ലിംഗനിർണ്ണയം നടത്തുന്ന ഡോക്ടറും 3-ാം ഉപവകുപ്പുപ്രകാരം ലിംഗനിർണ്ണയത്തിന് ആവശ്യപ്പെടുന്ന വ്യക്തിയും 3 വർഷം തടവിന് ശിക്ഷാർഹരാണ്.
- സൈബർ കുറ്റകൃത്യങ്ങൾ
വിവര സാങ്കേതിക നിയമം (Information Technology Act 2008)
66 E ഐ. റ്റി. ആക്ട് 2008 : മറ്റൊരാളിന്റെ സ്വകാര്യതയിലേക്ക് മെബൈൽ ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയവയിലൂടെ കടന്നുകയറിയാൽ മൂന്നുവർഷംവരെ തടവും ഒരു ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
സെക്ഷൻ 67 ഐ.ടി. ആക്ട് 2008 : സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതും ഇലക്ട്രാണിക് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നതും പ്രസരണം നടത്തുന്നതും മൂന്നുവർഷം വരെ തടവും അഞ്ചുലക്ഷം രൂപവരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്.
66 A ഐ.ടി ആക്ട് 2008: സ്ത്രീകളുടെ ലൈംഗികകാര്യങ്ങളടങ്ങിയ ഏതെങ്കിലും സാധനം ഇലക്ട്രാണിക് മാധ്യമങ്ങളിൽ പ്രസദ്ധീകരിക്കുകയോ പ്രസരണം ചെയ്യുകയോ ചെയ്താൽ 5 വർഷം തടവും 10 ലക്ഷം രൂപ പിഴയും ആദ്യ തവണയും പിന്നീട് 7 വർഷം വരെ തടവും പത്തുലക്ഷംവരെ പിഴയും ശിക്ഷയായ് ലഭിക്കാം.
67 B: കുട്ടികളെ ലൈംഗികമായി ചിത്രീകരിക്കുന്ന കാര്യങ്ങൾ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയോ പ്രസരണം നടത്തുകയോ ചെയ്താൽ 5 വർഷം തടവും 10 ലക്ഷം രൂപവരെ പിഴയും ആദ്യ ശിക്ഷയിലും 7 വർഷംവരെ തടവും 10 ലക്ഷം രൂപവരെ പിഴയും പിന്നീടുള്ള ശിക്ഷകളിലും ലഭിക്കാവുന്നതാണ്.
സ്ത്രീക്ക് ഇഷ്ടമില്ലാതെ അവരുടെ ശരീരത്തിൽ തുറിച്ചു നോക്കുക, ലൈംഗിക താൽപര്യത്തോടെ നോക്കുക, ചൂളമടിക്കുക നേരിട്ടോ ഫോണിലൂടെയോ അശ്ലീല കമന്റുകൾ/തമാശകൾ പറയുക, കത്തുകൾ/ ഫോൺ വഴി അശ്ലീല സന്ദേശങ്ങൾ അയക്കുക. പിൻതുടർന്നു ശല്യപ്പെടുത്തുക (പ്രത്യേകിച്ചും വിജനമായ സ്ഥങ്ങളിൽ) അശ്ലീല സിനിമ/ ചിത്രങ്ങൾ കാണിക്കുക, ലൈംഗികാവയവം പ്രദർശിപ്പിക്കുക, ശ്വാസം ശരീരത്തിൽ വീഴുന്നമാതിരി ചേർന്നു നിൽക്കുക ലൈംഗിക താൽപര്യത്തോടെ ശരീരത്തിൽ സ്പർശിക്കുക, ചുംബിക്കുക, കെട്ടിപ്പിടിക്കുക, അവയവങ്ങൾ കൊണ്ട് ശരീരത്തിൽ ഉരസുക, ലൈംഗിക സേവനങ്ങൾ ആവശ്യപ്പെടുക തുടങ്ങി ഉഭയ സമ്മതത്തോടെയല്ലാത്തവയെല്ലാം ലൈംഗികപീഡനം ആണ്.
ഗാർഹിക പീഡനം നിരോധന നിയമം
ഈ നിയമപ്രകാരം, പരാതിക്കാരിയെ മാനസികമോ, ശാരീരികമോ ആയി മുറിവേൽപ്പിക്കുന്നതോ,വേദനിപ്പിക്കുന്നതോ, അവളുടെ ആരോഗ്യം, സുരക്ഷ, ജീവിത സ്വാസ്ഥ്യം, ശാരീരികാവയങ്ങൾ എന്നിവയെ അപകടത്തിലാക്കുന്നതോ, അതിനിടയാക്കുന്നതോ, ശാരീരികമോ, ലൈംഗികമോ, വാചികമോ, വൈകാരികമോ സാമ്പത്തികമോ ആയി പീഡിപ്പിക്കുന്നതുൾപ്പെടെയുമോ ആയ എതിർകക്ഷിയുടെ പ്രവ്യത്തി, ഉപേക്ഷ, കർമ്മം, പെരുമാറ്റം എന്നിവ ഗാർഹികപീഡനം ആയി കണക്കാക്കപ്പെടും. സ്ത്രീധനത്തിനോ, സ്വത്തിനോ, നിയമവിരുദ്ധമായ എന്തെങ്കിലും ആവശ്യം സാധിക്കുന്നതിനോ പരാതിക്കാരിയേയോ, അവരുമായി ബന്ധമുള്ള മറ്റാരെയെങ്കിലുമോ എതിർകക്ഷി നിർബന്ധിക്കുകയോ, പീഡിപ്പക്കുകയോ, അപകടത്തിലാക്കുകയോ ചെയ്യുന്നതും പരാതിക്കാരിയെ ശാരീരികമോ, മാനസികമോ ആയി മുറിവേൽപ്പിക്കുകയോ, ഉപദ്രവിക്കുകയോ ചെയ്യുന്നതും ഗാർഹികാതിക്രമമാകുന്നു.
ശാരീരിക പീഡനം എന്നാൽ പരാതിക്കാരിക്ക് ശാരീരിക വേദനയോ, ഉപദ്രവമോ, അവളുടെ ജീവനോ, അവയവത്തിനോ, ആരോഗ്യത്തിനോ അപകടമോ ആകുന്ന ഏതുതരം പ്രവ്യത്തിയോ, പെരുമാറ്റമോ, അതിക്രമമോ, അക്രമണാത്മകമായ ബലപ്രയോഗമോ, ഭീഷണിയോ ആകാം.
ലൈംഗിക പീഡനത്തിൽ ലൈംഗിക സ്വഭാവമുള്ള അംഗവിക്ഷേപം, അപമാനിക്കൽ, സ്ത്രീയുടെ മാന്യതയ്ക്ക് ഭംഗം വരുത്തുന്ന ഏതൊരുതരം പ്രവ്യത്തിയും ഉൾപ്പെടുന്നു.
വാചികവും വൈകാരികവുമായ പീഡനത്തിൽ, നാണം കെടുത്തൽ, ഇരട്ടപ്പേരുവിളിക്കൽ, കുഞ്ഞില്ലാത്തത്തിന്റെയോ ആൺകുഞ്ഞില്ലാത്തതിന്റെയോ പേരിൽ അധിക്ഷേപിക്കൽ, പരാതിക്കാരിക്ക് താല്പര്യമുള്ള ഏതെങ്കിലും വ്യക്തിയെ ഉപദ്രവിക്കുമെന്ന ഭീഷണി എന്നിവ ഉൾപ്പെടുന്നു.
സാമ്പത്തിക പീഡനത്തിൽ പരാതിക്കാരിക്ക് നിയമ പരമായോ, ആചാരപ്രകാരമോ അർഹതയുള്ള സ്ത്രീധനമോ, സ്വത്തോ, ജീവനാംശമോ, പങ്കുപാർക്കുന്ന വീടിന്റെ വാടകയോ അപഹരിക്കുക, നിഷേധിക്കുക, ലഭ്യമാക്കുന്നത് തടയുക, പരാതിക്കാരിയുടെ സ്വത്തുക്കൾ അന്യാധീനപ്പെടുത്തുക തുടങ്ങിയവും ഉൾപ്പെടുന്നു.
പരാതിക്കാരിക്ക് ലഭിക്കുന്ന നിവർത്തികൾ
വകുപ്പ് – 18: സംരക്ഷണ ഉത്തരവ്
ഇരുകക്ഷികളുടെയും ഭാഗം കേട്ടശേഷം ഗാർഹിക പീഡനം നടന്നുവെന്നോ, നടക്കുവാൻ സാദ്ധ്യതയുണ്ടെന്നോ പ്രഥമ ദൃഷ്ട്യാ ബോദ്ധ്യപ്പെടുന്ന പക്ഷം മജിസ്ട്രേറ്റിന് പരാതിക്കാരിക്ക് അനുകൂലമായും എതൃകക്ഷിക്ക് എതിരായും വിവിധ സംരക്ഷണ ഉത്തരവുകൾ പുറപ്പെടുവിക്കാം. അതിക്രമം തടഞ്ഞുകൊണ്ടുള്ള ഉത്തരവുകൾ എന്നും ഇതിനെ വിളിക്കാറുണ്ട്.
ഇതുപ്രകാരം ഗാർഹിക അതിക്രമങ്ങൾ തടഞ്ഞുകൊണ്ടും അത്തരം പീഡനങ്ങളോ, കൃത്യങ്ങളോ നടത്തുന്നതിൽ നിന്നും അത്തരം കാര്യങ്ങൾ ചെയ്യുവാൻ പ്രേരിപ്പിക്കുന്നതിൽ നിന്നും എതിർകക്ഷികളെ വിലക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കാം.
ഗാർഹിക പീഡനത്തിനിരയായവരുടെ ജോലി സ്ഥലത്ത് പ്രവേശിച്ചോ, വിദ്യാലയത്തിൽ ചെന്നോ ഇത്തരത്തിൽ പീഡനങ്ങൾ ആവർത്തിക്കുന്നതിനെയും വിലക്കാം. ഇരയായവരുമായി നേരിട്ടോ, താപാൽ, ഫോൺ മുതലായ മാദ്ധ്യമങ്ങൾ വഴിയോ ആശയ വിനിമയം നടത്തുന്നതും വിലക്കാം. ഗാർഹികാതിക്രമങ്ങൾക്കിരയാകുന്നവരെ സഹായിക്കുകയോ അഭയം നൽകുകയോ ചെയ്യുന്ന ബന്ധുക്കളെയോ, മറ്റുള്ളവരെയോ പീഡിപ്പിക്കുന്നതിൽ നിന്നും എതിർകക്ഷികളെ കോടതിക്ക് വിലക്കാം. കൂടാതെ എല്ലാവിധ പീഡനങ്ങളും തടയുവാനായി ഏതൊരു വിധ പ്രവൃത്തിയും ഇപ്രകാരം വിലക്കാം.
വകുപ്പ് – 19 താമസ സൗകര്യ ഉത്തരവ്
പരാതിക്കാരിക്ക് നിയമപരമായി അവകാശം ഉണ്ടെങ്കിലും ഇല്ലെങ്കിലും എതിർ കക്ഷിക്കൊപ്പം പങ്കുപാർത്ത വീട്ടിൽ നിന്നും ഒഴിപ്പിക്കുകയോ, താമസിക്കുന്നതിൽ ശല്യം ചെയ്യുകയോ ചെയ്യുന്നതിനെ വിലക്കി ഉത്തരവിടാൻ ഈ വകുപ്പ് പ്രകാരം മജിസ്ട്രേറ്റിന് അധികാരമുണ്ട്. ആവശ്യമെങ്കിൽ പങ്കു പാർത്ത വീട്ടിൽ നിന്നും ഒഴിഞ്ഞു നിൽക്കുവാനും ഇരയാക്കപ്പെടുന്നയാൾ താമസിക്കുന്ന വീട്ടിലേക്കോ, പങ്കുപാർത്ത വീട്ടിലേക്കോ അതിലെ ഏതെങ്കിലും ഭാഗത്തേക്കോ പ്രവേശിക്കരുതെന്ന് എതിർ കക്ഷികളോട് നിർദ്ദേശിക്കാനും ഇപ്രകാരം കഴിയും. പങ്കാളിയുടെ വീട്ടിൽ നിന്നും ഇറക്കിവിടൽ ഭീഷണി നേരിടുന്ന ഇന്ത്യയിലെ സ്ത്രീകൾക്ക് ആദ്യമായി ലഭിക്കുന്ന പരിരക്ഷയാണ് നിയമത്തിലെ ഈ വകുപ്പ് പ്രദാനം ചെയ്യുന്നത്.
വകുപ്പ് 20 : സാമ്പത്തിക പരിഹാരങ്ങൾ
പരാതി പരിഗണിക്കുന്ന വേളയിൽ, പരാതിക്കാരിക്കും കുട്ടികൾക്കും പ്രതിമാസ ചെലവിന് നൽകുന്നതിനും നഷ്ടപരിഹാരം നൽകുന്നതിനും എതിർകക്ഷിയോട് നിർദ്ദേശിക്കുവാൻ ഈ വകുപ്പ് മജിസ്ട്രേറ്റിന് അധികാരം നൽകുന്നു. വരുമാനത്തിലുണ്ടാകുന്ന നഷ്ടം, ചികിത്സാചെലവുകൾ, പരാതിക്കാരിയുടെ വസ്തവകകൾ നശിപ്പിക്കുന്നത് മൂലമുണ്ടായ നഷ്ടം, ക്രിമിനൽ നടപടി നിയമത്തിലെ 125 – ആം വകുപ്പ് പ്രകാരം അനുവദിച്ചിട്ടുള്ള ജീവനാംശത്തിനുപുറമേ പരാതിക്കാരിക്കും കുട്ടികൾക്കും (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും) സംരക്ഷണച്ചെലവ് എന്നിവയൊക്കെ നൽകാൻ ഇതുപ്രകാരം മജിസ്ട്രേറ്റിന് നിർദ്ദേശിക്കാവുന്നതാണ്.
വകുപ്പ് 21 കസ്റ്റഡി ഉത്തരവുകൾ
ഈ വകുപ്പ് പ്രകാരം കുട്ടികളുടെ താൽക്കാലിക സംരക്ഷണത്തിനുള്ള ചുമതല ഹർജിക്കാരിക്ക് കോടതി മുഖാന്തരം നേടിയെടുക്കാവുന്നതാണ്. മറ്റ് നിയമങ്ങളിൽ എന്തുതന്നെ പറഞ്ഞിരുന്നാലും, കേസിന്റെ വിചാരണവേളയിൽ ഹർജിക്കാരിക്കോ ഹർജിക്കാരിക്കുവേണ്ടി മറ്റാളുകൾക്കോ ഇത്തരത്തിൽ അപേക്ഷിക്കാവുന്നതാണ്. ഇത്തരത്തിൽ ഹർജിക്കാരിയെ കുട്ടികളുടെ താൽക്കാലിക സംരക്ഷണം ഏൽപ്പിക്കുന്നപക്ഷം എതിൽകക്ഷികൾക്ക് കുട്ടികളെ കാണുന്നതിനുള്ള അനുവാദവും മജിസ്ട്രേറ്റിന് നൽകാവുന്നതാണ്.
വകുപ്പ് 22 നഷ്ടപരിഹാര ഉത്തരവുകൾ
സാമ്പത്തിക പരിഹാരങ്ങൾക്ക് പുറമേ, പരാതിക്കാരിനേരിട്ടിട്ടുള്ള മാനസിക – വൈകാരിക അതിക്രമങ്ങൾക്ക് ഉള്ള നഷ്ടപരിഹാരവും നൽകാൻ എതിർകക്ഷിയോട് കോടതിക്ക് നിർദ്ദേശിക്കാവുന്നതാണ്.
അതിക്രമങ്ങൾക്ക് എതിരെയുള്ള പ്രതിരോധം എന്ന നിലയിൽ ഇനിപറയുന്ന കാര്യങ്ങൾ സ്ത്രീകൾക്കു സ്വീകരിക്കാവുന്നതാണ്.
- എപ്പോഴും പോലീസ് ടെലിഫോൺ നമ്പർ കൈവശം സൂക്ഷിക്കുക
- ആവശ്യമുള്ളപ്പോൾ പോലീസിൽ ഫോൺ ചെയ്യുക.
- അടിയന്തര കാര്യങ്ങളിൽ സഹായിക്കുന്നവരുടെ പേരുവിവരങ്ങൾ കൈയിൽ സൂക്ഷിക്കുക.
- വിശ്വാസമുള്ള ഒരു അയൽവാസിയുടെ ടെലിഫോൺ നമ്പർ കൈയിൽ സൂക്ഷിക്കണം.
- ശല്യക്കാർ സമീപിച്ചാൽ എങ്ങനെ പെരുമാറണമെന്ന് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കുക,
സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട -സ്ത്രീസുരക്ഷ പ്രത്യേക നിയമങ്ങൾ
ജോലിസ്ഥലത്തെ ലൈംഗികപീഠനം തടയുന്ന നിയമം (2013)
ശൈശവ വിവാഹ നിരോധന നിയമം (2006)
വിവാഹ രജിസ്റ്റേഷൻ നിയമം (2008)
വീട്ടിലെ അതിക്രമങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം (2005)
ദേശീയ വനിതാ കമ്മിഷൻ നിയമം (1990)
ഭ്രൂണാവസ്ഥയിലെ ലിംഗനിർണ്ണയം തടയുന്ന നിയമം (1994)
സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതു തടയുന്ന നിയമം (1986)
വിവിധ സമുദായങ്ങളെ ബാധിക്കുന്ന വിവാഹ-വിവാഹമോചന നിയമങ്ങൾ മതേതരവിവാഹങ്ങൾക്കുള്ള പ്രത്യേക മാര്യേജ് നിയമം (1954)
പ്രസവാനുകൂല്യ നിയമം (1961)
സ്ത്രീധന നിരോധന നിയമം (1961)
മുസ്ലിം വിവാഹമോചിതയുടെ അവകാശസംരക്ഷണ നിയമം (1986)
By, അഡ്വ.സി.ലിനറ്റ്ചെറിയാന് എസ്കെഡി.
എസ്കെഡി.പാരിഷ് & ഫാമിലി മിനിസ്ട്രി
സെന്‍ട്രല്‍ ഓഫീസ്
കാലിക്കറ്റ്, 25/11/2021