കേസിന്റെ വിധി വരുന്നതിനു തൊട്ടുമുമ്പുവരെ ബിഷപ് ഫ്രാങ്കോ ഉറപ്പായും ശിക്ഷിക്കപ്പെടുമെന്നാണ് ഏവരും കരുതിയിരുന്നത്. കാരണം അഭയാക്കേസുപോലെ ആൾക്കൂട്ടവും മാധ്യമങ്ങളും നിക്ഷിപ്തതാല്പര്യക്കാരുമെല്ലാം ചേർന്ന് വിചാരണ പൂർത്തിയാക്കി വിധിപറയൽ മാത്രമായിരുന്നല്ലോ കോടതിക്കു വിട്ടുകൊടുത്തിരുന്നത്. എന്നാൽ ഈ ബാഹ്യശക്തികളുടെയൊന്നും സ്വാധീനമില്ലാത്ത വിധിയെഴുതാൻ കോടതിക്കു കഴിഞ്ഞതുകൊണ്ട് എല്ലാവരുടെയും പ്രതീക്ഷയ്ക്കു വിരുദ്ധമായി ബിഷപ് ഫ്രാങ്കോ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടു. അതിന്റെ ആശ്വാസവും നിരാശയും പ്രകടിപ്പിക്കപ്പെടുന്ന നിരവധി പ്രതികരണങ്ങൾ ഈ ദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിലും മുഖ്യധാരാമാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്നുമുണ്ട്.
എന്നാൽ ഈ കേസിൽ ആരാണ് ജയിച്ചതെന്ന ഒരു വീണ്ടുവിചാരം ആവശ്യമാണെന്നു തോന്നുന്നു. ബിഷപ്പിനെതിരായ കേസുകളെല്ലാം തള്ളിക്കൊണ്ട് കോടതി പറഞ്ഞത് അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്ന ഒരു കുറ്റംപോലും തെളിയിക്കാൻ കഴിയുന്ന തെളിവുകൾ നല്കാൻ പ്രോസിക്യൂഷനു സാധിച്ചില്ല എന്നതാണ്. മാത്രമല്ല സ്വന്തം മൊഴിയിൽ ഉറച്ചുനിന്ന് പ്രതിക്കു ശിക്ഷ ഉറപ്പാക്കാൻ കഴിയുന്ന വിശ്വാസയോഗ്യമായ സാക്ഷി (Sterling witness) യാകാനുള്ള ‘പരിശീലനം’പോലും ഇരയ്ക്കു നല്കാൻ ശ്രദ്ധിക്കാതെ, പ്രതി ശിക്ഷിക്കപ്പെടണമെന്ന് യാതൊരു താല്പര്യവുമില്ലാത്തതുപോലെ തീർത്തും ബാലിശമായാണ് വാദിഭാഗം പ്രവർത്തിച്ചതെന്ന് വിധിപ്പകർപ്പ് വായിക്കുമ്പോൾ ആർക്കും മനസിലാകും.
ഒരുപക്ഷെ ഇരയുടെ മൊഴികളിൽനിന്നും സാഹചര്യങ്ങളിൽനിന്നും സത്യം തിരിച്ചറിയാൻ അവർക്കും കഴിഞ്ഞിട്ടുണ്ടാവണം. എന്നിട്ടും വിധി വന്നപ്പോൾ അതിനേക്കുറിച്ചു അമ്പരപ്പു പ്രകടിപ്പിക്കുന്ന പ്രോസിക്യൂഷനെയും അന്വേഷണ ഉദ്യോഗസ്ഥരെയുമൊക്കെ കാണുമ്പോൾ, സ്വന്തം ഉത്തരവാദിത്വം ശരിയായി നിർവഹിക്കാത്തവർ എന്നു ആൾക്കൂട്ടം വിധിയെഴുതുമെന്നു ഭയന്നു വെറുതേയൊന്ന് അമ്പരന്നു കാണിച്ചതാണെന്നു വിചാരിച്ചാൽ മതി. ചുരുക്കത്തിൽ ബിഷപ്പ് ഫ്രാങ്കോ ശിക്ഷിക്കപ്പെടണമെന്ന് ആർക്കെങ്കിലും നിർബന്ധമുണ്ടായിരുന്നോ എന്നു സംശയിക്കപ്പെടേണ്ടിയിരിക്കുന്നു…! എന്നാൽ ബിഷപ്പ് ഫ്രാങ്കോ അറസ്റ്റുചെയ്യപ്പെടണമെന്ന് നിർബന്ധമുള്ള കുറേയേറെ ആളുകൾ സമൂഹത്തിലുണ്ടായിരുന്നു എന്നത് വഞ്ചിസ്ക്വയർ സമരത്തിലൂടെ വെളിപ്പെട്ടതാണ്. എന്തായിരുന്നവിടെ പൂരം.
കേരള സമൂഹത്തിന്റെ വിവിധമേഖലകളിലെ സമസ്ത മാലിന്യങ്ങളുമവിടെ അടിഞ്ഞുകൂടി. ഒരു ജഡ്ജിയുൾപ്പെടെ ഒരു പ്രത്യേകമതവിഭാഗത്തിൽപെട്ടവർ അവരുടെ സ്വന്തംകാര്യംപോലെ ഈ പീഡനവിഷയത്തിൽ പ്രതികരിച്ചു. അതുകൊണ്ടാണല്ലോ കാപ്പിക്കുരുവും ആട്ടിൻകാട്ടവും തിരിച്ചറിയാൻ പ്രായമാകാത്ത കൊച്ചുകുട്ടികളെപ്പോലും അവർക്കു മനസിലാകാത്ത പ്ലാക്കാർഡും കൈയിൽകൊടുത്ത് സമരപ്പന്തലിൽ കൊണ്ടുവന്നിരുത്തിയത്. കഥയറിയാത്ത കുഞ്ഞുങ്ങളെ സ്കൂൾബസിൽ കൊണ്ടുവന്ന് ആ മാലിന്യക്കൂമ്പാരത്തിലിറക്കിയിരുത്തിയപ്പോൾ ബാലാവകാശകമ്മീഷന്റെയെല്ലാം അണ്ണാക്കിൽ പിരിവെട്ടിയിരുന്നതുകൊണ്ട് അവർക്ക് അതിന്മേൽ നടപടിയൊന്നുമെടുക്കാൻ കഴിഞ്ഞില്ല.
കൂടാതെ സഭയിലും സമൂഹത്തിലും നീതി നടപ്പാക്കാനെന്നപേരിൽ ആരുടെയൊക്കെയോ പിൻബലത്തിൽ ഇറങ്ങിത്തിരിച്ചിരിക്കുന്ന, സ്വഭാവത്തിൽ നീതിയുടെയോ സത്യത്തിന്റെയോ അംശംപോലുമില്ലാത്ത കുറേ മുന്നേറ്റസംഘടനക്കാരും ദൈവവിശ്വാസമില്ലെന്ന് പ്രവൃത്തിയിലൂടെ അനുദിനം വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്ന കുറേ ക്രൈസ്തവളോവധാരികളും യുക്തിവാദികളും ഒപ്പം, ഇങ്ങനെയുള്ള സമരപ്പന്തലിൽ ചെന്നില്ലെങ്കിൽ തങ്ങളുടെ അസ്തിത്വംതന്നെ ചോദ്യംചെയ്യപ്പെടുമെന്നു ഭയപ്പെടുന്ന കുറേ സ്ത്രീസംരക്ഷകരുമെല്ലാംചേർന്ന് അരങ്ങുകൊഴുപ്പിച്ച് ബിഷപ്പിന്റെ അറസ്റ്റിലേയ്ക്ക് കാര്യങ്ങൾ എത്തിച്ചു. അതോടെ ഇരയ്ക്കു നീതി ലഭിച്ചതിന്റെ ആത്മസംതൃപ്തിയോടെ എല്ലാവരും പിരിഞ്ഞു. യഥാർത്ഥത്തിൽ ഇത്രയുംമാത്രമേ നിക്ഷിപ്തതാല്പര്യക്കാർ ഉദ്ദേശിച്ചിരുന്നുള്ളു എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
അറസ്റ്റുചെയ്തതിന്റെ സ്വാഭാവികഫലമായി വിസ്താരങ്ങളും വിധിയുമൊക്കെ ഉണ്ടായെങ്കിലും കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തകേസിൽ മെത്രാനെ അറസ്റ്റുചെയ്യുക, അതുവഴി സഭയും സന്ന്യാസവും പൌരോഹിത്യവുമെല്ലാം വെറും ‘പെഴ’കളാണെന്ന പൊതുബോധം സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യം അവർ സാധിച്ചെടുത്തു എന്നതാണ് സത്യം. കാരണം കോടതിവിധി എന്തുതന്നെയായാലും ബിഷപ്പ് കുറ്റക്കാരനാണെന്നു വിശ്വസിക്കുന്നവർ ഏറെയാണ്. സഭയുടെ കോടികളുടെയും സ്വാധീനങ്ങളുടെയുമൊക്കെ ശക്തിയെക്കുറിച്ചു നേരത്തെതന്നെ തല്പരകക്ഷികൾ സമൂഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടല്ലോ. എന്നാൽ ഈ കേസിന്റെ വിധിന്യായം പുറത്തുവന്നു കഴിഞ്ഞപ്പോൾ ആരോപണത്തിൽ കൌതുകകരമായ ഒരു മാറ്റമുണ്ടായിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നത് ഇരുവരും പരസ്പരസമ്മതത്തോടെ വ്യഭിചാരത്തിലേർപ്പെട്ടിട്ടുണ്ടെന്നാണ്. അവിടെയും ലക്ഷ്യം സഭയും പൌരോഹിത്യവും സന്ന്യാസവുംതന്നെയാണെന്നു കാണാതിരിക്കരുത്. എന്നാൽ പതിമൂന്നുപ്രാവശ്യം തന്നെ ബലാത്സംഗം ചെയ്തെന്നുള്ള ആരോപണംപോലെതന്നെ, തന്റെ ഫോണിലേയ്ക്കു ബിഷപ്പയച്ചുവെന്നു ഇരയാരോപിച്ച ഒരു സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചില മഞ്ഞചാനലുകൾ ഈ വാർത്ത പ്രചരിപ്പിക്കുന്നത്. എന്നാൽ അതിനു തെളിവായ ഫോൺ എവിടെയെന്ന ചോദ്യത്തിനു, അത് ആക്രിക്കാരൻ കൊണ്ടുപോയി എന്നുള്ള മറുപടി കിട്ടിയതും കോടതി വിധിന്യായത്തിലുള്ളത് ഈ മഞ്ഞകൾക്ക് കാണാൻ സാധിക്കുന്നില്ല. കാര്യങ്ങൾ ഇത്രയുമൊക്കെ വ്യക്തമായിട്ടും ഇരയുടെ മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇപ്പോഴും ബിഷപ്പിനെ കുറ്റക്കാരനായി ചിത്രീകരിക്കുന്നവർ ഏറെയാണ്.
അതായത് ഇരയുടെ കന്യകാത്വം ഇല്ലാതാക്കാൻ ഈ ലോകത്തിൽ ശേഷിയുള്ള ഒരേയൊരാൾ ബിഷപ് ഫ്രാങ്കോ മാത്രമാണെന്നു വിശ്വസിക്കുന്നവർ…! ഈ നാളുകൾകൊണ്ട് തല്പരകക്ഷികൾ പൊതുസമൂഹത്തിന്റെ ബോധതലങ്ങളെ എത്രമാത്രം സ്വാധീനിച്ചിരിക്കുന്നുവെന്നതിന്റെ തെളിവുകളാണ് ഇത്തരം ആളുകൾ.ചുരുക്കത്തിൽ ഇപ്രകാരം സഭയെയും പൌരോഹിത്യത്തെയും സന്ന്യാസത്തെയും പൊതുസമൂഹത്തിനുമുമ്പിൽ വെറുക്കപ്പെട്ടവരായി ചിത്രീകരിക്കുന്നതിലും സഭാംഗങ്ങൾക്കിടയിൽത്തന്നെ തങ്ങളുടെ ആത്മീയസംവിധാനങ്ങളെക്കുറിച്ചു അവിശ്വാസവും അവമതിപ്പും സൃഷ്ടിക്കുന്നതിലും നിക്ഷിപ്ത താല്പര്യക്കാർ ഒരു പരിധിവരെ വിജയിച്ചിരിക്കുന്നു എന്നതാണ് അന്തിമഫലം.
മാത്രമല്ല ഇപ്പോൾ കോടതിവിധിയിൽ അവർ നേരിട്ട പരാജയം ഈ കേസിനെ അഭയാക്കേസുപോലെ ദീർഘകാലം സഭയിലും സമൂഹത്തിലും ഇപ്രകാരമുള്ള നിഷിധചിന്തകൾ വിതറി നിലനിർത്താൻ അവസരമാക്കാനുള്ള തയ്യാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞുവെന്നാണ് ചില പ്രതികരണങ്ങളിൽനിന്നൊക്കെ മനസിലാക്കേണ്ടത്.അതിനാൽ സിബിസിഐയും കെസിബിസിയുമൊക്കെചേർന്ന് ഈ കേസിനുപുറകിൽ നടന്ന ഗൂഢാലോചനകളെക്കുറിച്ചും വഞ്ചിസ്ക്വയർ സമരത്തെക്കുറിച്ചും അവയുടെ ധനാഗമമാർഗങ്ങളെക്കുറിച്ചുമൊക്കെയുള്ള ഒരു ജുഡീഷ്യൽ അന്വേഷണം സർക്കാരിനോട് ആവശ്യപ്പെടുകയും അതെത്രയുംപെട്ടെന്ന് നടപ്പിലാക്കാൻവേണ്ട നടപടികൾ അടിയന്തിരമായി സ്വീകരിക്കുകയും വേണം.
ഒരുപക്ഷെ രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന ബന്ധങ്ങളിലേയ്ക്ക് വളരുന്ന കണ്ണികൾ അവിടെ കണ്ടെത്തിയാലും അത്ഭുതപ്പെടാനില്ലെന്ന് വർത്തമാനകാലചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സഭയുടെ സ്ഥിരംമെല്ലപ്പോക്കുനയം തുടർന്നാൽ അതിനു വിലയായി നല്കാൻ ഇനി അധികമൊന്നും സഭയിൽ മിച്ചമില്ലെന്നു ഓർക്കുന്നതും നല്ലതാണ്.
ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ