കല്ദായവാദം സിറോ മലബാർ സഭക്ക് ഗുണകരമോ?
സിറോ മലബാർ സഭയിൽ പൗരസ്ത്യ പാരമ്പര്യങ്ങൾക്കുവേണ്ടി നിലകൊള്ളുന്നവർ കൽദായ മതം എന്ന പ്രത്യേക മതവിഭാഗത്തിന്റെ പ്രചാരകരാണ് എന്ന രീതിയിൽ വിമത വിഭാഗം വൻ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ സത്യാവസ്ഥ ഒന്ന് പരിശോധിക്കുകയാണിവിടെ.
എന്താണ് കൽദായം?
കൽദായം എന്ന വാക്കിന് വിവിധ അർത്ഥങ്ങളുണ്ട്. ഒന്നാമതായി കൽദായ ഒരു ദേശമാണ്. അതിപുരാതനമായ മെസൊപൊട്ടോമിയൻ സംസ്കാരത്തിന്റെ പിള്ളത്തൊട്ടിൽ ആയിരുന്നു കൽദായ ദേശം. ലോകത് ആദ്യമായി സംസ്കാരം വളർന്നുവന്ന ദേശങ്ങളിലൊന്ന്. കൽദായ ദേശവുമായി അഭേദ്യമായ ബന്ധമാണ് ബൈബിളിനുള്ളത്. ബൈബിളിൽ രക്ഷാകര ചരിത്രം തുടങ്ങുന്നത് അബ്രാഹത്തിന്റെ വിളിയോടെയാണല്ലോ? (അതിനു മുന്പുള്ളത് ചരിത്രാതീതകാലത്തെക്കുറിച്ചുള്ള വിവരണങ്ങളാണെന്നാണല്ലോ പണ്ഡിത മതം).
അബ്രാഹം കൽദായ ദേശക്കാരനായിരുന്നു. കല്ദായരുടെ ഊറിൽ നിന്നുള്ളവനായിരുന്നു അബ്രാഹം എന്ന് ഉല്പത്തി പുസ്തകം സാക്ഷ്യപ്പെടുത്തുന്നു (ഉല്പ: 11, 28-31). ഇസഹാക്കിനു തന്റെ ചർച്ചക്കാരിൽനിന്നു ഭാര്യയെ തിരഞ്ഞെടുക്കാൻ അബ്രാഹം ഭുത്യനെ അയക്കുന്നത് കല്ദായദേശത്തേക്കാണ് (ഉല്പ: 24, 10). വിശ്വാസികളുടെയെല്ലാം പിതാവും ദൈവവുമായി ഉടമ്പടിയിൽ ഏർപ്പെട്ടവനുമായ അബ്രാഹം കല്ദായദേശക്കാരനായിരുന്നു. അബ്രാഹത്തിന്റെ കുലത്തിൽ ജനിച്ച ഈശോയും അങ്ങനെ ഒരു കൽദായപുത്രൻ ആണ്.
രണ്ടാമതായി കൽദായം ഒരു ഭാഷയാണ്. ഈശോയും ശിഷ്യൻമാരും സംസാരിച്ചിരുന്ന അരമായ ഭാഷയുടെ ഒരു ഡയലക്റ്റ് ആണ് കല്ദായഭാഷ. അരമയായും സുറിയാനിയും കല്ദായയുമൊക്കെ ഒരേ ഭാഷയുടെ വിവിധ ഡയലക്റ്റുകളാണ്. പൗരസ്ത്യ സുറിയാനി, കൽദായ സുറിയാനി, കല്ദായഭാഷ എന്നീ പേരുകളിൽ അറിയപ്പെടുന്ന സുറിയാനിഭാഷയാണ് നസ്രാണികളുടെ ആരാധനാ ഭാഷ.
അരമായ സംസാരിച്ചിരുന്ന തോമാശ്ലീഹായിൽ നിന്നാണ് നമുക്ക് ഈ ഭാഷ ലഭിക്കുന്നത്. സിറോ മലബാർ എന്നതിലെ സിറോ എന്നത് കൽദായ (സുറിയാനി) ഭാഷയെയാണ് സൂചിപ്പിക്കുന്നത്. റോമൻ സഭ ലത്തീൻ ഭാഷ എന്നപോലെ നമ്മുടെ സഭ കല്ദായഭാഷയാണ് അര നൂറ്റാണ്ടു മുൻപ് വരെ ആരാധനക്ക് ഉപയോഗിച്ചിരുന്നത്. ലത്തീൻ ഭാഷക്ക് രക്ഷാകര ചരിത്രവുമായി യാതൊരു ബന്ധവുമില്ലായിരുന്നു എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ.
എന്താണ് കൽദായ സഭ?
അബ്രാഹത്തിന്റെയും പൂർവ്വപിതാക്കന്മാരുടെയും നാട്ടിൽ മിശിഹായുടെ സുവിശേഷം സ്വീകരിച്ച് വളർന്നുവന്ന സഭാ പാരമ്പര്യമാണ് കൽദായ സഭ. യഹൂദ പാരമ്പര്യവുമായി അടുത്ത ബന്ധം പുലർത്തുന്ന ഈ സഭ റോമാ സാമ്രാജ്യത്തിനു പുറത്തു വളർന്നു വന്ന ഏക സഭാ പാരമ്പര്യം ആണ്. മറ്റു സഭകളെല്ലാം യവന-റോമാ വിജാതീയ ആചാരങ്ങളും യവന ചിന്താധാരയും സ്വന്തമാക്കിയപ്പോൾ ബൈബിളിന്റെ സംസ്കാരത്തോടും ബൈബിൾ ചിന്താധാരയോടും ഏറ്റവും ചേർന്ന് നിന്ന സഭാപാരമ്പര്യമാണ് കൽദായ പാരമ്പര്യം. ലത്തീൻ ആരാധനാ ഭാഷയായ റോമൻ സഭയെ ലത്തീൻ സഭയെന്നും ഗ്രീക്ക് ആരാധനാ ഭാഷയായിട്ടുള്ള സഭകളെ ഗ്രീക്ക് സഭകളെന്നും വിളിക്കുന്നതുപോലെ നസ്രാണി സഭ സുറിയാനി സഭയെന്നോ കൽദായ സഭയെന്നോ വിളിക്കപ്പെടണം.
കൽദായ വിരുദ്ധർ ഏതു സഭയിൽപ്പെടുന്നവരാണ്?
സ്വന്തമായി യാതൊരു സ്വത്വബോധവും ഇല്ലാത്തവരാണ് സിറോ മലബാർ സഭയിലെ കൽദായ വിരുദ്ധ ചേരി. കത്തോലിക്കാ സഭയിലെ വ്യക്തി സഭകളെ പാശ്ചാത്യ സഭ എന്നും പൗരസ്ത്യ സഭകൾ എന്നും രണ്ടായി തിരിച്ചിരിക്കുന്നു. റോമൻ സഭ മാത്രമാണ് പാശ്ചാത്യ സഭയായി കത്തോലിക്കാ കൂട്ടായ്മയിൽ ഉള്ളത്. പൗരസ്ത്യ വ്യക്തി സഭകൾ 23 എണ്ണം ഉണ്ട്. കത്തോലിക്കാ സഭ പൗരസ്ത്യ സഭകളായി അംഗീകരിക്കുന്നത് അലക്സാൻഡ്രിയൻ, അന്തിയോഖ്യൻ, അർമേനിയൻ, കൽദായ, കോൺസ്റ്റാന്റിനോപോളിറ്റൻ എന്നീ പാരമ്പര്യങ്ങളിൽ പെടുന്ന സഭകളെയാണ്.
ഇത് പൗരസ്ത്യ സഭകളുടെ നിയമ സംഹിതയിൽ വ്യക്തമായി പറയുന്നുണ്ട് (കാനൻ 28).
അപ്പോൾ സിറോ മലബാർ സഭയിലെ കൽദായ വിരുദ്ധർ ഏതു സഭാ പാരമ്പര്യത്തിൽ പെട്ടവരാണ്. റോമൻ (പാശ്ചാത്യ) പാരമ്പര്യത്തിൽ പെട്ടവരാണെങ്കിൽ എന്തിനാണ് ലത്തീൻ സഭയുടെ ഭാഗമാകാതെ നിൽക്കുന്നത്? കത്തോലിക്കാ സഭയുടെ സഭാ ദർശനത്തിൽ സഭകളുടെ പാരമ്പര്യങ്ങൾ തലമുറകളായി ശ്ലീഹന്മാരിൽ നിന്നും കൈമാറി വരുന്നതാണ്.
ഇന്നലെ പെയ്ത മഴക്ക് പൊട്ടിമുളക്കുന്ന രീതികളെയും സംബ്രദായങ്ങളെയും കത്തോലിക്കാ സഭ വ്യക്തിസഭകളായി പരിഗണിക്കില്ല. അപ്പോൾ കൽദായ വിരുദ്ധ ലോബ്ബി ഏതു പാരമ്പര്യത്തിൽ പെട്ടതാണ്? അവർക്കു ഒരു അടിസ്ഥാനവും ഇല്ല എന്നതാണ് സത്യം. ഒന്നും ഇല്ലാത്തതുകൊണ്ടാണ് ഓണക്കുർബാനയും വിഷുക്കുർബാനയും യോഗക്കുർബാനയും കാവിവത്കരണവുമൊക്കെ അവർ പരീക്ഷിക്കുന്നത്. സിറോ മലബാർ സഭയിലെ കൽദായ വിരുദ്ധർ ഒരു ജാതീയ സംഘം മാത്രമാണ്.
ലത്തീൻ സഭാ പാരമ്പര്യത്തിൽ നിന്നും വ്യത്യസ്തമായി യാതൊന്നും സ്വീകരിക്കാൻ അവർ തയ്യാറല്ല. പൗരസ്ത്യ ദൈവശാത്രവും കൽദായ ഭാഷയും പാരമ്പര്യവുമൊക്കെ അവർക്ക് അറപ്പാണ്. സിറോ മലബാർ സഭയുടെ ഒരു നിയമവും അവർ അനുസരിക്കില്ല. എന്നിട്ടും അവർ ലത്തീൻ സഭയിൽ ചേരില്ല. കാരണം ജാതി എന്ന മിത്ത് അവരുടെ വികാരമാണ്. കൽദായ പാരമ്പര്യത്തോട് പ്രതിപാതിയില്ലാത്ത സിറോ മലബാർ സഭക്കാർ ജാതിയുടെ പേരിൽ മാത്രം സിറോ മലബാർ സഭയിൽ നിലനിൽക്കുന്നവരാണ്. ഇത് ക്രൈസ്തവ വിരുദ്ധവും സുവിശേഷ വിരുദ്ധവും ആണ്.
ഉപസംഹാരം
പൗരസ്ത്യ സുറിയാനി പാരമ്പര്യങ്ങളെ സ്നേഹിക്കുന്നതിന്റെ പേരിൽ നിങ്ങൾ ഞങ്ങളെ കല്ദായവാദികൾ എന്നോ കൽദായ മതക്കാർ എന്നോ ഒക്കെ വിളിക്കുന്നത് കേൾക്കുമ്പോൾ ഞങ്ങൾക്ക് തോന്നുന്നത് അപമാനമല്ല, മറിച്ച് നിങ്ങളോടു സഹതാപം മാത്രമാണ്. കൽദായം എന്നാൽ ബൈബിളിനോടും രക്ഷാകര ചരിത്രത്തോടും ഉള്ള ബന്ധമാണ്. കൽദായം എന്നാൽ വിജാതീയവൽക്കരിക്കപ്പെടാത്ത, ഇടമുറിയാത്ത ഒരു വിശുദ്ധഗ്രന്ഥ സംസ്കൃതിയാണ്. കൽദായം എന്നാൽ ജീവൻപോലും കൊടുത്ത് നമ്മുടെ പൂർവികർ കാത്തുസൂക്ഷിച്ച വിശ്വാസ പൈതൃകം ആണ്.
News Courtesy: