കക്കുകളി എന്ന നാടകം സാംസ്കാരിക കേരളത്തിന് അപമാനം: കെസിബിസി
കൊച്ചി: 09-03-2023 വ്യാഴാഴ്ച കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയില്‍ വിവിധ മെത്രാന്മാരുടെയും കെസിബിസി കമ്മീഷന് പ്രതിനിധികള്‍, സന്യാസ സമൂഹങ്ങളുടെ മേലധികാരികള്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തില്‍ നടന്ന യോഗം കക്കുകളി എന്ന നാടകത്തിലെ ക്രൈസ്തവ വിരുദ്ധ ഉള്ളടക്കത്തെയും അവഹേളനങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യുകയും അത്തരമൊരു നാടകത്തിന്റെ അവതരണത്തെ അപലപിക്കുകയും, സാംസ്കാരിക കേരളത്തിന് പ്രസ്തുത നാടകാവതരണം അപമാനകരമാണെന്ന് വിലയിരുത്തുകയും ചെയ്തു.
നാടകത്തിനും സാഹിത്യരചനകള്‍ക്കും എക്കാലവും വ്യക്തമായ സാമൂഹികപ്രസക്തിയുണ്ട്. തിരുത്തലുകള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും സാമൂഹിക ഉന്നമനത്തിനും വഴിയൊരുക്കിയ ചരിത്രവും അവയ്ക്കുണ്ട്. എന്നാല്‍, ആ ചരിത്രത്തെ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് അത്യന്തം അവഹേളനപരമായ ഉള്ളടക്കങ്ങളുള്ളതും ചരിത്രത്തെ അപനിര്‍മ്മിക്കുന്നതുമായ സൃഷ്ടികളെ മഹത്വവല്‍ക്കരിക്കുന്നത് അംഗീകരിക്കാനാവില്ല.
പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി സംസാരിക്കാനും അവര്‍ക്ക് നീതി നടത്തിക്കൊടുക്കാനും ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ സാദ്ധ്യതകള്‍ ക്രിയാത്മകമായി ഉപയോഗിക്കപ്പെട്ട ചരിത്രങ്ങളുണ്ട്. അതേസമയം, ഉപേക്ഷിക്കപ്പെട്ടവരെയും ദുര്‍ബ്ബലരെയും ഏറ്റെടുത്ത് സംരക്ഷിക്കുകയും അവര്‍ക്കുവേണ്ടി ജീവിക്കുകയും ചെയ്ത ചരിത്രമാണ് ഇന്ത്യയിലെമ്പാടും സന്യാസ സമൂഹങ്ങള്‍ക്കുളളത്. ഇപ്പോഴും കേരളസമൂഹത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സംരക്ഷണയില്‍ കഴിയുന്നതിനേക്കാള്‍ പതിന്മടങ്ങ് അനാഥരും രോഗികളും വൃദ്ധരും കത്തോലിക്കാ സന്യാസിനിമാരാല് പരിരക്ഷിക്കപ്പെടുന്നു.
ഇത്തരത്തില്‍ കേരളത്തില്‍ അതുല്യമായ സേവന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്യാസ സമൂഹങ്ങളുടെയും പതിനായിരക്കണക്കിന് സന്യാസിനിമാരുടെയും ആത്മവിശ്വാസത്തിനും ആത്മാഭിമാനത്തിനും വിലപറയുന്ന കക്കുകളി എന്ന നാടകത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അന്തര്‍ദേശീയ നാടക മേളയില്‍ ഉള്‍പ്പെടെ സ്ഥാനം ലഭിച്ചതും കമ്യൂണിസ്റ്റ് സംഘടനകള്‍ പ്രസ്തുത നാടകത്തിന് വലിയ പ്രചാരം നല്കിക്കൊണ്ടിരിക്കുന്നതും അത്യന്തം അപലപനീയമാണ്. ഒരു കഥാകാരന്റെ ഭാവനാ സൃഷ്ടിയില്‍ വികലവും വാസ്തവവിരുദ്ധവുമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി,
-കത്തോലിക്കാ സന്യാസത്തിനെതിരെ ഈ കാലഘട്ടത്തില്‍ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ ദുഷ്പ്രചാരണങ്ങള്‍ ഏറ്റുപാടുന്ന ആ നാടകത്തെ അന്ധമായി പ്രോത്സാഹിപ്പിക്കുന്ന നടപടി പ്രതിഷേധാത്മകമാണ്. വാസ്തവം തിരിച്ചറിഞ്ഞ് പ്രതികരിക്കാനും, ഇത്തരം വികലമായ സൃഷ്ടികളെ നിരുത്സാഹപ്പെടുത്താനും സാംസ്കാരിക സമൂഹം തയ്യാറാകണം. അടിയന്തിരമായി ഈ നാടകത്തിന്റെ പ്രദര്‍ശനം നിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.
ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഔദ്യോഗികവക്താവ്, കെ.സി.ബി.സി./
ഡയറക്ടര്‍, പി.ഒ.സി.
കക്കുകളിയുടെ പ്രഹേളിക!
ഫ്രാൻസിസ് നോറോണയുടെ ‘കക്കുകളി’ നാടകമാക്കി അവതരിപ്പിക്കുന്നു! സി. പി. എമ്മിന്റെ ജനകീയ പ്രതിരോധ ജാഥ നടക്കുന്ന പശ്ചാത്തലത്തിൽ നാടകം പ്രസക്തമാണ്. കമ്യൂണിസ്റ്റ്കാരന്റെ മകൾ മഠത്തിൽ ചേർന്നാലും അവൾ അവിടത്തെ അടിയാളജോലികൾ ചെയ്യാൻ വിധിക്കപ്പെട്ടവളായിരിക്കും!
കക്കുകളിയുടെ കൗമാരകുതൂഹലത്തിൽനിന്നും, അവൾ ആമസോൺ വനാന്തരത്തിലെ ആദിമ സമൂഹത്തിൽ ചെന്നുപെട്ടവളെപ്പോലെ, വിറകുവെട്ടിയും വെള്ളംകോരിയും, ഇരുട്ടിന്റെ മറവിലെ ചൂഷണങ്ങൾക്കു വിധേയപ്പെട്ടും ജീവിക്കേണ്ടിവരും! ഒരുനാൾ അവൾ അതു തിരിച്ചറിയുമ്പോൾ, അവൾ സ്വന്തം അടിവസ്ത്രമൂരി, തലക്കുമീതെ ആകാശത്തിൽ വട്ടംകറക്കി തന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കും! അങ്ങനെ അവൾ തന്റെ സ്വാതന്ത്ര്യത്തിന്റെ ലോകത്തിലേക്കു തിരികെ പടിയിറങ്ങും! അപ്പനെപോലെ, മനുഷ്യർക്കു നന്മചെയ്യാൻ അവൾ വിലക്കുകളില്ലാത്ത ലോകത്തിലേക്കു തിരിച്ചുവരും!
സമകാല പ്രത്യയശാസ്ത്ര സമസ്യകളുടെ അടിവേരു തേടുന്ന നാടകം, ജനങ്ങൾ ഹർഷപുളകിതരായി കണ്ടിരിക്കും! സഖറിയയും, കാക്കനാടനും, എം. മുകുന്ദനും ശ്രമിച്ചിട്ടു കഴിയാതെപോയ ജീവിതത്തിന്റെ പ്രഹേളികകൾ അങ്ങനെ ഒടുവിൽ ചുരുളഴിയും! സമകാല സമസ്യകളുടെ താത്വികമായ വെളിച്ചം അങ്ങനെ എല്ലാ ഹൃദയങ്ങളേയും കീഴടക്കും!
ഈ അസംബന്ധ നാടകം എന്തിനു ഗുരുവായൂർ കണ്ണനുമുൻപിൽ അവതരിപ്പിക്കുന്നു എന്നു മനസ്സിലാക്കാൻ കഴിയുന്ന യുക്തിയെന്തെന്ന് ഇനിയും മനസ്സിലായിട്ടില്ല!
നൊറോണ പറഞ്ഞതിന്റെ ഭാഷാപരമായ ഭംഗിയും സാഹിത്യകാരന്റെ മാനസിക വ്യാപാരവും വിലയിരുത്താൻ ഞാൻ ആളല്ല. പക്ഷേ, ഇത്തരം കക്കുകളികൾക്കു പരിഹരിക്കാൻ കഴിയുന്നതാണോ സമകാലിക കമ്യൂണിസം നേരിടുന്ന പ്രതിസന്ധികൾ എന്നു ചിന്തിക്കുന്നവരും കേരളത്തിൽ ഉണ്ട് എന്ന് ആരും മറക്കരുത്!
bY- ഫാ. വർഗീസ് വള്ളിക്കാട്ട്
കക്കുകളി: സവർണ്ണ കമ്മ്യൂണിസ്റ്റു കാലത്തെ ഇരയുടെ കഥ
BY-ഫാ. സിബു ഇരിമ്പിനിക്കൽ
കക്കുകളി ഫ്രാൻസിസ് നൊറോണ എഴുതിയ കഥ. ഈ കഥയുടെ ഒരു സ്വതന്ത്രനാടകാവിഷ്ക്കാരം ഇടതുപക്ഷ സംഘടന ഗുരുവായൂരിൽ അവതരിപ്പിച്ചു.
നൊറോണയുടെ കഥ വായിക്കാത്തവരും നാടകം മാത്രം കണ്ടവരും അതുപോലും കാണാത്ത വരും മുഖപുസ്തകമുൾപ്പെടുന്ന ഡിജിറ്റൽ പരിസരത്ത് വിഹരിക്കുന്നുണ്ട്. എന്താണ് കക്കുകളിയുടെ യഥാർത്ഥ പ്രമേയം? സവർണ്ണ കമ്മ്യൂണിസ്റ്റ് ആധിപത്യത്തിന്റെ ഇരകളായി ദാരിദ്ര്യത്തിലും അടിമത്ത ത്തിലും ജീവിതം ആരംഭിക്കുകയും ഒടുക്കുകയും ചെയ്യുന്ന അടിയാള ജനതയുടെ കഥ.
വരേണ്യ കമ്മ്യൂണിസം തീർത്ത ദാരിദ്ര്യത്തിന്റെ തടവറയിൽ നിന്നു പുറത്തുകടക്കാനാവാത്ത ഇരയാണ് നടാലിയ, ഒരിക്കലും ഉണങ്ങാത്ത മുറിവ് തീർക്കുന്ന മുള്ള്. മണ്ണിൽ ഒളിപ്പിച്ച് കാത്തിരിക്കുന്നത് പോളണ്ടിലും, ഈസ്റ്റ് ജർമ്മനിയിലും സോവിയറ്റ് യൂണിയനിലും ഒടുവിൽ ജനം തിരിച്ചറിഞ്ഞ് കുടഞ്ഞെറിഞ്ഞു. ഇവിടെ നടാലിയ മാത്രമല്ല കഥയിൽ, അവളുടെ അമ്മയുണ്ട്. ഒരു പക്ഷെ കഥയുടെ യഥാർത്ഥ സ്വത്വം തിരിച്ചറിയാൻ അവളുടെ അമ്മയിലൂടെ കഥ വായിക്കണം.
കമ്മ്യൂണിസത്തിന്റെ കക്കുകളിയിൽ ദരിദ്രനായി തുടരുന്ന ജാതി വർണ്ണ വിവേചനത്താൽ കറുത്ത സഖാവെന്ന് വിളിക്കപ്പെട്ട നടാലിയുടെ അപ്പന്റെയും അയാളുടെ സഹോദരി ചൂച്ചിയുടെയും വീടാണ് കക്കുകളിയുടെ പരിസരം, മുളവച്ചു കെട്ടിയ ലോറിയിൽ അപ്പൻ കൂട്ടുകാരുമായി കൊടിപിടിക്കാൻ പോയ തക്കം നോക്കിയാണ് ചൂച്ചി വീട്ടിന്നിറങ്ങിപ്പോയത്. കമ്മ്യൂണിസത്തിന് അടിമകളെ എല്ലാക്കാലത്തും കാത്തു സൂക്ഷിക്കാനറിയാം. അവർ കൊടിപിടിക്കും കത്തിയും കഠാരയുമായി കൊലവിളി നടത്തും. മാധ്യമ സ്ഥാപനങ്ങൾ ആക്രമിക്കും പിന്നീട് മാധ്യമസ്വാതന്ത്ര്യത്തിനായി നടുറോഡിൽ മനുഷ്യചങ്ങല തീർക്കും. കക്കുകളി തീരുന്നില്ലല്ലോ.
ഇത്തരമൊരു കമ്മ്യൂണിസ്റ്റ് ഗെറ്റോയിൽ നിന്നുള്ള ഒളിച്ചോട്ടം മാത്രമായിരുന്നു നടാലിയയ്ക്ക് മഠം. അവൾ സന്ന്യാസം തിരഞ്ഞെടുത്തതല്ല. ഓടിയൊളിക്കാനുള്ള ഇടമാണ് നടാലിയയ്ക്ക് മഠം. അത്തരമൊരു രക്ഷപെടലിന് അവളെ പ്രേരിപ്പിച്ചത് അവളുടെ അമ്മയാണ്. അവരാണ് ദുരന്തങ്ങളുടെയും അടിമത്ത ജീവിതത്തിന്റെയും നാൾവഴികൾ മനസ്സിലാക്കിയത്. സന്ന്യാസം ഒളിയിടം മാത്രമായി കരുതിയ നടാലിയ സന്ന്യാസിനി ആയിരുന്നില്ല, ഒരിക്കലും. കറുമ്പൻ സഖാവിന്റെ കമ്മ്യൂണിസ്റ്റ് വിട്ടിലെ ബുദ്ധിയുള്ള ഇര അമ്മ മാത്രമാണ്.
ദാരിദ്ര്യം അകറ്റാൻ വേണ്ടതൊന്നും ചെയ്യാതെ അവരെ ചുറ്റിനിന്ന ചുവപ്പിന്റെ വെളിവില്ലായ്മയെ തിരിച്ചറിഞ്ഞത് അമ്മ മാത്രം. “എന്റെ കൈത്തണ്ടേക്കിടന്ന ചോപ്പ് നിറമുള്ള കുപ്പിവളകൾ വെളിവില്ലാണ്ട് ചിരിച്ചു” എന്ന് നടാലിയ പറയുന്നുമുണ്ട്. മഠത്തിൽ നിന്നും സൗജന്യമായി കിട്ടിയ പാൽപ്പൊടി ചന്തക്കടവിലെ പിള്ളേച്ചന്റെ കടയിൽ തൂക്കി വിറ്റേച്ച് കിട്ടുന്ന പൈസയ്ക്ക് അരിയും മുളകും അമ്മ വാങ്ങിയിരുന്നു. കറുമ്പൻ സഖാവിന് അവിടെയും ഒന്നും ചെയ്യാ നില്ല. ഈ മുള്ള് തറച്ച ഒരിടത്തും അടിസ്ഥാന സൗകര്യം നല്കാൻ പോലും വലിയ പറമ്പും അധികാരവുമുള്ള സഖാവ് വാസുപിള്ളയുടെ കൂട്ടർക്ക് കഴിഞ്ഞിട്ടില്ല.
“പാൽപ്പൊടി കിട്ടാൻ ഭാരതീടെ എളേ കൊച്ചിനേമെടുത്താണ് എൽസിച്ചിറ്റ മഠത്തി പോണത്. സിസ്റ്ററുമാര് പേര് ചോദിച്ചാൽ മേരീന്ന് പറയാൻ കൊച്ചിനെ പഠിപ്പിച്ചിട്ടുണ്ട്. കിട്ടുന്നതിന്റെ പാതി ഭാരതിക്ക്…. കഥയിൽ പറയുന്നതാണിതൊക്കെ. മുഴുപട്ടിണി മാറ്റാൻ മഠത്തിൽനിന്ന് സൗജന്യമായി നല്കിയ പാൽപ്പൊടി മാത്രമാണുണ്ടായിരുന്നത്. വാസുപിള്ള സഖാവിന്റെ പടം വരച്ച് തുണിപ്പെട്ടീടെ നടുക്ക് റാന്തൽ വച്ച് നടാലിടെ അപ്പൻ കറുമ്പൻ സഖാവ് രാത്രി മുഴവൻ നാട്ടുവഴിയിലൂടെ തലച്ചുമന്ന് നടക്കും. ഒടുവിൽ ഈ അന്ധരായ കമ്മ്യൂണിസ്റ്റ് അനുയായി വൃന്ദത്തിന് ലക്ഷംവീട് കോളനിയിലെ മുഴുപട്ടിണി മാത്രം മിച്ചം, കഥ തുടങ്ങുമ്പോഴും തീരുമ്പോഴു.
“ഉറച്ച മനസ്സുണ്ടെങ്കിലേ മഠത്തിലേക്ക് വരാവൂ നടാലിയയെ കാണാൻ വന്നവരിൽ ഒരു സിസ്റ്റർ ഓർമ്മപ്പെടുത്തുന്നുണ്ട്. പോകാൻ നടാലിയയ്ക്ക് മനസ്സില്ല. അവളെ മഠത്തിലെടുക്കുമെന്ന് അവളും കരുതിയിരുന്നുമില്ല. ചേരാത്ത ചെരുപ്പിടാൻ ശ്രമിക്കുന്ന പോലെയാണ് നടാലിയയ്ക്കിത്. “കട്ടിളപ്പടിയിൽ ചാരിവെച്ച് പുത്തൻ ചെരുപ്പുകളുടെ റാസ – ഞാനൊന്നിന്റെ ഉള്ളിലേക്ക് വലതുകാൽ കടത്തി, കറുത്തിരുണ്ട് കാലിനറ്റത്തെ ഇമ്മിണി വെളുത്ത ഉപ്പൂറ്റി ചെരിപ്പിനോടു പിണങ്ങി പുറത്തേക്ക് തള്ളി”.ഇതിലും മികച്ചൊരു വാചകം കഥയിൽ നിന്നെടുത്ത് നടാലിയുടെ ജീവിതം വിവരിക്കാൻ കഴിയില്ല.
പക്ഷെ ദുരന്തങ്ങളുടെ ആകത്തുകയായ അവിടുത്തെ ആവാസം വിട്ട് ഓടണമെന്ന് ഉള്ളിൽ തോന്നലുണ്ട് താനും, പക്ഷെ വേരുറച്ചപോലെ അടിമത്തം അതിനനുവദിക്കുന്നില്ല. എങ്കിലുമവൾ പൊരിമണ്ണിൽ വര വരഞ്ഞിട്ട് വീട്ടിൽ വന്ന സിസ്റ്ററിനൊപ്പം ഓടി. “ഓട്ടത്തിനിടയിൽ തെങ്ങിൻ മണ്ടയിൽ നിന്നുവീഴുന്ന നോട്ടം അവളെ തളച്ചുനിർത്തി. ഓലത്തലപ്പിൽ കാത്തിരുന്ന കാക്കകളപ്പോൾ തീറ്റതേടി താഴേക്ക് പറന്നു. ഇതേ ഓട്ടമാണ് മഠത്തലേക്കും അവിടെനിന്നും പാതിവഴിയിൽ പുറത്തേക്കും നടാലിയ ഓടുന്നത്. അടിയാള ജീവിതത്തിന്റെ അവസാനിക്കാത്ത അടിമബോധത്താൽ കമ്മ്യൂണിസത്തിന്റെ അടുക്കളപ്പുറത്ത് വെന്തുനീറിയൊടുങ്ങിയവരുടെ തലമുറയിലെ അവസാന കണ്ണിയാണോ നടാലിയ ? അല്ല എന്നാണ് കഥക്ക് വ്യാജനാടകഭാഷ്യം ചമച്ചവരുടെ ലക്ഷ്യം വ്യക്തമാക്കുന്നത്.
അധ്വാനിക്കുന്ന അരണ്ടുരൂപികളായ സ്ത്രീകളെ നൊറോണയുടെ കക്കുകളിയിൽ കാണാം. കക്കുകളി നാടകമാക്കിയവർ അവരെ കണ്ടില്ല, കാരണം മനുഷ്യരെ ചിരകാലം അരണ്ടരൂപികളാക്കി നിലനിർത്തുന്ന കമ്മ്യൂണിസ്റ്റ് അന്ധതയാണ് നാടകമായി മാറിയത്. പച്ചമീൻ തിന്നു വയറു നിറഞ്ഞ നരച്ച് കാക്കകൾ പച്ചോലയുടെ മറവിൽ അവളെ നോക്കിയിരുന്നവ തന്നെയാണ്. അവിടെ താമസിച്ചാൽ ഒരു കയറിൽ ഒടുങ്ങേണ്ട ജീവനാണ് താനെന്ന തോന്നലാവാം കൂടെ നിന്ന സിസ്റ്ററിനൊപ്പം പൊരിമണലിൽ ഓടിത്തുടങ്ങാൻ നടാലിയെ പ്രേരിപ്പിച്ചത്.
നടാലിയ കക്കുകളിയുടെ പാതി നിൽക്കുമ്പോഴാണ് അമ്മ വിളിച്ചത്. ഒരു താളം കൂടി കളിച്ചോട്ടെ മദറെ’ എന്നവൾ ചോദിച്ചു. “നീ കളം വരയ്ക്ക്…
ഈ കളിയെനിക്കറിയില്ല..എന്നാലും ഞാനും കൂടാം” കൊച്ചു സിസ്റ്റർ പറഞ്ഞതു കേട്ട് അവൾ കളി തുടങ്ങി. “കണ്ണടച്ചോണ്ട് വേണം ഒറ്റക്കാലേ കുത്താൻ. വരയെല്ലാം മുള്ളും, കളം ഇലയുമാണ്, ഇലേ ചവിട്ടാം പക്ഷെ മുള്ളേ ചവിട്ടിയാ ചാവും”, കളിയിൽ അവൾ ചവിട്ടുന്നത് മുള്ളിലാണ് . അവിടെ കാത്തിരുന്ന മരണത്തിന്റെ മുള്ള് പേടിച്ച് ഇലയിലേക്ക് അവൾ നടന്നത് താൽക്കാലികമായിരുന്നു. കാരണം കക്കുകളിയിലെ പറച്ചിൽ പോലെ ചൂണ്ടക്കൊളുത്തിൽ കുരുങ്ങിയാൽ പിന്നെ രക്ഷയില്ല. കമ്മ്യൂണിസത്തിന്റെ ചൂണ്ടക്കുരുക്കിൽ പിടയാനുള്ളവർ താൽക്കാലിക മഠവാസം വിട്ട് പാതിനിർത്തിയ കക്കുകളിയിലേക്ക് മടങ്ങും.
അതാണ് നടാലിയയുടെ വിധി. മുള്ള് നിറഞ്ഞ കക്കുകളത്തിലെ കെണിയത്രയും ഒരുക്കുന്നത് അവളാണെന്ന തോന്നലിൽ കഴിയുന്ന ശരാശരി അടിമയുടെ ജീവിതമാണ് നടാലിയയിൽ കമ്മ്യൂണിസം വരുത്തി വച്ചത്. കാവി നുള്ളിലേക്ക് കൊണ്ടുപോകുന്ന കൂട്ടുകാരിയെപ്പോലെ കൊച്ചുസിസ്റ്റർ അവളെ വിളിച്ചത്. പക്ഷെ അവളെ കറുമ്പൻ സഖാവിന്റെ മകളെ നരച്ച കാക്കകളുടെ പ്രത്യയശാസ്ത്രം വിഴുങ്ങിക്കളഞ്ഞു.കെണിയൊരുക്കി ഇവരെ വീഴിക്കുകയാണ്
മരിച്ചവന്റെ ആത്മാവിനെയെങ്കിലും രക്ഷിക്കാൻ അമ്മ ശ്രമിക്കുന്നുണ്ട്. “അപ്പന്റെ തണുത്ത കയ്യിൽ അമ്മ ചുറ്റിക്കൊടുത്ത കൊന്ത കൊടിത്തുണിയുടെ അടിയിൽ വീർപ്പുമുട്ടുന്നത് കാണുന്നു”. അമ്മയിലൂടെ കഥ വായിക്കണം എന്നു പറഞ്ഞതിനൊരു കാരണം ഇതാണ്.
അവർ മാത്രമാണ് അടിമജീവിതത്തെ അധ്വാനം കൊണ്ട് പ്രതിരോധിക്കുന്നത്. പാർട്ടിയാപ്പീസിന്റെ വരാന്തയിൽ വീണുമരിച്ച ചൂച്ചിയുടെ വിധി പരിഹാസത്തിന്റെ ചിരി സൃഷ്ടിക്കുകയും വരാന്തയിൽ ജഡം വീഴ്ത്തുകയും ചെയ്യുന്നതാണ് കഥയിലും ജീവിതത്തിലും, ഇപ്പോൾ നാടകമെന്ന പേരിൽ പരിഹാസപ്പെരുമഴ തീർക്കുകയും ചെയ്യുന്നവർക്ക് ശീലം. ഓലക്കൊമ്പിലി രുന്ന് നോട്ടമെറിഞ്ഞ് അടിയാള അടിമകളെയും കറുത്ത കമ്മ്യൂണിസ്റ്റിനെയും അപഹസിക്കുന്നത് ഈ വെളുത്ത വാസു സഖാവിന്റെ വരേണ്യ പ്രേതങ്ങളാണ്.
“ഈശോ മറിയം യൗസേപ്പേ, കൂട്ടായിരിക്കണമെന്ന് പ്രാർത്ഥിച്ച് പാർട്ടിയാപ്പീസിന്റെ പടിക്കൽ വീണുമരിച്ച ചൂച്ചിയുടെ വിധി നടാലിയയ്ക്കുണ്ടാവാതിരിക്കാൻ അവളുടെ അമ്മ കാവൽ നിൽക്കുന്നു കഥയുടെ അന്ത്യത്തിൽ. നോറാണയുടെ അവാർഡ് അയാളുടെ പ്രതിഭയ്ക്ക് കെ.സി.ബി.സി മീഡിയ നൽകിയതാണ്.അശണരുടെ സുവിശേഷം മുതൽ ഏറ്റവുമൊടുവിൽ ഗേയംവരെയുള്ള മലയാളത്തിലെ മികച്ച എഴുത്തിന്റെ ഉടമയ്ക്കുള്ള ആദരം. കഥയും നാടകത്തിലെ വ്യാജ നിർമ്മിതിയും രണ്ടായി കാണാൻ നമുക്ക് കഴിയും. കക്കുകളിയെന്ന കഥ സവർണ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ പരിസരത്തിൽ അടിമജീവിതം നയിച്ച ഇരകളുടെ കഥയാണ് എന്ന ഓർമ്മപ്പെടുത്തലോടെ നിർത്തുന്നു.