ആധുനിക കേരളചരിത്രത്തിലെ ഏറ്റവും ബൃഹത്തായ പദ്ധതി ആണ് കെ റെയിൽ. ഭാവി കേരളത്തെ സമഗ്രമായി മാറ്റിമറിക്കാൻ ശേഷിയുള്ള ഒന്ന്. ആ മാറ്റം കേരളത്തെ അടിമുടി നവീകരിക്കുമോ അതോ സംഹരിക്കുമൊ എന്ന് ഉറപ്പ് പറയാൻ ആർക്കും ഇപ്പോഴും സാധ്യമല്ല. അതുകൊണ്ടു തന്നെ എല്ലാ മനുഷ്യരുടെയും ആശങ്കകളെയും, സംശയങ്ങളെയും, ദുരീകരിച്ചുകൊണ്ട് വളരെ ശ്രദ്ധാപൂർവം ആണ് ഒരു ജനാധിപത്യസർക്കാർ ഈ വിഷയത്തെ സമീപിക്കേണ്ടത്.
സംശയങ്ങളും, ആവലാതികളും സ്വാഭാവികമാണ്. അതൊക്കെ ഒരൊറ്റ കള്ളിയിൽ വികസനവിരുദ്ധതയായി മുദ്ര കുത്തുന്നത് ശരിയല്ല. അനുകൂലിച്ചും എതിർത്തും ഉള്ള വാദങ്ങൾ ഒരുപോലെ പ്രസക്തവുമാണ്. അടിസ്ഥാനസൗകര്യ വികസനം അനിവാര്യമാണ് എന്ന കാര്യത്തിൽ തർക്കമൊന്നും ഇല്ല.എന്നാൽ അടിസ്ഥാനസൗകര്യവികസനത്തിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്നുള്ളത് ഒരു നിയോ ലിബറൽ വാദമാണ്. ഗുജറാത്ത് മോഡൽ മുന്നോട്ട് വെച്ചതും ഈ ന്യായമായിരുന്നു. പക്ഷെ, അതൊരിടത്തും വിജയം കണ്ടിട്ടില്ല.
അതുകൊണ്ട്, കെ റെയിലിന്റെ വിജയസാധ്യതയെകുറിച്ചു സത്യസന്ധവും യാഥാർഥ്യബോധത്തിൽ ഊന്നിയതുമായ പഠനവും തുറന്ന ചർച്ചയും ആവശ്യമാണ്. ഈ കാരണങ്ങൾകൊണ്ടു തന്നെ, പദ്ധതിയുടെ സമഗ്രമായ പാരിസ്ഥിതിക-സാമൂഹ്യആഘാതപഠനവും, ഇതിലൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്ന സാമ്പത്തികവളർച്ചയെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ അപഗ്രഥനവും നടത്താൻ ഭരണപക്ഷവും പ്രതിപക്ഷവും കേന്ദ്രസർക്കാറും പൊതുജനങ്ങളും ഒരു പോലെ അംഗീകരിക്കുന്ന ഒരു വിദഗ്ദ്ധ സമിതിയെ ഏൽപ്പിക്കുക എന്നതാണ് ഇപ്പോൾ ചെയ്യാവുന്ന ലളിതമായ കാര്യം.
ആ റിപ്പോർട്ടിന്മേൽ ചർച്ച നടക്കട്ടെ. എന്നിട്ട് തീരുമാനിക്കുന്നതാണ് ഉചിതം എന്നാണ് ഒരു സാധാരണ പൗരൻ എന്ന നിലയിൽ അഭിപ്രായം. ഈ പദ്ധതി, കക്ഷിരാഷ്ട്രീയത്തിനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും അപ്പുറം നിൽക്കുന്ന സമഗ്രതയിൽ കാണാൻ ഭരണപക്ഷവും പ്രതിപക്ഷവും തയ്യാറാകണം. അതല്ലാതെ പരസ്പരം പരിഹസിക്കുന്നതല്ല ഉത്തരവാദിത്വമുള്ള രാഷ്ട്രീയപ്രവർത്തനം. സംയുക്തകമ്മിറ്റി ശുപാർശ ചെയുന്നുണ്ടങ്കിൽ കെ റെയിൽ വരട്ടെ. തിരിച്ചാണെങ്കിൽ വേണ്ട എന്ന് തീരുമാനിക്കണം. അല്ലാതെ എന്തിനാണ് വാശി?
ഇതിനൊന്നും കാത്തു നിൽക്കാതെ എന്തിനാണ് ജനങ്ങളുടെ എതിർപ്പിനിടയിൽ പൊലീസിനെ ഉപയോഗിച്ച് കൊണ്ട് ഇങ്ങനെ കല്ലിടിൽ നടത്തുന്നത്? ഭൂമി നഷ്ടപ്പെടുന്നവർ പ്രതികരിക്കുന്നത് സ്വാഭാവികമാണ്. കാരണം, അവർ ഈ നാട്ടിലെ പൗരന്മാരാണ്; അല്ലാതെ ‘പ്രജകൾ’ അല്ല. ആ മിനിമം ധാരണ മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും ഉണ്ടാകണം. സമരം ചെയ്യുന്നവർ ‘തീവ്രവാദികളും, ആന്ദോളൻജീവികളും, ദേശദ്രോഹികളും, ടുക്കടെ ടുക്കടെ ഗാങ്ങും’ ആണെന്ന് ഇതിന് മുമ്പ് കേട്ടത് CAA സമരത്തിനും കർഷകസമരത്തിനും എതിരെ ആയിരുന്നു എന്നോർക്കണം.
ആ അവസരത്തിൽ അത് ഫാസിസത്തിന്റെ ശബ്ദമായി കണ്ടവരും, മനുഷ്യാവകാശത്തിന് വേണ്ടി സംസാരിച്ചവരും ഒക്കെ ഇപ്പോൾ മോദി ഭരണകൂടത്തിന്റെ അതേ സ്വരത്തിൽ സംസാരിക്കുന്നത് വിരോധാഭാസമാണ്. ‘സമരപുളകങ്ങൾ തൻ സിന്ദൂരമാലകൾ’ കേരളത്തിലെ ഇടതുപക്ഷത്തിനു വെറുമൊരു പാട്ടായിരുന്നില്ലല്ലോ ഒരു കാലത്തും!
മറ്റുള്ളവരുടെ സമരത്തെ അംഗീകരിക്കാനും, അവരോടു സമവായത്തിന്റെ ഭാഷയിൽ സംസാരിക്കാനും, സാധാരണ മനുഷ്യരുടെ ന്യായമായ വേവലാതികൾ പരിഹരിക്കാനും മിനക്കെടാതെ, പോലീസിനെ ഉപയോഗിച്ച് സമരങ്ങളെ അടിച്ചമർത്താനും, പരിഹസിക്കാനും ആണ് ശ്രമിക്കുന്നതെങ്കിൽ ആ രാഷ്ട്രീയം ഒരിക്കലും ‘ഇടതുപക്ഷം’ ആകുന്നില്ല. അത് വെറും ഭരണപക്ഷം മാത്രമായി ഒതുങ്ങുന്നു. ഏകപക്ഷീയവും തിരഞ്ഞെടുപ്പ് ഭൂരിപക്ഷത്തിൽ മാത്രം അഭിരമിക്കുന്നതുമായ വെറുമൊരു ഭരണപക്ഷം.
By, Sudha Menon