ഇക്കഴിഞ്ഞ വനിതാ ദിനത്തിന് Facebook -ലൂടെ കണ്ട കരളലിയിപ്പിക്കുന്ന കാഴ്ച 70 വയസ്സുള്ളൊരു ഉമ്മായേയും 7 വയസ്സുള്ള അവരുടെ പേരക്കുട്ടിയെയും പോലീസ് നിർദാക്ഷണ്യമായി മർദിക്കുന്നതാണ്. കണ്ണീർ നിറഞ്ഞു തുളുമ്പിയ ആ ബാലന്റെയും ഉമ്മയുടെയും മുഖം മനസ്സിൽ നിന്ന് മായുന്നതിന് മുൻപേ ദിവസവും അതുപോലെയുള്ള അനേകം സംഭവങ്ങൾ ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
ഇനിയും ഉത്തരങ്ങൾ തേടുന്ന, ചോദ്യങ്ങളേറെ ബാക്കിവെയ്ക്കുന്ന K-Rail പദ്ധതിക്ക് വേണ്ടി സ്ഥലമെടുക്കാനും സർവേ കല്ല് നാട്ടാനും തികഞ്ഞ ആറാട്ട് നടത്തുന്ന പോലീസും ഉദ്യോഗസ്ഥരും അഴിഞ്ഞാടുന്ന തത്പര കക്ഷികളായ രാഷ്ട്രീയ ഗുണ്ടകളും.. കേരളമെന്താ വെള്ളരിക്കാപ്പട്ടണമോ .? ഇവിടെ ഇങ്ങനെയൊക്കെ സംഭവിക്കുമോ .? സ്ഥലമേറ്റെടുപ്പിനായി കുടിയിറക്കേപ്പെടേണ്ടി വരുന്ന പതിനായിരക്കണക്കിന് കുടുംബങ്ങൾ മാത്രമല്ല കേരളത്തെയൊന്നാകെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന ഈ ബൃഹത്ത് പദ്ധതി ഇത്ര ധൃതി പിടിച്ച് ഇതാർക്കുവേണ്ടി .?
തിരിച്ചറിവെത്താത്ത ബാല്യങ്ങളെയും കാലമധികം മുന്നിലില്ലാത്ത തല മുതിർന്ന മുത്തച്ഛന്മാരെയും മുത്തശ്ശിമാരെയും ബലപ്രയോഗത്തിനു ഇരകളാക്കുന്നു, കുഞ്ഞുങ്ങളെയും അമ്മമാരെയും റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടു പോകുന്നു.. വീടിന്റെ ഓടാമ്പലുകളും വാതിലും തല്ലിപ്പൊളിച്ച് ആളുകളെ പുറത്ത് ചാടിക്കുന്നു.. ഒത്താശ്ശ ചെയ്യാത്തതും കൂട്ടുനിൽക്കാത്തതും മാനുഷിക പരിഗണനയോടെ കാര്യങ്ങളെ നോക്കിക്കാണുന്നതുമായ ഉദ്യോഗസ്ഥരെയും കലക്ടറുമാരെയും ശിക്ഷാനടപടികൾ കൈക്കൊണ്ട് വനവാസത്തിനയക്കുന്നു..
ഇക്കാണുന്ന നടപടികളൊന്നും നമ്മളെ ബാധിക്കുന്നില്ലല്ലോ എന്ന് കരുതി കണ്ണടച്ചോളു.. ഒരു പക്ഷെ നാളെ നമ്മുടെ അടുക്കളയിലും അതിരുകല്ലു വീഴുമ്പോഴേ നമുക്ക് നൊവൂ.. ഒരായുസ്സിന്റെ അധ്വാനമെല്ലാം ഒരു രാത്രി വെളുത്തപ്പോൾ തട്ടിപ്പറിച്ചു കൊണ്ടുപോയ പ്രളയത്തിലും പകയ്ക്കാതെ ഒരുമിച്ച് നിന്ന് അതിജീവിച്ചവർ ഇതിനെയും അതിജീവിക്കും.. വികസനം വേണ്ടെന്നോ കെ റെയിൽ നടപ്പാക്കേണ്ടെന്നോ അല്ല..
കൃത്യമായ പാരിസ്ഥിതിക ആഘാത പഠനമോ സാമൂഹിക ആഘാത പഠനമോ പൂർത്തിയാവുന്നതിന് മുൻപ് എന്തിനിത്ര ധൃതി .? അന്നത്തിനു വകയില്ലാത്തവന്റെ അടുപ്പ് കല്ലിനു മുകളിൽ കൂടി ട്രെയിൻ ഓടിക്കാൻ ചെന്നാൽ പ്രതികരിക്കും സാറേ.. മണ്ണെണ്ണയും തീക്കൊള്ളിയുമായി ആത്മഹത്യാ സ്വരമുയർത്തി പ്രതിരോധിക്കും .. കല്ലിടാൻ കുഴിക്കുന്ന കുഴിയിൽ ഇട്ട് മൂടുന്നതാണ് നല്ലതെന്ന് ആവലാതിപ്പെടും.. തികച്ചും സ്വാഭാവികം.. പോലീസിനെ വെച്ച് arrest ചെയ്ത് നീക്കിയാലോ രാഷ്ട്രീയ ഗുണ്ടകളെ വിട്ട് വിരട്ടാൻ നോക്കിയാലോ പിന്മാറില്ല സാറുമ്മാരെ .. അടുപ്പ് കല്ലിളക്കി പകരം റെയിൽ കല്ലിട്ടാലെന്ത്, ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് ന്യായവില കൊടുക്കുമത്രേ.. കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്..
2008 വർഷം വല്ലാർപ്പാടം ടെർമിനലിനായി കുടിയൊഴുപ്പിക്കപ്പെട്ട 316 കുടുംബങ്ങളുടെ പുനരധിവാസം പൂർണ്ണമാവാതെ ഇന്നും പേപ്പറുകളിൽ ഉറങ്ങുമ്പോൾ വിശ്വസിക്കാൻ അൽപ്പം പ്രയാസമുണ്ട്.KSRTC യ്ക്ക് പെട്രോൾ അടിക്കാൻ പൈസ ഇല്ലാത്ത നമ്മുടെ കൊച്ചു കേരളത്തിൽ പോലീസ് ജീപ്പിനു പോക്കറ്റിൽ നിന്ന് കാശെടുത്ത് എണ്ണയടിക്കാൻ പറയേണ്ടി വരുന്ന ഗതികേട് പേറുന്ന ഡിപ്പാർട്മെന്റുള്ള ഈ നാട്ടിൽ, 2ദിവസമൊന്ന് തുടർച്ചയായി മഴപെയ്താൽ പ്രളയം വിഴുങ്ങുന്ന കേരളത്തിൽ ആവശ്യമായ പാരിസ്ഥിതിക സാമൂഹിക ആഘാത പഠനങ്ങളൊന്നും കൃത്യമായി നടത്താത്ത ഈ പദ്ധതി ഇപ്പോഴത്തെ അവസ്ഥയിൽ സംശയമില്ലാതെ എതിർക്കപ്പെടേണ്ടത്ത് തന്നെ.
ആരും വികസനത്തിന് എതിരല്ല. പക്ഷേ നടപ്പിലാക്കേണ്ട രീതി ഇതല്ല. ഭാവിയ്ക്ക് പ്രയോജന പ്രദമെങ്കിൽ പൊതുജനം കൂടെ നിൽക്കും പക്ഷെ അത് എല്ലാവർക്കും ബോധ്യമാവണം, ഗുണവും ദോഷവും എല്ലാവരെയും ബോധ്യപ്പെടുത്തിയിട്ടാവണം. വികസന ആവശ്യങ്ങൾക്ക് വേണ്ടി സ്വകാര്യ ഭൂമി acquire ചെയ്യാൻ സർക്കാരിന് അധികാരമുണ്ടെങ്കിലും acquisition പ്രഖ്യാപിക്കാതെ പോലും കല്ലിടാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്ത് വെട്ടിപ്പിടിക്കാനാണ്.. പ്രതിഷേധിക്കുന്നവർ ആരും തന്നെ ഒരു കൊടിയുടെയോ പാർട്ടിയുടേയോ പിൻബലമില്ലാതെ തന്നെ പ്രതിഷേധിക്കുന്നവരാണ്.
കാലത്തിന്റെ ചുവരെഴുത്തിൽ രേഖപ്പെടുത്തപ്പെടുന്ന ഇത്തരം പ്രതിഷേധങ്ങൾ കണ്ടില്ലെന്നു നടിക്കുന്നവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയാണെന്ന് ഓർത്താൽ നല്ലത്.. ഏതൊരു ബൃഹത്ത് പദ്ധതിയ്ക്കും മുൻപ് സ്വാഭാവികമായും നിർബന്ധമായും നടത്തപ്പെടേണ്ട EIA പാരിസ്ഥിതിക ആഖാദ പഠനം തട്ടിക്കൂട്ടായി എല്ലാ വശങ്ങളും ഉൾക്കൊള്ളിക്കാതെ Rapid EIA മാത്രം നടത്തി അതിന്റെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകുന്നു.. ആ study നടത്തിയതോ കേന്ദ്ര സർക്കാരിന്റെ അംഗീകാരം പോലുമില്ലാത്ത ഒരു സ്ഥാപനം..
പ്രത്യേകമായി 292 കിലോമീറ്ററോളം embagement നിർമ്മിക്കപ്പെടുമ്പോൾ അതുമായി ബന്ധപ്പെട്ടിട്ടുള്ള പാരിസ്ഥിതിക പ്രത്യാഖാതങ്ങൾ പോലും മുഖവിലയ്ക്കെടുക്കാതെ ഇങ്ങനെയൊരു project എന്ത് വിശ്വസിച്ച് നടപ്പിലാക്കാൻ സാധിക്കും .? കാശിന്റെ കണക്കിലെ ചില വിരോധാഭാസങ്ങൾ മറുവശത്ത്.. പതിനായിരത്തിനടുത്ത് കുടുംബങ്ങൾ മാറ്റിപ്പാർപ്പിക്കപ്പെടുമ്പോൾ 1383 ഹെക്ടറിനടുത്ത് സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോൾ അതിനുള്ള ചിലവിനത്തിൽ വകയിരുത്തിയിട്ടുള്ളത് 13,000 കോടി..
മുൻകാല ദേശീയപാതാ വികസനവും അതുപോലെയുള്ള പ്രൊജെക്ടുകൾക്കുമായി ചെലവാക്കേണ്ടി വന്ന തുക പരിശോധിക്കുമ്പോൾ 1200 ഹെക്ടറിന് മാത്രം ചെലവായത് 22,000 കോടി.. ആകെ 67,000 കോടിയ്ക്കടുത്ത് ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയ്ക്ക് മേൽപ്പറഞ്ഞ കണക്കു പ്രകാരം 1 Km ന് 120 കോടി രൂപാ.. 2017-18 ലെ estimate അനുസരിച്ചാണെന്ന് ഓർക്കണം.. ഏകദേശം സമാന സ്വഭാവമുള്ള ഡൽഹി മീററ്റ് semi high speed railway corridor ന് ചെലവായത് 1 Km ന് 370 കോടി രൂപാ.. എന്തിന് മറ്റു സംസ്ഥാനങ്ങളിലേക്ക് നോക്കണം, നമ്മുടെ കൊച്ചി മെട്രോയ്ക്ക് ചെലവായത് 1 Km ന് 270 കോടി രൂപ..
നീതി ആയോഗിന്റെ കണക്കുകൂട്ടലുകൾ പ്രകാരം 129 രൂപയുടെ സ്ഥാനത്ത് കിലോമീറ്ററിന് 280 രൂപയിൽ കുറയാതെ ചിലവാകുമെന്നുറപ്പ് .. അതായത് ഉത്തമാ ഇപ്പൊ പറഞ്ഞിരിക്കുന്ന 67000 കോടി എന്നത് കുറഞ്ഞത്ത് 1,33,000 കോടി ആവാൻ സാധ്യത..പിന്നെ മറുവശത്ത് പ്രതീക്ഷിത വരുമാനത്തിന്റെ കണക്കൊന്ന് പരിശോധിച്ചാൽ പ്രധാന വരുമാനം ടിക്കറ്റ് വില്പന തന്നെ.. പ്രതീക്ഷിക്കുന്നത് ദിവസേന 80,000 പേരെ.. 2020 വർഷം കൊച്ചി മെട്രോയിൽ കയറുമെന്ന് പറഞ്ഞവരുടെ കണക്ക് പ്രതിദിനം 4.6 ലക്ഷം പേർ എന്നത് നിലവിൽ ശരാശരി 35,000 പേർ മാത്രമാണ്.
ടിക്കറ്റിന് പകുതി വിലയിട്ട് വിശേഷ ദിവസങ്ങളിൽ ഓടിച്ചാലും കേറുന്നത് 50,000 നടുത്ത് ആളുകൾ മാത്രം.. ചുരുക്കം ചില കണക്കിലെ വികൃതികൾ Sample ആയിട്ട് പ്രതിപാതിച്ചെന്ന് മാത്രം..അപ്പൊ പറഞ്ഞു വന്നത്, വസ്തുതകളിലൂന്നിയ ആശങ്കകളെ കണ്ടില്ലെന്ന് നടിക്കാനാവില്ല.. ജനവിധി ന്യായമായ ജനകീയ സമരങ്ങളെയും ആവശ്യങ്ങളെയും നിർദ്ദയം തമസ്കരിക്കാനും അവഗണിക്കാനുമുള്ള licence അല്ല..
സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കാവുന്ന പദ്ധതി വാശിപ്പുറത്ത് നടപ്പാക്കേണ്ടതല്ല, മറിച്ച് ജനങ്ങളെ കേട്ട് ആവശ്യമായ പഠനങ്ങളെല്ലാം നടത്തി എല്ലാ വശങ്ങളിൽ നിന്നുമുള്ള ആശങ്കകൾ അഭിസംബോധന ചെയ്ത് പദ്ധതി നേരിട്ടും അല്ലാതെയും ബാധിക്കുന്ന എല്ലാവരെയും ബോധ്യപ്പെടുത്തി മുന്നോട്ട് പോകാൻ സാധിക്കുമെങ്കിൽ മാത്രം പദ്ധതിയുമായി മുന്നോട്ട് പോകണം, അല്ലാത്ത പക്ഷം കുഴിച്ചിട്ട കല്ലുകൾ പിഴുത് എറിഞ്ഞ് പദ്ധതിയിൽ നിന്ന് പിന്മാറണം.. ജനാധിപത്യപരമായി ആശങ്കകൾ പരിഹരിക്കപ്പെടട്ടേ.. ജനാധിപത്യം വിജയിക്കട്ടെ.
By, Jimson John