ആധുനിക ലോകത്തിലെ ഏറ്റവും വലിയ വിശുദ്ധയെന്ന് വിളിക്കപ്പെടുന്ന വിശുദ്ധ ചെറുപുഷ്പത്തിലൂടെയാണ് അവരുടെ മാതാപിതാക്കളായ വാഴ്ത്തപ്പെട്ട ലൂയി-സെലി ദമ്പതികളുടെ വിശുദ്ധ ജീവിതത്തെപ്പറ്റി ലോകത്തിന് അറിവ് ലഭിച്ചത്. ലൂയി മാർട്ടിനും സെലിഗ്വരിനും ഫ്രാൻസിലെ അലൻസോണിൽനിന്നുള്ളവരാണ്.
ലൂയി മാർട്ടിൻ 1823 ഓഗസ്റ്റ് 22-നും സെലിഗ്വരിൻ 1831 ഡിസംബർ 23-നുമാണ് ജനിച്ചത്. 22-ാമത്തെ വയസിൽ ലൂയി മാർട്ടിൻ സന്യാസസഭയിൽ ചേരാൻ ആഗ്രഹിച്ചെങ്കിലും ലത്തീൻ പഠനക്കുറവുമൂലം അപേക്ഷ നിരാകരിക്കപ്പെട്ടു. സെലി സന്യാസിനിയാകുവാൻ ആഗ്രഹിച്ചെങ്കിലും പല കാരണങ്ങൾകൊണ്ടും സാധിച്ചില്ല. ലൂയി വാച്ച് നിർമാണത്തിൽ വൈദഗ്ധ്യം നേടി അലൻസോണിൽ വ്യാപാരം ആരംഭിച്ചു. സെലി അലൻസോൺ ലെയ്സ് എന്ന ലെയ്സു നിർമാണശാല ആരംഭിച്ചു. അവിചാരിതമായി ലൂയിയും സെലിയും അലൻസോണിൽ കണ്ടുമുട്ടുകയും പരസ്പരം പരിചയപ്പെടുകയും ചെയ്തു.
ദൈവഹിതം എന്നതുപോലെ ആ സൗഹൃദബന്ധം വളർന്ന് 1858 ജൂലൈ 13-ന് അവർ വിവാഹിതരായി. അപ്പോൾ ലൂയി മാർട്ടിന് 35 വയസും സെലിഗ്വരിന് 27 വയസും പ്രായമായിരുന്നു. അവരുടെ ദാമ്പത്യവല്ലരിയിൽ ഒമ്പതുപൂക്കൾ വിരിഞ്ഞു. നാലുപേർ ശൈശവ പ്രായത്തിൽത്തന്നെ സ്വർഗീയാരാമത്തിലേക്ക് എടുക്കപ്പെട്ടു. പിന്നീടുണ്ടായിരുന്ന അഞ്ചുപെൺകുട്ടികളും ദൈവഹിതം മനസിലാക്കി സന്യാസജീവിതം തിരഞ്ഞെടുത്തു. അവരുടെ പേര് മരിയ, പൗളിൻ, ലെയോണി, സെലിൻ, കൊച്ചുത്രേസ്യ. ഏറ്റവും ഇളയവളായിരുന്നു തിരുസഭയിലെ വേദപാരംഗതയായിത്തീർന്ന വിശുദ്ധ കൊച്ചുത്രേസ്യ. അവരുടേത് ഒരു വിശുദ്ധ കുടുംബമായിരുന്നു.
മാർട്ടിൻ കുടുംബത്തിലെ മറ്റ് ചില മക്കളുടെ നാമകരണ നടപടികളും ആരംഭിച്ചു കഴിഞ്ഞു. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ മാർട്ടിൻ ദമ്പതികളെ വാഴ്ത്തപ്പെട്ടവരായി ഉയർത്തിയപ്പോൾ പറഞ്ഞതുപോലെ ”തകർന്നുകൊണ്ടിരിക്കുന്ന ആധുനിക കുടുംബങ്ങൾക്ക് ലൂയി-സെലി കുടുംബജീവിതം ഉച്ചത്തിൽ പ്രഘോഷിക്കപ്പെടുന്ന ജീവിതസാക്ഷ്യമാണ്.”
ലൂയി-സെലി ദാമ്പത്യജീവിതം ലൂയിയും സെലിയും തങ്ങളുടെ കുടുംബജീവിതമാതൃകയായി സ്വീകരിച്ചത് നസ്രസിലെ തിരുക്കുടുംബമാണ്. അതാണ് മാർട്ടിൻ കുടുംബത്തെ വിശുദ്ധരുടെ കുടുംബമാക്കി മാറ്റിയത്.
വിവാഹജീവിതത്തിന്റെ ആദ്യവർഷം സഹോദരീസഹോദരന്മാരെപ്പോലെ ജീവിക്കുകയും പിന്നീട് ആധ്യാത്മിക ഗുരുവിന്റെ ഉപദേശപ്രകാരം വൈവാഹിക കടമയനുസരിച്ച് ജീവിക്കുകയും ചെയ്തു. അവർക്ക് ജനിച്ച ഒമ്പത് മക്കളിൽ നാലുപേർ, രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ചെറുപ്പത്തിലെ രോഗംമൂലം മരിച്ചുപോയി. താങ്ങാവുന്നതിലും വലിയ ദുഃഖമായിരുന്നു ഓരോ മരണം ആ കുടുംബത്തിൽ സംഭവിക്കുമ്പോഴും മാർട്ടിൻ ദമ്പതികൾക്ക്. എങ്കിലും അതെല്ലാം ദൈവഹിതത്തിനായി സമർപ്പിച്ച് കൂടുതൽ വിശ്വാസത്തോടെ ദൈവത്തിൽ ആശ്രയിച്ച് അവരുടെ കുടുംബജീവിതം ധന്യമാക്കി.
ആ മാതാപിതാക്കൾക്ക് ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ- തങ്ങളുടെ മക്കൾ എല്ലാവരും വിശുദ്ധരാകണം. വിശുദ്ധ ചെറുപുഷ്പം മാതാപിതാക്കളെപ്പറ്റി എഴുതുന്നത് ഇപ്രകാരമാണ്: ”ദൈവം എനിക്ക് തന്ന മാതാപിതാക്കൾ ഭൂമിക്കെന്നതിനെക്കാൾ സ്വർഗത്തിന് യോജിച്ചവരാണ്.” അമ്മയാണ് എന്നെ പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചതെന്നും കൊച്ചുത്രേസ്യ ഓർമിക്കുന്നുണ്ട്. അപ്പച്ചനോടൊപ്പം നടക്കാൻ പോകുമ്പോൾ ഓരോ പള്ളിയിലും സന്ദർശനം നടത്തി പ്രാർത്ഥിച്ചിരുന്നു. വിശുദ്ധ കൊച്ചുത്രേസ്യ ആധുനിക ലോകത്തിലെ ഏറ്റവും വലിയ ‘വിശുദ്ധ’ എന്നു വിളിക്കപ്പെടുമ്പോൾ അതിന്റെ പ്രധാന ഉറവിടം അത് മാർട്ടിൻ കുടുംബം തന്നെയെന്ന് നിസംശയം പറയാം.
മാതൃകാപരമായ കുടുംബജീവിതം:
തിരുഹൃദയത്തോടും പരിശുദ്ധ കുർബാനയോടും പ്രത്യേക ഭക്തി അവർക്കുണ്ടായിരുന്നു. ദൈവമാതാവിനോടുള്ള സ്നേഹം ആ കുടുംബത്തിൽ നിറഞ്ഞുനിന്നു. എല്ലാ ദിവസവും മക്കളെയും കൂട്ടി രാവിലെ 5.30-ന് വിശുദ്ധ കുർബാനയ്ക്ക് പോകും. വിശുദ്ധ കുർബാനയുടെ ആരാധനയിലും മറ്റ് ഭക്താഭ്യാസങ്ങളിലും അവർ സ്ഥിരമായി പങ്കെടുത്തു. ജപമാല ചൊല്ലാത്ത ഒരു ദിവസംപോലും ആ കുടുംബത്തിൽ ഉണ്ടായിട്ടില്ല.
സെലിയുടെ ജീവിതാവസാന കാലഘട്ടത്തിൽ കാൻസർ രോഗംമൂലം വേദനയുടെ പാരമ്യത്തിലും ആ കൈവിരലുകളിൽനിന്ന് ജപമാല മാറിയിട്ടില്ല എന്ന് മകൾ സെലിൻ സാക്ഷ്യപ്പെടുത്തുന്നു. ആ അരൂപി എല്ലാ മക്കൾക്കും കൊടുക്കുവാനും അമ്മയ്ക്ക് സാധിച്ചു. വിശുദ്ധ കൊച്ചുത്രേസ്യ തന്നെ പറയുന്നത് ”വിശുദ്ധർ എങ്ങനെ പ്രാർത്ഥിക്കുന്നുവെന്നറിയണമെങ്കിൽ എന്റെ അപ്പച്ചൻ പ്രാർത്ഥിക്കുന്നത് എങ്ങനെയെന്ന് നോക്കിയാൽ മതി” എന്ന്.
സെലിയുടെയും ലൂയിയുടെയും ജീവിതം ആ കുടുംബത്തിൽ ഒതുങ്ങി നിൽക്കുന്ന ഒന്നായിരുന്നില്ല. അയൽക്കാർക്കും നാട്ടുകാർക്കും പ്രത്യേകിച്ച് പാവപ്പെട്ടവർക്കും അവർ പ്രിയപ്പെട്ടവരായിരുന്നു. റെയിൽവേ സ്റ്റേഷനുകളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവരെയും പട്ടിണി കിടക്കുന്നുവെന്ന് കാണുന്നവരെയും സ്വന്തം ഭവനത്തിലേക്ക് കൊണ്ടുവന്ന് ഭക്ഷണവും വസ്ത്രവും കൊടുക്കുക സെലിയുടെയും ലൂയിയുടെയും പതിവായിരുന്നു. സത്യത്തിനും നീതിക്കുംവേണ്ടി വാദിച്ച് പാവങ്ങൾക്കും അശരണർക്കും വേണ്ടി കോടതിയിൽ പോകുവാനും പോലിസ് സ്റ്റേഷനിൽ കയറിയിറങ്ങാനും അവർ മടിച്ചിരുന്നില്ല. ദാനധർമങ്ങൾ അവർ മക്കളെക്കൊണ്ടും കൊടുപ്പിച്ചിരുന്നു.
സഹനവേദിയിൽ:
സെലിഗ്വരിന്റെ ലെയ്സ് നിർമാണശാല നന്നായി പുരോഗമിച്ചിരുന്നതുകൊണ്ട് പരാധീനതയൊന്നുമില്ലായിരുന്നെങ്കിലും മക്കൾക്ക് ഇടയ്ക്കിടയ്ക്ക് ഉണ്ടായിക്കൊണ്ടിരുന്ന രോഗങ്ങളും നാല് പ്രിയകുഞ്ഞുങ്ങളുടെ അപ്രതീക്ഷിതങ്ങളായ മരണവുംമൂലം വളരെയധികം കഠിനമായ ജീവിതാവസ്ഥകളിലൂടെ കടന്നുപോയത്. സെലിഗ്വരിൻ കാൻസർ രോഗിണിയായി വളരെയധികം സഹിക്കേണ്ടിവന്നു. അമ്മയെ ശുശ്രൂഷിച്ചുകൊണ്ടിരുന്ന മകൾ സെലിൻ എഴുതിയിരിക്കുന്നത് ” അമ്മയുടെ ഏറ്റവും വലിയ ദുഃഖവും സഹനവും ശാരീരികമായിരുന്നില്ല.
പ്രത്യുത, അവസാന നാളുകളിൽ വിശുദ്ധ കുർബാനയ്ക്ക് പോകുവാൻ സാധിക്കുന്നില്ലല്ലോ എന്ന ചിന്തയായിരുന്നു.” കാൻസർ രോഗം സെലിഗ്വരിനെ മരണാവസ്ഥയിൽ എത്തിച്ചപ്പോൾ ”എന്നെ സൃഷ്ടിച്ച ദൈവമേ എന്നിൽ കരുണയുണ്ടാകണമേ” എന്ന് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. 1877 ഓഗസ്റ്റ് 28 ചൊവ്വാഴ്ച തന്റെ ഈലോകദൗത്യം പൂർത്തിയാക്കി സെലി സ്വർഗീയ ഭവനത്തിൽ എത്തിച്ചേർന്നു.
സെലിഗ്വരിന്റെ മരണശേഷം ലൂയി മാർട്ടിൻ അലൻസോണിൽനിന്ന് 90 കിലോമീറ്റർ അകലെയുള്ള ലിസ്യൂവിലേക്ക് പുതിയ വീട് മേടിച്ച് താമസം മാറ്റി. കാരണം ഭാര്യ സെലിയുടെ സഹോദരന്റെ കുടുംബം അവിടെയാണ് താമസിച്ചിരുന്നത്. തന്റെ അഞ്ച് പുത്രിമാർക്കും നല്ല വിദ്യാഭ്യാസവും അച്ചടക്കവും ദൈവഭക്തിയാൽ നയിക്കപ്പെടുന്ന ജീവിതവും ആഗ്രഹിച്ച ലൂയി മാർട്ടിന് സെലിയുടെ സഹോദരനും ഭാര്യയും താങ്ങും തണലുമാകുമെന്ന് ഉറപ്പായിരുന്നു. ലിസ്യൂവിലുള്ള കർമ്മലമഠത്തിലാണ് വിശുദ്ധ കൊച്ചുത്രേസ്യ അടക്കം നാല് സഹോദരിമാർ പ്രവേശിച്ച് സമർപ്പിതജീവിതം നയിച്ചത്. അതുകൊണ്ടാണ് ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യ എന്നറിയപ്പെടുന്നത്.
സ്നേഹസമർപ്പണം:
ലിസ്യൂവിലെ ‘ലെബിസോണ’ എന്ന ഭവനത്തിൽ ലൂയി തന്റെ അഞ്ച് പുത്രിമാരുമൊത്ത് താമസിച്ച് മക്കളുടെ വിദ്യാഭ്യാസത്തിനും ആത്മീയ പുരോഗതിക്കുംവേണ്ടി തന്നാൽ ചെയ്യാവുന്നതെല്ലാം ചെയ്തു. ഓരോ മക്കളും തങ്ങൾക്ക് കിട്ടിയ ദൈവവിളി മനസിലാക്കി കോൺവെന്റുകളിലേക്ക് പോകുമ്പോഴും നിറകണ്ണുകളോടെ പിതാവ് ദൈവത്തിന് നന്ദി പറഞ്ഞു. ദൈവം തനിക്ക് നൽകുന്ന വലിയ ബഹുമതിയായിട്ടാണ് ലൂയി അതിനെ എടുത്തുകൊണ്ടിരുന്നത്. അപ്രതീക്ഷിതമായി വെറും 15 വയസുള്ള തന്റെ കൊച്ചുറാണി, തെരേസ കർമ്മലമഠത്തിൽ ചേരുവാനുള്ള ആഗ്രഹം അറിയിച്ചപ്പോൾ അതിനും തടസം നിന്നില്ല.
രണ്ടുമാസത്തിനുശേഷം തന്നെ ശുശ്രൂഷിച്ചിരുന്ന മകൾ സെലിനും കർമ്മലമഠത്തിൽ ചേരുവാനുള്ള ആഗ്രഹം അറിയിച്ചപ്പോൾ കരഞ്ഞുകൊണ്ടാണെങ്കിൽ തന്നെ ദൈവത്തിന് നന്ദി പറഞ്ഞു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ‘സമർപ്പിതജീവിതം’ എന്ന ചാക്രികലേഖനത്തിൽ പറയുന്നു: ”മാതാപിതാക്കന്മാരേ, നിങ്ങളുടെ മക്കളിൽ ഒരാളെയെങ്കിലും ദൈവം വിളിച്ചാൽ അതിന് നന്ദിയുള്ളവരായിരിക്കുവിൻ. അതുവഴി നിങ്ങളുടെ കുടുംബത്തെ ബഹുമാനിക്കുകയാണെന്ന് മനസിലാക്കണം.
ഒരംഗത്തെ സുവിശേഷ ഉപദേശങ്ങൾ അനുസരിച്ച് ജീവിക്കുവാൻ പ്രത്യേകമായി ദൈവം തിരഞ്ഞെടുക്കുകയാണ്. നിങ്ങളുടെ മക്കളിൽ ഒരാളെ ദൈവസ്നേഹം ലോകത്തിൽ വർധിപ്പിക്കുവാൻവേണ്ടി സമർപ്പിക്കുവാൻ വേണ്ട ആഗ്രഹം നിലനിർത്തുക. ഇതിൽ കൂടുതൽ മനോഹരമായ വിവാഹജീവിതത്തിൽ മറ്റെന്തു ഫലമുണ്ട്” (1996 നമ്പർ 107).
ലൂയി മാർട്ടിൻ എല്ലാ മക്കളെയും ദൈവസ്നേഹം ലോകത്തിൽ വർധിപ്പിക്കുന്നതിന് സമർപ്പിച്ചപ്പോൾ ദൈവത്തോട് നന്ദി പറയുകയും അതിൽ അഭിമാനം കൊള്ളുകയും ചെയ്തു.
അതിന്റെയെല്ലാം പ്രതിഫലമാണ് ഇന്ന് മാർട്ടിൻ ദമ്പതികൾക്ക് ദൈവം നൽകുന്നത്.
ലൂയി മാർട്ടിൻ ജീവിതസായാഹ്നത്തിൽ ശാരീരികമായും മാനസികമായും വളരെയധികം സഹനത്തിലൂടെ കടന്നുപോയി. അവസാനം മസ്തിഷ്കാഘാതം ഉണ്ടാവുകയും ശരീരത്തിന്റെ ഒരു ഭാഗം തളരുകയും ചെയ്തു. 1889 ജൂലൈ 28-ന് രോഗീലേപനം സ്വീകരിച്ച് പ്രാർത്ഥനയുടെ അന്തരീക്ഷത്തിൽ നിത്യസമ്മാനത്തിനായി ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു. ലിസ്യൂ സെമിത്തേരിയിലാണ് ലൂയി മാർട്ടിനെ അടക്കിയിരിക്കുന്നത്.
ജീവിതസാക്ഷ്യം:
ലൂയി മാർട്ടിനെയും സെലിഗ്വരിനെയും വിശുദ്ധരുടെ പദവിയിലേക്ക് ഉയർത്തുമ്പോൾ തിരുസഭ ലോകത്തിന് നൽകുന്ന വലിയൊരു സന്ദേശമുണ്ട്. അവരുടെ കുടുംബജീവിതം ആധുനിക ക്രൈസ്തവ കുടുംബങ്ങൾക്ക് നൽകുന്നത് പ്രചോദനവും മാതൃകയുമാണ്. തിരുസഭയുടെ അടിസ്ഥാനഘടകമായ കുടുംബം ദൈവസ്ഥാപിതമാണ്. ആ കുടുംബജീവിതത്തിലൂടെ ഭാര്യാഭർത്താക്കന്മാരുടെ പരസ്പര വൈവാഹിക ബന്ധത്തിലൂടെ, സ്നേഹത്താൽ പരസ്പരമുള്ള അർപ്പണത്തിലൂടെ ആർക്കും വിശുദ്ധരാകാം.
കുടുംബജീവിതത്തിലൂടെ സ്വയം വിശുദ്ധീകരണം പ്രാപിച്ചതിനോടൊപ്പം ആധുനിക ലോകത്തിലെ ഏറ്റവും വലിയ വിശുദ്ധയെ നൽകുകയും എല്ലാ മക്കളെയും വിശുദ്ധരുടെ നിരയിൽ എത്തിക്കുവാൻ ആഗ്രഹിക്കുകയും ചെയ്തു. അവരുടെ ജീവിതം ആധുനിക കുടുംബങ്ങൾക്ക് എന്നും മാതൃകയാണ്. കുടുംബങ്ങളുടെ നക്ഷത്രങ്ങളായി അവർ പ്രശോഭിക്കുന്നു. ലൂയി മാർട്ടിനെയും സെലിഗ്വരിനെയും വിശുദ്ധരുടെ പട്ടികയിലേക്കുയർത്തുക വഴി അവരുടെ ജീവിതത്തെ കൂടുതൽ പഠിക്കുവാനും മാതൃകയാക്കുവാനും തിരുസഭ ലോകത്തെ ആഹ്വാനം ചെയ്യുകയാണ്.