ഏകമദ്ധ്യസ്ഥൻ
മിശിഹാസ്വർഗ്ഗത്തിനും ഭൂമിക്കും ഇടയിലുള്ള ഏകമദ്ധ്യസ്ഥൻ മിശിഹായാണെന്ന്, സുവിശേഷകൻ ഈ വചനത്തിലൂടെ വരച്ചുകാട്ടുന്നു. സ്വർഗ്ഗീയനായ അവിടുന്ന് ദൈവത്തിന്റെ വചനമാണെന്നും, എല്ലാറ്റിനും ഉപരിയാണെന്നും, പിതാവായ ദൈവത്തെ ലോകത്തിനു വെളിപ്പെടുത്തുന്നവൻ അവനാണെന്നും, സുവിശേഷകൻ പറയുന്നു.
സ്വർഗ്ഗത്തിൽനിന്നും ഇറങ്ങിവന്ന മനുഷ്യപുത്രനായ അവിടുന്ന്, ഒരേസമയം ദൈവവും മനുഷ്യനുമായി. ഈ സത്യം തിരിച്ചറിയുന്നവർ അവനിൽ വിശ്വസിക്കുകയും, നിത്യജീവൻ സ്വന്തമാക്കുകയും ചെയ്യും. പുത്രനെ അംഗീകരിക്കുന്നവർ പിതാവിനേയും അംഗീകരിക്കുന്നു. കാരണം, അവർ ഒന്നാണ്, പിതാവിനെ ലോകത്തിനു കാട്ടിക്കൊടുത്തതും, പിതാവ് സ്വയം വെളിപ്പെടുത്തുന്നതും പുത്രനിലൂടെയാണ്.
ഈ പിതൃ-പുത്രബന്ധത്തിന്റെ ആധാരമോ, അഗാധവും അനുപമവുമായ സ്നേഹവും.”അവൻ ലോകത്തിലായിരുന്നു…ലോകം അവനെ അറിഞ്ഞില്ല.” ഈശോയുടെ സാക്ഷ്യം ആരും സ്വീകരിക്കുകയോ, അവനിൽ വിശ്വസിക്കുകയോ ചെയ്തില്ല. എന്നാൽ, ഈ പുത്രനെ സ്വീകരിച്ച്, ഏറ്റുപറയാത്ത ഒരുവനും, പിതാവായ ദൈവത്തേയും അറിയുന്നില്ലെന്നും, അവർക്ക് നിത്യജീവൻ ലഭിക്കുകയില്ലെന്നും, ദൈവകോപത്തിനു അവർ അർഹരാകുമെന്നും, ഈശോ നമുക്ക് മുന്നറിയിപ്പ് നല്കുന്നു.നമുക്കും പുത്രനായ മിശിഹായിലുള്ള വിശ്വാസത്തിലൂടെ, അവനെ ഏറ്റുപറയുന്നതിലൂടെ, പിതാവിങ്കലേക്ക് വളരാം.
ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പാകെയുള്ള ആ ഏകമദ്ധ്യസ്ഥനിലൂടെ, നിത്യജീവൻ സ്വന്തമാക്കാം. അതിലൂടെ, ദൈവകോപത്തിനല്ല, ദൈവസ്നേഹത്തിനു അർഹരാകാം. ദൈവസ്നേഹം നിത്യമാണ്, വ്യവസ്ഥകളില്ലാത്തതാണ്, മാറ്റമില്ലാത്തതാണ്. ഈയൊരു വിശ്വാസത്തിൽ മുറുകെ പിടിച്ചു, ഏകമദ്ധ്യസ്ഥനായ അവിടുത്തെ കരംപിടിച്ചു, നമുക്ക് മുന്നോട്ട് ഓരോ ചുവടും വയ്ക്കാം….അനശ്വരതയുടെ നിത്യജീവനിലേക്ക്….