Passion of the Christ -സിനിമയിൽ ക്രിസ്തുവായി വേഷമിടാനിരുന്ന ജിം കവീസ്ൽനോട് -Jim Caviezel- അത് ഒട്ടും എളുപ്പമായിരിക്കില്ലെന്നും ഏറ്റെടുത്തു കഴിഞ്ഞാൽ ഹോളിവുഡിനാൽ പാർശ്വവൽക്കരിക്കപ്പെടുമെന്നുമൊക്കെ മെൽ ഗിബ്സൺ മുന്നറിയിപ്പ് കൊടുത്തിരുന്നു.
പാഷൻ ഓഫ് ദി ക്രൈസ്റ്റ് നിർമ്മാതാവും സംവിധായകനുമായ മെൽ ഗിബ്സണോട് ജിം ഒരു ദിവസത്തെ സമയം ആവശ്യപ്പെട്ടു ആലോചിക്കാനായി, എന്നിട്ട് വന്ന് പറഞ്ഞു.
“ബുദ്ധിമുട്ടാണെങ്കിൽ പോലും നമ്മൾ അത് ചെയ്യണമെന്നാണ് എനിക്ക് തോന്നുന്നത്. പിന്നൊരു കാര്യം, എന്റെ ഇനീഷ്യൽസ് J. C. ആണ് -Jesus Christ – Jim Caviezel-, പിന്നെ എന്റെ വയസ്സ് 33-ഉം”! മെൽ അതുകേട്ട് ഇങ്ങനെ പറഞ്ഞു, ” നീ എന്നെ ശരിക്കും പേടിപ്പിക്കുകയാണ് കേട്ടോ”.
ചിത്രീകരണം നടന്നുകൊണ്ടിരിക്കെ ജിം കവീസ്ൽ 20 കിലോയോളം (45 pounds) ഭാരം കുറഞ്ഞു, ഇടിമിന്നലേറ്റു, ചാട്ടവാറടിയേൽക്കുന്ന സീനിൽ അബദ്ധത്തിൽ രണ്ടു പ്രാവശ്യം ശക്തിയായി അടിയേറ്റതിന്റെ ഫലമായി 14 ഇഞ്ച് വലുപ്പമുള്ള മുറിവിന്റെ പാട് ശരീരത്തിൽ അവശേഷിച്ചു.
കുരിശിൽ കിടക്കുന്ന അദ്ദേഹത്തോടൊപ്പം കുരിശ് കുഴിയിലേക്ക് വീണപ്പോൾ ഷോൾഡർ തെന്നിമാറി, ന്യുമോണിയയും. ഒരു അരക്കച്ച മാത്രം ധരിച്ച് നഗ്നനായി അവസാനമില്ലാത്ത മണിക്കൂറുകളോളം കുരിശിൽ കിടക്കേണ്ടി വന്നതുമൂലം ഉണ്ടായ ഹൈപ്പോതെർമിയയും കൊണ്ട് ബുദ്ധിമുട്ടി.രണ്ട് മാസം നീണ്ടുനിന്ന ചിത്രീകരണത്തിൽ കുരിശിലെ രംഗങ്ങൾ പൂർത്തിയാക്കാൻ മാത്രം അഞ്ച് ആഴ്ചകളെടുത്തു.
ചിത്രീകരണത്തിന് ശേഷം ഹൃദയം തുറന്നുള്ള രണ്ട് ശസ്ത്രക്രിയകൾക്ക് ജിം കവീസ്ൽ വിധേയനാകേണ്ടി വന്നു, കാരണം അത്രയധികമായിരുന്നു ശരീരത്തിനുണ്ടായ ക്ലേശവും ക്ഷീണവും. ജിം പറഞ്ഞു,”ആളുകൾ എന്നെ കാണണമെന്ന് ഞാൻ ആഗ്രഹിച്ചില്ല. അവർ കാണേണ്ടത് യേശുവിനെയാണ്. അതിലൂടെയാണ് മാനസാന്തരങ്ങൾ നടക്കുന്നത്”. പിന്നീട് നടന്ന കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ അതൊരു പ്രവചനം പോലെയായി.
ബറാബ്ബാസായി അഭിനയിച്ച പെഡ്രോ സറൂബിക്ക്, തന്നെ നോക്കുന്നത് ജിം ആയല്ല യേശുക്രിസ്തു ആയി തന്നെ ആണ് അനുഭവപ്പെട്ടത്. അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹം ജിം കവീസ്ൽന്റെ നോട്ടത്തെ പറ്റി പറഞ്ഞു, “അവന്റെ കണ്ണുകളിൽ എന്നോടുള്ള വെറുപ്പോ അനിഷ്ടമോ ഇല്ലായിരുന്നു, കരുണയും സ്നേഹവും മാത്രം”. യൂദാസായി അഭിനയിച്ച ലൂക്കാ ലയണല്ലോ പക്കാ നിരീശ്വരവാദിയായിരുന്നു ഷൂട്ടിംഗ് തുടങ്ങും മുൻപ് വരെ. ശേഷം അദ്ദേഹം അതിൽ നിന്ന് മാറി, മക്കൾക്കും മാമോദീസ നൽകി.
ചിത്രീകരണത്തിൽ പങ്കെടുത്ത ഒരു ടെക്നീഷ്യൻ മുസ്ലിം ആയിരുന്നു, അദ്ദേഹം ക്രിസ്ത്യാനിയായി.
ചിലർ പറഞ്ഞു ഷൂട്ടിങ്ങിനിടക്ക് അവർ അതുവരെ കണ്ടിട്ടില്ലാത്ത കുറച്ചുപേരെ വെള്ളവസ്ത്രം ധരിച്ച് കണ്ടെന്ന്. പക്ഷേ ആ രംഗങ്ങൾ പിന്നീട് കണ്ടുനോക്കിയപ്പോൾ അവരുള്ള ദൃശ്യങ്ങൾ ഒന്നും തന്നേ ക്യാമറയിൽ പതിഞ്ഞിരുന്നില്ല. അമേരിക്കയിൽ മതപരമായ ഒരു സിനിമയുടെ, അതും എല്ലാ കാലത്തുമുള്ള R-റേറ്റഡ് സിനിമകളിൽ വെച്ച് , 370.8 മില്യൺ ഡോളറിന്റെ, ഏറ്റവും ഉയർന്ന സാമ്പത്തികവിജയമാണ് പാഷൻ ഓഫ് ദി ക്രൈസ്റ്റിന് ഉണ്ടായത്. ആഗോളതലത്തിൽ നോക്കിയാൽ ചിത്രം നേടിയത് 611 മില്യൺ ഡോളർ!
അതിലും പ്രധാനം നൂറുകണക്കിന് മില്യൺ ആളുകളിലേക്ക് ലോകമെമ്പാടും ഈ ചിത്രം എത്തി എന്നുള്ളതാണ്. ഒരു സ്റ്റുഡിയോയും ഈ ചിത്രം ഏറ്റെടുക്കാൻ തയ്യാറാക്കാതിരുന്നതിനാൽ മെൽ ഗിബ്സൺ സ്വന്തം പോക്കറ്റിൽ നിന്ന് 30 മില്യൺ ഡോളർ എടുത്താണ് ചിത്രം നിർമ്മിച്ചത്.
ഇന്ന് ജിം കവീസ്ൽ ക്രിസ്തുവിലുള്ള തന്റെ വിശ്വാസം ധൈര്യപൂർവ്വം പ്രഘോഷിക്കുന്നു. ക്രിസ്തുവിനെ ഒരു അഭിനേതാവെന്ന നിലയിൽ പ്രതിനിധീകരിക്കാനും ഒരു വലിയ വിശ്വാസിയെന്ന നിലയിൽ തന്റെ അനുഭവം കൊണ്ട് പ്രഘോഷിക്കാനും കഴിയുന്നു എന്നതാണ് അദ്ദേഹത്തെ സംബന്ധിച്ച് നടന്ന അത്ഭുതം.
ഈശോ നമുക്കായി സഹിച്ചു, ഇന്നും സഹിച്ചു കൊണ്ടിരിക്കുന്നു.അതിന് പ്രതിഫലമായി നമുക്ക് കുറച്ചെങ്കിലും അവനായി ചെയ്യാൻ സാധിക്കുന്നത് അവനെ സ്നേഹിച്ചു കൊണ്ടും അവന്റെ ഹിതം നിറവേറ്റിക്കൊണ്ടുമാണ്. ദൈവം അനുഗ്രഹിക്കട്ടെ..
വിവർത്തനം By- ജിൽസ ജോയ്