സുവിശേഷസൗഭാഗ്യങ്ങൾ ക്രിസ്തുശിഷ്യൻറെ അനന്യതയെ നിർവ്വചിക്കുന്നു ! – ഫ്രാൻസീസ് പാപ്പാ Jesus’ disciples are poor and happy ഇന്നത്തെ ആരാധനാക്രമത്തിൽ സുവിശേഷത്തിൻറെ കേന്ദ്രസ്ഥാനത്ത് സുവിശേഷസൗഭാഗ്യങ്ങളാണ് (ലൂക്കാ 6:20-23). ഒരു വലിയ ജനക്കൂട്ടം തന്നെ വലയം ചെയ്തിരിക്കയാണെങ്കിലും യേശു, “തൻറെ ശിഷ്യരെ നോക്കി” (വാക്യം 20) സുവിശേഷഭാഗ്യങ്ങൾ പ്രഘോഷിക്കുന്നു എന്നത് ശ്രദ്ധേയമാണ്. അവിടന്ന് ശിഷ്യന്മാരോട് സംസാരിക്കുന്നു. സത്യത്തിൽ, യേശുശിഷ്യരുടെ അനന്യതയക്ക് നിർവ്വചനമേകുന്നത് സുവിശേഷസൗഭാഗ്യങ്ങളാണ്.
ശിഷ്യന്മാരല്ലാത്തവർക്ക് അവ വിചിത്രമായി തോന്നാം, അവർക്കവ മിക്കവാറും ദുർഗ്രാഹ്യങ്ങളാണ്; അതേസമയം, യേശുവിൻറെ ഒരു ശിഷ്യൻ എങ്ങനെയുള്ളവനാണെന്ന് നമ്മൾ സ്വയം ചോദിച്ചാൽ, അതിനുത്തരം കൃത്യമായി സുവിശേഷഭാഗ്യങ്ങൾ ആണ്. മറ്റെല്ലാറ്റിൻറെയും അടിസ്ഥാനമായ ആദ്യത്തേത് നമുക്കു നോക്കാം: “ദരിദ്രരേ നിങ്ങൾ ഭാഗ്യവാന്മാർ, എന്തെന്നാൽ, ദൈവരാജ്യം നിങ്ങളുടേതാണ്” (വാക്യം 20). ദരിദ്രരേ നിങ്ങൾ ഭാഗ്യവാന്മാർ. തന്നെ അനുഗമിക്കുന്നവരെക്കുറിച്ച് യേശു രണ്ടു കാര്യങ്ങൾ പറയുന്നു: അവർ ഭാഗ്യവാന്മാരാണെന്നും അവർ ദരിദ്രരാണെന്നും; അതിലുപരിയായി, ദരിദ്രരായതിനാൽ അവർ ഭാഗ്യവാന്മാർ ആണെന്ന്.ദരിദ്രർ ഭാഗ്യവാന്മാരോ?
ദൈവത്തിൻറെ യുക്തിയിൽ ജീവിതം നയിക്കുന്നവർഇതിൻറെ പൊരുളെന്താണ്? യേശുവിൻറെ ശിഷ്യൻ സന്തോഷം കണ്ടെത്തുക, പണത്തിലോ അധികാരത്തിലോ മറ്റ് ഭൗതിക വസ്തുക്കളിലോ അല്ല, മറിച്ച് ദൈവത്തിൽ നിന്ന് എല്ലാ ദിവസവും അവൻ സ്വീകരിക്കുന്ന ദാനങ്ങളിലാണ്: അതായത്, ജീവിതം, സൃഷ്ടി, സഹോദരീസഹോദരന്മാർ തുടങ്ങിയവയിൽ. അവ ജീവൻറെ ദാനങ്ങളാണ്. കൈവശമുള്ള വിഭവങ്ങൾ പോലും പങ്കിടുന്നതിൽ സന്തോഷിക്കുന്നു, കാരണം അവൻ ദൈവത്തിൻറെ യുക്തിയിൽ ജീവിക്കുന്നു.
എന്താണ് ദൈവത്തിൻറെ യുക്തി? സൗജന്യത. സൗജന്യതയിൽ ജീവിക്കാൻ ശിഷ്യൻ പഠിച്ചു. ഈ ദാരിദ്ര്യം ജീവിതത്തിൻറെ അർത്ഥത്തോടുള്ള ഒരു മനോഭാവം കൂടിയാണ്, കാരണം യേശുവിൻറെ ശിഷ്യൻ തനിക്ക് അത് ഉണ്ടെന്നും ഇതിനകം തനിക്ക് എല്ലാം അറിയാം എന്നും കരുതുന്നില്ല, എന്നാൽ അനുദിനം പഠിക്കണമെന്ന് അവനറിയാം. ഇതാണ് ദാരിദ്ര്യം: എല്ലാ ദിവസവും പഠിക്കണമെന്ന അവബോധം. യേശുവിൻറെ ശിഷ്യൻ, ഈ മനോഭാവം ഉള്ളതിനാൽ, മുൻവിധികളിൽ നിന്നും കാർക്കശ്യത്തിൽ നിന്നും മുക്തനായ, വിനീതനും, തുറവുള്ളവനുമായ വ്യക്തിയാണ്.
സർവ്വം ത്യജിച്ച് യേശുവിനെ അനുഗമിക്കുന്ന മീൻ പിടുത്തക്കാരൻ പത്രോസ് കഴിഞ്ഞ ഞായറാഴ്ചത്തെ സുവിശേഷത്തിൽ മനോഹരമായ ഒരു ഉദാഹരണം ഉണ്ടായിരുന്നു: വിദഗ്ധനായ ഒരു മീൻപിടുത്തക്കാരനായ ശിമയോൻ പത്രോസ്. അദ്ദേഹം അസമയത്ത് വല വീശാനുള്ള യേശുവിൻറെ ക്ഷണം സ്വീകരിക്കുന്നു; എന്നിട്ട്, അത്ഭുതകരമായ മീൻപിടിത്തത്തിൽ വിസ്മയഭരിതനായ അവൻ കർത്താവിനെ അനുഗമിക്കുന്നതിനായി വള്ളവും തൻറെ സകലവും ഉപേക്ഷിക്കുന്നു. പത്രോസ് എല്ലാം ഉപേക്ഷിച്ച് സ്വയം വിധേയത്വം കാണിക്കുകയും അങ്ങനെ ഒരു ശിഷ്യനാകുകയും ചെയ്യുന്നു.
എന്നാൽ, സ്വന്തം ആശയങ്ങളും സ്വന്തം സുരക്ഷിതത്വങ്ങളും മുറുകെപ്പിടിക്കുന്നുവരാകട്ടെ, യേശുവിനെ യഥാർത്ഥത്തിൽ പിൻചെല്ലുക വൈമനസ്യത്തോടെയായിരിക്കും. കുറച്ചൊക്കെ അനുഗമിക്കും, ഞാൻ അവിടന്നുമായി യോജിക്കുന്ന കാര്യങ്ങളിലും അവിടന്ന് എന്നോടു യോജിക്കുന്നു കാര്യങ്ങളിലും മാത്രം. ഇത് ഒരു ശിഷ്യനല്ല. അങ്ങനെ അവൻ ദുഃഖത്തിൽ നിപതിക്കുന്നു. കണക്കുകൾ ചേരാത്തതിനാൽ അവൻ ദുഃഖിതനാകുന്നു, കാരണം യാഥാർത്ഥ്യം അവൻറെ മാനസിക പദ്ധതികളോട് പൊരുത്തപ്പെടുന്നില്ല, അവൻ അസംതൃപ്തനായി മാറുകയും ചെയ്യുന്നു. നേരെമറിച്ച്, ശിഷ്യനാകട്ടെ, ആത്മശോധനചെയ്യാനും എല്ലാ ദിവസവും ദൈവത്തെ താഴ്മയോടെ അന്വേഷിക്കാനും അറിയാം, ഇത് യാഥാർത്ഥ്യത്തിലേക്ക്, അതിൻറെ സമ്പന്നതയും സങ്കീർണ്ണതയും മനസ്സിലാക്കി, ആഴ്ന്നിറങ്ങാൻ അവനെ അനുവദിക്കുന്നു.
സുവിശേഷഭാഗ്യങ്ങളുടെ വിരോധാഭാസം അംഗീകരിക്കുന്നവൻ ക്രിസ്തുശിഷ്യൻമറ്റു വാക്കുകളിൽ പറഞ്ഞാൽ, ശിഷ്യൻ സുവിശേഷഭാഗ്യങ്ങളുടെ പൂർവ്വാപരവൈരുദ്ധ്യം അംഗീകരിക്കുന്നു: അനുഗ്രഹീതനെന്ന്, അതായത്, ദരിദ്രൻ, പലതും ഇല്ലാത്തവൻ, അത് തിരിച്ചറിയുന്നവൻ സന്തോഷവാനാണെന്ന് അവ പ്രഖ്യാപിക്കുന്നു. മാനുഷികമായി, നമ്മൾ മറ്റൊരു വിധത്തിൽ ചിന്തിക്കാൻ പ്രേരിതരാണ്, അതായത്, സമ്പന്നരായവർ, വസ്തുവകകൾ നിറയെ ഉള്ളവർ, കൈയടി നേടുന്നവർ, മറ്റുള്ളവർ അസൂയയോടെ കാണുന്നവർ, എല്ലാ ഉറപ്പുകളും ഉള്ളവർ ആണ് സന്തോഷഭരിതരെന്ന്. എന്നാൽ ഇത് ഒരു ലൗകിക ചിന്തയാണ്, ഇത് സുവിശേഷസൗഭാഗ്യ ചിന്തയല്ല!
നേരെമറിച്ച്, യേശു ലൗകിക വിജയം പരാജയമായി പ്രഖ്യാപിക്കുന്നു, കാരണം അത് ഒരുവനെ നിറയ്ക്കുന്ന അഹംഭാവത്തിൽ നിലകൊള്ളുകയും പിന്നീട് ഹൃദയത്തിൽ ശൂന്യത അവശേഷിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ യുക്തികളിൽ ദൈവമല്ല പ്രവേശിക്കേണ്ടത്, മറിച്ച്, അവിടത്തെ യുക്തികളിൽ നമ്മളാണ് പ്രവേശിക്കേണ്ടത് എന്ന തിരിച്ചറിവുള്ള ശിഷ്യൻ സുവിശേഷസൗഭാഗ്യങ്ങളുടെ വിരോധാഭാസത്തിനു മുന്നിൽ, സ്വയം പ്രതിസന്ധിയിലാകാൻ അനുവദിക്കുന്നു. ഇതിന്, ചിലപ്പോഴൊക്കെ ആയാസകരവും, എന്നാൽ, ആനന്ദത്തിൻറെ അകമ്പടിയുള്ളതുമായ ഒരു യാത്ര ആവശ്യമാണ്.
എന്തെന്നാൽ, യേശുവിൻറെ ശിഷ്യൻ അവിടന്നിൽ നിന്ന് തന്നിലേക്കു പ്രവഹിക്കുന്ന ആനന്ദത്താൽ സന്തോഷിക്കുന്നവനാണ്. കാരണം, യേശു പറയുന്ന ആദ്യത്തെ വാക്ക് നമുക്കോർക്കാം: അനുഗ്രഹീതർ എന്നാണ്; അതിൽ നിന്നാണ് സൗഭാഗ്യങ്ങൾ എന്ന പേര് ലഭിക്കുന്നത്. ഇതാണ് യേശുവിൻറെ ശിഷ്യന്മാർ ആയിരിക്കുക എന്നതിൻറെ പര്യായം. സ്വകേന്ദ്രീകരണത്തിൻറെ അടിമത്തത്തിൽ നിന്ന് നമ്മെ മോചിപ്പിച്ചുകൊണ്ട്, കർത്താവ്, നമ്മുടെ അടച്ചുപൂട്ടലുകളെ ഇല്ലായ്മചെയ്യുകയും നമ്മുടെ കാഠിന്യത്തെ ഉരുക്കുകയും, നമ്മൾ ചിന്തിക്കാത്തിടത്ത് പലപ്പോഴും കാണപ്പെടുന്ന യഥാർത്ഥ സന്തോഷം നമുക്ക് വെളിപ്പെടുത്തിത്തരുകയും ചെയ്യുന്നു.
അവിടന്നാണ് നമ്മുടെ ജീവിതത്തെ നയിക്കുന്നത്, അല്ലാതെ, നമ്മുടെ മുൻവിധികളോടും നമ്മുടെ ആവശ്യങ്ങളോടും കൂടി നമ്മളല്ല. അവസാനമായി, ശിഷ്യൻ, യേശുവിനാൽ നയിക്കപ്പെടാൻ സ്വയം വിട്ടുകൊടുക്കുന്നവനും സ്വന്തം ഹൃദയം യേശുവിന് തുറന്നുകൊടുക്കുകയും അവനെ ശ്രവിക്കുകയും അവൻറെ പാത പിന്തുടരുകയും ചെയ്യുന്നവനാണ്.യേശുവിനെ അനുഗമിക്കുന്നതിൻറെ ആനന്ദം അനുഭവിക്കുന്ന ഹൃദയത്തിനുടമയോ ഞാൻ? ആകയാൽ നമുക്ക് സ്വയം ചോദിക്കാം: എനിക്ക് – നമ്മൾ ഓരോരുത്തർക്കും – ഒരു ശിഷ്യൻറെ സന്നദ്ധതയുണ്ടോ? അതോ താൻ ശരിയായ അവസ്ഥയിലാണ്, സുഖമായിരിക്കുന്നു, ലക്ഷ്യത്തിലെത്തിയിരിക്കുന്നു എന്നു കരുതുന്ന ഒരാളുടെ കാർക്കശ്യത്തോടെയാണോ ഞാൻ പെരുമാറുന്നത്?
ഞാൻ സുവിശേഷസൗഭാഗ്യങ്ങളുടെ വിരോധാഭാസത്താൽ “ആന്തരിക വിസന്ധീകരണത്തിന്” എന്നെത്തന്നെ അനുവദിക്കുമോ അതോ എൻറെ ആശയങ്ങളുടെ പരിധിക്കകത്തുതന്നെ നില്ക്കുകയാണോ? പിന്നെ, കഷ്ടപ്പാടുകൾക്കും ബുദ്ധിമുട്ടുകൾക്കും അപ്പുറം, സുവിശേഷഭാഗ്യങ്ങളുടെ യുക്തിയോടുകൂടി, യേശുവിനെ അനുഗമിക്കുന്നതിൻറെ ആനന്ദം ഞാൻ അനുഭവിക്കുന്നുണ്ടോ? ഇതാണ് ശിഷ്യൻറെ സവിശേഷ സ്വഭാവം: ഹൃദയത്തിൻറെ സന്തോഷം. ഇതു നാം മറക്കരുത്: ഹൃദയത്തിൻറെ സന്തോഷം.
ഒരു വ്യക്തി ശിഷ്യനാണോ എന്നറിയാനുള്ള ഉരകല്ല് ഇതാണ്: അവൻറെ ചിത്തം ആനന്ദഭരിതമാണോ? എൻറെ മനസ്സിൽ സന്തോഷമുണ്ടോ? ഇതാണ് പ്രധാനം.പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യംകർത്താവിൻറെ ആദ്യശിഷ്യയായ പരിശുദ്ധ മാതാവ്, തുറവുള്ളവരും സന്തോഷമുള്ളവരുമായ ശിഷ്യരായി ജീവിക്കാൻ നമ്മെ സഹായിക്കട്ടെ.
By, By, Vatican News Malayalam