ഈശോയുടെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായിരിക്കുക,
ഹാ! എന്തൊരു ഭാഗ്യം! വലിയാക്കോബ് :കുളിർമയുള്ള പേര്
“വലിയാക്കോബ് !”
വിളിക്കുമ്പോൾ ത്തന്നെ വല്യേട്ടൻ എന്ന സംബോധനയുടെ ഒരു സാധാരണത്വം!
ഒരു കുളിർമ ! (ശിഷ്യന്മാരില് യാക്കോബ് എന്നു പേരുള്ള രണ്ടു പേരുണ്ടായിരുന്നു. അവരെ വേർതിരിച്ചു കാണിക്കാനാണ് ചെറിയ യാക്കോബ് വലിയ യാക്കോബ് എന്നിങ്ങനെ വിളിപ്പേരുണ്ടായത്) വലിയാക്കോബ്: ഈശോയുടെ സ്വന്തം!
സെബദിയുടെ പുത്രനും യോഹന്നാന്റെ സഹോദരനുമായിരുന്നു “വല്യാക്കോബ്” അദ്ദേഹം ഈശോയുടെ ബന്ധു കൂടിയായിരുന്നുവെന്നു മനസ്സിലാക്കുമ്പോൾ ഇരട്ടി സന്തോഷം☺ യാക്കോബിന്റെ അമ്മയായ സലോമി പരിശുദ്ധ കന്യാമറിയത്തിന്റെ സഹോദരിയായിരുന്നുവെന്നാണ് പാരമ്പര്യം.
മാതാപിതാക്കൾ
പിതാവ്: സെബദി
മാതാവ്: സലോമി
മല്‍സ്യത്തൊഴിലാളിയായിരുന്നു സെബദി. എന്നാൽ ഈ ഗലീലിയൻ മുക്കുവൻ പക്ഷേ, സമ്പന്നനായിരുന്നെന്നാണത്രെ പൂര്വപിതാക്കന്മാര് എഴുതിയിരിക്കുന്ന പലരേഖകളും സൂചിപ്പിക്കുന്നത്. ഏതായാലും ഒരു കാര്യം വ്യക്തം, സെബദിക്ക് സ്വന്തമായി വഞ്ചിയും, വലയുമുണ്ടായിരുന്നു.
പത്രോസ് ശ്ലീഹായും സെബദിയും ഒന്നിച്ച് മല്‍സ്യബന്ധനം നടത്തി വരികയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.
ഇഷ്ടശിഷ്യത്രയത്തിൽ ഒരുവൻ…
ഈശോയുടെ പ്രത്യേക സൗഹൃദവലയത്തിൽ (inner circle) ഉൾപ്പെട്ട മൂവരിൽ ഒരാളായിരുന്നു വി. യാക്കോബ്. മറ്റുള്ളവരോട് അനിഷ്ടമായിരുന്നു എന്ന് അതിന് അർത്ഥമില്ല.
വചനം വായിക്കുമ്പോൾ, ഇദ്ദേഹത്തെ ഈശോ പ്രത്യേകമായി പലകാര്യങ്ങൾക്കും തിരഞ്ഞെടുക്കുന്നത് നാം കാണുന്നുണ്ട്
ഈശോ പല അദ്ഭുതങ്ങളും പ്രവര്‍ത്തിച്ചപ്പോള്‍ യാക്കോബ് അവിടുത്തോടൊപ്പമുണ്ടായിരുന്നു.
ഈശോയെ യഹൂദന്മാര് തടവിലാക്കുന്നതിനു മുന്‍പ് ഗത്സമേന്‍ തോട്ടത്തില്‍ അവിടുന്ന് പ്രാര്‍ഥനയ്ക്കായി എത്തിയപ്പോൾ യാക്കോബ് ഉണ്ടായിരുന്നു.
ഈശോയുടെ ശാസനകേട്ട ശിഷ്യൻ!
അധികം തലോടൽ കിട്ടുന്നവർക്കു തന്നെയാണ് അധികശാസനകളും പലപ്പോഴും ലഭിക്കുന്നത്!
ഇത്തിരി ചൂടന്മാരാണ് സെബദീപുത്രന്മാർ ഇരുവരുമെന്നു തോന്നിയിട്ടുണ്ട്. എടുത്തുചാട്ടവും തൻ്റേടവും കൂടപ്പിറപ്പാണ്. രണ്ടുവാക്ക് എതിരാളികളുടെ മുഖത്തുനോക്കിപ്പറയാൻ യാതൊരു മടിയുമില്ല. പറ്റില്ലെന്നു പറയണമെങ്കിൽ പറ്റില്ലെന്ന് പറയും, തടയണമെങ്കിൽ തടയും! വാടാ എങ്കിൽ വാടാ പോടാ എങ്കിൽ പോടാ !☺ അതായിരുന്നു രീതി.
ഈശോ അവരെ സ്നേഹിച്ചും, ശാസിച്ചും, കൂടെ കൊണ്ടുനടന്നു മാതൃക കാട്ടിയുമൊക്കെയാണ് മിനുക്കിയെടുക്കുന്നത്!
രണ്ട് ഉദാഹരണങ്ങൾ…
ഈശോയുടെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുന്ന ഒരാളെ യാക്കോബും യോഹന്നാനും കാണുകയാണ്! ശിഷ്യന്മാരായ തങ്ങളല്ലാതെവേറെ ആളുകൾ ഈശോയുടെ നാമം ഉപയോഗിക്കുന്നോ? “പറ്റില്ല” കട്ടായം പറഞ്ഞ് അവർ അയാളെ തടഞ്ഞു! അതറിഞ്ഞ് ഈശോ, പക്ഷേ അവരുടെ കൂടെ നിന്നില്ല! “ഈശോ പറഞ്ഞു: അവനെ തടയേണ്ടാ, എന്തെന്നാല്‍, നിങ്ങള്‍ക്ക് എതിരല്ലാത്തവന്‍ നിങ്ങളുടെ ഭാഗത്താണ്.”
ജറുസലേമിലേക്ക് പോകുന്നവഴിയെ ഈശോ സമറിയായിലെത്തിയപ്പോൾ സമരിയാക്കാർ തിരസ്ക്കരിച്ചത് യാക്കോബിന് സഹിച്ചില്ല.
ഉടനടി അതിനു പ്രതികാരം ചെയ്യണമെന്നാണ് ഇത്തിരി ചൂടന്മാരായ ആ സഹോദരന്മാർ ഈശോയോട് ആവശ്യപ്പെടുന്നത്:
“അവർ പറഞ്ഞു: കര്‍ത്താവേ, സ്വര്‍ഗത്തില്‍നിന്ന് അഗ്നി ഇറങ്ങി ഇവരെ നശിപ്പിക്കട്ടെ എന്ന് ഞങ്ങള്‍ പറയട്ടെയോ?” അപ്പോഴാണ് അവരെ ഈശോ വഴക്കു പറയുന്നത്:
“അവന് തിരിഞ്ഞ് അവരെ ശാസിച്ചു.”(Ref. ലൂക്കാ. 9 53-54).
ഈശോ രാജാവായി വരുമ്പോൾ അവിടുത്തെ ഇരുവശങ്ങളിലും തൻ്റെ രണ്ടുമക്കൾ ഉണ്ടാകണമെന്ന് സലോമി അഭ്യർത്ഥിച്ചത് മറ്റു ശിഷ്യന്മാരുടെ അപ്രീതിക്കു കാരണമായി. എങ്കിലും അവിടുന്ന് സൂചിപ്പിച്ച രക്തസാക്ഷിത്വപാനപാത്രം യാക്കോബ് നുകരുക തന്നെ ചെയ്തു! ഭാഗ്യവാൻ!
“തൻ്റേടി യാക്കോബ് “
യഹൂദന്മാരെപ്പേടിച്ച് ഓടിയൊളിച്ച യാക്കോബ്, പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതോടെ ശക്തിപ്രാപിച്ചു. തുടർന്ന്, മറ്റു ശിഷ്യന്മാരെപ്പോലെ നിരവധി സ്ഥലങ്ങളില്‍ അദ്ദേഹം പ്രേഷിതപ്രവര്‍ത്തനം നടത്തി. സമറിയ, സ്പെയിന്, യൂദയാ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു അദ്ദേഹം സുവിശേഷം പ്രസംഗിച്ചിരുന്നത്.
തൻ്റേടം: രക്തസാക്ഷിത്വത്തോളം
യാക്കോബിൻ്റെയും, യോഹന്നാൻ്റെയും പേരു തന്നെ അവരുടെ സ്വഭാവ പ്രത്യേകതകളെ സൂചിപ്പിക്കുന്നുണ്ട് ‘. “ബൊവനെർജിസ്” അഥവാ ഇടിമുഴക്കത്തിൻ്റെ പുത്രന്മാർ!
എന്തുകൊണ്ടാണ് അവരെ അങ്ങനെ വിശേഷിപ്പിക്കുന്നതെന്നു വ്യക്തമല്ലെങ്കിലും ഒരു കാര്യം ഉറപ്പാണ്: അവർ നമ്മുടെ കർത്താവിനെ അത്യധികമായി സ്നേഹിച്ചിരുന്നു! അവിടുത്തേക്ക് സാക്ഷ്യം വഹിക്കാനുള്ള അനിതരസാധാരണമായ തൻ്റേടം കാട്ടിയിരുന്നു!
യേശുവിന്റെ ശിഷ്യന്മാരില് ഏറ്റവുമാദ്യം രക്തസാക്ഷിത്വം വരിച്ചത് യാക്കോബായിരുന്നു.
നടപടി പുസ്തകത്തില്‍ യാക്കോബിന്റെ മരണത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. ”അക്കാലത്ത് ഹേറോദോസ് രാജാവ്, സഭയില്‍ പെട്ട യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാളിനിരയാക്കി.” (നടപടി 12:1-2) എ.ഡി. 42-44 കാലത്താണ് അദ്ദേഹം രക്തസാക്ഷി മകുടം ചൂടിയതെന്നു കരുതാം.
ഈശോയില്‍ വിശ്വസിക്കുന്നവരുടെ എണ്ണം വളരെ പെട്ടെന്ന് വിപുലീകരിക്കപ്പെട്ടു. അതു സഹിക്കാനാവാതെ യഹൂദന്മാരെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ് യാക്കോബിനെ ഹെറോദേസ് അഗ്രിപ്പാ തടവിലാക്കിയത്. അദ്ദേഹത്തെ നെഞ്ചിലൂടെ വാള് കയറ്റിവിട്ടാണു കൊന്നത്
തൻ്റേടം:
രക്തസാക്ഷിത്വസമയത്ത്…
ഉയിർപ്പ് തിരുനാളിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വലിയ യാക്കോബിൻ്റെ രക്തസാക്ഷിത്വം.
വിചാരണസമയത്തു മാത്രമല്ല, വിധി സമയത്തും അദ്ദേഹം പ്രകാശിപ്പിച്ച ധീരത കണ്ടു മാനസാന്തരപ്പെട്ട് സാക്ഷാൽ ന്യായാധിപൻ തന്നെ മാനസാന്തരപ്പെട്ടു പോയി! ആ ന്യായാധിപൻ വിളിച്ചുപറഞ്ഞു “ഞാനും ഒരുക്രിസ്ത്യാനിയാണ്”
യാക്കോബ് ശ്ലീഹായോടൊപ്പം ആ ന്യായാധിപനും മരണത്തിന് വിധിക്കപ്പെട്ടു. അദ്ദേഹത്തിൻ്റെ ഏക സങ്കടം തനിക്ക് ജ്ഞാനസ്നാനം സ്വീകരിക്കാൻ സാധിക്കാത്തതായിരുന്നു. കൊലയ്ക്ക് കൊണ്ടുപോകുമ്പോൾ ന്യായാധിപൻ ശ്ലീഹായോട് മാപ്പുചോദിക്കുന്ന ഹൃദയസ്പർശിയായ രംഗം പാരമ്പര്യത്തിലുണ്ട്. രക്തസാക്ഷിത്വം ജ്ഞാനസ്നാനത്തിനു പകരമാകുമെന്ന തിരുസഭയുടെ വിശ്വാസമായിരുന്നു ഏകാശ്രയം!
തൻ്റേടി: ചിത്രീകരണം
പൊതുവേ കുതിരപ്പുറത്ത് വാളേന്തി നിൽക്കുന്ന യോദ്ധാവായിട്ടാണ് ഇദ്ദേഹത്തെ ചിത്രീകരിക്കുക. (Gins George -ൻ്റെ കമൻറുകാണുക)
മൂർ വംശജരോടുള്ള യുദ്ധത്തിൽ സ്പാനിഷ് സൈന്യം തോൽവിയുടെ വക്കിൽ നിൽക്കെ വെള്ളക്കുതിരയുടെ പുറത്ത് ഒരു പടയാളിയുടെ രൂപത്തിൽ ഇദ്ദേഹം പ്രത്യക്ഷനായി. ഇതിനെ തുടർന്ന് സ്പാനിഷ് സൈന്യം യുദ്ധം തുടരുകയും വിജയം നേടുകയും ചെയ്തു. ഇദ്ദേഹത്തെ സ്പെയിനിന്റെ സ്വർഗീയ മധ്യസ്ഥനായി വണങ്ങുന്നതും ഈ സംഭവം മൂലമത്രെ!
അത്ഭുതപ്രവർത്തകൻ…
നിരവധി അദ്ഭുതപ്രവൃത്തികളും യാക്കോബ് ശ്ലീഹായുടെ പേരിലുണ്ട്.
ഒരെണ്ണം കുറിക്കാം:
അഞ്ചാഴ്ച മുന്‍പ് മരിച്ച ഒരു ബാലനെ യാക്കോബ് ശ്ലീഹാ ഉയിര്‍പ്പിച്ചു. എന്നാല്‍ ഈ സംഭവം കേട്ടപ്പോള്‍ ആ ബാലന്റെ പിതാവ് പോലും പരിഹസിച്ചു. താന്‍ കഴിച്ചുകൊണ്ടിരുന്ന പക്ഷിയിറച്ചി നോക്കി അയാള്‍ പറഞ്ഞു:
”മരിച്ചുപോയ എന്റെ മകന് ജീവിച്ചെന്നു കേള്‍ക്കുന്നതും ഞാനിപ്പോള്‍ കഴിക്കുന്ന പക്ഷിക്കു ജീവന് വയ്ക്കുന്നതും ഒരു പോലെയാണ്.” അയാളിതു പറഞ്ഞു കഴിഞ്ഞതും പാത്രത്തില്‍ കിടന്ന പക്ഷിക്ക് ജീവന് വയ്ക്കുകയും അത് പറന്നു പോകുകയും ചെയ്തു!
മാതാവെത്തുന്നു വീണ്ടും!
സ്പെയിനില്‍ സുവിശേഷപ്രവര്‍ത്തനം നടത്തിയപ്പോള്‍ വളരെ ചെറിയൊരു വിഭാഗത്തെ മാത്രമേ യാക്കോബിന് ക്രിസ്തു മാർഗ്ഗത്തിൽ കൊണ്ടുവരാന്‍ കഴിഞ്ഞുള്ളുവെന്നും ഇതില്‍ ദുഃഖിതനായിരുന്ന യാക്കോബിന്റെ മുന്നില്‍ പരിശുദ്ധ കന്യാമറിയം പ്രത്യക്ഷപ്പെടുകയും മാതാവിന്റെ നിര്‍ദേശപ്രകാരം അവിടെ അദ്ദേഹം ഒരു ദേവാലയം പണിതെന്നും പാരമ്പര്യം.
വിശുദ്ധ യാക്കോബിൻ്റെ, ഈശോയോടുള്ള പ്രത്യേകസ്നേഹവും, ജ്വലിക്കുന്ന തീഷ്ണതയും, രക്തസാക്ഷിത്വ ധീരതയും നമ്മെ പ്രചോദിപ്പിക്കട്ടെ…
BY, സൈ
നമുക്ക്പ്രാർത്ഥിക്കാം…
സെബദീപുത്രന്മാരിൽ ഒരുവനും കർത്താവായ യേശുക്രിസ് തുവിന്റെ ബന്ധുവും ഇടിമുഴക്കത്തിന്റെ പുത്രൻ എന്ന് അറിയപ്പെടുന്നവനുമായ വിശുദ്ധ യാക്കോബ് ശ്ലീഹായേ ദിവ്യഗുരുവായ യേശുക്രിസ്തുവിന്റെ സത്യപ്രബോധനം വഴിയായ് സ്പെയിൻ രാജ്യത്തെ ക്രൈസ്തവ രാജ്യമാക്കിയല്ലോ.
ക്രൂശിതന് സാക്ഷ്യം വഹിക്കാൻ ഹെരോദ് അഗ്രിപ്പായുടെ നിഷ്ടൂര വാളിന്റെ മുൻപിൽ സധൈര്യം കഴുത്ത് കാണിച്ച് ശിരച്ഛേദനം വഴിയായ് രക്തസാക്ഷിമകുടം ചൂടിയ അപ്പസ്തോല പ്രമുഖനെ പാപികളും, ബലഹീനരും, ക്ലേശിതരും, പീഡിതരുമായ
ഞങ്ങളെ സഹായിക്കണമേ, ശത്രുക്കളുമായുള്ള ഘോരയുദ്ധത്തിൽ, വലിയ പരാജയഭീതിയോടെ തങ്ങളുടെ അപ്പസ്തോലനായ അങ്ങയുടെ മാദ്ധ്യസ്ഥം യാചിച്ച, സ്പെയിൻ രാജ്യത്തെ ശത്രുകരങ്ങളിൽ നിന്നും രക്ഷിക്കാൻ വെള്ളക്കുതിരപ്പുറത്ത്, വെള്ളിടിത്തീപോലെ ജ്വലിക്കുന്ന വാളുമേന്തി സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിവന്ന്, അങ്ങ് പടപൊരുതിയല്ലോ. റഫായേൽ മാലാഖയും സ്വർഗ്ഗസൈന്യങ്ങളും അങ്ങയോട് ചേർന്ന് യുദ്ധം ചെയ്യുകയും, ശത്രുക്കളെ നിഷ്കരുണം വധിച്ച് വലിയ വിജയം നേടിക്കൊടുക്കുകയും ചെയ്ത വല്ലോ. അമാദേവൂസ് എന്ന ദുഷ്ടപിശാചിൽ നിന്നും സാറായേയും തോബിയാസിനെയും രക്ഷിച്ച റഫായേൽ മാലാഖയോട് ചേർന്ന് ജിൻ എന്ന ദുഷ്ടശക്തിയിൽ നിന്നും അവന്റെ ദുഷ്ടരായ ദൂതന്മാരിൽ നിന്നും സകല ക്രൈസ്തവവിശ്വാസികളെയും പ്രത്യേകിച്ച് എന്നെയും രക്ഷിക്കേണമേ. ഗുരുവും കർത്താവുമായ യേശുക്രിസ്തുവിന്റെ സ്വർഗ്ഗീയ മഹത്വത്താൽ അവന്റെ വലംഭാഗത്ത് ആയിരിക്കുവാൻ അഭിലഷിച്ച അങ്ങേയ്ക്ക് സ്വർഗ്ഗത്തിൽ ലഭിച്ചിരിക്കുന്ന ഉന്നതമായ മഹത്വത്തിൽ നിന്നും അങ്ങേ മദ്ധ്യസ്ഥം യാചിക്കുന്ന ഞങ്ങളെ സഹായിക്കേണമേ.
നിത്യസൗഭാഗ്യത്തിന്റെ ഉറവിടവും അ നുഗ്രഹത്തിന്റെ നീർച്ചാലുമായ ദൈവമേ അവിടുത്തെ പ്രിയസുതനായ യേശുക്രിസ്തു വഴി മാനവകുലത്തിന് നൽകിയ രക്ഷയുടെ ഫലങ്ങൾ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ മദ്ധ്യസ്ഥതയാൽ ഞങ്ങളിൽ വർഷിക്കുന്നതിന് അങ്ങേയ്ക്ക് നന്ദി പറയുന്നു. ഈ ധന്യ വിശുദ്ധന്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥതയിൽ ദുഷ്ടാരൂപികളിൽ നിന്നും അവയുടെ അധീശന്മാരിൽ നിന്നും അവർ നടത്തുന്ന മന്ത്രവാദം, ക്ഷുദ്രപ്രയോഗം, എന്നിവയുടെ ബന്ധനങ്ങളിൽ നിന്നും ഞങ്ങൾ സംരക്ഷിക്കപ്പെടട്ടെ. ആത്മീയവും മാനസികവും ഭൗതികവുമായ നന്മകളാലും സ്വർഗ്ഗീയ അനുഭവങ്ങളാലും ഞങ്ങൾ സമ്പന്നരായിത്തീരട്ടെ. എല്ലാവിധ രോഗങ്ങളിൽ നിന്നും കൃഷിനാശത്തിൽ നിന്നും ഞങ്ങൾ സംരക്ഷിതരായിരിക്കട്ടെ. ഇപ്പോഴും എപ്പോഴും എന്നേയ്ക്കും ആമ്മേൻ.