Fr. Sheen Palakkuzhy
ഒരിക്കൽ സാഹസികനായ ഒരു സഞ്ചാരി ഒരു ദൂരയാത്ര പുറപ്പെട്ടു. മലയും പുഴയും കാടും നാടുമൊക്കെ താണ്ടി ഒറ്റയ്ക്കാണ് യാത്ര. ഒടുവിൽ അയാൾ ഒരു മലയടിവാരത്തിലെത്തി. ആ മലകടക്കണമെങ്കിൽ ഇടുങ്ങിയ ഒരു തുരങ്കത്തിലൂടെ യാത്ര ചെയ്യണം. കുറ്റാക്കൂരിരുട്ട് നിറഞ്ഞ തുരങ്കമാണ്, അയാൾക്ക് ഭയം തോന്നി. എങ്കിലും ധൈര്യം സംഭരിച്ച് അയാൾ യാത്ര തുടങ്ങി.
കുറച്ചു ദൂരം ചെന്നപ്പോൾ അയാൾക്കു നല്ല ഭയമായി. മുന്നിലും പിന്നിലും കട്ടപിടിച്ച ഇരുട്ടാണ്. കൂടെ ആരുമില്ല. പുറം ലോകവുമായി ഒരു ബന്ധവുമില്ല. അയാളുടെ ധൈര്യം ചോർന്നു. കൈകാലുകൾ വിറച്ചു. തിരികെപ്പോയാലോ എന്ന് അയാൾ ചിന്തിച്ചു. തിരികെപ്പോയാൽ തനിക്ക് ലക്ഷ്യസ്ഥാനത്തെത്തിച്ചേരാൻ കഴിയില്ല. താനിതുവരെ നടത്തിയ യാത്ര മുഴുവൻ വെറുതേയാവും.
എന്തു ചെയ്യണമെന്നറിയാതെ ആശങ്കാകുലനായി നിൽക്കുമ്പോൾ തുരങ്കത്തിനുള്ളിൽ അൽപ്പം അകലെ നിന്ന് ഒരു ശബ്ദം കേട്ടു. ആരോ ഉച്ചത്തിൽ എന്തോ വിളിച്ചു പറയുകയാണ്.
“ഏയ്… തുരങ്കത്തിലാരെങ്കിലുമുണ്ടോ? ഉണ്ടെങ്കിൽ ധൈര്യമായി മുന്നോട്ടു പോരൂ. ഞാൻ മുന്നിലുണ്ട്. എനിക്കിവിടെ നിന്നാൽ തുരങ്കത്തിന്റെ അവസാനം കാണാൻ കഴിയുന്നുണ്ട്. അവിടെ വെളിച്ചമുണ്ട്. ആരെങ്കിലുമുണ്ടെങ്കിൽ ഭയപ്പെടണ്ട, ധൈര്യമായി പോരൂ.”
അയാൾക്കു മുന്നേ പോയ ഏതോ സഞ്ചാരിയാണ്. തുരങ്കത്തിന്റെ അറ്റം കണ്ടെത്തിയ സന്തോഷത്തിൽ അയാൾ വിളിച്ചു പറഞ്ഞതാണ്. ആ വാക്കുകൾ കേട്ടപ്പോൾ അയാൾക്കു വലിയ ആശ്വാസമായി. മുന്നോട്ടു പോകാൻ അയാൾക്കു വലിയ ധൈര്യം കിട്ടി. അയാൾ മുന്നോട്ടു പോയി തുരങ്കം കടക്കുകയും യാത്ര പൂർത്തിയാക്കുകയും ചെയ്തു.
ഇതാണ് സുവിശേഷം!
The Word which liberates and leads!
തുരങ്കത്തിനു പുറത്തേക്കു പോകും മുമ്പ്, പിന്നാലെ വരുന്നവരോട് താൻ വെളിച്ചം കണ്ട കാര്യം ഉച്ചത്തിൽ വിളിച്ചു പറയാനും അയാൾ മറന്നില്ല.
ഇതാണ് സാക്ഷ്യം!
The Word which strengthens and inspires!
എനിക്കു തോന്നുന്നു, ഇരുളിനപ്പുറത്ത് വെളിച്ചമുണ്ടെന്ന് ആദ്യം വിളിച്ചു പറഞ്ഞവൻ മറ്റാരുമല്ല, അത് ഉത്ഥിതനായ ക്രിസ്തുവാണ് എന്ന്. മരണത്തിന്റെ ഇരുണ്ട ഇടനാഴിയിലൂടെ കടന്നു പോയി ഉത്ഥാനത്തിന്റെ വെളിച്ചം ദർശിച്ച ക്രിസ്തു!
അതുകൊണ്ടാവും ക്രിസ്തു പറഞ്ഞത് ഞാനാണ് വാതിൽ, ഞാനാണ് വഴി, ഞാനാണ് പ്രകാശം എന്നൊക്കെ! ഉയിർപ്പു തിരുനാളു കൂടി തിരികെ മടങ്ങുന്നത് ഈ പ്രകാശം പങ്കുവയ്ക്കാൻ വേണ്ടിയാകട്ടെ!