ജോസഫ് പാണ്ടിയപ്പള്ളിൽ
ഏലിയ സ്ലീവാ മോശക്കാലം അഞ്ചാം ഞായർ : Mt: 25:31-46
അന്ത്യവിധിയെക്കുറിച്ചുള്ള സുവിശേഷ ഭാഗമാണ് ഇന്ന് നമ്മൾ ശ്രവിച്ചത്. നമ്മിൽ ഒരുപക്ഷെ ആശങ്കയും ഭയവും ഉളവാക്കുന്ന വചനഭാഗം ആണിത്. ലോകം ഒരിക്കൽ അവസാനിക്കുമെന്നും അന്ന് ക്രിസ്തു നമ്മെ വിധിക്കും എന്നും ഈ സുവിശേഷഭാഗത്ത് വ്യക്തമായി പറയുന്നു. നീതിമാന്മാരെ തന്റെ വലതു വശത്തും നീതിരഹിതരെ തന്റെ ഇടതുവശത്തും നിർത്തും എന്നും നീതിമാന്മാരെ സ്വർഗ്ഗത്തിലേക്കും നീതിരഹിതരെ നരകത്തിലേക്കും അയക്കും എന്നും ക്രിസ്തു പറയുന്നു.
ഒരർത്ഥത്തിൽ സ്നേഹിക്കുന്ന ദൈവത്തെക്കുറിച്ചു പ്രഘോഷിക്കുന്ന നമുക്ക് കഠിനമായി ശിക്ഷിക്കുകയും നിത്യ നരകത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ദൈവത്തെക്കുറിച്ചു ചിന്തിക്കുകപോലും അസാധ്യമാണ്. അതുകൊണ്ടു ഭയക്കുന്നതിനും ആകുലപ്പെടുന്നതിനും പകരം ക്രിസ്തു എന്തുകൊണ്ട് ഇത്ര കഠിനമായി സംസാരിക്കുന്നു എന്നും ക്രിസ്തു എന്താണ് അതുവഴി ഇദ്ദേശിച്ചത് എന്നുമാണ് നമ്മൾ ചിന്തിക്കേണ്ടത്. അതായത് ഇന്ന് സുവിശേഷത്തിൽ നമ്മൾ ശ്രവിച്ച വാക്കുകൾ ഈശോ ജീവിച്ച കാലത്തെ മനുഷ്യരുടെ വിശ്വാസത്തിന്റെയും ജീവിത വിക്ഷണത്തിന്റെയും പശ്ചാത്തലത്തിൽ വേണം മനസിലാക്കുവാൻ.
ഒപ്പം വചനം വ്യാഖ്യാനിക്കുമ്പോൾ അതെഴുതപ്പെട്ട കാലത്തെ മനുഷ്യരുടെ പെരുമാറ്റ രീതിയും പരിഗണിക്കണം. അതുപോലെതന്നെ ക്രിസ്തുവിന്റെ അദ്ധ്യാപനരീതിയും പരിഗണിക്കണം. ചില മനുഷ്യർക്ക് ചില കാര്യങ്ങൾ ബോദ്ധ്യപ്പെടാൻ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള താക്കീത് ആവശ്യമാണ്. എങ്കിലേ ചില കാര്യങ്ങൾ അവരുടെ മനസിൽ പതിയുകയുള്ളൂ. ശക്തമായ നിർദേശങ്ങളും കൃത്യമായ താക്കീതും ഇല്ലാതെ അത്തരക്കാർ ശരിയായി ജീവിക്കുകയോ കൃത്യമായി പ്രവർത്തിക്കുകയോ ഇല്ല. മറ്റു ചിലരെയാകട്ടെ കർശനമായ നിലപാടുകളും അത്തരം ഭാഷാപ്രയോഗങ്ങളും വേദനിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യും.
വേറെ ചിലർക്കാകട്ടെ സ്നേഹപൂർവമായ നിർദേശങ്ങൾ മതിയാകും കാര്യങ്ങൾ മനസിലാക്കാൻ; അതുപോലെ സ്നേഹപൂർവമായ നിർദേശങ്ങൾ മാത്രമേ ചിലരെ സഹായിക്കുകയുള്ളൂ. ക്രിസ്തുവിന്റെ അന്നത്തെ ശ്രോതാക്കൾക്ക് ശക്തമായ താക്കീത് ആവശ്യമായിരുന്നു എന്നും ഇന്നും നമ്മിൽ ചിലരിൽ സൗമ്യവും സ്നേഹപൂര്വവുമായ നിർദേശങ്ങൾ ചലനങ്ങൾ ഉണ്ടാക്കില്ല എന്നുമാണ് ഇന്നത്തെ വചനം വായിച്ചപ്പോൾ എനിക്ക് തോന്നിയത്. ഇത്തരം താക്കീതുകളിലൂടെ ക്രിസ്തു ഉദ്ദേശിക്കുന്നത് തന്റെ അനുയായികളെ താൻ പഠിപ്പിച്ച പാഠങ്ങളിലും താൻ ജീവിച്ച ശൈലിയിലും നിലനിർത്തുകയും വളർത്തുകയുമാണ്. അതായത് ക്രിസ്തു നൽകുന്ന സന്ദേശം ക്രിസ്തീയ സ്നേഹവും മാനവ ധാർമ്മികതയും ജീവിത്തിൽ പ്രകടമാക്കണമെന്നാണ്. അതിനുള്ള മാനദണ്ഡങ്ങൾ വ്യക്തമായി ക്രിസ്തു നൽകുന്നു.
വിശക്കുന്നവരെയും ദാഹിക്കുന്നവരെയും ഭവനരഹിതരെയും പരദേശികളെയും വസ്ത്രമില്ലാത്തവരെയും കാരാഗൃഹവാസികളെയും നമുക്ക് തുല്യരായി അംഗീകരിക്കുകയും സ്വീകരിക്കുകയും സഹായിക്കുകയും ചെയ്യുക. അവരിൽ ക്രിസ്തുവിനെ കാണുക. ക്രിസ്തു ഇന്ന് നമുക്കു മുൻപിൽ എത്തിയാൽ എങ്ങനെ ക്രിസ്തുവിനെ നമ്മൾ സ്വീകരിക്കുമോ അതുപോലെ താല്പര്യപൂർവം അവരെ സ്വീകരിക്കുക. അത്രമാത്രം സ്നേഹവും താല്പര്യവും ആദരവും ഇവരോട് ഉണ്ടായിരിക്കുക. അതായത് ദൈവത്തെ എല്ലാവരുടെയും പിതാവായും എല്ലാ മനുഷ്യരെയും സഹോദരങ്ങളായും കരുതുന്ന ക്രിസ്തീയ ധാർമികതയും ക്രിസ്തീയ സ്നേഹവും പ്രകടമാക്കുകയാണ് നമുക്കു സ്വർഗ്ഗത്തിലേക്കുള്ള വാതിൽ.
ക്രിസ്തു ജീവിച്ചതും നിർദേശിച്ചതുമായ ജീവിതശൈലി അനുദിന ജീവിതത്തിൽ പാലിക്കുക നമുക്ക് അത്ര എളുപ്പമല്ല. ദേവാലയത്തിൽ സന്നിഹിതനായിരിക്കുന്ന ദൈവത്തെ ആരാധിക്കാൻ നമുക്ക് എളുപ്പമാണ്. വിശുദ്ധ കുർബാനയിൽ കത്തിച്ച തിരികൾക്ക് നടുവിൽ എഴുന്നള്ളിച്ചുവച്ചിരിക്കുന്ന ദൈവ സാന്നിധ്യത്തിന് മുൻപിൽ കുമ്പിടുന്നതും എളുപ്പമെന്നു മാത്രമല്ല അത് നമുക്കു നൽകുന്ന ആൽമനിർവൃതിയും അതുല്യവുമാണ്. എന്നാൽ വിശപ്പിന്റെയും വേദനയുടെയും രോഗത്തിന്റെയും അവഗണയുടെയും നടുവിൽ ഗതിയില്ലാതെ വിഷമിക്കുന്നവരിൽ ദൈവത്തെ കണ്ടെത്തുക പ്രയാസമാണ്. നമ്മുടെ ആരാധനയും പ്രാർത്ഥനയും ബലിയർപ്പണവും ദൈവത്തെ യഥാർത്ഥ ജീവിതസാഹചര്യങ്ങളിൽ കണ്ടെത്താനും അംഗീകരിച്ചാദരിക്കാനും സഹായിക്കണം.
അതിന് പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന അനുഷ്ടാനങ്ങളും പ്രചോദകമുഹൂർത്തങ്ങളുമാണ് പ്രാർത്ഥനയും ആരാധനയും. നിർഭാഗ്യമെന്നു പറയട്ടെ നമ്മൾ പലപ്പോഴും ക്രിസ്തുവിന്റെ രൂപങ്ങളും പ്രതീകങ്ങളും വണങ്ങിയും ആരാധിച്ചും നിർവൃതി അടയുകമാത്രം ചെയ്യുന്നവരാണ്. അങ്ങനെ ആയാൽ ആരാധനയും അനുഷ്ഠാനങ്ങളും മനുഷ്യനെ മയക്കുന്ന കറുപ്പായി അധഃപതിക്കും. അതൊരിക്കലും സംഭവിക്കാൻ ഇടയാകരുത്.
യഥാർത്ഥ ജീവിതം ദേവാലയത്തിന് പുറത്തും പ്രാർത്ഥനയുടെയും ആരാധനയുടെയും മണിക്കൂറുകൾക്ക് അപ്പുറത്തും ആണ്.
നമ്മുടെ ദൈവവിശ്വാസത്തിന്റെ ആഴവും ആധികാരികതയും അളക്കപ്പെടുന്നത് ദേവാലയത്തിന് പുറത്തും പ്രാർത്ഥന മണിക്കൂറുകൾക്ക് അപ്പുറത്തുമുള്ള നമ്മുടെ പെരുമാറ്റത്തിന്റെയും പ്രവൃത്തികളുടെയും രീതിയും ഭാവവും അനുസരിച്ചാണ്. ആരാധനയും അനുഷ്ഠാനങ്ങളും, ദൈവഹിതമനുസരിച്ചു ജീവിക്കാൻ സഹായിക്കുന്ന പ്രതീകങ്ങളും അടയാളങ്ങളും പ്രേരകശക്തികളും ആണ്. ജീവിതമാണ് പ്രധാനം. എങ്ങനെ ജീവിക്കുന്നു; എങ്ങനെ പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്യുന്നു എന്നത് ആണ് പ്രധാനം. നമ്മുടെ സഹായം ആവശ്യവുള്ളവരെ സഹായിക്കുന്നത് ദൈവരാജ്യപ്രവേശനത്തിന്റെ മാനദണ്ഡമായി ക്രീസ്തു അവതരിപ്പിക്കുന്നു.
ദേവാലയത്തിലെ ആരാധനയെക്കാൾ കൂടിയ ആരാധന ആണിത്. ദേവാലയത്തിലെ ആരാധന വിശിഷ്ടമായ ഈ ആരാധനക്ക് നമ്മെ പ്രാപ്തരാക്കുന്നു. 2015-ൽ കരുണയുടെ വർഷം ആരംഭിച്ചപ്പോൾ ഫ്രാൻസിസ് മാർപ്പാപ്പ കരുണയുടെ പ്രവൃത്തികൾ ചെയ്യാൻ ആഹ്വാനം ചെയ്തിരുന്നു. ഏഴ് കരുണയുടെ പ്രവൃത്തികൾ അക്കമിട്ട് മാർപ്പാപ്പ അന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. അവ: 1.വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുക, 2.ദാഹിക്കുന്നവർക്ക് പാനീയം കൊടുക്കുക, 3.വിദേശികൾക്ക് പാർപ്പിടം കൊടുക്കുക, 4.വസ്ത്രമില്ലാത്തവർക്ക് വസ്ത്രം കൊടുക്കുക, 5.രോഗികളെ ശുസ്രൂഷിക്കുക, 6.കാരാഗൃഹവാസികളെ സന്ദർശിക്കുക, 7.മരിച്ചവരെ അടക്കുക എന്നിവ ആയിരുന്നു.
ഇന്നത്തെ സുവിശേഷത്തിൽ ക്രിസ്തു തന്റെ വലതുഭാഗത്ത് നിർത്തപ്പെടാനും ദൈവരാജ്യത്തിൽ സ്വീകാര്യരാകാനും ആവശ്യപ്പെടുന്ന കർമ്മങ്ങളും കരുണയുടെ പ്രവൃത്തികളായി ക്രൈസ്തവർ അനുഷ്ടിക്കണമെന്നു ഫ്രാൻസിസ് മാർപ്പാപ്പ നിർദേശിക്കുന്ന കാര്യങ്ങളും
ഒന്ന് തന്നെയാണ്. കരുണയുടെ വർഷം ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോൾ ലോകമെങ്ങും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ദേവാലയങ്ങളിൽ കരുണയുടെ കവാടം ആഘോഷമായി തുറക്കപ്പെട്ടു. നിശ്ചയിക്കപ്പെട്ട ഈ ദേവാലയങ്ങൾ സന്ദർശിക്കുന്നവർക്ക് മാർപ്പാപ്പ പാപമോചനം ആശംസിച്ചതനുസരിച്ചു ഒട്ടനവധിപേർ ഈ ദേവാലയങ്ങൾ സന്ദർശിക്കുകയും നേർച്ചകാഴ്ചകൾ നടത്തുകയും ചെയ്തു.
അതുപോലെ ലോകത്തുള്ള എല്ലാ കത്തോലിക്കാ ദൈവാലയങ്ങളിലും കരുണയുടെ വർഷത്തിൽ നിരവധി അത്യാഘോഷവും ഭക്തിസാന്ദ്രവുമായ ആരാധനകൾ നടത്തപ്പെട്ടു. ജനം ദേവാലയത്തിൽ തിങ്ങിനിറഞ്ഞു. കരുണയുടെ വർഷം ആഘോഷിച്ചിട്ട് ഇന്ന് ഏഴു വർഷങ്ങളായി. ഈ ഏഴു വര്ഷങ്ങളിക്കിടയിൽ നമ്മൾ എത്രമാത്രം കരുണയുടെ പ്രവൃത്തികൾ ചെയ്തുട്ടുണ്ട് എന്നും കരുണയുടെ വാക്കുകൾ സംസാരിച്ചിട്ടുണ്ട് എന്നും കരുണയുടെ ഭാവം ഉൾക്കൊണ്ടിട്ടുണ്ട് എന്നും ഒരു ആൽമപരിശോധന നല്ലതാണ്.
“ആ മലയിലോ ഈ മലയിലോ അല്ല സത്യത്തിലും അരൂപിയിലും ആണ് ദൈവത്തെ ആരാധിക്കേണ്ടത്” എന്ന് പറഞ്ഞ ക്രിസ്തു തന്നെയാണ് പറയുന്നത്, കരുണയുടെ പ്രവൃത്തികളാണ് നിത്യജീവൻ പ്രാപിക്കാനുള്ള മാർഗ്ഗമെന്ന്. ദൈവത്തിന്റെ ഭാവം കരുണയും സ്നേഹവും ആണ്. ക്രിസ്തു കരുണയുടെ സുവിശേഷം പ്രസംഗിച്ചു. അവിടുന്ന് കരുണയുടെ പ്രവൃത്തികൾ ചെയ്തു. കരുണയുടെ പ്രവൃത്തികൾ ചെയ്യാൻ തന്റെ അനുയായികളെ അവിടുന്ന് ആഹ്വാനം ചെയ്തു. കാരുണ്യം തേടുന്നവർ കൂട്ടമായി ക്രിസ്തുവിന്റെ പക്കലേക്ക് ചെന്നു. അവർക്കെല്ലാം അവിടുന്ന് കാരുണ്യവും സ്നേഹവും നൽകി. ദൈവം കാരുണ്യവും സ്നേഹവും ആണെന്ന് പഠിപ്പിച്ച ഈശോ “എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു” എന്നും പഠിപ്പിച്ചു.
കരുണയുടെ പ്രവൃത്തികൾ നിരന്തരം ചെയ്യുന്നവരും കരുണ ആവശ്യമായവർക്കുവേണ്ടി ജീവിതം മാറ്റിവച്ചിരിക്കുന്നവരുമായ ഒരുപാട് ക്രൈസ്തവർ നമുക്കിടയിൽ ഉണ്ട്. അവരെ ആദരിക്കാനും നമ്മളോരോരുത്തരും കരുണയുടെ പ്രവൃത്തികൾ കൂടുതലായി ചെയ്യാനും ഈ സുവിശേഷഭാഗം നമ്മെ പ്രേരിപ്പിക്കട്ടെ. കാരുണ്യത്തിന്റെ മൂർത്തീഭാവമായ ദൈവത്തിന് നമ്മെ തന്റെ ഇടതുഭാഗത്ത് നിർത്താനും നിത്യ നരകത്തിലേക്ക് തള്ളിവിടാനും ആകില്ല എന്ന് നമുക്ക് ഉറച്ചു വിശ്വസിക്കാം.
ഒപ്പം കാരുണ്യവും സ്നേഹവുമായി അവതരിക്കുന്ന ദൈവത്തിന്റെ മക്കളായ നമുക്ക് നിത്യേന കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും വാക്കുകളും പ്രവൃത്തികളും മാത്രമേ പറയാനും ചെയ്യാനും ആകൂ എന്നും ബോധ്യപ്പെടാം. “ദൈവം അവനിൽ മഹത്വപ്പെട്ടു എങ്കിൽ ദൈവം അവനെ തന്നിൽ മഹത്വപ്പെടുത്തും” ” (യോഹ.13:32) എന്ന് ഇശോയെക്കുറിച്ചു വി യോഹന്നാന്റെ സുവിശേഷത്തിൽ വായിക്കുന്നപോലെ കരുണയുടെ പ്രവൃത്തികൾ ചെയ്യുന്ന നമ്മെ ദൈവം തന്നിൽ മഹത്വപ്പെടുത്തുകയും ക്രിസ്തു തന്റെ വലതുഭാഗത്ത് നിർത്തുകയും ചെയ്യും എന്ന് നമുക്ക് വിശ്വസിക്കാം.