SR. JYOTHI MSMI
‘കക്കുകളി ‘വെറുമൊരു നാടകമല്ലേ? ആവിഷ്കാര സ്വാതന്ത്ര്യമല്ലേ? ഒരു കഥയുടെ ദൃശ്യാവിഷ്കാരമല്ലേ ?എന്തിനാണ് ഇത്രയധികം പ്രതിഷേധിക്കാൻ നിങ്ങൾ തുനിഞ്ഞിറങ്ങുന്നത് എന്ന് ചോദിക്കുന്നവരോട്…
ഈ കഥാരൂപം ഇങ്ങനെ സൃഷ്ടി പ്രാപിക്കുന്നതിന് മുമ്പ്, നിങ്ങളിൽ രൂപം പ്രാപിച്ചത് എന്താണെന്ന് ഞങ്ങൾക്ക് നന്നായി മനസ്സിലാകുന്നു … ഓരോ സാഹിത്യ സൃഷ്ടിയും ക്രിയാത്മകമായ ആത്മാവിഷ്കാരമാണ്. എങ്കിൽ നിങ്ങൾ ഇപ്പോൾ രൂപപ്പെടുത്തിയ ഈ നാടകകൂത്ത് നിങ്ങളുടെ ആത്മാവിൽ ബാധിച്ച അന്ധതയുടെ പ്രകടനമല്ലേ? നിങ്ങളാണോ സമൂഹത്തിൽ വെളിച്ചം പകർത്താനായി പരിശ്രമിക്കുന്നത്? നിങ്ങൾ പകരുന്നത് ഇരുട്ടാണെന്നും കൂപ്പുകുത്തി വീഴുന്നത് ഇരുട്ടിന്റ അഗാധ ഗർത്തങ്ങളിലേക്ക് ആണെന്നും നിങ്ങൾ അറിയുന്നില്ല എന്നതാണ് ഞങ്ങളുടെ ദുഃഖം.
ക്രൈസ്തവ സന്യസ്തർ ക്രിസ്തുവിന്റെ പ്രകാശത്തിൽ ചരിക്കുന്നവരാണ്. ഈ പ്രകാശത്തെ നിങ്ങൾ ഭയക്കുന്നു… ക്രൈസ്തവ സന്യാസത്തെ ഭയക്കുന്ന മതമൗലിക വാദികളെ, നിങ്ങളോട് ഞങ്ങൾക്ക് പറയാനുള്ളത്… ഇരുട്ടിന്റെ ആയുസ്സ് വെളിച്ചം വരുന്നത് വരെ മാത്രമാണ്. അതിനുശേഷം ഇരുട്ടിന് നിലനിൽപ്പില്ല. നിങ്ങളുടെ കണ്ണുകളിലെയും ഹൃദയത്തിലെയും അന്ധത സമൂഹത്തിന്റെയും സഭയുടെയും സമുദായത്തിന്റെയും സകല പ്രസ്ഥാനങ്ങളുടെയും അന്ധതയായി നിങ്ങൾക്കനുഭവപ്പെടുന്നു. നിങ്ങളിലെ വെളിച്ചത്തിന്റെ കുറവിനെ ആണ് പരിഹരിക്കേണ്ടത്.
ഞങ്ങളുടെ ജീവിതം പകരുന്ന പ്രകാശത്തെ അനുകരിച്ച് നിങ്ങളിലും കുടുംബത്തിലും സമൂഹത്തിലും പ്രകാശം പരത്തുകയാണ് വേണ്ടത്. ഞങ്ങൾക്ക് നെഞ്ചുറപ്പോടെ പറയാൻ കഴിയും. നിങ്ങൾക്ക് എഴുതാൻ പേനയും പേന ചലിപ്പിക്കാൻ അക്ഷരങ്ങളും പകർന്നു നൽകിയത് ഞങ്ങളല്ലേ?
നിങ്ങളുടെ യഥാർത്ഥ രൂപമാണ് കക്കുകളി എന്ന നാടക ആവിഷ്കരണത്തിലൂടെ സമൂഹത്തിനു മുമ്പിൽ അവതരിപ്പിച്ചത്. അമ്മയുടെ വസ്ത്രങ്ങൾ പൊതുസമൂഹത്തിന് മുമ്പിൽ അഴിഞ്ഞുവീഴപ്പെടാൻ ഇടയായാൽ പോലും പ്രതികരിക്കാൻ കഴിയാതെ, നന്മ തിന്മകളെ തിരിച്ചറിയാൻ കഴിയാതെ, പകച്ചു നിൽക്കുന്നത് നിങ്ങളാണ്.. കക്കുകളി എവിടെയാണ് അവതരിപ്പിക്കപ്പെട്ടത് ഗുരുവായൂരിൽ…. അവിടെ ഉത്സവത്തിന്റെ ഭാഗമായ സർഗോത്സവത്തിൽ… ക്രൈസ്തവ സന്യാസത്തെ പറ്റി അത്രയധികം ധാരണയില്ലാത്ത കാഴ്ചക്കാരുടെ മുമ്പിൽ…
നിങ്ങൾ ജീവിച്ചിട്ടില്ലാത്ത, നിങ്ങളുടെ അറിവിൽ പോലും ഇല്ലാത്ത ഒരു ജീവിതശൈലിയെ സമൂഹത്തിനു മുമ്പിൽ ഇപ്രകാരം അപഹാസ്യമായി ചിത്രീകരിക്കാൻ മാത്രം അധ:പ്പതിച്ച പോയോ നിങ്ങളുടെ സർഗ്ഗശേഷി? നിങ്ങൾക്ക് ലഭിച്ചിട്ടുള്ള അറിവും വിദ്യാഭ്യാസവും പരിശീലനങ്ങളും എന്താണ് നിങ്ങൾക്കായി സമ്മാനിച്ചത്? സ്വന്തം കൂടെപ്പിറപ്പിനെയും, കൂട്ടത്തെയും, കൂട്ടരേയും തിരിച്ചറിയാൻ കഴിയാത്ത വിധം നിങ്ങൾ അധ: പതിച്ചിരിക്കുന്നു. നിങ്ങൾക്ക് നാണമില്ലേ?
സമൂഹവും സഭയും വളരെ പവിത്രമായി പരിപാവനമായി കണക്കാക്കി കാത്തുസൂക്ഷിക്കുന്ന, തികച്ചും സ്വീകാര്യവും, നന്മ മാത്രം ലക്ഷ്യം വെച്ചു കൊണ്ടുള്ളതുമായ സന്യാസത്തെ ഇത്രമാത്രം താറടിപ്പിച്ച് സമൂഹത്തിന് മുമ്പിൽ വികൃതമാക്കണമെങ്കിൽ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് ആരാണ് എന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.
ലൈംഗിക അരാജകത്വം നിലകൊള്ളുന്ന ഇടമാണ് ക്രൈസ്തവ സന്ന്യാസ സമൂഹങ്ങൾ എന്ന് പൊതുബോധം ഉണ്ടാക്കിയെടുത്ത് വിജയിക്കേണ്ടത് ആർക്കാണ്? നിങ്ങൾ ചിന്തിക്ക്…
നമ്മുടെ ആവിഷ്കാര സ്വാതന്ത്ര്യം സമൂഹത്തെ പടുത്തുയർത്താനും വളർത്താനും ഉറപ്പുള്ളതാക്കാനും വേണ്ടിയുള്ളതായിരിക്കണം. ഞാൻ നിങ്ങളോട് ഒന്ന് ചോദിക്കട്ടെ?
സ്വാതന്ത്ര്യത്തോടെ ആവിഷ്കരിക്കുന്നതെന്തും വാരിവിഴുങ്ങാൻ തക്ക വിഡ്ഢികളല്ല സമൂഹം. നെല്ലും പതിരും തിരിച്ചറിയാൻ കഴിയാത്ത വിധം വിലകെട്ടവരല്ല പൊതുജനം.
ചില വ്യക്തികളുടെ പ്രവർത്തികളുടെ ദോഷം പൊതു സമൂഹത്തിന്റെ ദോഷമായി ചിത്രീകരിക്കാം .എന്നാൽ, ആ ചിത്രരീകരണം സത്യമാണെന്നു പറയരുത്.
പ്രവർത്തിക്കാനുള്ള ശേഷി മനുഷ്യനുള്ള കാലത്തോളം അവൻ പ്രവർത്തിക്കുക തന്നെ ചെയ്യും. എന്ത് പ്രവർത്തി എന്നത് വ്യക്തിയുടെ സ്വാതന്ത്ര്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ അത് മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാകുന്ന പ്രവൃത്തി ആകരുത്.ഞങ്ങൾക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുത്താൻ ആർക്കും അധികാരമില്ല.
അതിനാൽ ഞങ്ങൾ ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്തു ജീവിക്കുന്നസന്ന്യാസത്തേ ഞങ്ങൾ വിലമതിക്കുന്ന ഈ ജീവിത ശൈലിയെ പൊതുസമുഹത്തിന്റെ മുൻപിൽ അവഹേളിച്ച ഈ പ്രവൃത്തി ഇനി ആവർത്തിക്കപ്പെടരുത്. ഈ ജീവിതശൈലിയുടെ നിയന്താവ് ദൈവം തന്നെയായിരിക്കും. ദൈവത്തിന് മാത്രമാണ് ഞങ്ങളുടെ മേൽ അധികാരം ഉള്ളത് കാരണം ഞങ്ങൾ സമർപ്പിച്ചത് അവനാണ് അല്ലാതെ സമൂഹത്തിനോ തുണ സഹോദരികൾക്കോ പ്രസ്ഥാനത്തിനോ മറ്റൊന്നിനുമല്ല.
നേരെമറിച്ച് ഇവയെല്ലാം ഞങ്ങളുടെ സമർപ്പണത്തെ അംഗീകരിക്കുകയും അതിനെ പരിപോഷിപ്പിക്കാനുള്ള വഴികൾ ഒരുക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ജീവിതം ഇപ്രകാരം സമർപ്പിച്ചതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു. പ്രതിസന്ധികളും പ്രശ്നങ്ങളും വെല്ലുവിളികളും നിറഞ്ഞ ഈ കാലഘട്ടത്തിൽ സന്യാസവും ക്രൈസ്തവ ജീവിതവും അവഹേളിക്കപ്പെടുന്ന ഈ സാഹചര്യത്തിൽ നിങ്ങളുടെ മക്കളിൽ ചങ്കുറപ്പോടെ സന്ന്യാസം വരിക്കാൻ ആഗ്രഹിക്കുന്നവർ ഇന്നുമുണ്ടെങ്കിൽ അത് ഈ ജീവിതന്തസ് അന്തസ്സുള്ളതായതുകൊണ്ട് തന്നെആണ്.
26 പേജുകളുള്ള ഒരു കഥയെ സ്വാതന്ത്ര്യ ആവിഷ്കാരത്തിന്റെ പേരിൽ കോൺവെന്റ രംഗം മാത്രം എടുത്ത് അതിൽ വ്യാജങ്ങളും അധിക്ഷേപങ്ങളും എഴുതി തീർത്ത അണിയറ പ്രവർത്തകളോട്…. നിങ്ങൾക്ക് ധൈര്യമുണ്ടോ സന്ന്യാസത്തിന്റ വിശുദ്ധ ജീവിതത്തെ അടുത്ത് നിന്നൊന്ന് നോക്കി കാണാൻ …. പ്രതിഫലം തേടാതെ ആശരണർക്ക് ഒരു നേരമെങ്കിലും തങ്ങേകുവാൻ…. തിരിച്ചൊന്നും ഒന്നും പ്രതീക്ഷിക്കാതെ സമൂഹത്തിൽ നന്മയുടെ സാനിദ്ധ്യമാകാൻ….
അപരന്റെ നല്ലത്തിനുവേണ്ടി സ്വയം ത്യജിക്കാൻ….അതിന് ചങ്കുറപ്പ് വേണം…… ചെയ്യാത്ത കുറ്റം ചുമത്തി അപഹസിക്കുന്നവരെ സഹോദരാരായി കാണാൻ തക്ക ഹൃദയവിശാലത വേണം….തെറ്റിന് നേരെ വിരൽ ചൂണ്ടാനും നന്മയെ എന്തുവില കൊടുത്തും സംരക്ഷിക്കാനുമുള്ള ആർജ്ജവത്തവും വേണം.