നമ്മുടെ നാട് ഏതെങ്കിലും രീതിയിലുള്ള പ്രകൃതിദുരന്തങ്ങളോ പകർച്ചവ്യാധികളോ തുടങ്ങിയ വിപത്തുകൾ നേരിടുന്ന സമയത്ത് മറ്റൊരു ദുരന്തമായി സാമൂഹിക മാധ്യമങ്ങളിൽ വിളയാടുന്ന ഒരു കൂട്ടമാണ് “യുക്തി” വാദികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു യുക്തിയുമില്ലാത്ത വാദങ്ങൾ മാത്രം ഉയർത്തുന്നവർ. അവർക്ക് പ്രളയവും പകർച്ചവ്യാധിയുമൊക്കെ സോഷ്യൽ മീഡിയയിലിരുന്ന് ദൈവത്തെ നിഷേധിക്കാനും ദൈവ വിശ്വാസികളെ പരിഹസിക്കാനുമൊക്കെയുള്ള സുവർണ്ണാവസരങ്ങൾ മാത്രമാണ്.
ദൈവത്തെക്കുറിച്ച് യഥാർത്ഥ ദൈവ വിശ്വാസികൾക്കില്ലാത്ത അന്ധമായ വിശ്വാസമാണിവർക്ക് എന്നുതോന്നും ഇവരുടെ വാദങ്ങൾ കാണുമ്പോൾ. അവരെ സംബന്ധിച്ചിടത്തോളം പ്രകൃതിദുരന്തങ്ങളും മഹാമരിയുമൊന്നും സംഭവിക്കാതെ നോക്കേണ്ടയാളാണ് ദൈവം. ഈ സന്ദർഭങ്ങളിലൊക്കെ സോഷ്യൽ മീഡിയയിൽ അവർ പടച്ചുവിടുന്ന പോസ്റ്റ്കൾ കണ്ടാൽ തോന്നും, അവരുടെ യുക്തിയനുസരിച്ച് പ്രകൃതി ദുരന്തങ്ങളുണ്ടായാൽ, പകർച്ചവ്യാധികൾ ഉണ്ടായാൽ അതിനർത്ഥം അത് ദൈവമില്ല എന്നതിന്റെ തെളിവാണ് എന്നാണ്. അവരുടെ ലോജിക് വർക്ക് ചെയ്യുന്നത് ഇപ്രകാരമാണ്: Presence of A is the evidence for the absence of B. അതായത്, പ്രകൃതി ദുരന്തങ്ങളും പകർച്ചവ്യാധിയും (A) ദൈവം (B) ഇല്ലെന്നതിന്റെ തെളിവ്.
ഈ വാദം ശരിയാണെങ്കിൽ അതിനൊരു മറുവശമുണ്ട്; Absence of A is the evidence for the presence B.അതായത്, ദുരന്തങ്ങൾ (A) ഇല്ലാത്ത സന്തോഷപൂർണ്ണമായ ഒരു സമയമുണ്ടല്ലോ അത് ദൈവം (B) ഉണ്ട് എന്നതിന്റെ തെളിവുമാകാണമല്ലോ..അതായത്, മനുഷ്യജീവിതത്തിൽ വളരെ ചെറിയ ഒരു കാലയളവു മാത്രമാണ് ഈ ദുരന്തങ്ങൾ സംഭവിക്കുന്നത്. ജീവിതത്തിന്റെ വലിയൊരുഭാഗം സമയവും നമ്മൾ സന്തോഷത്തോടേയും സമാധാനത്തോടേയും ജീവിക്കുന്നു. ദുരന്തങ്ങളുണ്ടാകുന്നത് ദൈവമില്ല എന്നതിന്റെ തെളിവാണ് എന്ന യുക്തിയനുസരിച്ച് ജീവിതത്തിലെ സന്തോഷമുള്ള സമയം ദൈവവുണ്ട് എന്നതിന്റെ തെളിവുമാകണമല്ലോ….
(ഇതൊരു False Syllogism ആണന്നറിയാം. ഇങ്ങനെയാണ് പക്ഷെ നിരിശ്വരവാദികളുടെ Logic) ദൈവം ഈ പ്രപഞ്ചവും അതിലുള്ള സമസ്തവും ക്രമപ്പെടുത്തിയിരിക്കുന്നത് അതിന്റെ പൂർണ്ണമായ ജൈവസവിശേഷതകളോടെയാണ്. ചില കാരണങ്ങൾക്ക് (causes) ചില ഫലങ്ങൾ (effects) ഉണ്ടാകും. ഉദാഹരണത്തിന്, ഒരു മുറിയിൽ തീയും കത്തുവാൻ സാദ്ധ്യതയുള്ള വസ്തുക്കളും, പദാർത്ഥങ്ങളും ഉണ്ടെങ്കിൽ തീപിടുത്തം ഉണ്ടാകുവാനുള്ള സാദ്ധ്യതകൾ ഉണ്ട്. പ്രകൃതിയിലെ വളരെ സ്വാഭാവികമായ കാര്യമാണത്. ബാക്ടീരിയകൾവൈറസുകൾ എന്നതും പ്രകൃതിയുടെ ജൈവികമായ പ്രതിഭാസമാണ്. ചില വൈറസുകൾ മനുഷ്യർക്കും മൃഗങ്ങൾക്കും രോഗത്തിനും അതുവഴി അവയുടെ മരണത്തിനും കാരണമാകുന്നു.
നിരീശ്വരവാദികളുടെ “യുക്തി”യനുസരിച്ച് ദൈവം ഇതെല്ലാം തടഞ്ഞു കൊള്ളണം, അല്ലങ്കിൽ ദൈവമില്ല. യഥാർത്ഥ ദൈവവിശ്വാസികൾ ഇതിനെക്കാണുന്നത്, ദൈവം നല്കിയിരിക്കുന്ന ബുദ്ധിയും വിവേകവുമുപയോഗിച്ച് അതിനെ പ്രതിരോധിക്കുകയും അതിജീവിക്കുകയും ചെയ്യുക എന്നതാണ്. അതുകൊണ്ടാണ് ബുദ്ധിയുപയോഗിച്ച് മരുന്നുകൾ കണ്ടുപിടിക്കാനും ശരിയായ ചികിത്സകൾ നൽകാനും ശ്രമിക്കുന്നത്. ശാസ്ത്രം മനുഷ്യ നന്മക്കുവേണ്ടിയുള്ള ദൈവത്തിന്റെ ദാനമായിട്ടാണ് യഥാർത്ഥ ദൈവവിശ്വാസികൾ മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് ഏറ്റവും കൂടുതൽ ആശുപത്രികൾ നടത്തുന്നത് ദൈവ വിശ്വാസികളാകുന്നത്.
(നിരീശ്വരവാദികൾ നടത്തുന്ന ഒരു ആശുപത്രിയുടെ പേര് പറയാമോ?) അതുകൊണ്ടാണ്, പ്രളയമോ പകർച്ചവ്യാധികളോ ഉണ്ടാകുമ്പോൾ നിരീശ്വരവാദികൾ സോഷ്യൽ മീഡിയയിൽ സജീവമാകുകയും, ദൈവവിശ്വാസികൾ അവരുടെ ദേവാലയങ്ങൾ, ക്ഷേതങ്ങൾ, മഹല്ലുകൾ മുതലായവ കേന്ദ്രീകരിച്ച് മറ്റുള്ളവരുടെ നന്മയ്ക്കു വേണ്ടിയുള്ള പ്രവർത്തനത്തിൽ അഹോരാത്രം സജീവമാകുകയും ചെയ്യുന്നത്. ഇപ്പോഴുള്ള കൊറോണ വൈറസിന്റെ സമയത്ത് ദേവാലയങ്ങളിലെ തിരുക്കർമ്മങ്ങൾക്ക് മാറ്റം വരുത്തിയതും ചിലത് നിർത്തലാക്കിയതുമാണ് ഇപ്പോഴത്തെ നിരീശ്വരവാദികളുടെ ആയുധം!
പകർച്ചവ്യാധിയുണ്ടാകുമ്പോൾ ജനങ്ങൾ ഒരുമിച്ചു കൂടുന്നത് അതിന്റെ വ്യാപനത്തിന് കാരണമാകുമെന്നും, അപ്രകാരമുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കാൻ പരിശമിക്കണം എന്നുള്ളതും ദൈവം മനുഷ്യന് നല്കിയ വിവേകമാണ്. പക്ഷെ, നിരീശ്വരവാദികളുടെ അഭിപ്രായത്തിൽ വിശ്വാസികൾ അങ്ങനെയൊന്നും ചെയ്യാൻ പാടില്ല. അവരെ ദൈവം രക്ഷിക്കണം. ഈ മനോഭാവത്തിനെയാണ് ഞങ്ങൾ വിശ്വാസികൾ അന്ധവിശ്വാസം എന്നു പറയുന്നത്. ഇവരുടെ വാദത്തിന്റെ പൊള്ളത്തരം നമുക്കിങ്ങനെ മനസ്സിലാക്കാം:പൊതുസ്ഥലത്ത് ഒരു എലിയോ പൂച്ചയോ ചത്ത് ചീഞ്ഞുകഴിഞ്ഞാൽ വല്ലാത്ത ദുർഗ്ഗന്ധം വമിക്കുക എന്നത് പ്രകൃതിയുടെ ഒരു ജൈവിക നിയമമാണ്. ആ ദുർഗന്ധം ഉള്ള സ്ഥലത്തുള്ളവർ പ്രാഥമികമായി ചെയ്യുന്നത് അവരുടെ മൂക്ക് പൊത്തുക എന്നതാണ്. എന്നാൽ നിരീശ്വരവാദികളുടെ അഭിപ്രായത്തിൽ ദൈവവിശ്വാസികൾ മൂക്ക് പൊത്താൻ പാടില്ല. അവരുടെ മൂക്കിലേക്ക് ഈ ദുർഗന്ധം വരാതെ നോക്കേണ്ടത് ദൈവത്തിന്റെ ഡ്യൂട്ടിയാണ്.
ദൈവം അങ്ങിനെ ചെയ്യുന്നില്ലെങ്കിൽ അതിനർത്ഥം ദൈവമില്ല..!! ദുർഗന്ധമുള്ളിടത്ത് മൂക്ക് പൊത്തുന്നതിനെ പരിഹസിക്കുന്നതിന് തുല്യമാണ് രോഗം പകരാതിരിക്കാൻ മുൻകരുതലുകളെടുക്കുന്നതിനെ പരിഹസിക്കുന്നത്. പ്രിയ നിരീശ്വരവാദീ, ദൈവത്തെക്കുറിച്ചുള്ള നിങ്ങളുടെ മനസ്സിലാക്കൽ (Perception) അടിമുടി തെറ്റാണ് എന്നതാണ് നിങ്ങളുടെ കുഴപ്പം. ഒരു യഥാർത്ഥ ദൈവ വിശ്വാസിയുടെ വിശ്വാസം: പ്രപഞ്ചത്തിലെ ഏതു കാര്യവും നിയന്ത്രിക്കാൻ കെല്പുള്ളവനാണ് ഈ പ്രപഞ്ചത്തിന്റെ ആദികാരണമായ ദൈവം. മനുഷ്യന്റെ വ്യക്തിജീവിതത്തിലും മാനവസമൂഹം മുഴുവനിലും ഇടപ്പെട്ട് മാറ്റങ്ങൾ വരുത്താൻ കെല്പുള്ളവനാണ് ദൈവം. പക്ഷെ, ദൈവം എപ്പോൾ, എങ്ങിനെ, എന്ത് പ്രവർത്തിക്കണമെന്ന് തീരുമാനിക്കുന്നത് ദൈവമാണ്, മനുഷ്യനല്ല. അതുകൊണ്ടാണ് മനുഷ്യനെ മനുഷ്യൻ എന്നും ദൈവത്തെ ദൈവം എന്നും വിളിക്കുന്നത്. അത് കൊണ്ടാണ്, ദുരന്ത സമയത്ത് ദൈവത്തിന്റെ കരുണയ്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ദൈവം നല്കിയ ബുദ്ധിയേയും സൗകര്യങ്ങളേയും ഉപയോഗിക്കുകയാണ് യഥാർത്ഥദൈവ വിശ്വാസി ചെയ്യുന്നത്.
അതുകൊണ്ടാണ് ദൈവവിശ്വാസികൾ ആശുപത്രികൾ നടത്തുന്നതും, മെഡിക്കൽ കോളേജുകൾ നടത്തുന്നതും മറ്റ് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളും നിങ്ങളുൾപ്പെടെയുള്ള എല്ലാവർക്കും ബുദ്ധിയും വിവേകവും ഉണ്ടാകാൻ പള്ളിക്കൂടങ്ങൾ നടത്തുന്നതും. (By the way, നിരിശ്വരവാദികൾ നടത്തുന്ന ഒരു സ്കൂളിന്റെ പേര് പറയാമോ…?) അത്കൊണ്ട്, നാടും നാട്ടുകാരും ഒരു ദുരന്തം നേരിടുന്ന സമയത്ത് സോഷ്യൽ മീഡിയയിൽക്കിടന്ന് വിളയാടരുത് എന്നു നിങ്ങളോട് പറയുന്നില്ല. കാരണം, നിങ്ങൾക്ക് അത് മാത്രമേ അറിയൂ…. അങ്ങിനെ ചെയ്തില്ലെങ്കിൽ നിങ്ങൾ നിങ്ങളല്ലാതായിമാറും…നിങ്ങൾ അത് തന്നെ തുടരുക.
By, Renjith John