ഫാ. ഷീൻ പാലക്കുഴി
ഇന്നലെ അത്താഴത്തിനു കണ്ടപ്പോൾ സുഹൃത്തായ ഫാദർ ജോൺ കുറ്റിയിലാണ് ആ കഥ പറഞ്ഞത്. തന്നെ വിസ്മയിപ്പിച്ച ഒരമ്മയുടെ കഥ! 2013 -ലാണ്. ഫാദർ ജോൺ ജർമ്മനിയിലെ Regunsburg രൂപതയിലെ Chammuenster എന്ന സ്ഥലത്ത് ജോലി ചെയ്യുന്ന കാലത്താണ്.
ഇരുട്ടു വീണുതുടങ്ങിയ ഒരു വേനൽക്കാല സന്ധ്യയിൽ അച്ചന്റെ ഫോണിലേക്ക് പതിവില്ലാതെ ഒരു കോൾ വന്നു. ഇടവകക്കാരിലൊരാളാണ്. രണ്ടു യൂണിവേഴ്സിറ്റികളിൽ പ്രൊഫസറായ ഒരാൾ! “ബുദ്ധിമുട്ടാവില്ലെങ്കിൽ അച്ചൻ വീടു വരെ ഒന്നു വരാമോ? എന്റെ ഭാര്യ അൽപ്പം മുമ്പ് മരണപ്പെട്ടു!”
ഒരു നടുക്കത്തോടെ അച്ചൻ ആ വീട്ടിലേക്കോടിയെത്തി. കുടുംബത്തിന്റെ വിളക്കും വെളിച്ചവുമായിരുന്ന അമ്മ സ്വർഗ്ഗത്തിലേക്കു യാത്രയായിരിക്കുന്നു. വലിയ പ്രായമുണ്ടാവില്ല; കഷ്ടിച്ച് മധ്യവയസ്സ്! പറക്കുമുറ്റാത്ത ആറു കുഞ്ഞുങ്ങളെ അവരുടെ പിതാവിനൊപ്പം വിട്ട് ആ അമ്മക്കിളി കൂടൊഴിഞ്ഞിരിക്കുന്നു. എങ്കിലും പ്രത്യാശാഭരിതമായ ഒരു കാഴ്ച അദ്ദേഹമവിടെ കണ്ടു. ശാന്തമായി മിഴി പൂട്ടിയുറങ്ങുന്ന ആ സ്ത്രീയുടെ കിടക്കയ്ക്കു ചുറ്റും മുട്ടുകുത്തി നിന്ന് ജപമാല ചൊല്ലുന്ന ഭർത്താവും ആറു മക്കളും!
നനവൂറുന്ന കൺപീലികൾക്കിടയിലൂടെ തങ്ങളുടെ പ്രിയപ്പെട്ട അമ്മയുടെ മുഖം അവസാനമായി കണ്ടു കൊണ്ട് മക്കളാറുപേരും ആ പ്രാർത്ഥനയോട് ശരീരവും മനസ്സും ചേർത്തുവച്ചിരിക്കുന്നു.
വിവരമറിഞ്ഞ് സന്ദർശകരാരും ഇനിയും എത്തിച്ചേരാത്ത ആ വീട്ടിൽ വലിയ നിലവിളിയോ നെടുവീർപ്പുകളോ ഉണ്ടായിരുന്നില്ല. തങ്ങളുടെ എല്ലാമെല്ലാമായിരുന്നവളെ ശാന്തമായി അവർ യാത്രയാക്കുകയാണ്. നാലു പെൺമക്കളും രണ്ടാൺകുട്ടികളുമടങ്ങുന്ന ആ കുടുംബത്തിലെ ഏറ്റവും ഇളയ മകന് അപ്പോൾ മൂന്നു വയസ്സേ പ്രായമായിട്ടുള്ളൂ!
ഹൃദയങ്ങൾക്കുള്ളിൽ ദുഃഖം ഘനീഭവിച്ച നിമിഷങ്ങൾ! പുറത്ത് ഇരുട്ടിനും തണുപ്പിനും കനം കൂടിക്കൊണ്ടിരുന്നു. അന്നുരാത്രി ആ വീട്ടിൽ അവർക്കൊപ്പമിരുന്ന് പ്രാർത്ഥിക്കുകയും ജപമാല ചൊല്ലുകയും ചെയ്തപ്പോൾ ഒരാത്മീയ പിതാവിന്റെ മനോവ്യഥയിൽ ഫാദർ ജോണും തെല്ല് അസ്വസ്ഥനായി. കുഞ്ഞുങ്ങളെക്കുറിച്ച് ഓർത്തപ്പോൾ അദ്ദേഹത്തിന്റെ ഹൃദയം നിറയുകയും ഇടയ്ക്കിടെ കണ്ണുകൾ കവിയുകയും ചെയ്തു.
അദ്ദേഹത്തിനറിയാം അതൊരു സാധാരണ സ്ത്രീയല്ല. ഏറ്റവും ഇളയ കുഞ്ഞിന് ഉദരത്തിൽ ആറു മാസം പ്രായമുള്ളപ്പോഴാണ് ആ സ്ത്രീയുടെ ഗർഭപാത്രത്തിൽ ക്യാൻസർ കണ്ടെത്തിയത്. ‘അടിയന്തിരമായി ഒരു സർജറി വേണം. കുഞ്ഞിനൊപ്പം ഗർഭപാത്രം നീക്കം ചെയ്യണം. ഇല്ലെങ്കിൽ ക്യാൻസർ മറ്റുഭാഗങ്ങളിലേക്കു പടരും. നിങ്ങളുടെ ജീവൻ അപകടത്തിലാവും. തീരുമാനം നിങ്ങളുടേതാണ്!’ ഡോക്ടർമാർ മുന്നറിയിപ്പു നൽകി.
അഞ്ചുമക്കളെ പെറ്റു വളർത്തിയ ആയമ്മ അപ്പോൾ തന്റെ ജീവനെക്കുറിച്ചോ മക്കളെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ചിന്തിച്ചില്ല; ചിന്തിച്ചിരുന്നെങ്കിൽ ആ മുന്നറിയിപ്പ് ഗൗരവത്തിലെടുക്കുമായിരുന്നു, സർജറിക്കൊരുങ്ങുമായിരുന്നു.
എന്നാൽ അവരപ്പോൾ ചിന്തിച്ചത് അതിനേക്കാൾ ഗൗരവമുള്ള മറ്റൊരു കാര്യത്തെക്കുറിച്ചായിരുന്നു. ഇനിയും പിറക്കാനിരിക്കുന്ന ഉദരത്തിലെ തന്റെ ആറാമത്തെ കുഞ്ഞ്!
തന്റെ അഞ്ചു മക്കളെയും ദൈവം പരിപാലിച്ചുകൊള്ളും. അവരുടെ സങ്കടങ്ങൾ കേൾക്കാൻ അവർക്ക് അവരുടെ അപ്പനെങ്കിലുമുണ്ടല്ലോ. എന്നാൽ തന്റെ ഉദരത്തിലെ കുഞ്ഞിന്റെ ശബ്ദമില്ലാത്ത നിലവിളി കേൾക്കാൻ, ഒപ്പം നിൽക്കാൻ താൻ മാത്രമല്ലേയുള്ളൂ. താനൊരു ‘നോ’ പറഞ്ഞാൽ അതോടെ അതിന്റെ ആയുസ്സ് അവസാനിക്കും. മനോഹരമായ ഈ ഭൂമി അതിന് അന്യമാകും. അതിന്റെ കരച്ചിൽ മാത്രമേ അപ്പോൾ ആയമ്മ കേട്ടുള്ളൂ. അവർക്കു മാത്രമേ അതു കേൾക്കാൻ കഴിഞ്ഞുള്ളൂ!
തന്റെ പ്രാണൻ പോയാലും ഉദരത്തിലെ തന്റെ കുഞ്ഞു മരിക്കരുതെന്ന് അവർ ആഗ്രഹിച്ചു. അതായിരുന്നു അവരുടെ തീരുമാനം! ആ ധീരമായ തീരുമാനത്തിന്റെ സ്പന്ദനങ്ങൾ ഏറ്റുവാങ്ങിയപ്പോൾ അവരുടെ ഉദരത്തിൽ ശിശു തീർച്ചയായും സന്തോഷത്താൽ കുതിച്ചുചാടിയിട്ടുണ്ടാവും! മുന്നറിയിപ്പുകളെ അവഗണിച്ച് അവർ പ്രെഗ്നൻസിയുമായി മുന്നോട്ടു പോയി. നാലു മാസങ്ങൾക്കിപ്പുറം അവർക്കു മിടുക്കനായ ഒരാൺകുഞ്ഞു പിറന്നു. പക്ഷേ അപ്പോഴേക്കും അമ്മ പകുതിയും തീർന്നു പോയിരുന്നു. പിന്നീട് ചികിൽസയുടെ നാളുകളായിരുന്നു. പക്ഷെ വൈകിപ്പോയിരുന്നു.
ക്യാൻസർ വല്ലാതെ വ്യാപിച്ചു കഴിഞ്ഞു. വളരെപ്പെട്ടന്നു തന്നെ അവർ അവശയായി. വെളിച്ചം മങ്ങിയെങ്കിലും ആ കണ്ണുകളിൽ നിരാശയുണ്ടായിരുന്നില്ല. അനിവാര്യമായി സംഭവിക്കാൻ പോകുന്ന വിടവാങ്ങലിനായി പ്രത്യാശയോടെ ആ അമ്മ തയ്യാറെടുത്തു. മക്കളും അപ്പനും പ്രാർത്ഥനാപൂർവം അമ്മയ്ക്കൊപ്പം നിന്നു. ആ യാഥാർത്ഥ്യത്തോട് മെല്ലെ മെല്ലെ അവർ പൊരുത്തപ്പെട്ടു. മൂന്നു വർഷങ്ങൾക്കപ്പുറമുള്ള ഒരോഗസ്റ്റു മാസ രാത്രിയിൽ തന്റെ മക്കളെ വിട്ട് ആ അമ്മ സ്വർഗ്ഗത്തിലെ തന്റെ വീടണഞ്ഞു! സ്നേഹിതർക്കു വേണ്ടി ജീവൻ ബലികഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്ന ദൈവത്തിന്റെ വാക്ക് അവരുടെ ജീവിതത്തിൽ അങ്ങനെ അന്വർത്ഥമായി!
ആ രാത്രി ഫാദർ ജോണിനു മറക്കാനാവുന്നില്ല. ദൈവം തന്ന ഉദരഫലത്തിനു വേണ്ടി ബോധപൂർവം തന്റെ ജീവൻ സമർപ്പിച്ച ഒരമ്മ. വളരെ ആഴത്തിൽ ക്രിസ്തുവിൽ വിശ്വസിച്ചിരുന്ന, കത്തോലിക്കാ വിശ്വാസം ജീവിച്ചിരുന്ന ഒരു കുടുംബത്തിന്റെ നാഥ.
ധാരാളം സമ്പത്തുള്ള ഒരു ചെറു പ്രഭുകുടുംബത്തിലെ അംഗമായിരുന്നു അവർ. പണവും പ്രതാപവുമുണ്ട്. പാരമ്പര്യവും പ്രശസ്തിയുമുണ്ട്. പക്ഷെ ഒന്നും അവർക്കു ദൈവവിശ്വാസത്തിനു മുകളിലായിരുന്നില്ല. അതിനാൽത്തന്നെ അവരുടെ തീരുമാനങ്ങൾ ദൈവത്തിന്റേതു കൂടിയായിരുന്നു.
ദേവാലയത്തിൽ വന്നാൽ മുട്ടുകുത്തി മാത്രം ദിവ്യകാരുണ്യം സ്വീകരിക്കുന്ന അപ്പനേയും അമ്മയേയും മക്കളേയും ഫാദർ ജോൺ ഓർത്തെടുക്കുന്നു. മുൻപൊരിക്കൽ വീട്ടിലെത്തിയപ്പോൾ മക്കളിലൊരാൾ അദ്ദേഹത്തോട് ആദ്യമായി ചോദിച്ച ചോദ്യം ‘Who is your favourite saint?’ എന്നതായിരുന്നു. അതൊക്കെയായിരുന്നു അവരുടെ മുൻഗണനകൾ!
ഫ്യൂണറൽ കഴിഞ്ഞ് ചടങ്ങിനെത്തിയവർക്കെല്ലാം ഒരു ചെറു വിരുന്നു പതിവാണ്. അതാരംഭിച്ചപ്പോൾ മക്കൾക്കൊപ്പം അപ്പൻ മുന്നിലേക്കു വന്നു. ഒരു ചില്ലുഗ്ലാസ് ഉയർത്തിപ്പിടിച്ച് അതിൽ ഫോർക്കു കൊണ്ടു അദ്ദേഹം ഒന്നു രണ്ടു തവണ മെല്ലെ മുട്ടി. ആളുകൾ നിശബ്ദരായി. നന്ദി പറയാനായിരിക്കുമെന്ന് അവർ കരുതി. അയാൾക്കു പറയാനുള്ളതു കേൾക്കാൻ അവർ കാതു കൂർപ്പിച്ചു.
“അവൾക്കു വേണ്ടി നമുക്കൊരു കരുണക്കൊന്ത ചൊല്ലാം…!” മറുപടിക്കു കാത്തുനിൽക്കാതെ അയാൾ മക്കൾക്കൊപ്പം വെറും നിലത്തു മുട്ടുകുത്തി. വാക്കുകളിടറി മെല്ലെ പ്രാർത്ഥന ചൊല്ലിത്തുടങ്ങി. അവിടെ ഒരുമിച്ചു കൂടിയ വിശ്വാസികളും അവിശ്വാസികളുമായ എല്ലാവരും അയാൾക്കൊപ്പം ചേർന്നു. ആർക്കും അതിന്റെ സത്യസന്ധതയെ നിഷേധിക്കാൻ കഴിയുമായിരുന്നില്ല. കണ്ണീരുപ്പു കലർന്ന ആ വിരുന്നിൽ നിന്ന് മടങ്ങിപ്പോകുമ്പോൾ നിശ്ചയമായും അവർ – അതിഥികളും ത്തതിഥേയരും – അൽപ്പം കൂടി പുതിയ മനുഷ്യരായിട്ടുണ്ടാവും! അത്രമേൽ തീക്ഷ്ണമായ ഒരാത്മീയ പ്രകാശം അവിടെ പ്രസരിക്കുന്നുണ്ടായിരുന്നു.
ആറു മക്കളുടെ വിശുദ്ധയായ അമ്മ അപ്പോൾ സ്വർഗ്ഗത്തിലിരുന്ന് നിറകണ്ണുകളോടെ പുഞ്ചിരിച്ചിട്ടുണ്ടാവും! ആ അമ്മയുടെ മക്കളിൽ മൂത്തമകൾ ഇപ്പോൾ കത്തോലിക്കാ സഭയിലെ ഒരു സന്യാസിനിയാണ്. മറ്റൊരാൾ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ വോളന്റിയറായി പല തവണ വന്നിട്ടുണ്ട്. എല്ലാം നന്നായി ചെയ്തിട്ടും ആരും ഒന്നും അറിയരുതെന്നു കൂടി അവർ ശാഠ്യം പിടിക്കുമ്പോൾ അവർക്കു മുന്നിൽ നമ്മുടെ ശിരസ്സുകൾ താണുപോകുന്നു.
ഒന്നോർത്താൽ കുടുംബത്തേക്കാൾ വിശുദ്ധമായ ഒരു പള്ളിയുണ്ടോ! വിശുദ്ധരായ മാതാപിതാക്കളേക്കാൾ നല്ല പുരോഹിതരുണ്ടോ! നിസ്വാർത്ഥ സ്നേഹത്തേക്കാൾ വലിയ ബലിയുണ്ടോ? എല്ലാം ഓർമ്മിപ്പിച്ചുകൊണ്ട് ഇതാ ഈ കബറുകളൊന്നിൽ ആ വിശുദ്ധ അന്ത്യവിശ്രമം കൊള്ളുന്നു.