വി.ബൈബിൾ കത്തിച്ചതിൽ വൻഗൂഢാലോചനയോ? അൽമായ ഫോറം സെക്രട്ടറി സീറോ മലബാർ സഭ.
ബൈബിൾ ,വി.കുർബാന,കുരിശ് തുടങ്ങിയ ക്രൈസ്തവ ബിംബങ്ങളെ തകർക്കുന്നതിനായി ഒരു ഹിഡൻ അജണ്ട കേരളത്തിൽ നിലനിൽക്കുന്നു.വിശുദ്ധവസ്തുക്കൾ തച്ചുടയ്ക്കുന്നതും വിശ്വാസികൾക്കുനേരെയുള്ള കൈയേറ്റങ്ങളും ഉൾപ്പെടെ മതവിദ്വേഷവുമായി ബന്ധപ്പെട്ട് നിരവധി ആക്രമണങ്ങൾ നിസാരവൽക്കരിക്കുന്ന പ്രവണത നമ്മുടെ സംസ്ഥാനത്ത് സംജാതമായിരിക്കുന്നു.സിനിമകളിലൂടെയും യൂ ട്യൂബ് വഴിയും നടത്തുന്ന ക്രൈസ്തവവിരുദ്ധ പ്രചാരണങ്ങൾക്കു നേരെ നിയമസംവിധാനങ്ങൾ പോലും കണ്ണടയ്ക്കുന്നു.
ഏറ്റവും ഒടുവിലത്തേതാണ് ബൈബിൾ കത്തിച്ച സംഭവം.കഴിഞ്ഞ ക്രിസ്മസ് കാലത്ത് കാസര്‍ഗോഡ് മൂളിയാറിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ആശുപത്രി ജീവനക്കാര്‍ തയാറാക്കിയ പുല്ക്കൂടില് നിന്നു രൂപങ്ങള്‍ നീക്കം ചെയ്ത പ്രതിയാണ് തറയിൽ വച്ച സമ്പൂർണ ബൈബിൾ സ്റ്റൗവിൽ നിന്നും തീപടർത്തി കത്തിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ രാജ്യത്ത് ആവർത്തിക്കുന്ന ആക്രമണങ്ങളിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചത് അടുത്തിടെയാണ്. ചില സാമൂഹ്യസംഘടനകളുടെ പൊതുതാൽപ്പര്യ ഹർജിയിലായിരുന്നു ഇടപെടൽ.കേരളം സംരക്ഷിച്ചു വന്നിരുന്ന മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ സംഘടിതമായ ശ്രമങ്ങളുടെ അവസാനത്തെ സംഭവമാണ് ബൈബിൾ പരസ്യമായി കത്തിച്ചതിലൂടെ വെളിപ്പെട്ടു വന്നിരിക്കുന്നത്.
ഈ രണ്ടു സംഭവങ്ങളും നിശ്ചിതമായ ഗൂഢാലോചനാ പദ്ധതികളിലൂടെ ചെയ്തതാണോയെന്ന് സർക്കാർ സംവിധാനങ്ങൾ അന്വേഷിക്കണം.കേവലം നിസാരമായ പ്രശ്നമായിക്കാണാതെ അതിസൂക്ഷ്മമായ രീതിയിലുള്ള പോലീസ് അന്വേഷണം ഈ ഈ രണ്ടു സംഭവങ്ങളിലും ആവശ്യമാണ്.
ഇന്ന് ക്രിസ്തുവിന്റെ സഭയെ തകർക്കാൻ പറ്റാത്ത നാരകീയശക്തികൾ, ഗാർഹീക സഭയായ കുടുംബത്തെ തകർക്കാനുള്ള ശ്രമത്തിലാണ്. ക്രൈസ്തവ വിശ്വാസ സത്യങ്ങളെയും സഭാസംവിധാനങ്ങളെയും പ്രത്യേക വിഭാഗം പ്രത്യേക ഉദ്ദേശ്യത്തോടെ തകർക്കാൻ ശ്രമിക്കുന്നത് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർശനമായ നിയമപാലനത്തിലൂടെ തടയാനുള്ള കരുതലെടുക്കണം.
ടോണി ചിറ്റിലപ്പിള്ളി – അൽമായ ഫോറം സെക്രട്ടറി സീറോ മലബാർ സഭ.