Josit George
ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ.
ചില കാര്യങ്ങൾ പല തവണ FB യിൽ കുറിക്കണം എന്ന് മനസ്സിൽ വിചാരിക്കും, പക്ഷെ എഴുതി തുടങ്ങുമ്പോൾ മാസങ്ങൾ കഴിഞ്ഞിരിക്കും. ചിലപ്പോൾ എഴുതാൻ ഉദ്ദേശിക്കുന്ന കാര്യം ഉള്ളിൽ തോന്നിച്ചപ്പോഴും, മടിപിടിച്ചിരുന്നതിനാൽ അല്ലെങ്കിൽ ആരെ ഒക്കെയോ പിണക്കുവാൻ ആഗ്രഹമില്ലാത്തതിനാൽ എഴുതാതിരുന്ന ചില കാര്യങ്ങൾ, എന്നിലെ മടിയുടെ ഡെപ്ത് മനസിലാക്കി ആവണം, ദൈവം മറ്റു ചിലർക്ക് കൈമാറി മറ്റുള്ളവരിലൂടെ ആ സബ്ജെക്ടുകൾ FB -യിൽ പോസ്റ്റുകളായി വന്നിട്ടുമുണ്ട്.
അത് കാണുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നും….. മനസ്സിൽ പല തവണ തോന്നിപ്പിച്ചിട്ടും എഴുതാതിരുന്നതിനു….2011 -ലാണ് നാട്ടിലെ പഠിത്തമെല്ലാം കഴിഞ്ഞു, മനസ്സില്ലാ മനസോടെ, ജീവിതത്തിലെ പ്രാരാബ്ദങ്ങളുടെ കൊച്ചുകണക്കുകളുമായി ട്രെയിൻ കയറിയത്.. സ്യുട് കേസ് അടുക്കി വെക്കുമ്പോൾ പപ്പയും മമ്മിയും കൃത്യമായി ചോദിക്കുന്ന കാര്യം അല്ലെങ്കിൽ നോക്കുന്ന കാര്യം, അടുക്കിവെച്ചക്കൂട്ടത്തിൽ ബൈബിളും കൊന്തയും ഉണ്ടോ എന്നുള്ളതാണ്.
ഒരോ അവധി കഴിഞ്ഞ് പോകുമ്പോഴും ഞായറാഴ്ച കുർബാനയിൽ പങ്കെടുക്കാൻ ഓർമിപ്പിക്കും .. അന്ന്, ഇക്കാര്യത്തിന് വലിയൊരു പ്രാധാന്യം കൊടുക്കേണ്ട ആവശ്യം എന്താണെന്നു മനസിലായില്ലെങ്കിലും ജീവിതത്തിൽ പിന്നിട്ട പടവുകളിലേക്കു തിരിഞ്ഞു നോക്കുമ്പോൾ വചനമാകുന്ന ഈശോയുടെയും മാതാവിന്റെയും സാമിപ്യo പലപ്പോഴും അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്… അന്ന് പുതിയ നിയമത്തിന്റെ കൊച്ചു ബൈബിൾ ആയിരുന്നു കൈയിൽ ഉണ്ടായിരുന്നത്….
പിന്നീട്, 2015 ആയപോഴേക്കും സമ്പൂർണ ബൈബിൾ കൊണ്ടുവന്നു..അന്ന് മുതൽ ഇന്ന് വരെ പല സ്ഥലങ്ങളിലേക്കു പറിച്ചു നട്ടപ്പോഴും കൂടെ സമ്പൂർണ ബൈബിൾ കൊണ്ടുപോയിരുന്നു.മാറിയ ജീവിത സാഹചര്യങ്ങളിൽ ബൈബിൾ പുറത്തുവെക്കാൻ സാധിക്കാതെ വന്നപ്പോൾ, കിടക്കുന്ന ബെഡിൽ തന്നെ സൈഡ് ചേർത്ത് വെച്ചു..(ഞാൻ അനുഭവിക്കുന്ന ബുദ്ധിമുട്ട് കർത്താവ് കൂടി അനുഭവിച്ചു മനസിലാക്കട്ടെ എന്ന പരിഭവം കലർന്ന പരാതി).. എങ്കിലും അലമാരയിൽ പൂട്ടിവെക്കാൻ മനസ് വന്നില്ല.
ആ സമയങ്ങളിലെ പ്രധാന പ്രാർത്ഥന, ഈശോയെ.. ഈ ബൈബിളും കൊന്തയും കൊച്ചു കുരിശും, അഭിമാനത്തോടെ തന്നെ ആയിരിക്കുന്ന സ്ഥലത്ത്,റൂമിൽ വെക്കാൻ തക്കവണ്ണം ഒരു താമസസ്ഥലവും റൂമും കിട്ടണേ എന്നായിരുന്നു… ഈശോ കൈവിട്ടില്ല….. വളരെ അത്ഭുതകരമായി ഒരു ജോലി മാറ്റവും, താമസവും റെഡി ആയി…. അന്നുമുതൽ , എന്നും തിരി കത്തിച്ചു പ്രാർത്ഥിക്കുമ്പോൾ, ബൈബിൾ വായിക്കുമ്പോൾ, നന്ദി നിറഞ്ഞ മനസോടെ നേരത്തെ അനുഭവിച്ച, ആത്മീയ കാര്യങ്ങളിലെ വിഷമങ്ങളും ബുദ്ധിമുട്ടുംഎടുത്തു മാറ്റി ഞാൻ ആഗ്രഹിച്ചപോലെ ഒരുപക്ഷെ അതിനേക്കാൾ ഭംഗിയായി കാര്യങ്ങൾ നടത്തി തന്ന ഈശോയ്ക്ക് നന്ദി പറഞ്ഞാലും മതിയാകാതെ വരും.
ഒറ്റക്കായിരിക്കുന്ന അവസരങ്ങളിൽ ഈശോയുമായി, മാതാവുമായി ഒരു ബന്ധം കെട്ടിപ്പെടുക്കുവാനും ആ ബന്ധത്തിൽ എന്നും ആയിരിക്കുവാനും ആ ബന്ധത്തെ മറ്റുള്ളവർക്ക് വേണ്ടികൂടി ഉപയോഗപ്പെടുത്തുവാനും എന്നും പരിശ്രമിക്കുന്നുണ്ട്… കുറെയൊക്കെ സാധിക്കുന്നുമുണ്ട്.,.. വചനത്തിലൂടെ നമ്മോട് സംസാരിക്കുന്ന ഈശോയെ അനുഭവിക്കാൻ തുടങ്ങിയതും മറ്റുള്ളവർക്ക് വേണ്ടി കൂടി പ്രാർത്ഥിക്കാൻ തുടങ്ങേണ്ടതിന്റെ ആവശ്യകത മനസിലാക്കിയതും, നമ്മുടെ പ്രാർത്ഥനക്കായി നിസ്സഹായതയോടെ കാത്തിരിക്കുന്നവരെ കുറിച്ച് ബോധ്യം കിട്ടിയതും, പരിശുദ്ധത്മാവിന്റെ ദാനങ്ങളുടെയും ഫലങ്ങളുടെയും ശക്തി മനസിലായതും, കർത്താവിന്റെ ശക്തമായ സംരക്ഷണം മനസിലാക്കിയതും ബൈബിൾ അഥവാ വചനമാകുന്ന ഈശോയുടെ മുൻപിൽ ഇരുന്നപ്പോഴാണ്.
ക്രിസ്ത്യാനിയുടെ അദ്ധ്യാത്മികവും ഭൗതികവും ആയ വളർച്ചക്കും, ആരോഗ്യത്തിനും ബൈബിൾനു എന്തുമാത്രം സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന് പലവുരു, സ്വന്തം ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും സംഭവിച്ച അത്ഭുതകരമായ ദൈവിക ഇടപെടലുകളുടെ സാക്ഷ്യങ്ങളിലൂടെ മനസിലാക്കാൻ സാധിച്ചു..
ഇനിയാണ് ഉദ്ദേശിച്ചകാര്യം എഴുതാൻ പോകുന്നത്…നീണ്ടുപോയി എന്നു തോന്നിയാൽ ക്ഷമിക്കണം.
പത്താം ക്ളാസിന്റെയും പ്ലസ് ടു വിന്റെയും റിസൾട്ടുകൾ വന്നുകൊണ്ടിരിക്കുന്നു… ഡിഗ്രി, പിജി ഫൈനൽ സെമെസ്റ്റർകളുടെ റിസൾട്ട് അടുത്ത മാസങ്ങളിൽ വരും… നാട്ടിലെ സാഹചര്യങ്ങൾ കൂടുതൽ പറയുന്നില്ല… മെച്ചപ്പെട്ട സാഹചര്യങ്ങളിൽ മക്കൾ ജീവിക്കണം എന്നു എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നു…അതുവരെ മാതാപിതാക്കളുടെ സംരക്ഷണത്തിൽ, നിയന്ത്രണങ്ങളിൽ ആയിരുന്ന കുട്ടികൾ, അതുപോലെ ഇടവകയുമായും, വിവിധ സംഘടനകളുമായും കൂട്ടായ്മകളുമായും ബന്ധപ്പെട്ട് ജീവിതം മനോഹരമായി ആഘോഷിച്ചവർ ഭൂരിഭാഗം പേരും സ്വന്തം നാട്ടിൽ നിന്നും വിവിധ ദേശങ്ങളിലേക്കും, വിവിധ സംസ്കാരങ്ങളിലേക്കും ചേക്കേറുകയാണ്.
മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ കുടിയേറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒന്നുകൂടി വ്യക്തമാക്കിയാൽ ‘അർബൻ മൈഗ്രേഷൻ’. ക്രൈസ്തവമക്കൾ ഇത്തരം കുടിയേറ്റങ്ങളെ കേവലം ഭൗദ്ധികപരമായ, ശാരീരികപരമായ മൈഗ്രേഷൻ ആയി മാത്രം കാണാതെ, ലോകം മുഴുവൻ സുവിശേഷമാറിയിക്കാനുള്ള യേശുവിന്റെ ആഹ്വാനം അല്ലെങ്കിൽ കല്പന (Mark 16:15), പൂർത്തീകരിക്കാനുള്ള നിയോഗം കൂടി ആയി മനസിലാക്കണം, കരുതണം.
പഠനാവശ്യത്തിനും, ജോലിക്കും ആയി മക്കൾ അകലങ്ങളിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ, സോപ്, ചീപ്, ഫോൺ, ചാർജർ, സർട്ടിഫിക്കറ്റ്, ടിക്കറ്റ്, പാസ്പോര്ട് തുടങ്ങി എല്ലാകാര്യങ്ങളിലും മാതാപിതാക്കളും സഹോദരങ്ങളും ശ്രദ്ധ പതിപ്പിക്കുമ്പോൾ, തങ്ങളുടെ മകന്റെ /മകളുടെ, സഹോദരന്റെ/സഹോദരിയുടെ ആത്മീയജീവിതത്തെ പോഷിപ്പിക്കുവാൻ, അവരുടെ അദ്ധ്യാത്മിക ജീവിതത്തെ മുന്പോട്ട് കൊണ്ടുപോകുവാൻ ഒരു ബൈബിളും കൊന്തയും അവർക്കായി കരുതി വെയ്ക്കാൻ എത്ര മാതാപിതാക്കൾ, സഹോദരർ, സുഹൃത്തുക്കൾ ശ്രദ്ധിച്ചിട്ടുണ്ടാകും.?…
പലർക്കും ഇത്തരമൊരു കരുതൽ കിട്ടുന്നില്ല എന്നു ഞാൻ മനസിലാക്കുന്നു… ജീവിതത്തിലെ ഓരോ ദിവസവും അൽപനേരം ബൈബിൾ വായിക്കുവാൻ, അല്ലെങ്കിൽ ഒരു ജപമാല ചൊല്ലുവാൻ ഞായറാഴ്ച ദിവ്യബലിയിൽ പങ്കെടുക്കുവാൻ ഇന്നത്തെ യുവജനങ്ങൾ മടി കാണിക്കുന്നതിന് കാരണവും ഈ കരുതൽ കുറവിൽ നിന്നുണ്ടായ ആലസ്യമാണ്… ഒന്നു രണ്ട് സംഭവങ്ങൾ കുറിക്കുന്നു.
ഒന്ന്, ജോലിയുടെ ഭാഗമായി ഇപ്പോൾ വർക്ക് ചെയുന്ന സ്ഥലത്തു ഞായറാഴ്ചകളിൽ ജീസസ് യൂത്തുമായി ബന്ധപ്പെട്ട് പല വ്യക്തികളെയും കാണാൻ പോകാറുണ്ട്.. കൂടുതലും, എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവികുന്നവരാണ്, പ്രത്യേകിച്ച് ജോലി മേഖലകളിൽ, കുടുംബ ജീവിതത്തിൽ. കൂടുതൽ പേരും ജോലി അന്വേഷിച്ചു വിസിറ്റ് വിസയിൽ ഉള്ളവർ….. കൂടുതൽ സംസാരിക്കുമ്പോൾ മനസിലാകുന്നത്, അവർ അനുഭവിക്കുന്ന ആത്മ സംഘർഷം ചെറുതൊന്നുമല്ല…
വീട്ടിൽ നിന്നുള്ള പ്രഷർ, ഇന്റർവ്യൂ കോളുകൾ ഇല്ലാത്ത ബുദ്ധിമുട്ട്, ആരും സംസാരിക്കാനില്ലാത്ത അല്ലെങ്കിൽ ഷെയർ ചെയ്യാനില്ലാത്ത അവസ്ഥ, അതിന്റെ കൂടെ ചുരുങ്ങിവരുന്ന സാമ്പത്തികവും. പ്രാർത്ഥന ജീവിതത്തെ കുറിച്ച് ചോദിക്കുമ്പോൾ പലരും ഞായറാഴ്ച പോലും പള്ളിയിൽ പോകാൻ മടിക്കുന്നു… സില്ലി റിസൺസ് മാത്രം , മാതാപിതാക്കൾ അകാര്യത്തെകുറിച്ച് ചോദിക്കാറുപോലുമില്ല… ജോലി വേണം പണം വേണം എന്ന ചിന്ത മാത്രം…മിക്കവരുടെ കൈയിലും ഒരു ബൈബിൾ അല്ലെങ്കിൽ കൊന്ത പോലുമില്ല…
12 കൊല്ലത്തെ വേദപാഠം പഠിപ്പിക്കലിനെയും, മാതാപിതാക്കളുടെ വളർത്തു രീതികളെയും ഓർത്തു ലജ്ജ തോന്നുന്ന നിമിഷങ്ങൾ…. സകല സാധ്യതതകളും മുൻപിൽ അടയുകയാണ് എന്ന് തോന്നുമ്പോൾ ചിലർ ചോദിക്കും. ‘ചേട്ടാ ഒരു കൊന്ത കിട്ടുമോ അല്ലെങ്കിൽ സമ്പൂർണ ബൈബിൾ കിട്ടുമോ എന്നു ‘. പരമാവധി എങ്ങനെയെങ്കിലും സംഘടിപ്പിച്ചു കൊടുക്കാറുണ്ട്.. പക്ഷെ നാട്ടിൽ നിന്നും കൊണ്ടുവരുവാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ ചിലപ്പോഴെല്ലാം ആവശ്യകാരിലേക്ക് എത്തിക്കാൻ സാധിക്കാതെ പോകാറുണ്ട്….
രണ്ട്, ഈ അടുത്ത് ഒരു വീട്ടിൽ പോയി, , എല്ലാ സൗകര്യന്ങ്ങളുമുള്ള വീട്… ഭാര്യയും ഭർത്താവും നല്ല ശമ്പളത്തിൽ ജോലിചെയ്യുന്നു… ഏതാനും വര്ഷങ്ങളായി ഇവിടെ താമസിക്കുന്നു…. പ്രാർത്ഥനക്കുശേഷം ബൈബിൾ വായിക്കാനായി ചോദിച്ചപ്പോൾ അലമാരിയിൽ നിന്നും പുതിയ നിയമത്തിന്റെ ഒരു കൊച്ചു ബൈബിൾ കൊണ്ടുവന്നു… (സിബ്ബ് കവർ ഉള്ള ആ ബൈബിൾ തുറന്നപ്പോൾ ഒരു പെൻഡ്രൈവ് ഇരിപ്പുണ്ട്.. കുഞ്ഞെടുത്തു കളിക്കാതിരിക്കാനും മിസ്സ് ആകാതിരിക്കാനും അതിനുള്ളിൽ വെച്ചിരിക്കുന്നു).
എന്നെ വേദനിപ്പിച്ചത് ഇത്രയും കാലം ഈ സ്ഥലത്ത് ആയിരുന്നിട്ടും, നാട്ടിൽ പലപ്രാവശ്യം പോയി വന്നിട്ടും അവർക്കോ അവരുടെ മാതാപിതാക്കൾക്കോ ഒരു സമ്പൂർണ ബൈബിൾ കൊണ്ടുവരുവാൻ അല്ലെങ്കിൽ കൊടുത്തുവിടാൻ കഴിഞ്ഞില്ല എന്നുള്ളതാണ്…
ഒരു അനുഭവം കൂടി, 25 വയസുള്ള ചെറുപ്പകാരൻ ജോലി അന്വേഷിച്ചു വന്നിരിക്കുന്നു.നാട്ടിൽ യുവജന കൂട്ടായ്മയിൽ ആവേശത്തോടെ കൂടിയിരുന്ന ആൾ.. ചെറുപ്പത്തിലേ അൽത്താരാ ബാലൻ.
കണ്ടു, പരിചയപെട്ടു..ഇപ്പോൾ ആഴ്ചയിൽ രണ്ടു പ്രാവശ്യമെങ്കിലും കാണാറുണ്ട്… ആ സുഹൃത്ത്,കഴിയുന്ന ദിവസങ്ങളിൽ അവൻ പള്ളിയിൽ പോകും… കൈയിൽ ഒരു സമ്പൂർണ ബൈബിൾ ഉണ്ട്.. എല്ലാ ദിവസവും അര മണിക്കൂർ എങ്കിലും ബൈബിൾ വായിക്കും.. ഒരു ജപമാല എങ്കിലും ചൊല്ലി എല്ലാ ദിവസവും പ്രാർത്ഥിക്കും… വീട്ടിൽ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും സൗമ്യനായി ശാന്തനായി തനിക്കായി ദൈവം ഒരുക്കി വെച്ചിരിക്കുന്ന ജോലിക്കായി കാത്തിരിക്കുന്നു… ഇങ്ങനെയും ചിലരെ കണ്ടുമുട്ടാറുള്ളതാണ് ഇന്നത്തെ കാലത്തെ വലിയ അത്ഭുതം…
അവസാനമായി,വികാരിഅച്ചൻമാരോടും, സന്യാസിനി സഹോദരി മാരോടും, ഈ യുവതയുടെ കുടുംബത്തിലെ അടുത്ത വൈദിക-സന്യാസിനി സഹോദരങ്ങളോടും, പിന്നെ സംഘടനകളോടും ഉള്ള അപേക്ഷ ആണ്. നിങ്ങളുടെ ഇടവകയിൽ നിന്നും/കുടുംബത്തിൽ നിന്നും , ഒരാൾ പുറത്തേക് പോകുമ്പോൾ (ജോലിക്കു വേണ്ടിയോ, പഠനത്തിനോ) അവന്റെ /അവളുടെ ആത്മീയ ജീവിതത്തിൽ നിങ്ങൾക്കുള്ള ഉത്തരവാദിത്തം മറക്കാതിരിക്കുക…
കഴിയുമെങ്കിൽ അവർ പോകുന്നതിനു മുൻപ് അവരുടെ വീട്ടിൽ പോയി അവരുമായി കുറച്ചു സമയം ചിലവഴിച്ചു അക്കൂട്ടത്തിൽ, പള്ളിയിൽ പോകുന്നതിനും, ബൈബിൾ വായിക്കുന്നതിനും, ജപമാല ചൊല്ലുന്നതിനും അവരെ ഉത്ബോധിപ്പിക്കുക… സാധിക്കുമെങ്കിൽ തുടർന്നും നല്ലൊരു ബന്ധം മുന്പോട്ട് കൊണ്ടുപോവുക… ഇടവകയുടെ ഓർമ്മക്കും, പ്രാർത്ഥനകളിൽ സന്ധിക്കുന്നതിനുമായി, ഇടവകയിൽ നിന്നോ, സംഘടനകളിൽ നിന്നോ, അല്ലെങ്കിൽ സ്പോൺസർഷിപ് വഴിയോ, നമ്മുടെ കുട്ടികൾക്ക് ഒരു സമ്പൂർണ ബൈബിൾ, ഒരു ജപമാല, ഒരു കുഞ്ഞു കുപ്പിയിൽ ഹാന്നാൻ വെള്ളം ഇത്രയും അവർക്കു കൊടുത്തുവിടാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യുക.
പോകുന്ന പുതിയ ഇടങ്ങളിലേക്ക് ഇവ കൊണ്ടുപോകുന്നുണ്ടെന്നു ഉറപ്പു വരുത്തുക. (ബൈബിളും കൊന്തയും മേടിക്കാൻ ആർകെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിൽ PM ചെയ്താൽ മതി. നിങ്ങളുടെ കൈയിൽ അവ എത്തിക്കാൻ വേണ്ട ക്രമീകരണങ്ങൾ ഞാൻ ചെയ്യാം..)
ചുറ്റും വലവീശി നിൽക്കുന്ന തിന്മയുടെ ശക്തികളിൽ നിന്നും നമ്മുടെ മക്കളെ രക്ഷിക്കാൻ നാം ഇത്രയുമെങ്കിലും ചെയ്യാൻ ശ്രമിക്കണം…
(ഡൽഹിയിൽ ആയിരുന്നപ്പോൾ, ചില കത്തോലിക്കാ നേഴ്സ്മാരെ പരിചയപെട്ടിരുന്നു. ചിലരുടെ കല്യാണം കഴിഞ്ഞു. ഭർത്താവ് കേരളത്തിലോ വിദേശത്തോ ആണ്. മറ്റുള്ളവർ ജസ്റ്റ് പഠനം കഴിഞ്ഞവരും, സിംഗിൾസും ആണ്. Protestants ഗ്രൂപ്പുകൾ അവിടെ ഒരുപാട് ഉണ്ട്… പലരും ഇവരുടെ പിടിയിൽ അകപ്പെട്ടിട്ടുണ്ടായിരുന്നു. ഞായറാഴ്ചകളിൽ പള്ളിയിൽ പോകുന്നതിനു പകരം ഇത്തരം ഗ്രൂപുകളിൽ ആയിരുന്നു അവരുടെ പ്രാർത്ഥന, നാട്ടിലോ വിദേശത്തോ ഉള്ള ഭർത്താവോ, അല്ലെങ്കിൽ മാതാപിതാക്കളോ ഇതിനെക്കുറിച്ചു അറിയുന്നുപോലുമില്ല എന്ന ദുഃഖകരമായ വസ്തുത നാം മനസിലാക്കണം….
ഞായറാഴ്ചകളിൽ മക്കൾ കത്തോലിക്കാ പള്ളികളിൽ കുർബാനയിൽ പങ്കെടുക്കാൻ അവരെ സഹായിക്കണം /പ്രോത്സാഹിപ്പിക്കണം) പോസ്റ്റ് നീണ്ടു പോയെങ്കിലും, ഇക്കാര്യങ്ങളെല്ലാം ഉൾകൊള്ളിക്കേണ്ടതിനാൽ, ഇത്രയും എഴുതേണ്ടി വന്നു…. മറ്റൊരു പോസ്റ്റ്മായി ഇനിയും കാണാം…
(നിങ്ങളുടെ അടുത്ത വീട്ടിലെ കുട്ടി പോകുമ്പോഴും ഇതെല്ലാം ചോദിക്കാൻ മറക്കരുത്.)
സ്നേഹത്തോടെ
ഈശോയുടെ സ്വന്തം ജോസിറ്റ്.