സ്വയംഭോഗം ചെയ്യാറുണ്ടോ എന്ന ചോദ്യവുമായി ഏതോ ഒരു സോഷ്യൽമീഡിയ ചാനലിന്റെ അവതാരക ആൺകുട്ടികളെയും പെൺകുട്ടികളെയും (കേരളത്തിൽ) സമീപിച്ചപ്പോൾ, ഇതൊക്കെ ശരീരത്തിന് ആവശ്യമായ കാര്യമാണെന്നും ഞാൻ ചെയ്യാറുണ്ടെന്നും ഇതിലൊന്നും ഒരു തെറ്റുമില്ലെന്നും പരസ്യമായി പ്രഖ്യാപിച്ച നിരവധി യുവതീയുവാക്കളെ ഒരു ഫേസ്ബുക്ക് വീഡിയോയിൽ കാണുകയുണ്ടായി.
ഒരാൾപോലും അത് തെറ്റാണെന്ന് പറയുന്നത് കേട്ടില്ല. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒന്നിച്ചു താമസിച്ചുകൊണ്ട് വ്യഭിചാരം ചെയ്യുക (ലിവിങ് ടുഗെതർ), ആ ബന്ധത്തിൽ ജീവൻ രൂപപ്പെട്ടാൽ ആ ജീവനെ കൊല്ലുക, സ്വവർഗ്ഗരതിയിൽ ആനന്ദിക്കുക-വിവാഹം ചെയ്യുക തുടങ്ങിയ കാര്യങ്ങൾപോലും തെറ്റല്ല എന്ന് ഭരണാധികാരികൾ പ്രഖ്യാപിച്ച്, ദൈവത്തിന്റെ നിയമത്തിന് ഒരു വിലയും കൽപ്പിക്കാതെ സാത്താനെ പ്രീണിപ്പെടുത്തുന്ന ഈ കാലത്ത് ഇതിൽ അത്ഭുതപ്പെടാനില്ല.
“ഞാൻ ബ്ലൂ ഫിലിം കാണാറുണ്ട്; സ്വയംഭോഗം ചെയ്യാറുണ്ട്, ഇത് എന്റെ ശരീരത്തിന്റെ ആവശ്യമാണ്, ഇതിൽ തെറ്റില്ല” എന്ന മുൻവിധി നിങ്ങൾക്കുണ്ടെങ്കിൽ ഇത് വായിക്കണമെന്നില്ല. കൂടുതൽ വിശുദ്ധിയിൽ ജീവിക്കുവാൻ ആഗ്രഹിക്കുന്നവർമാത്രം വായിക്കുക.
വിടുതൽ നേടിയെടുക്കേണ്ട പാപങ്ങളാണോ ഇവ രണ്ടും? സ്വയംഭോഗവും വ്യഭിചാരവും തമ്മിൽ ബന്ധമുണ്ടോ? ദൈവത്തിനെ വചനം എന്താണ് നമ്മോട് പറയുന്നത്?
“നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ? ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങള്‍ തന്നെ..” (1 കോറിന്തോസ് 3 :16 -17)
സ്വയംഭോഗം ചെയ്യുമ്പോൾ ആ പരിശുദ്ധമായ ആലയത്തിന് എന്തു സംഭവിക്കുന്നു? സ്വയംഭോഗം ചെയ്യുമ്പോൾ നാം എന്തായിരിക്കും മനസ്സിൽ ചിന്തിക്കുക? നാം കണ്ട അശ്ളീല സിനിമയിലെ ഭാഗങ്ങളാകാം, അല്ലെങ്കിൽ നമുക്കിഷ്ടപ്പെട്ട ആളുമായുള്ള പാപപ്രവൃത്തിയാകാം. ശരിയല്ലേ? ഒരു അശ്ളീല സിനിമയിൽ എന്താണ് നാം കാണുന്നതും പ്രവൃത്തിക്കുന്നതും? ചിലർ ചെയ്തുകൂട്ടുന്ന മാരക ലൈംഗികപാപങ്ങൾ നാം കണ്ടാസ്വദിക്കുകയും അതിൽ ഇഴുകിചേരുകയും അതിന്റെ മൂർദ്ധന്യത്തിൽ, ദൈവം പരിശുദ്ധമായ ആലയമായി കാണുന്ന നമ്മുടെ ശരീരത്തെ സ്വയം ഭോഗിച്ചുകൊണ്ടും (സ്വയംഭോഗം), ഹൃദയംകൊണ്ട് അതിലെ കഥാപാത്രങ്ങളുമായോ നമുക്കിഷ്ടപ്പെട്ട ആളുകളുമായോ ഭോഗിച്ചുകൊണ്ടും (വ്യഭിചാരം) നാം പാപം ചെയ്യുന്നു.
യേശു പറഞ്ഞു : “ആസക്തിയോടെ സ്ത്രീയെ നോക്കുന്നവന് ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു.” (മത്തായി 5 :28)
ഒരു അശ്ലീലവീഡിയോ കാണുമ്പോൾ എത്രമാത്രം ആസക്തിയോടെയാണ് അതിൽ അഭിനയിക്കുന്ന സ്ത്രീയുടെയോ പുരുഷന്റെയോ നഗ്നശരീരത്തിലേയ്ക്ക് നാം നോക്കുന്നതും മറ്റുള്ള പാപപ്രവൃത്തികൾ ചെയ്തുകൂട്ടുന്നതും..? ദൈവത്തിന്റെ കണക്കുപുസ്തകത്തിൽ നാം വ്യഭിചാരം ചെയ്തുകഴിഞ്ഞു..!! ഇത്തരം സിനിമകളിൽ കാണുന്ന കാര്യങ്ങൾ ജീവിതത്തിൽ അനുകരിക്കുവാൻവേണ്ടി ആസക്തിയോടെ സ്ത്രീപുരുഷന്മാരെ അന്വേഷിച്ചിറങ്ങി എത്രയോപേർ വീണ്ടും പാപം ചെയ്തുകൂട്ടുന്നു.
ചുരുക്കിപ്പറഞ്ഞാൽ അശ്ലീലവീഡിയോ കാണുന്നതും സ്വയംഭോഗം ചെയ്യുന്നതും വ്യഭിചാരമെന്ന ആറാം പ്രമാണലംഘനത്തിന്റെ രണ്ടുവശങ്ങൾതന്നെയാണ്. പാപമാണെന്നറിഞ്ഞിട്ടും മോചനം പ്രാപിക്കാതെ ഇതിൽപെട്ടുകിടക്കുന്നതുകൊണ്ടാണ് പലർക്കും ആത്മീയവളർച്ച സംഭവിക്കാത്തതും ജീവിതത്തിൽ പല തടസ്സങ്ങൾ നേരിടുന്നതും. പലരും ഇക്കാര്യം കുമ്പസാരിക്കുന്നുണ്ടെങ്കിലും പലർക്കും പാപമോചനം ലഭിക്കുന്നില്ല. പശ്ചാത്തപിക്കാത്ത പാപത്തിന് കുമ്പസരിച്ചാലും പാപമോചനം ലഭിക്കില്ല.
കാരണം,തന്റെ ഫോണിലോ കമ്പ്യൂട്ടറിലോ സൂക്ഷിച്ചിരിക്കുന്ന, പാപത്തിന് കാരണമാകുന്ന വീഡിയോകളോ, പാപബന്ധം പുലർത്തുന്ന ഫോൺനമ്പറുകളോ ഡിലീറ്റ് ചെയ്യാതെയാണ് പലരും കുമ്പസാരിക്കുവാൻ വരുന്നത്. പാപം ഉപേക്ഷിക്കുവാനുള്ള ഉറച്ച തീരുമാനമോ ആഗ്രഹമോപോലുമില്ലാതെ ഈ കള്ളകുമ്പസാരത്തിലൂടെ, ഹൃദയമറിയുന്ന കർത്താവ് എങ്ങനെ പാപമോചനം നൽകും..? പാപത്തിന്റെ സുഖത്തെ സ്നേഹിച്ചുകൊണ്ട് നാം വിശുദ്ധകുർബാന സ്വീകരിക്കുമ്പോൾ കൂടുതൽ ശിക്ഷാവിധി നാം ഏറ്റെടുക്കുകയാണ് ഫലത്തിൽ ചെയ്യുന്നത്..!! (1 കോറിന്തോസ് 11 :27 -30 വായിക്കുക)
ഒരു കാര്യം പ്രത്യേകം ഓർമ്മിക്കുക. നിങ്ങൾ ഈ പാപങ്ങളിൽ വീണുകിടക്കുന്ന മാതാപിതാക്കൾ ആണെങ്കിൽ, മക്കൾ ഈ പാപങ്ങളൊന്നും ചെയ്യാതെ ജീവിക്കുവാൻവേണ്ടി നിങ്ങൾ പ്രാർത്ഥിച്ചാലും, നന്മയും തിന്മയും ഇഷ്ടമുള്ളതുപോലെ തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നമുക്ക് നൽകിയ ദൈവത്തിന് ആ പ്രാർത്ഥന കേൾക്കുവാൻ സാധിക്കില്ല. കാരണം; “പാപം ചെയ്യുന്നവന് പാപത്തിന്റെ(പിശാചിന്റെ) അടിമയാണ്.” (യോഹന്നാൻ 8 :34) സാത്താൻ ആധിപത്യം പുലർത്തുന്നവരിൽ ദൈവത്തിന് എന്തവകാശം..?
എങ്ങനെ ഈ പാപങ്ങളിൽനിന്നും വിടുതൽ നേടാം..?
ദൈവത്തിന്റെ കൃപകൊണ്ടല്ലാതെ, സ്വന്തം കഴിവുകൊണ്ട് ഇതിൽനിന്നും മോചനംനേടുവാൻ സാധ്യമല്ല. ആദ്യംവേണ്ടത് ഉറച്ച പാപബോധമാണ്. ഇതിൽനിന്നും എങ്ങനെയെങ്കിലും വിടുതൽ വേണമെന്ന ശക്തമായ ആഗ്രഹമാണ് ഒപ്പം വേണ്ടത്. വി. കുർബാന, താമസിച്ചുള്ള കരിസ്മാറ്റിക് ധ്യാനങ്ങൾ, വൈദികർവഴി ലഭിക്കുന്ന ഡെലിവെറൻസ് ശുശ്രൂഷകൾ, ബൈബിൾ വായന, ഉപവാസം, നോമ്പ്, വ്യക്തിപരമായ പ്രാർത്ഥന, ആരാധന, ജപമാല, കരുണകൊന്ത, കുരിശിന്റെ വഴി തുടങ്ങിയ സാധ്യമാകുന്ന എല്ലാ ആത്മീയആയുധങ്ങളും ഈ നിയോഗത്തിനായി നമ്മൾ ഉപയോഗിക്കണം. അതോടൊപ്പം, പാപത്തിലേയ്ക്ക് വീണ്ടും വീഴുവാൻ പ്രേരണ നൽകിയേക്കാവുന്ന സാഹചര്യങ്ങൾ, സുഹൃത്തുക്കൾ, WhatsApp ഗ്രൂപ്പുകൾ, ചാറ്റ് ബന്ധങ്ങൾ, ഫോൺനമ്പറുകൾ തുടങ്ങിയവ പൂർണ്ണമായും ഒഴിവാക്കുക.
അത്ര എളുപ്പത്തിൽ വിടുതൽ നേടാവുന്ന ഒരു പാപമേഖല അല്ല ഇത്. ആരെങ്കിലും ലൈംഗികാസക്തികളെ കീഴ്പ്പെടുത്തി വിശുദ്ധജീവിതം നയിക്കുന്നുണ്ടെങ്കിൽ, അതിന്റെ കാരണം അവരുടെ ആഗ്രഹത്തെയും പരിശ്രമത്തെയും ദൈവം കൃപയാൽ സമ്പന്നമാക്കിയതാണ്.
“ആകയാല്‍, നില്ക്കുന്നു എന്നു വിചാരിക്കുന്നവന് വീഴാതെ സൂക്ഷിച്ചുകൊള്ളട്ടെ.” (1 കോറിന്തോസ് 10:12) “മനുഷ്യസാധാരണമല്ലാത്ത ഒരു പ്രലോഭനവും നിങ്ങള്‍ക്കു നേരിട്ടിട്ടില്ല. ദൈവം വിശ്വസ്തനാണ്. നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനങ്ങള്‍ ഉണ്ടാകാൻ അവിടുന്ന് അനുവദിക്കുകയില്ല. പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോൾ അവയെ അതിജീവിക്കാൻവേണ്ട ശക്തി അവിടുന്ന് നിങ്ങള്‍ക്കു നല്‍കും.” (1 കോറിന്തോസ് 10:13)
അതിനാൽ പാപബോധത്തോടെ, പശ്ചാത്താപത്തോടെ, പ്രാർത്ഥനയോടെ മുന്നോട്ടുനീങ്ങി, ഈ പ്രലോഭനങ്ങളെയല്ലാം അതിജീവിക്കുവാനുള്ള ശക്തി, വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവം ഓരോരുത്തർക്കും നൽകട്ടെ. ഓരോ നോമ്പുകാലവും പാപത്തിൽനിന്നും ഓടിയകന്ന് ഒരു വിശുദ്ധ/വിശുദ്ധൻ ആകുവാനുള്ള കാലമാക്കി നമുക്ക് മാറ്റാം. “നിരന്തരം പരിശ്രമിക്കുന്ന ഒരു പാപിയാണ് വിശുദ്ധൻ” (വിശുദ്ധ ജോസ് മരിയ)
ദൈവനാമം മഹത്വപ്പെടട്ടെ… ആമ്മേൻ.
By, റെനിറ്റ് അലക്സ്