ഫാ. വർഗീസ് വള്ളിക്കാട്ട്
കേരളം അന്ധവിശ്വാസങ്ങളുടെ വിളനിലമോ എന്ന ചോദ്യം വിവിധ ഇടങ്ങളിൽനിന്നും ഉയർന്ന ദിനങ്ങളാണ് ഇത്. ഇലന്തൂരിൽ നടന്ന ഇരട്ടക്കൊലപാതകങ്ങൾ ‘നരബലി’യുടെ ഭാഗമായിരുന്നു എന്ന പ്രതികളുടെ കുറ്റസമ്മത മൊഴിയാണ് ഏവരെയും നടുക്കിയതും ഇത്തരം ഒരു ചോദ്യം അനേകരുടെ മനസ്സിൽ ഉയർത്തിവിട്ടതും. ഇക്കാലത്തും നരബലി നടക്കുന്ന ഒരു സമൂഹമാണ് കേരളത്തിലുള്ളത് എന്ന അനുമാനമാണ്, കേരളം അന്ധവിശ്വാസത്തിന്റെ വിളനിലമോ എന്ന ചോദ്യത്തിലേക്കു സമൂഹത്തിൽ പലരെയും തള്ളിവിട്ടത്. എന്തുകൊണ്ടോ, ഈ സംഭവഗതിയിൽ ആദ്യംമുതലെ ചില പന്തികേടുകൾ ഉള്ളതായി തോന്നി. കുറ്റകൃത്യങ്ങൾ അന്വേഷിക്കേണ്ടത് പൊലീസാണ്. അവർ അക്കാര്യം നിർവഹിക്കട്ടെ. എന്നാൽ, എളുപ്പവഴിയിൽ ക്രിയ ചെയ്യാനുള്ള നീക്കങ്ങൾക്കെതിരെ സമൂഹം ജാഗ്രത പുലർത്തേണ്ടതുണ്ട്.
അന്ധവിശ്വാസം എന്നാൽ എന്താണ്?
അന്ധവിശ്വാസത്തെ കൃത്യമായി നിർവ്വചിക്കുക എളുപ്പമല്ല. സമൂഹത്തിന്റെ കാഴ്ചപ്പാടുകളെയും സാമാന്യ ബോധത്തെയും വെല്ലുവിളിക്കുന്നതും യുക്തിക്കു നിരക്കാത്തതുമായ കാര്യങ്ങളെയാണ് സാധാരണയായി ‘അന്ധവിശ്വാസം’ എന്നു വിളിക്കുന്നത്. പലതരത്തിലുള്ള വിശ്വാസങ്ങൾ ജീവിതത്തെ ചൂഴ്ന്നു നിൽക്കാറുണ്ട്. അവയിൽ പലതും വ്യക്തികളുടെ ജീവിത സാഹചര്യങ്ങളുമായി കൂടിക്കലർന്നാണ് കാണപ്പെടുന്നത്. യുക്തി, സങ്കല്പശക്തി, വിശ്വാസം, എന്നിവയൊക്കെത്തന്നെ മനുഷ്യ പ്രകൃതിയുടെ ഭാഗമാണ്. ഓരോരുത്തരിലും, വ്യത്യസ്ത സമൂഹങ്ങളിലും അവയെല്ലാം ഏറിയും കുറഞ്ഞും കാണപ്പെടുന്നു. ശരിയായ പരിശീലനവും അച്ചടക്കവുമില്ലെങ്കിൽ ഇവയെല്ലാം, ഒരു പരിധിവരെ, അന്ധമോ ബധിരമോ മൂകമോ ഒക്കെയാകാം.
വിശ്വാസവും അന്ധവിശ്വാസവും വിദ്യാഭ്യാസവും
വിശ്വാസത്തേയും അന്ധവിശ്വാസത്തേയും വേർതിരിക്കുക എളുപ്പമല്ല. മത ജീവിതവുമായി ബന്ധപ്പെട്ട വിശ്വാസ ആചാരങ്ങളും, സമൂഹത്തിന്റെ വിദ്യാഭ്യാസ നിലവാരവും, വ്യക്തികളുടെ ബോധമണ്ഡലത്തെയും പെരുമാറ്റരീതികളെയും വലിയതോതിൽ സ്വാധീനിക്കാം. നിലനിൽക്കുന്നതിൽനിന്നും ഉന്നതവും ശാസ്ത്രീയവുമായ ഒരു ബോധമണ്ഡലത്തിലേക്കു സമൂഹം വളരുമ്പോഴാണ് നിലവിലുള്ള പല വിശ്വാസ ആചാരങ്ങളും ശരിയായിരുന്നില്ല എന്ന തിരിച്ചറിവിലേക്കു വ്യക്തികളും സമൂഹവും എത്തുന്നത്. മനുഷ്യന്റെ യുക്തിയിലും മത ബോധത്തിലും ലോകവീക്ഷണത്തിലും ക്രമാനുഗതമായ മാറ്റങ്ങളും വളർച്ചയും ഉണ്ടാകുന്നുണ്ട്.
‘പ്രബുദ്ധത’ എന്ന പദം ഇത്തരം വളർച്ചയെയാണ് സൂചിപ്പിക്കുന്നത്. ഇതിന്റെ ഫലമായി സമൂഹത്തിലുണ്ടാകുന്ന ഗുണപരമായ മാറ്റത്തെയാണ് ‘നവോത്ഥാനം’ എന്നു വിളിക്കുന്നത്.
വിദ്യാഭ്യാസത്തിന്റെ ഫലമായി, സമൂഹം സ്വയം വിലയിരുത്താനും ആത്മ വിമർശനബുദ്ധ്യാ സ്വയം വിശകലനം ചെയ്യാനും പ്രാപ്തമാകുമ്പോഴാണ് പ്രബുദ്ധതയുടെ വെളിച്ചം സമൂഹത്തെ ദീപ്തമാക്കുന്നത്. സമൂഹത്തിന്റെ ഇരുളടഞ്ഞ പല മേഖലകളെയും നവമായി ആർജിച്ച ആത്മബോധത്തിന്റെ വെളിച്ചത്തിൽ വിശകലനം ചെയ്യാനും, മാറ്റങ്ങൾ ആവശ്യപ്പെടാനും അപ്പോൾ മനുഷ്യനു കഴിയും.
ജാത്യാചാരങ്ങളുടെ ഇന്നലെകളിൽനിന്ന് പ്രബുദ്ധതയിലേക്ക്..
ജാതി ശ്രേണിയിൽ ഉറപ്പിക്കപ്പെട്ടിരുന്ന ഇന്ത്യൻ സമൂഹത്തിൽ, മാറ്റങ്ങൾ കണ്ടുതുടങ്ങുന്നതു 16, 17 നൂറ്റാണ്ടുകൾമുതലാണ്. ക്രിസ്ത്യൻ മിഷനറിമാരുടെ നേതൃത്വത്തിൽ നടപ്പിൽവരുത്തിയ പാശ്ചാത്യ വിദ്യാഭ്യാസവും, മനുഷ്യരുടെ തുല്യ അന്തസ്സിനെയും സ്ത്രീ-പുരുഷ പാരസ്പര്യത്തെയും അടിസ്ഥാന പ്രമാണങ്ങളാക്കിയുള്ള സാമൂഹിക ഇടപെടലുകളും, ജാതി ഭേതത്തെ അതിലംഘിക്കുന്ന ആധുനിക വിദ്യാഭ്യാസ സമ്പ്രദായങ്ങളും, അയിത്തത്തെ അപ്രസക്തമാക്കുന്ന ആധുനിക വൈദ്യശാസ്ത്ര രീതികളും കേരളത്തിൽമാത്രമല്ല ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും വൻതോതിലുള്ള സാമൂഹിക മാറ്റത്തിനു നാന്ദി കുറിച്ചു.
ജാത്യാചാരങ്ങൾ പലതും ക്രമേണ, അനാചാരങ്ങളായി പരിഗണിക്കപ്പെടുകയും അവയ്ക്കെതിരെ സാമൂഹിക അവബോധവും നിയമ നിർമ്മാണം ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളും പ്രബലപ്പെട്ടു വരികയും ചെയ്തു. പതിനേഴാം നൂറ്റാണ്ടുമുതൽ ക്രൈസ്തവ സമുദായത്തിനുള്ളിൽ മതപരവും സാമൂഹികവുമായ പലമാറ്റങ്ങളുമുണ്ടായി. യൂറോപ്യൻ മിഷനറിമാർ കൊണ്ടുവന്ന വൈദിക പരിശീലനരീതികളും ആരാധനാ രീതികളും 1599 -ലെ ഉദയമ്പേരൂർ സൂനഹദോസ് ഏർപ്പെടുത്തിയ വിശ്വാസ പരിശീലന-ശിക്ഷണ സമ്പ്രദായങ്ങളും സഭാ ജീവിതത്തിൽ വലിയതോതിൽ അസ്വസ്ഥതയുണ്ടാക്കിയെങ്കിലും, മലയാളക്കരയിൽ സാവകാശത്തിലുള്ളതെങ്കിലും, സമഗ്രമായ ഒരു സാമൂഹിക മാറ്റത്തിനു തുടക്കം കുറിക്കുകയായിരുന്നു. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും തുടർചലനങ്ങളുണ്ടാക്കാൻ കഴിഞ്ഞു എന്നതാണ് മിഷനറിമാരുടെ പ്രവർത്തനങ്ങളെ ഇന്നും പ്രസക്തമക്കി നിലനിർത്തുന്നത്.
സാമൂഹിക മാറ്റത്തിന്റെ തുടർചലനങ്ങൾ…
മിഷനറിമാർ തുടങ്ങിവച്ച സാമൂഹിക മാറ്റത്തിന്റെ പ്രക്രിയ ഇതര സമുദായങ്ങളിലും ചലനമുണ്ടാക്കി. പല നവീകരണ, പുനരുജ്ജീവന ശ്രമങ്ങളും പരമ്പരാഗത ഹിന്ദു സമുദായത്തിനുള്ളിൽനിന്നുതന്നെ വളർന്നുവരികയും ചെയ്തു. മിഷനറിമാരുടെ പ്രബോധനങ്ങളെ എതിർത്തും ഘണ്ഡിച്ചും, ചെറുത്തുനിന്നും ഹിന്ദുമത പുനരുജ്ജീവനത്തിനുള്ള പരിശ്രമങ്ങൾ ശക്തമായി. അത്തരം ശ്രമങ്ങൾ പലപ്പോഴും പ്രബുദ്ധരായ ചില വ്യക്തികളിൽ തുടങ്ങി, പ്രസ്ഥാനങ്ങളായി വളർന്നു. ഒപ്പം, ഹിന്ദു ജീവിതരീതിയിലും ആചാരങ്ങളിലും വിശ്വാസങ്ങളിലും നവീകരണവും പരിഷ്കരണവും കൊണ്ടുവരാനുള്ള ശ്രമങ്ങളുണ്ടായി. ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനവും അതുണ്ടാക്കിയ വ്യത്യസ്ഥ പ്രതികരണങ്ങളും സമൂഹത്തിൽ പ്രബുദ്ധതയുടെയും നവോത്ഥാനത്തിന്റെയും ചലനങ്ങളുണ്ടാക്കി എന്നതാണ് കേരള നവോത്ഥാനത്തിന്റെ വസ്തുനിഷ്ഠ യാഥാർഥ്യം.
ശ്രീ ചട്ടമ്പി സ്വാമി, ശ്രീ നാരായണ ഗുരു, ശ്രീ അയ്യങ്കാളി, പൊയ്കയിൽ ശ്രീ കുമാരഗുരു, ശ്രീ മന്നത്തു പദ്മനാഭൻ, ശ്രീ വി. ടി. ഭട്ടതിരിപ്പാട്, ഡോ. പൽപ്പു, മഹാകവി കുമാരൻ ആശാൻ തുടങ്ങി അനേകംപേർ ജാതി ഹിന്ദുത്വത്തിന്റെ അയിത്താചാരങ്ങളെയും അനുബന്ധമായി ഉണ്ടായിരുന്ന അന്ധവിശ്വാസങ്ങളെയും എതിർത്തുകൊണ്ടും അനിവാര്യമായ സാമുദായിക മാറ്റത്തിനുവേണ്ടി ശക്തമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ടും മുന്നോട്ടുവന്നതിന്റെ ഫലമാണ് ഹിന്ദു സമുദായത്തിലും, അതുവഴിയായി കേരളത്തിന്റെ പൊതുസമൂഹത്തിലും ഉണ്ടായ നവോത്ഥാന മുന്നേറ്റങ്ങൾ. ഈ മാറ്റങ്ങളുടെ അന്തർധാരയായി വർത്തിച്ചത് ക്രൈസ്തവ സഭയും മിഷനറിമാരും യേശുക്രിസ്തുവിന്റെ സുവിശേഷവുമായിരുന്നു എന്നത് പലപ്പോഴും വിസ്മരിക്കപ്പെട്ടുപോകുകയോ തമസ്കരിക്കപ്പെടുകയോ ചെയ്യുന്നുണ്ട്.
കേരളം തിരിച്ചു നടക്കുന്നുവോ?
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ, ജാതി ഹിന്ദുത്വവും സവർണ്ണ മേധാവിത്വ ചിന്തയും ഇന്ത്യയിൽ വീണ്ടും ശക്തമാവുകയും മതേതര ഇന്ത്യയുടെ മുഖ്യധാരയിൽ ഹിന്ദു സ്വത്വരാഷ്ട്രീയം ശക്തിയാർജിക്കുകയും ചെയ്തത്, സമകാലിക സമൂഹത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ, ഹൈന്ദവ പുനരുജ്ജീവന ചിന്ത അയിത്താചാരങ്ങളെയോ അന്ധവിശ്വാസങ്ങളെയോ തിരികെ കൊണ്ടുവരുന്നതായി തെളിവുകളില്ല. പശു ആരാധന, ന്യൂനപക്ഷങ്ങളോടുള്ള അനിഷ്ടം, മതത്തിന്റെ ബാഹ്യവൽക്കരണവും മത ചിഹ്നങ്ങളുടെ വർധിച്ച പ്രചാരവും തുടങ്ങിയ പ്രവണതകൾ ശക്തമാണുതാനും. എങ്കിലും, ഹിന്ദു മതം ഒരു തിരിച്ചു പോക്കിലാണ് എന്നു പറയാൻ കഴിയില്ല.
ഇതര സമുദായങ്ങളിൽ എന്തു നടക്കുന്നു?
ക്രൈസ്തവ മതത്തിലും സഭകളിലും പൊതുവായി ഒരു ആത്മീയ ഉണർവ്വ് പ്രകടമാണെങ്കിലും, മതാത്മക ജീവിതം കൂടുതലായി വ്യക്തിനിഷ്ഠവും ഭക്തിയധിഷ്ഠിതവുമാണ്. സാമൂഹിക പ്രബോധനങ്ങളും പ്രതിബദ്ധതയും കുറയുന്നതായിട്ടാണ് കാണുന്നത്. സമൂഹത്തിൽ മാറ്റം കൊണ്ടുവരുവാനുള്ള സുവിശേഷത്തിന്റെ ശക്തി വ്യക്തികളിൽ അവസാനിച്ചു പോകുന്നുവോ എന്ന് സമുദായം ആത്മശോധന ചെയ്യേണ്ടതാണ്. പൊതുസമൂഹത്തിലും പൊതുരംഗത്തും ക്രൈസ്തവ പ്രാധിനിത്യവും സ്വാധീനവും കുറഞ്ഞുവരുന്നു എന്ന നിരീക്ഷണം ശക്തമാണ്.
ഇസ്ലാം മതം പൊതുവേ പരമ്പരാഗതമായി പുലർത്തിപോരുന്ന സാമുദായിക സ്വത്വാധിഷ്ഠിത ജീവിത രീതിയിൽ കാതലായ മാറ്റങ്ങളില്ലാതെ തുടരുന്നു. ഒപ്പം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ സജീവമായ സാന്നിധ്യവും സ്വാധീനവും പുലർത്തിപ്പോരുന്നു. സമീപകാലത്തുണ്ടായിട്ടുള്ള ഒരു മാറ്റം, സമുദായത്തിനുള്ളിൽ ശക്തമാകുന്ന നവീന സലഫി – വഹാബി ചിന്തയുടെ സ്വാധീനവും തൽഫലമായി ശക്തിപ്പെട്ടുവരുന്ന ‘പൊളിറ്റിക്കൽ ഇസ്ലാമി’ന്റെ വളർച്ചയുമാണ്. സമുദായ നേതൃത്വം അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ, സമുദായത്തിൽ ഒരു ഭാഗം തീവ്രസ്വഭാവമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്ക് മാറിപ്പോയേക്കാം. ഇത് സമുദായത്തിനും രാഷ്ട്രത്തിനും അപരിഹാര്യമായ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.
അന്ധവിശ്വാസമാണോ പ്രശ്നം?
മുകളിൽ ചൂണ്ടിക്കാണിച്ച വസ്തുതകൾ വ്യക്തമാക്കുന്നത് കേരളത്തിന്റെ പൊതു സമൂഹമോ പ്രബല സമുദായങ്ങളോ അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയോ വളർത്തുകയോ ചെയ്യുന്നില്ല എന്നുതന്നെയാണ്. അങ്ങനെയെങ്കിൽ, ഇലന്തൂരിൽ ഉണ്ടായതുപോലുള്ള മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന നരഹത്യകൾ വർധിച്ചുവരുന്നതിനു കാരണം സമൂഹത്തിൽ പടരുന്ന അന്ധവിശ്വാസമാണോ? ആണെങ്കിൽ അത് എന്തുതരം അന്ധവിശ്വാസമാണ്? സമൂഹത്തിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നു എന്നതല്ലേ യഥാർത്ഥ പ്രശ്നം? അതിനുള്ള കാരണം യഥാർത്ഥത്തിൽ അന്ധവിശ്വാസമാണോ, അതോ മറ്റെന്തെങ്കിലുമാണോ?
‘പണമുണ്ടാക്കാൻ ഏതറ്റം വരെയും പോകുന്നതിൽ തെറ്റില്ല’ എന്ന കാഴ്ചപ്പാട് സമൂഹത്തിൽ പടരുന്നുണ്ട്. ഇത് ഒരു അന്ധവിശ്വാസമാണെങ്കിൽ, അത് കേരളത്തിൽ അങ്ങേയറ്റം പ്രബലമാണ്. ഇതിനുള്ള രാഷ്ട്രീയ സാഹചര്യവും രാഷ്ട്രീയ പിന്തുണയും വർധിച്ചുവരുന്നു എന്നതല്ലേ കേരളത്തെ കുറ്റകൃത്യങ്ങളുടെ വിളനിലമാക്കുന്നത്? എല്ലാത്തരം കുറ്റകൃത്യങ്ങളും പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിക്കപ്പെടുന്നു! നമ്മുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ലക്ഷ്യവും അതുതന്നെയായി മാറിയിരിക്കുന്നു!
രാഷ്ട്രീയ പാർട്ടികൾ കോർപറേറ്റുവൽക്കരിക്കപ്പെടുകയും രാഷ്ട്രീയ പ്രവർത്തകർ പാർട്ടിയുടെ ശമ്പളക്കാരായി മാറുകയും രാഷ്ട്രീയ പ്രവർത്തനം ഒരു തൊഴിലായി പരിഗണിക്കപ്പെടുകയും ചെയ്തതോടെ, പ്രാദേശികതലം മുതലുള്ള എല്ലാ സർക്കാർ-അർദ്ധസർക്കാർ ഭരണസംവിധാനങ്ങളും പാർട്ടിക്കുവേണ്ടി വിനിയോഗിക്കപ്പെടാനുള്ളതാണെന്ന തലതിരിഞ്ഞ കാഴ്ചപ്പാടിൽനിന്നു വളർന്നുവന്ന രാഷ്ട്രീയ- ഉദ്യോഗസ്ഥ- ക്രിമിനൽ കൂട്ടുകെട്ടും, അഴിമതിയും, കേരള സമൂഹത്തെ മുൻപെങ്ങും ഇല്ലാത്തവിധം ക്രിമിനൽവൽക്കരിച്ചിരിക്കുന്നു എന്നതല്ലേ യാഥാർത്യം? ഫലമോ?
ഏതു വിധേനയുള്ള പണസമ്പാദനവും ‘രാഷ്ട്രീയമായി ശരി’യാണ് എന്ന കാഴ്ചപ്പാട് ശക്തമായിരിക്കുന്നു! ക്രിമിനലുകളെ മാറ്റിനിർത്തി രാഷ്ട്രീയ പ്രവർത്തനം അസാധ്യമായിരിക്കുന്നതുപോലെ, രാഷ്ട്രീയ സംരക്ഷണം കിട്ടാത്ത കുറ്റകൃത്യങ്ങളില്ല എന്നനില വന്നിരിക്കുന്നു! സ്വർണ്ണ കള്ളക്കടത്ത്, മയക്കുമരുന്നു കള്ളക്കടത്ത്, മനുഷ്യക്കടത്ത്, തീവ്രവാദം, വർധിച്ചുവരുന്ന കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകൽ, സ്ത്രീപീഡനം തുടങ്ങി ഏതുതരം സംഘടിത കുറ്റകൃത്യത്തിനും സംസ്ഥാനത്തെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുണ്ട് എന്ന അവസ്ഥ സംജാതമായിരിക്കുന്നു.
രാഷ്ട്രീയ കുറ്റകൃത്യങ്ങളും അന്ധവിശ്വാസവും
അന്ധവിശ്വാസത്തിൽ അജ്ഞതമൂലമുള്ള അന്ധതയുടെ പ്രശ്നമാണ് ഉള്ളതെങ്കിൽ, നമ്മൾ ഇന്നഭിമുഖീകരിക്കുന്ന പ്രശ്നം എല്ലാം കാണുകയും അറിയുകയും ചെയ്യുന്നവർ കണ്ണടയ്ക്കുന്നതുമൂലം സംഭവിക്കുന്ന സമൂഹത്തിന്റെതന്നെ വർധിച്ചുവരുന്ന ക്രിമിനൽവൽക്കരണമാണ്! ഇത് സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങളാൽ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതും, കേരളത്തിലെ സവിശേഷമായ രാഷ്ട്രീയത്തിന്റെയും സങ്കീർണ്ണമായ സാമൂഹിക സാഹചര്യങ്ങളുടെയും ഉൽപ്പന്നവും അവയുടെ അവിഭാജ്യ ഘടകവുമാണ്.
സർവ്വാംഗം ചികിത്സ ആവശ്യമുള്ള കടുത്ത രോഗമായി മാറിയിരിക്കുന്നു കേരള സമൂഹത്തിന്റെ ക്രിമിനൽവൽക്കരണം എന്ന മാരക വ്യാധി. ഏതെങ്കിലും ഒരു കുറ്റകൃത്യത്തെ അന്ധവിശ്വസത്തിന്റെ ലേബലിൽ ചേർത്തുകൊണ്ട് ഈ സങ്കീർണ്ണ സാഹചര്യത്തെ നേരിടാൻ കഴിയും എന്നു ചിന്തിക്കുന്നത്, കേവലം തൊലിപ്പുറത്തുള്ള ചികിത്സ മാത്രമായിരിക്കും.