സോളിമ തോമസ്
വിശ്വാസം, അത് എവിടെ നിന്ന്… അതിന്റെ ബാലപാഠം തുടങ്ങേണ്ടത് കുടുംബങ്ങളിൽനിന്നും അമ്മയുടെ ഉദരത്തിൽ കുഞ്ഞിനെ വഹിക്കുമ്പോൾ തന്നെ. എന്നും ഉദരത്തിൽ കുരിശു വരച്ച് പ്രാർത്ഥിക്കുക. ഉത്തരത്തിൽ കൈവെച്ചു കുഞ്ഞിനോട് ഈശോയെ കുറിച്ച് സംസാരിക്കുക. കുഞ്ഞുങ്ങൾ ജനിച്ചു കഴിഞ്ഞ് ആദ്യമായി നമ്മുടെ കരങ്ങളിൽ ലഭിക്കുമ്പോൾ നാം ഒത്തിരി അധികം സന്തോഷിച്ച ആ കുഞ്ഞി കവിളിൽ മുത്തം നൽകുക പതിവാണ്.
ആ മുത്തം നൽകുന്ന അവസരത്തിൽ തന്നെ ആദ്യമായി ആ കുഞ്ഞു കാതുകളിൽ ഈശോ എന്ന് ചൊല്ലുക. ആ കുഞ്ഞു മനസ്സിൽ ആദ്യമായി കേൾക്കുന്ന വാക്ക് ഈശോ എന്ന ആയിരിക്കട്ടെ. ഇടയ്ക്കിടെ ആ കുഞ്ഞു നെറ്റിയിൽ കുരിശു വരയ്ക്കുകയും ഈശോ എന്ന നാമം ചൊല്ലി കൊടുക്കുവാൻ മാതാപിതാക്കൾ എപ്പോഴും ബന്ധശ്രദ്ധരായിരിക്കണം.
ചില കുടുംബങ്ങളിൽ മാതാപിതാക്കൾ കുഞ്ഞുമക്കളെ ഉറക്കിയ ശേഷം സന്ധ്യാപ്രാർത്ഥന ചൊല്ലാം എന്ന് കരുതും അത് തികച്ചും തെറ്റായ ഒരു പ്രവണതയാണ്. സന്ധ്യാ പ്രാർത്ഥനയിൽ കുഞ്ഞു മക്കളെയും ഉൾപ്പെടുത്തുക പ്രാർത്ഥനയുടെ സമയത്ത് കുഞ്ഞുമക്കൾ കളിക്കട്ടെ ചിരിക്കട്ടെ പതിയെപ്പതിയെ മാതാപിതാക്കളെ കണ്ടു അവർ ശാന്തരായി ഇരുന്നു കൊള്ളും. ആ കുഞ്ഞു വിരലുകൾ കൊണ്ട് നെറ്റിയിൽ കുരിശു വരയ്ക്കുകയും ആ കുഞ്ഞി കൈകൾ കൂപ്പി പിടിച്ച് ഈശോ അപ്പച്ചനോട് പ്രാർത്ഥിക്കുക എന്നു പറയുകയും കൊച്ചു കൊച്ചു പാട്ടുകൾ വചനങ്ങൾ പ്രാർത്ഥനകൾ അവർക്ക് ചൊല്ലിക്കൊടുക്കയും വേണം.
മക്കളുടെ കൂടെ എപ്പോഴും ഈശോ അപ്പച്ചൻ ഉണ്ട് ഒന്നിനെയും പേടിക്കേണ്ട എന്നും. ആ വിശ്വാസം കുഞ്ഞുമനസ്സുകളിൽ ആഴമായി പതിക്കുവാൻ നാം ശ്രദ്ധിക്കണം. കുഞ്ഞുമക്കളെ ഉറക്കുമ്പോൾ താരാട്ട് പാട്ടിന് പകരമായി കൊച്ചു കൊച്ചു ഈശോ പാട്ടുകൾ പാടി അവരെ ഉറക്കാൻ ശ്രമിക്കുക. അവർ ഉറങ്ങാൻ പോകുമ്പോഴും ഉണരുമ്പോഴും ഈശോ എന്ന നാമം കേൾക്കട്ടെ. കുഞ്ഞി പ്രായത്തിൽത്തന്നെ ഈശോയെ കുറിച്ച് പറഞ്ഞു കൊടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ഒരു കുഞ്ഞിന്റെ വിശ്വാസപരിശീലനം ആരംഭിക്കേണ്ടത് ഭവനത്തിൽ നിന്നാകണം.
നമ്മുടെ ഭവനങ്ങളുടെ ചുറ്റുപാടുകളും സാഹചര്യങ്ങളും സംഭാഷണങ്ങളും കുഞ്ഞുങ്ങളെ വളരെയധികം സ്വാധീനിക്കും. അതു മനസ്സിലാക്കി നാം പ്രവർത്തിക്കണം ആ കുഞ്ഞുമനസ്സിന് മാതൃക ആകും വിധം നമ്മുടെ സംസാരവും പ്രവർത്തികളും വിശുദ്ധമായിരിക്കട്ടെ. കുട്ടികളുടെ മുൻപിൽ വെച്ച്. തെറ്റായ രീതിയിൽ ഉള്ള സംസാരശൈലികൾ പരിപൂർണ്ണമായി ഒഴിവാക്കുക. എന്ത് കിട്ടിയാലും മറ്റുള്ളവരുമായി പങ്കു വയ്ക്കുന്ന ഒരു മനോഭാവം കുഞ്ഞിലെ നമ്മളുടെ മക്കളിൽ വളർത്തിയെടുക്കാൻ ശ്രമിക്കണം. കുഞ്ഞുങ്ങളെ ചെറുപ്പം മുതൽ തന്നെ ദേവാലയത്തിൽ കൊണ്ടുപോകാൻ മാതാപിതാക്കൾ ബന്ധശ്രദ്ധരാക്കേണ്ടതാണ്.
കുഞ്ഞുങ്ങളുമായി ദേവാലയത്തിൽ തിരു കർമ്മങ്ങൾക്ക് പോകുമ്പോൾ അവരോട് പറയുക.
നമ്മൾ ഈശോ അപ്പച്ചനെ കാണാൻ പോകുകയാണെന്നും. ഈശോ അപ്പച്ചൻ നമ്മളെ അവിടെ കാത്തിരിക്കുകയാണ്. ചെന്നില്ലയെങ്കിൽ ഈശോ അപ്പച്ചന് സങ്കടം വരുമെന്ന് കുഞ്ഞുനാളിലെ പറഞ്ഞു പഠിപ്പിക്കുക. സമയം കിട്ടുമ്പോഴൊക്കെ കുഞ്ഞുങ്ങളുമായി കുറച്ചു സമയമെങ്കിലും ദേവാലയങ്ങളിൽ ചിലവഴിക്കുവാൻ മാതാപിതാക്കൾ ഉത്സാഹം കാണിക്കണം. ഇങ്ങനെ വളർന്നുവരുന്ന കുഞ്ഞുങ്ങൾ വീടിനോ നാടിനോ രാജ്യത്തിനോ സഭയ്ക്കോ ഭീഷണി ആകില്ല. തുടരും…