റെനിറ്റ് അലക്സ്
ദൈവശുശ്രൂഷകരെ ‘വിമർശിച്ചാൽ’…പരിശുദ്ധാത്മാവിനെതിരെയുള്ള പാപമാകുമോ? ബ്രദർ സജിത്ത് നയിക്കുന്ന ധ്യാനത്തെ അനുകൂലിച്ചുകൊണ്ടും, അദ്ദേഹത്തെ അപമാനിക്കുന്നവർക്ക് പാപത്തിന്റെ മുന്നറിയിപ്പുനൽകിയും ഞാൻവഴി എഴുതപ്പെട്ട ലേഖനത്തിന് മറുപടിയായി മറ്റൊരാൾ എഴുതിയ ലേഖനത്തിൽ, ‘പലവിധ ആത്മീയഭീക്ഷണി (Spiritual threatening) മുഴക്കുന്ന അതിവിശുദ്ധപട്ടം കെട്ടിയവർ, ന്യായീകരണത്തൊഴിലാളികൾ’ തുടങ്ങിയ സംബോധനകൾ കാണുകയുണ്ടായി.
‘തങ്ങൾക്കു പ്രിയപ്പെട്ട ശുശ്രൂഷകരെ വിമർശിച്ചാൽ, പരിശുദ്ധാത്മാവിനെതിരെയുള്ള പാപമാണെന്നു പറഞ്ഞ് വിശ്വാസികളെ ഈ വിധം പേടിപ്പിച്ച് വായടക്കുവാൻ ശ്രമിക്കുന്നതെന്തിന്..’ എന്ന ചോദ്യത്തിനൊപ്പം, ശുശ്രൂഷകർ വിമർശിക്കപ്പെടേണ്ടേ ആവശ്യകതയെക്കുറിച്ചും വിശദീകരിച്ചതിനുശേഷം, ‘ക്രിസ്തുവിന്റെ ഇന്നും തുടരുന്ന രക്ഷാകരപദ്ധതികൾ മുഴുവൻ തകിടംമറിച്ചു ട്വിസ്റ്റ് ചെയ്യുവാൻ ഇവിടെ പുതുയുഗശുശ്രൂഷകർ പെരുകുകയാണ്’ എന്ന് അസ്വസ്ഥതപ്പെട്ടുകൊണ്ട് നീണ്ട ആ ലേഖനം അവസാനിക്കുന്നു.
അദ്ദേഹം ആഗ്രഹിക്കുന്ന നിലവാരത്തിലേയ്ക്ക് മറ്റു ശുശ്രൂഷകർ എത്താത്തതാകാം ഈ അസ്വസ്ഥതകൾക്കു കാരണം. എന്നാൽ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്നുവച്ചാൽ, ദൈവം തന്റെ ശുശ്രൂഷകരായി ഭൂമിയിൽ നിയോഗിച്ചിരിക്കുന്നത് മാലാഖമാരെയല്ല, മറിച്ച്, നമ്മുടെ കുടുംബത്തിൽ ജനിച്ചുവളർന്ന, നമ്മുടെയിടയിലുള്ള, പരിമിതികളും പോരായ്മകളും ബലഹീനതകളുമുള്ള സാധാരണ മനുഷ്യരെയാണ് എന്നതാണ്.
അവർക്ക് തീർച്ചയായും മാനുഷികമായ തെറ്റുകൾ പ്രബോധനത്തിലും സംഭവിക്കാം. എന്നാൽ പ്രബോധനത്തിൽ വരുന്ന തെറ്റ് തിരുത്തുന്നത് പരിശുദ്ധാത്മാവിനെതിരെയുള്ള പാപമായി ഞാൻ ഒരു ലേഖനത്തിലും പറഞ്ഞിട്ടില്ല. (അങ്ങനെ ലേഖനത്തിൽ പറഞ്ഞതായുള്ള സൂചന മറ്റു മറുപടിലേഖനത്തിലും കാണുകയുണ്ടായി) ബ്രദർ സജിത്തിന്റെ പേര് ആദ്യം കണ്ടപ്പോൾ, മുൻവിധിയോടെ വായിച്ചുതുടങ്ങിയതുകൊണ്ട് സംഭവിച്ച തെറ്റിദ്ധാരണയാകാമത്.
എങ്കിലും നമ്മിൽപലരും ഈ കാര്യത്തിൽ പാപം ചെയ്യുന്നുണ്ട്.. എങ്ങനെ..? ലേഖനം മുൻവിധികൂടാതെ പൂർണമായും വായിക്കുവാൻ അപേക്ഷിക്കുന്നു.
1-ഒരാളുടെ തെറ്റായ പ്രബോധനത്തെ എങ്ങനെയാണ് തിരുത്തേണ്ടത്..?
ഒരിക്കൽ, അറിയപ്പെടുന്ന ഒരു വൈദികന്റെ തെറ്റായ കാഴ്ചപ്പാടുകളെ തിരുത്തിക്കൊണ്ട് ലേഖനമെഴുതേണ്ടിവന്നപ്പോൾ വല്ലാത്ത ഹൃദയഭാരം അനുഭവപ്പെട്ടു. വൈദികനെ തിരുത്തുന്നത് പാപമാകുമോ എന്ന ചിന്ത വന്നപ്പോൾ, ഇടവകവികാരിയായിരുന്ന ബഹുമാനപ്പെട്ട സേവ്യർ പുത്തൻപുരക്കൽ അച്ചനോട് ആത്മീയ ഉപദേശം തേടി.
അച്ചൻ തന്ന മറുപടി ഏതാണ്ടിങ്ങനെയാണ്; “മാമ്മോദീസവെള്ളം തലയിൽവീണ ഏതൊരു ക്രിസ്ത്യാനിയുടെയും കടമയാണ് വിശ്വാസികളെ വഴിതെറ്റിക്കുന്ന പ്രബോധനങ്ങൾ ആരു പറഞ്ഞാലും തിരുത്തുക എന്നുള്ളത്. പക്ഷേ ആ വ്യക്തിയെ ഒരുതരത്തിലും വ്യക്തിപരമായി അധിഷേപിക്കുവാനോ ശത്രുതാമനോഭാവം പ്രകടിപ്പിക്കുവാനോ പാടില്ല. അങ്ങനെ ചെയ്താൽ അത് പാപമാകും..” എന്നായിരുന്നു അച്ചൻ പറഞ്ഞത്. നിങ്ങളിൽ ഈ പാപം ഉണ്ടോ..?
ഒരു വ്യക്തിയെ പൂർണ്ണമായി സ്നേഹിച്ചുകൊണ്ടും, ആ വ്യക്തിയുടെ ആത്മീയവളർച്ച ആഗ്രഹിച്ചുകൊണ്ടും, യാതൊരുവിധ വിദ്വേഷമോ വളർച്ചയിലുള്ള അസൂയയോ കൂടാതെ, തെറ്റായ പ്രബോധനത്തെ തിരുത്തുവാൻ ശ്രമിച്ചാൽ മാത്രം അതൊരാൾക്ക് പാപമാകില്ല; പകരം പുണ്യമാവുകയും ചെയ്യും..!! മറിച്ചായാൽ അത് പാപമായിത്തീരും!
2-വിമർശിക്കുന്നത് പാപമാണോ.?
വിമർശനവും തെറ്റുതിരുത്തലും രണ്ടാണ്. നമ്മൾ പലപ്പോഴും ഒരു വ്യക്തിയെ വിമർശിക്കുന്നത്, അവരെ നന്നാക്കുവാനോ തെറ്റു തിരുത്തുവാനോ അല്ല. എന്തെങ്കിലും കാരണത്താൽ അവരോടുള്ള അതൃപ്തിയുടെ ഫലമാണ് ഉള്ളിൽ സ്നേഹമില്ലാത്ത ഈ വിമർശനങ്ങൾ. വിമർശനവിധേയമാകുന്ന വ്യക്തി ഇതറിയുന്നുകൂടിയുണ്ടാവില്ല. ഉദാഹരണത്തിന്, നമ്മൾ വീട്ടിലിരുന്ന് ഭരണാധികാരികളെ വിമർശിക്കുന്നു; അയൽക്കാരെ വിമർശിക്കുന്നു. എന്തു ഫലം..!!?
വിമർശനത്തിന് പകരം ഒരു മിനിറ്റ് പ്രാർത്ഥിച്ചിരുന്നെങ്കിൽ, തീർച്ചയായും ഫലമുണ്ടായേനെ.. പലപ്പോഴും നാം വിമർശനവിഷയമായി എടുക്കുന്ന കാര്യങ്ങൾ സത്യമാകണമെന്നുപോലുമില്ല.
കുറ്റം പറയുന്നത് പാപമാണോ..? വിധിക്കുന്നത് പാപമാണോ..? നിന്ദിക്കുന്നത് പാപമാണോ..? വ്യർത്ഥവാക്കിന് വിധിദിനത്തിൽ കണക്കുബോധിപ്പിക്കേണ്ടിവരുമോ..? നിന്റെ വാക്കുകളാൽ നീ കുറ്റം വിധിക്കപ്പെടുമോ..?
തുടങ്ങിയ കാര്യങ്ങൾക്കുത്തരം ബൈബിളിൽനിന്നും കണ്ടെത്തിക്കഴിയുമ്പോൾ, തെറ്റായ പ്രബോധനങ്ങൾ സ്നേഹത്തോടെ തിരുത്തുന്നതും, വിമർശിക്കുന്നതും രണ്ടുതലമാണെന്ന് മനസ്സിലാക്കാം. ആദ്യത്തേത് കർത്താവിന്റെ മുൻപിൽ നീതീകരിക്കപ്പെടും.. രണ്ടാമത്തേതിന് കണക്കുബോധിപ്പിക്കേണ്ടിവരും. ഒരാളെ വ്യക്തിപരമായി നിന്ദിച്ചുകൊണ്ടും പരിഹസിച്ചുകൊണ്ടുമുള്ള ട്രോൾ ഷെയർ ചെയ്യുന്നതുപോലും പാപമല്ലേ..?
3-ബ്രദർ സജിത്തിനെ അനുകൂലിച്ചുകൊണ്ടെഴുതിയ ലേഖനത്തിൽ പരിശുദ്ധാത്മാവിനെതിരെയുള്ള പാപമായി സൂചിപ്പിച്ചതെന്താണ്..?
യേശു, പരിശുദ്ധാത്മാവിനാൽ പിശാചുക്കളെ പുറത്താക്കിയപ്പോൾ, പിശാചുക്കളുടെ തലവനെക്കൊണ്ടാണ് ഈ സൗഖ്യം കൊടുക്കുന്നതെന്ന് ഫരിസേയർ ആരോപിച്ചു. അവിടെ അവർ തള്ളിപ്പറഞ്ഞത് യേശുവിനെയും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെയുമാണ്. അവർക്ക് യേശു കൊടുത്ത മുന്നറിയിപ്പ് യുഗാന്തംവരെയുള്ള മനുഷ്യർക്ക് ബാധകമാണ്.
“മനുഷ്യപുത്രനെതിരായി ആരെങ്കിലും ഒരു വാക്കു പറഞ്ഞാൽ അത് ക്ഷമിക്കപ്പെടും; എന്നാൽ, പരിശുദ്ധാത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാൽ, ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല.” (മത്തായി 12:32) ബ്രദർ സജിത്ത് വഴിയോ മറ്റു ശുശ്രൂഷകർ വഴിയോ അഭിഷേകവും രോഗശാന്തിയും അടയാളങ്ങളും സംഭവിക്കുമ്പോൾ, അത് തട്ടിപ്പാണെന്നും ഇവർ തട്ടിപ്പുവീരൻമാരാണെന്നും പറഞ്ഞു പരിഹസിക്കുകയും ചീത്തവിളിക്കുകയും ചെയ്യുമ്പോൾ, യഥാർത്ഥത്തിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളെയാണ് ദുഷിക്കുന്നത്.
ആ വ്യക്തിക്കെതിരെയല്ല, ആ വ്യക്തിയിലൂടെ പ്രവർത്തിക്കുന്ന പരിശുദ്ധാത്മാവിനെതിരെയാണ് നിങ്ങൾ അപ്പോൾ സംസാരിക്കുന്നത്. ഈ രീതിയിൽ പരിശുദ്ധാത്മാവിനെതിരെ ആരെങ്കിലും സംസാരിച്ചാൽ ക്ഷമിക്കപ്പെടുകയില്ല എന്നുപറഞ്ഞത് ലേഖനകർത്താവല്ല; മറിച്ച്, നമ്മുടെ കർത്താവായ യേശുക്രിസ്തുവാണ്. നിർഭാഗ്യവശാൽ അറിഞ്ഞോ അറിയാതെയോ ഈ പാപത്തിൽ പെട്ടുകിടക്കുന്ന നിരവധി ആളുകൾ നമ്മുടെയിടയിൽ ഉണ്ടെന്ന് സോഷ്യൽമീഡിയയിൽ കണ്ണോടിച്ചാൽ മനസ്സിലാകും.
ഇക്കൂട്ടർക്ക് കർത്താവ് കൊടുത്ത മുന്നറിയിപ്പിനെ എടുത്തുപറഞ്ഞോർമ്മിപ്പിക്കുകയാണ് ആ ലേഖനത്തിന്റെ അവസാനഭാഗത്ത് ചെയ്തത്. കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ! “എനിക്കു പ്രവചനവരമുണ്ടായിരിക്കുകയും സകല രഹസ്യങ്ങളും ഞാൻ ഗ്രഹിക്കുകയും ചെയ്താലും, സകല വിജ്ഞാനവും മലകളെ മാറ്റാൻതക്ക വിശ്വാസവും എനിക്കുണ്ടായാലും, സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല.” (1 കൊറിന്തോസ് 13 :2)