കത്തോലിക്ക സഭയിലെ സന്ന്യാസിനികളാണ് എന്നെ അക്ഷരം എഴുതാൻ പഠിപ്പിച്ചത്. ദൈവ വിശ്വാസം എന്നിൽ ഉറപ്പിച്ചത് അവരാണ്. എന്നെ ശാസ്ത്രവും ഗണിതവും പഠിപ്പിച്ചതും ഈ സന്ന്യാസിനികളാണ്. ജാതിമത വർണ്ണ വർഗ്ഗലിംഗ ഭേദം കൂടാതെ മനുഷ്യരെ മനുഷ്യരായി കാണാനും പഠിപ്പിച്ചത് ഇവരാണ്. ജീവിതത്തിൽ അച്ചടക്കത്തിന്റെ ബാല പാഠങ്ങൾ ഇവരിൽനിന്ന് പഠിച്ചതുകൊണ്ടാകും പേടിയുള്ള ഒരു ബഹുമാനം എന്നും ഈ സന്ന്യാസിനിമാരോടുണ്ട്. ഇന്നും എന്നെ ഒരു അമ്മയുടെ തീക്ഷണതയോടെ പ്രാർത്ഥിച്ചു ശക്തിപ്പെടുത്തുന്നതും ഇവരാണ്. ഇവരെ അടിമകളെന്നും ദുർബലരെന്നും വിളിച്ചുള്ള മാധ്യമ വിചാരണകൾ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ സ്ത്രീ വിരുദ്ധതയായി മാത്രമേ കാണാൻ കഴിയു.
പൊതുസമൂഹത്തിൽ ഞാൻ കണ്ടിട്ടുള്ള സ്ത്രീകളിൽ ഏറ്റവും കരുത്തുറ്റ വനിതകൾ ഈ സന്ന്യാസിനികളാണ്. വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആതുരാലയങ്ങളെയും ഒക്കെ സ്വന്തം ആജ്ഞ ശക്തികൊണ്ട് നയിക്കുന്ന ഒട്ടനവധി സന്ന്യാസിനികളെ എനിക്ക് പരിചയം ഉണ്ട്. എല്ലാ കത്തോലിക്ക സന്ന്യാസിനി മഠങ്ങളും സ്വയം പ്രാപ്തിയുള്ള അവരുടെ തന്നെ അധികാരികളാൽ നയിക്കപ്പെടുന്നതാണ്. അവരെപ്പോലെ തെരുവിന്റെ മക്കളെ ചേർത്ത് പിടിച്ചു ശുശ്രൂഷിക്കാൻ കരുത്തുള്ള ഒരു സ്ത്രീയും നമ്മുടെ സമൂഹത്തിൽ ഇല്ല. അവരെപ്പോലെ ഭാരതത്തിന്റെ ഉൾഗ്രാമങ്ങളിൽ പോയി ആർക്കും വേണ്ടാത്ത മനുഷ്യർക്ക് അമ്മമാരായി മാറാൻ മനസിന് ബലമുള്ള ഒരു സ്ത്രീയും ഉണ്ടാവില്ല.
അങ്ങനെ അദ്ധ്യാപകരും, ഡോക്ടർമാരും, എഞ്ചിനീർമാരും , അഡ്മിനിസ്ട്രേറ്റർമാരും നഴ്സുമാരും പ്രിൻസിപ്പൽമാരും ചാർട്ടർ അക്കൗണ്ടന്റ്സ് ഉം ഒക്കെയായി വിവിധ മേഖലകളിൽ സേവനം ചെയ്യുന്ന കത്തോലിക്ക സന്ന്യാസിനിമാരെയാണ് അടിമകൾ എന്ന് സംബോധന ചെയ്യുന്നത്. ഇൻഡ്യയിലെ സ്കൂൾ കോളേജ് പ്രിൻസിപ്പൽമാരുടെ ദേശീയ തല യോഗങ്ങളിൽ ബഹുഭൂരിപക്ഷം കത്തോലിക്ക സന്ന്യാസിനികളാണ് പങ്കെടുക്കുന്നത്. ഭിന്നശേഷിയുള്ള മക്കളെ പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ യോഗങ്ങളിലും കത്തോലിക്ക സന്ന്യാസിനികളാണ് ഏറിയ പങ്കും. ആത്മീയമായി സഭയെ നിലനിർത്തുന്ന ഊർജ്ജസ്രോതസ്സാണ് ഈ സന്യസ്തർ. നമ്മുടെ സമൂഹത്തെ ശിഥിലമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവരുടെ സാന്നിധ്യം വലിയ ഭീഷണിയാണ്.
ദുർബലരായവർക്ക് സന്ന്യാസ ജീവിതം സാധ്യമല്ല. മനസിന്റെ ഇച്ഛാശക്തിയിലാണ് ഒരാൾ സന്ന്യാസം ജീവിതാവസാനം വരെ സ്വീകരിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ സ്ത്രീ ശാക്തീകരണത്തിന്റെ നവോഥാന വഴിയായിട്ടാണ് വിശുദ്ധ ചാവറ കുര്യാക്കോസ് എലിയാസ് അച്ചൻ സ്ത്രീകൾക്ക് കേരളത്തിൽ സന്ന്യാസത്തിനു വാതിൽ തുറന്നു കൊടുത്തത്.
കത്തോലിക്ക സഭയിലെ സന്ന്യാസികളും സന്ന്യാസിനികളും ആരുടേയും അടിമകളല്ല. ആരും അവരെ അടിമയാക്കാൻ ധൈര്യപ്പെടാറുമില്ല.
സന്ന്യാസ വസ്ത്രം ധരിച്ച ആർക്കെങ്കിലും അടിമത്വം അനുഭവപ്പെടുന്നുണ്ടെങ്കിൽ ആ വ്യക്തിയുടെ ഹൃദയത്തിൽ നിന്ന് സന്ന്യാസം പണ്ടേ പടിയിറങ്ങിയതുകൊണ്ടാണ്. അവരല്ല കത്തോലിക്ക സന്ന്യാസത്തിന്റെ യഥാർത്ഥ വക്താക്കൾ. കത്തോലിക്ക സന്ന്യാസം ജീവിക്കുന്ന ആയിരക്കണക്കിന് വിശുദ്ധ ജീവിതങ്ങൾ ഈ അവഹേളനങ്ങൾ വകവയ്ക്കാതെ മൗനമായി ഈ പൊതുസമൂഹത്തെ മെനഞ്ഞെടുക്കുന്ന പ്രക്രീയയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ഭാര്യയെ മൂർഖൻ പാമ്പിനെകൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ ഭർത്താവ് നമ്മുടെ സമൂഹത്തിൽ ഉണ്ട്. ഭർത്താവിന് വിഷം കൊടുത്തു കൊന്ന ഭാര്യയും കാമുകനോടൊപ്പം ഒളിച്ചോടാൻ കുഞ്ഞിനെ കൊന്ന അമ്മയും ഒക്കെ നമ്മുടെ സമൂഹത്തിലുണ്ട്. മലയാളിയുടെ വിശുദ്ധമായ കുടുംബജീവിതത്തെ വ്യാഖ്യാനിക്കാൻ ഇവരെയൊക്കെയാണോ നമ്മൾ ക്ഷണിക്കുന്നത്? അല്ല. എന്നാൽ, സന്ന്യാസം തെരുവിൽ ഉപേക്ഷിച്ച പലരെയുമാണ് ഇന്ന് കത്തോലിക്ക സന്ന്യാസം വ്യാഖ്യാനിക്കാൻ മാധ്യമങ്ങൾ ക്ഷണിച്ചു കൊണ്ടുവരുന്നത്.
ഒരു കോടതി കേസ് ജയിക്കാൻ കത്തോലിക്ക സന്ന്യാസിനികളെ ഒന്നടങ്കം ദുർബലരും അടിമകളും ആക്കി ചിത്രീകരിച്ചു അവരെ ഉദ്ധരിക്കാൻ നിങ്ങൾ ഒഴുക്കുന്ന മുതലക്കണ്ണീരിൽ എത്രമാത്രം വിഷാംശം ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നു മനസിലാക്കാൻ കഴിയാത്ത വിധത്തിൽ മലയാളികളുടെ തലയിൽ കളിമണ്ണാണെന്ന് മാത്രം തെറ്റിദ്ധരിക്കരുത്. ഏതെങ്കിലും സ്ത്രീകളോ പുരുഷന്മാരോ തങ്ങൾ ദൈവകൃപയാൽ കരുത്തുറ്റവരും മനസിന് ബലമുള്ളവരുമാണെന്നു തോന്നിയാൽ നിങ്ങൾക്കു മാത്രം കയറി ചെല്ലാൻ തുറന്നിട്ടിരിക്കുന്ന ഇടമാണ് കത്തോലിക്ക സന്ന്യാസ ജീവിതം. അഭിമാനത്തോടും ആനന്ദത്തോടും കൂടി സന്ന്യാസം ജീവിക്കുന്ന ആർക്കും മാധ്യമങ്ങളുടെ മുതലക്കണ്ണീരും നിരീശ്വര വാദികളുടെയും മതതീവ്രവാദികളുടെയും വിപ്ലവ സഹായ ഹസ്തവും ആവശ്യമില്ലെന്നു സ്നേഹപൂർവ്വം അറിയിക്കട്ടെ.
By, ജോർജ് പനന്തോട്ടം