കഴിഞ്ഞ പത്തു വർഷങ്ങൾകൊണ്ട് നാം എത്ര മാത്രം മാറിയിരിക്കുന്നു. ചിന്തകളിലും മനോഭാവങ്ങളിലുമൊക്കെ നാം അറിയാതെ മാറിക്കഴിഞ്ഞിരിക്കുന്നു. അടുത്തുനിൽകുന്നവൻ അവൻ അപരിചിതനാണെങ്കിൽപോലും ഒരു പുഞ്ചിരി സമ്മാനിക്കാൻ നാം ഒരിക്കലും പിശുക്കു കാണിക്കാറില്ലായിരുന്നു. എത്രപെട്ടന്നാണ് നാം ചുറ്റും നിൽക്കുന്നവരുടെ മതവും മനോഭാവവും സംശയത്തോടെ ഉറ്റുനോക്കുന്നവരായി മാറിയത്. അരികിൽ നിൽക്കുന്ന അപരിചിതനെപ്പോലും സംശയത്തിന്റെ നിഴലിലല്ലാതെ നോക്കാനാവുന്നില്ല.
എന്നും അരികത്തുണ്ടായിരുന്ന അയൽപക്കങ്ങൾ പോലും ആരൊക്കെയോ പണിത മതിലുകൾകൊണ്ട് അന്യരാക്കപ്പെടുന്നില്ലേ? എല്ലാവരും ഉണ്ടെങ്കിലും ഏകാന്തത തമ്മെ വല്ലാതെ നോവിക്കുന്നില്ലേ? മൊബൈൽ നമ്മിൽ നിന്നും അപഹരിച്ചത് ബന്ധങ്ങളെയാണ്. നഷ്ടപ്പെട്ടുപോയ എല്ലാ ബന്ധങ്ങൾക്കും പിന്നിൽ അറിഞ്ഞോ അറിയാതെയോ മുഖം കാണാതെ പറഞ്ഞ ഒരു വാക്കോ അസമയത്ത് എഴുതിവിട്ട ഒരു സന്ദേശമോ ആയിരിക്കും. മാറ്റി വച്ചിട്ട് ജീവിക്കാമെന്നു വച്ചാൽ അതിന് കാടു കയറാതെ പറ്റില്ല.
നഷ്ടപ്പെട്ട ബന്ധങ്ങളെ തിരിച്ചെടുക്കാൻ ഒരു മറുമരുന്ന് ഈ അകലഭാഷിണിക്ക് ഇല്ലാതെ പോയി. സത്യമല്ലെന്നറിഞ്ഞിട്ടും ആയിരം തവണ കണ്ണിലെത്തുന്ന നുണകൾ സത്യമാണെന്നറിയതെ വിശ്വസിച്ചുപോകുന്നു നമ്മുടെ മനസ്. നീതി പീഠത്തിന്റെ ജോലികളായിരുന്ന വിചാരണയും വിധിയും ഇന്നു മാധ്യമങ്ങൾ ഏറ്റെടുത്തപ്പോൾ നിരപരാധികളെയും തെറ്റുകാരെയും തിരിച്ചറിയാനാമാതെയായി. എത്ര വലിയ തിന്മയെയും ന്യായീകരിക്കാൻ പ്രേരിപ്പിക്കുന്ന അന്ധമായ ദർശനങ്ങൾ മാധ്യമലോകത്ത് വർദ്ധിച്ചു വന്ന കൊണ്ടിരിക്കുക യാണ്.
ആരോപിതർ കുറ്റവാളികളായും കുറ്റവാളികൾ ഉത്തമന്മാരായും നിരൂപിക്കപ്പെടുന്ന വിചാരണകൾ തിന്മയുടെ കൊമ്പുകൾ നമ്മുടെ തലയ്ക്കുമുകളിൽ നാം പോലുമറിയാതെ മുളപ്പിക്കുന്നുണ്ട്. സത്യം എന്താണെ അറിയാനാവാതെ പലപ്പോഴും നാം കുഴങ്ങുന്നു. മനസിൽ തോന്നുന്നവയൊക്കെ ചെയ്തു കാണിച്ചും പറഞ്ഞും Famous തത്രപ്പാടിൽ അത് മറ്റുള്ളവരുടെ മനസിൽ സൃഷ്ടിക്കാവുന്ന തിന്മയുടെയും തെറ്റിദ്ധാരണകളുടെയും കണികകൾ വിസ്മരിക്കരുത്.
വിരലുകളോടിച്ച് നിമിഷങ്ങൾക്കുള്ളിൽ പരസ്പരം ഒരു ബന്ധവുമില്ലാത്ത അനേകായിരം സത്യാസത്യങ്ങളുടെ കുത്തൊഴുക്കിൽ കണ്ണുടക്കിയിരിക്കുന്നവരിൽ ഒരുവയസായ കുട്ടി മുതൽ 80 വയസു കഴിഞ്ഞ വൃദ്ധർ വരെയുണ്ട്. അതിനാൽ മനസിൽ തോന്നുന്നതൊക്കെ എഴുതി പോസ്റ്റാനുള്ള ഒരു തെരുവുചുവർ ആയി സോഷ്യൽ മീഡിയയെ കാണരുത്.
എനിക്ക് മറ്റൊരുവനോടുള്ള വിരോധം എഴുതി പോസ്റ്റിയവന് അത് വായിക്കുന്ന ഒരു കുട്ടിയുടെയോ മറ്റൊരാളുടെയോ ഹൃദയത്തിൽ അതുണ്ടാക്കുന്ന നെഗറ്റീവ് എനർജിയെക്കുറിച്ച് ചിന്തിക്കുന്നില്ല. വിദ്വേഷത്തിന്റെയും വർഗീയതയെടെയും മതഭ്രാന്തിന്റെയുമൊക്കെ വാക്കുകൾ മലീമസമാക്കുന്നത് മനുഷ്യമനസുകളെയാണ്. പുതിയ തലമുറയ്ക്ക് നൽകേണ്ട ഏറ്റവും പ്രധാന മാധ്യമ വിദ്യാഭ്യാസം “മൊബൈലും ഇന്റർനെറ്റുമില്ലാത്ത കുറെ മണിക്കൂറുകൾ അവർ ഓരോ ദിവസവും കണ്ടെത്താനാണ്.
എല്ലാ പ്രായത്തിലുള്ളവർക്കും ഇത് അത്യാവശ്യമാണ്. ജോലി സമയം കഴിഞ്ഞാൽ മൊബൈലിലും ടിവിയിലും ഇന്റർനെറ്റിലും കുടുങ്ങിപ്പോകുന്നവർ കൂടെയുള്ളവരുമായുള്ള ബന്ധങ്ങൾ അകലുന്നത് അറിയാതെ പോകരുത്. ആഹാരം ഉപേക്ഷിക്കുന്ന Fasting ഇനി മൊബൈലും ഇന്റർനെറ്റും കുറെ മണിക്കൂറുകൾ എല്ലാ ദിവസവും ഉപേക്ഷിക്കുന്ന Cyber Fasting ലേയ്ക്ക് മാറേണ്ട കാലമായി… നമുക്കടുത്തുള്ളവർ പോലും തമ്മിൽ നിന്ന് ഏറെ അകലെയാണ് എന്ന ചിന്ത നമ്മെ കരയിക്കും…. തീർച്ച!
By, സ്നേഹപൂർച്ചം റോബിൻസച്ചൻ.