ഒന്നോ രണ്ടോ അതിൽ കൂടുതലോ വർഷങ്ങളായി നാട്ടിൽ പോകുന്നതും സ്വപ്നം കണ്ട് ദിവസങ്ങൾ തള്ളി നീക്കുന്ന പ്രവാസി… ന്യൂസ് ചാനലുകൾ കാണാനും കേൾക്കാനും മടിക്കുന്ന പ്രവാസി. കാരണം നാട്ടിലേയ്ക്ക് കൊറോണ കൊണ്ടുവരുന്നതും കൊറോണ പരത്തുന്നതും പ്രവാസികളാണത്രേ.
2020 -ൻ്റെ തുടക്കത്തിൽ ഇറ്റലിയിൽ നിന്നും കൊറോണയുമായി വന്ന മലയാളി കുടുംബത്തിൻ്റെ റൂട്ട് മാപ്പ് കണ്ടുപിടിക്കാനും, അവരുടെ വിവരങ്ങൾ ശേഖരിക്കാനും, അത് റിപ്പോർട്ട് ചെയ്യാനുമൊക്കെ ദിവസങ്ങളോളം ഉണർന്ന് പ്രവർത്തിച്ച് കഷ്ടപ്പെട്ടവരെ പേടിയോടെയും, നന്ദിയോടെയും ആണ് പ്രവാസികൾ എന്നും ഓർക്കുന്നത്.
ആ… അതൊക്കെ ഒരു കാലം. ഇന്ന് സ്ഥിതിഗതികൾ മാറി. കൊറോണ ഒന്ന് അവസാനിച്ചിട്ട് നാട്ടിൽ പോകാം എന്ന് വിചാരിച്ച് കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷം രണ്ട് കഴിഞ്ഞു. കൊറോണയ്ക്ക് വെച്ചടി വെച്ചടി കയറ്റം. പുതിയ വൈറസുകൾക്ക് ഹാൻഡ് ഓവർ കൊടുത്ത് പുതിയ പുതിയ ആകർഷണീയമായ പേരുകളും സ്വീകരിച്ച് അങ്ങനെ വിലസുവല്ലയോ? എന്നാപ്പിന്നെ ഇനി ഇങ്ങനെ കാത്തിരുന്നിട്ട് കാര്യമില്ല. ഒന്ന് പോയി വരാം എന്ന് വിചാരിക്കുന്ന പ്രവാസി. അന്നം തരുന്ന നാട്ടിൽ ഫ്രീയായിട്ട് കിട്ടുന്ന വാക്സിനുകൾ, മനസില്ലാ മനസ്സോടെയാണെങ്കിലും ഓടിപ്പോയി എടുക്കുന്നത് നാട്ടിൽ പോകണമല്ലോ എന്നുള്ള ഒറ്റ ആഗ്രഹം കൊണ്ടാണ്. ചിലയിടങ്ങളിൽ രണ്ട്, ചിലയിടങ്ങളിൽ മൂന്ന്, ചിലയിടങ്ങളിൽ നാല് വരെയായി.
കൊറോണയുടെ തുടക്കകാലങ്ങളിൽ ലീവിന് പോയവരിൽ ചിലരെങ്കിലും തിരിച്ചു വരാൻ പറ്റാതെ നാട്ടിൽ പെട്ട് പോയത് ഓർക്കുമ്പോൾ ഒരു ഉൾഭയമാണ് ലീവിന് പോകാൻ. എങ്കിൽ പിന്നെ എല്ലാം കളഞ്ഞിട്ട് നിർത്തി അങ്ങ് പോകാം എന്ന് തീരുമാനിച്ചാലോ? അടയ്ക്കുന്തോറും കൂടി വരുവാണോ എന്ന് തോന്നിപ്പിക്കുന്ന ബാങ്ക് ലോൺ, രോഗികളായ വ്യദ്ധ മാതാപിതാക്കൾ, പഠിക്കുന്ന മക്കൾ, കല്യാണപ്രായമായ സഹോദരങ്ങൾ. നിത്യ ചിലവുകൾക്ക് ഒരു സ്ഥിരവരുമാനം ഇല്ലാത്ത അവസ്ഥ എല്ലാം ഓർക്കുമ്പോൾ …. ഒരു തീരുമാനം എടുക്കാനും പറ്റുന്നില്ല…. ഒരു അഭിപ്രായം പ്രതീക്ഷിച്ച് പ്രവാസം ഉപേക്ഷിച്ച് പോയ ചങ്കുകളെ ഒന്ന് വിളിച്ചാലോ.. അവിടുന്ന് പിന്നെ ഉപദേശത്തിൻ്റെ ചാലൊഴുക്ക്. “വേണ്ടാട്ടോ…. അവിടെ നിൽക്കുമ്പോൾ ഒരാവേശത്തിന് അങ്ങനെയൊക്കെ തോന്നും. ഒരു കാരണവശാലും ഉള്ള ജോലി കളയരുത്. അനുഭവത്തിൽ നിന്ന് പറയുവാ.
വല്ല നിവൃത്തിയുമുണ്ടെങ്കിൽ പിടിച്ചു നിൽക്കണേ… എന്നാൽ പിന്നെ തൽക്കാലം ഒരവധിക്കാലം മതി. ഇവിടെയും അവിടെയും ഉള്ള ക്വാറൻറ്റൈൻ ദിവസങ്ങൾ കൂട്ടിക്കുറച്ച് ഒരു 40 ദിവസം കണ്ണും പൂട്ടി എടുത്ത്, പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങും. മുമ്പൊക്കെ ദിവസങ്ങളോളം നീളുന്ന ഷോപ്പിങ്ങ് ആയിരുന്നെങ്കിൽ ഇത്തവണ വളരെ ചുരുങ്ങിയ ഷോപ്പിങ്ങ്. ആദ്യമായി പ്രിയപ്പെട്ടവർക്കുള്ള സമ്മാനങ്ങളോടൊപ്പം തനിക്കായി വാങ്ങി, ഒരു പായ്ക്കറ്റിൽ പല കളറിൽ കിട്ടുന്ന മാസ്കിൻ്റെ ഒരു പായ്ക്കറ്റ്. ഇരിക്കട്ടെ ഒരു ഫാഷന്. യാത്രയുടെ തലേ ദിവസം നെഞ്ചിടിപ്പോടെ കൊറോണ ടെസ്റ്റ് ചെയ്തു.റിസൾട്ട് നെഗറ്റീവ് കിട്ടുന്നതു വരെ ഒരു സമാധാനവുമില്ല.
എയർപോർട്ടിലേയ്ക്കുള്ള യാത്രയ്ക്കിടയിലും നാട്ടിലെ എയർപോർട്ടിൽ എത്തുമ്പോൾ ചെയ്യുന്ന കൊറോണ ടെസ്റ്റും നെഗറ്റീവ് തന്നെ ആയിരിക്കണേ എന്ന പ്രാർത്ഥന. പതിവിലും കൂടുതൽ ചെക്കിങ്ങും, ചോദ്യം ചെയ്യലുകളും ഒക്കെ കടന്ന് ക്ഷീണത്തോടെയുള്ള വിമാനത്തിലെ ഉറക്കത്തിൽ മുൻതവണകളിൽ, പ്രിയപ്പെട്ടവർ തന്നെ കാത്ത് നിന്നിരുന്നതും, തമാശകളും പൊട്ടിച്ചിരികളുമായി ഒരുമിച്ച് വീട്ടിലേയ്ക്കുള്ള യാത്രയുമൊക്കെയായിരിക്കും സ്വപ്നം കാണുന്നത്. ഒരു വലിയ കുലുക്കത്തിൽ ഞെട്ടിയുണരുമ്പോഴാണ് മനസ്സിലാക്കുന്നത്, വിമാനം ജൻമനാട്ടിൽ എത്തി എന്നത്. മുമ്പൊക്കെ ഈ ഒരു നിമിഷത്തിനായി വിമാനത്തിൽ കയറുമ്പോൾ മുതൽ കാത്തിരുന്നതും, എയർപോർട്ടിൻ്റെ മുകളിൽ എത്തുമ്പോൾ പകലാണെങ്കിൽ നാടിൻ്റെ പച്ചപ്പും, രാത്രിയിലാണെങ്കിൽ, നാടിൻ്റെ വർണ്ണഭംഗിയും ആസ്വദിച്ചതും, ഏതാനും മിനിറ്റുകൾക്കുള്ളിൽ തൻ്റെ പ്രിയപ്പെട്ടവരെ കരവലയത്തിൽ ഒതുക്കുന്നതും കാത്ത് തൻ്റെ ഹൃദയം വേഗത്തിൽ മിടിച്ചിരുന്നതും നിസ്സംഗതയോടെ അവൻ ഓർത്തു.
കാരണം ഇത്തവണ താൻ തന്നെയാണ് പറഞ്ഞത്. “നിങ്ങൾ ആരും വരണ്ട. ഞാൻ അങ്ങ് എത്തിക്കോളാം.”എയർപോർട്ടിന് വെളിയിൽ ഇറങ്ങി ഒരു PrePaid Taxi എടുത്ത് വീട്ടിലേയ്ക്ക് പോകുമ്പോൾ കൂടെ ആരെങ്കിലും ഒക്കെ ഉണ്ടെന്ന് തോന്നാൻ അപരിചിതനായ ഡ്രൈവറോട് എന്തൊക്കെയോ പുലമ്പിക്കൊണ്ട് പോകുന്നവൻ പ്രവാസി. വീട്ടുമുറ്റത്ത് ടാക്സി നിർത്തി ഇറങ്ങുമ്പോൾ ഓടി വന്ന് കെട്ടിപ്പിടിക്കാൻ വിതുമ്പി നിൽക്കുന്ന പ്രിയപ്പെട്ടവരെ പുഞ്ചിരിയോടെ നേരിട്ട്, തനിക്കായി ഒരുക്കിയ ക്വാറൻറ്റൈൻ റൂമിലേയ്ക്ക് കയറിപ്പോകുന്ന പ്രവാസി. എണ്ണിച്ചുട്ട അപ്പം പോലെ കിട്ടിയ അവധി ദിവസങ്ങളിൽ ഏഴു ദിവസം നിർബന്ധിത ക്വാറൻറ്റൈനും, ഏഴു ദിവസം സ്വയം നിരീക്ഷണ ക്വാറൻറ്റൈനും കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ചില നാട്ടുകാരുടെ നോട്ടവും പെരുമാറ്റവും കണ്ടാൽ താൻ ജയിലിൽ നിന്ന് പരോളിൽ ഇറങ്ങിയതാണോ എന്ന് തന്നോട് തന്നെ ചോദിക്കുന്ന പ്രവാസി.
ക്വാറൻറ്റൈൻ സമയത്ത് ചില സ്ഥലങ്ങളിലെ ഹെൽത്ത് സ്റ്റാഫുകൾ ഫോൺ വിളിച്ച ന്വേഷിക്കുന്നത് കണ്ടാൽ ഒളിവിലിരിക്കുന്ന ജയിൽപ്പുള്ളിയാണോ ഞാൻ എന്ന് സ്വയം ചിന്തിക്കുന്നവൻ പ്രവാസി നേർച്ചപോലെ ബാക്കിയുള്ള ദിവസങ്ങൾ ഓടി നടന്ന് ചെയ്യാനുള്ള ഉത്തരവാദിത്വങ്ങൾ ചെയ്തു തീർത്ത് ഉറ്റവരെയും ഉടയവരെയും കണ്ട് മതി തീരുന്നതിനു മുമ്പ് തിരിച്ചു പോകാൻ സമയമായി എന്ന് ഓർക്കുമ്പോൾ ഉള്ളിലെ വേദന കടിച്ചമർത്തി പുഞ്ചിരിക്കുന്നവൻ പ്രവാസി മടക്കയാത്രയ്ക്ക് മുമ്പ് യാത്രാനുമതിക്കായി കോവിഡ് ടെസ്റ്റ് ചെയ്തപ്പോൾ തൻ്റെ റിസൾട്ട് പോസിറ്റീവ്. ഫീലിങ്ങ് … പ്രവാസി പ്ലിങ്!
അന്നം തരുന്ന മണ്ണിലേയ്ക്ക് തൽക്കാലം തനിക്ക് പ്രവേശനം ഇല്ല എന്ന് ഒരു പ്രവാസി മനസ്സിലാക്കുന്ന ശുഭനിമിഷം… താൽപര്യമില്ലാതിരുന്നിട്ടും താനെടുത്ത വാക്സിനുകൾ എന്തിനായിരുന്നെന്നും, ക്വാറൻറ്റൈൻ എന്ന് പേരിട്ട് തനിക്ക് നഷ്ടമായ ദിവസങ്ങൾക്ക് ഒരു വിലയുമില്ലായിരുന്നോ എന്നും തന്നോട് തന്നെ നിശബ്ദമായി ചോദിക്കുന്നവൻ പ്രവാസി. കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആകാൻ വീണ്ടും ഒരു ഏഴു ദിവസം കൂടി ഒതുങ്ങിക്കൂടി അവസാനം തൻ്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റി, വേദനകൾ അടക്കിപ്പിടിച്ച് പ്രാരാബ്ധങ്ങൾ മാത്രം കൂട്ടായി, അടുത്ത തവണയെങ്കിലും, പ്രിയപ്പെട്ടവരുടെ ചുംബനച്ചൂടോടെ എയർ പോർട്ടിനുള്ളിലേയ്ക്ക് കയറാൻ ഭാഗ്യം ഉണ്ടാവണേ എന്ന് പ്രാർത്ഥിച്ച് തൽക്കാലം ഒറ്റയ്ക്ക് പെട്ടികൾ ട്രോളിയിൽ എടുത്ത് വച്ച് ആരെയൊക്കെയോ നോക്കി കൈവീശിപോകുന്ന പ്രവാസി.
നെടുവീർപ്പുകൾ അടക്കിപ്പിടിച്ച് വിമാനത്തിനുള്ളിലിരിക്കുമ്പോൾ ഇടതും വലതും നോക്കി ഈ യാത്രയിൽ താൻ ഒറ്റയ്ക്കല്ല, തന്നെപ്പോലെയുള്ള ഒരു പാട് പേർ ഉണ്ട് എന്ന് ഓർത്ത് ആശ്വസിച്ച് ഒരു ചെറുപുഞ്ചിരിയോടെ തൽക്കാല മയക്കത്തിലേയ്ക്ക് വഴുതി വീണ് അടുത്ത വലിയ കുലുക്കത്തിൽ എല്ലാം കഴിഞ്ഞ് തൻ്റെ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയെന്ന് മനസ്സിലാക്കുന്ന മറുനാടൻ പ്രവാസി തോറ്റു കൊടുക്കുവാനും തോൽവികൾ ഏറ്റുവാങ്ങാനും പ്രവാസിയുടെ ജീവിതം ഇനിയും ബാക്കി… ഒരുപാട് പ്രവാസികളുടെ സങ്കടങ്ങൾ ദിവസവും കേൾക്കുന്ന ഞാനും ഒരു പാവം പ്രവാസി!
By, ഷൈനി ബാബു.