പ്രിയ പുരുഷ സഹോദര സൗഹൃദങ്ങളെ നിങ്ങൾക്കായി…
ഇന്ന് ലോക പുരുഷദിനം. പക്ഷെ വനിതാ ദിനം പോലെ അത്രക്കങ്ങു കോമൺ ആവാത്തതിനാലാവാം എന്റെ ഓർമ്മയിൽ വന്നില്ല. പക്ഷെ അറിഞ്ഞപ്പോൾ എന്തെങ്കിലും ഇത്തിരി എഴുതിയില്ലെങ്കിൽ അത് എന്റെ പുരുഷ സഹോദര – സൗഹൃദങ്ങളോടുള്ള ബഹുമാനത്തിനു കോട്ടം വന്നേക്കാം എന്ന് കരുതുന്നു.
ഈ ലോകത്തിലെ ഓരോ പുരുഷനും അവന്റേതായ ബഹുമാനം അർഹിക്കുന്നുണ്ട്.. ഓരോരുത്തരും അനന്യരാണ്. ഒത്തിരി നന്മയും സ്നേഹവും പുണ്യവും ഒക്കെ ഉള്ളിൽ സൂക്ഷിക്കുന്നവരാണ് ഓരോ പുരുഷനും. എനിക്ക് അറിയാവുന്ന ഓരോ പുരുഷനും നന്മയുടെ നിറകുടങ്ങൾ ആണ്. അതിൽ എന്റെ അപ്പച്ചനും സഹോദരങ്ങളും , ഭർത്താവും, എന്റെ ആണ്മക്കളും , ബന്ധുക്കളും , എന്റെ സൗഹൃദങ്ങളും ,അധ്യാപകരും ,ആത്മീയ ഗുരുക്കന്മാരും ഒക്കെ ഉൾപ്പെടുന്നു. ഇവരൊക്കെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എന്റെ വളർച്ചക്ക് സഹായിച്ചവരാണ്. ഇവർ ഓരോരുത്തരെയും സ്മരിക്കുന്നു, ഒപ്പം നമിക്കുന്നു.
പക്ഷെ പൊതുവെ നിങ്ങൾ പുരുഷന്മാർ പലപ്പോഴും നിങ്ങളുടെ മർദ്ദവമായ ഹൃദയത്തെ ഒളിച്ചു വച്ച് ,അൽപ്പം കാർക്കശ്യവും മുരട സ്വഭാവവും , ദേഷ്യവും ഒക്കെയാണ് പുറത്തു കാണിക്കുന്നത്. അത് കൊണ്ട് തന്നെ മറ്റുള്ളവരുടെ മുന്നിൽ നിങ്ങളുടെ തനിമ നഷ്ടപ്പെടുന്നു. അതുകൊണ്ടു പലർക്കും കിട്ടേണ്ട സ്നേഹം, ബഹുമാനം , കരുതൽ ഒന്നും തന്നെ ഉറ്റവരിൽ നിന്നും കിട്ടാതെയും വരുന്നു. ചിലരുടെയൊക്കെ ജീവിത കഥ കേട്ടാൽ കണ്ണ് നിറഞ്ഞു പോകും .
സ്വന്തം വീട്ടിൽ പോലും എല്ലാവരും ഉണ്ടായിട്ടുപോലും ആരും ഇല്ലാത്തപോലെ അനാഥത്വം, അവഗണന , പരിത്യക്തത ഒക്കെ അനുഭവിച്ചു നിശബ്ദം കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന ഒരുപിടി പുരുഷന്മാർ ഉണ്ട്. കുടുംബാംഗങ്ങൾക്ക് കേവലം ATM മെഷീൻ മാത്രമായി ജീവിക്കുന്ന വ്യക്തികളും ധാരാളം. നിങ്ങളുടെ അദ്ധ്വാനമാണ് ഞങ്ങളുടെ ജീവന്റെയും, സന്തോഷത്തിന്റെയും, വിജയത്തിന്റെയും, ആത്മാഭിമാനത്തിന്റെയും, അന്തസ്സിന്റെയും ഒക്കെ ഉറവിടം അഥവാ ശ്രോതസ്സ്. ഇത് ഞങ്ങൾ പലപ്പോഴും മറന്നു പോകാറുണ്ട്.. മാപ്പ്.
സത്യത്തിൽ 90 % പുരുഷന്മാരും പാവങ്ങൾ ആണ്. ഞാൻ പറയും ഇന്ന് സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാർ ആണ് പാവങ്ങൾ. ഞാൻ പുരുഷ വാദിയൊന്നുമല്ല കേട്ടോ . ( സ്ത്രീകൾക്കു എന്നോട് ദേഷ്യം വേണ്ട.. ഇത് സത്യമാണ്. നിങ്ങൾ ആത്മാർഥമായി ചിന്തിച്ചു നോക്കിയാൽ മനസ്സിലാകും . പല കുടുംബങ്ങളും എനിക്കറിയാം.. ഒരുപക്ഷെ അങ്ങേയറ്റം മുരടനായ പുരുഷൻ ആണെങ്കിൽ പോലും ഒരു സ്ത്രീ മനസ്സു വച്ചാൽ അയാളെ മാറ്റിയെടുക്കാൻ കഴിയും എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ..അതിനുള്ള കുറുക്കുവഴികളാണ് കളങ്കമില്ലാത്ത സ്നേഹവും നിരന്തരമായ പ്രാർത്ഥനയും .) (ഇതിനെല്ലാം വിപരീതമായി , മദ്യപാനവും , മറ്റു പലവിധ ദുഷ്പ്രവർത്തികൾ മൂലവും , കുടുംബ സമാധാനവും, ഭാര്യയുടെയും മക്കളുടെയും ജീവിതവും ദുരിതപൂർണ്ണമാക്കുന്ന പുരുഷന്മാരും ഇല്ലാതില്ല.)
സ്ത്രീകൾ സമ്മതിച്ചാലും ഇല്ലെങ്കിലും , ഓരോ സ്ത്രീയുടെയും ജീവിതത്തിന്റെ ബലം അഥവാ കരുത്ത് എന്നത് ഏതെങ്കിലും തരത്തിൽ ഒരു പുരുഷനായിരിക്കും. അത് അവളുടെ അപ്പനാകാം , സഹോദരനാകാം , ഭർത്താവാകാം, സുഹൃത്താകാം, സഹപ്രവർത്തകനാകാം , അയൽവാസിയാകാം.. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്ത്രീകൾ പുരുഷനോട് കടപ്പെട്ടിരിക്കുന്നു.( അതുപോലെ പുരുഷൻ തിരിച്ചും ).
ഫെമിനിസ്റ്റുകൾ എത്ര സമത്വാവകാശം ഉയർത്തിയാലും ചില മേഖലകളിൽ ഒരു പരിധി വരെ സമത്വം കൊണ്ട് വരാം എന്നല്ലാതെ ഒരിക്കലും ഒരു സ്ത്രീക്ക് പുരുഷനെ പോലെ ആകാൻ പറ്റില്ല. അതുപോലെ ഒരു പുരുഷനും സ്ത്രീയെ പോലെ ആകാനും പറ്റില്ല.. കാരണം രണ്ടു കൂട്ടരുടെയും കെമിസ്ട്രിയും ജീവശാസ്ത്രവും രണ്ടും രണ്ടാണ്. രണ്ടു പേരുടെയും ചിന്താശക്തി, കാര്യങ്ങളെ വിശകലന- കൈകാര്യം ചെയ്യുന്ന രീതികൾ, മാനസിക – ശാരീരികാവസ്ഥകൾ , കഴിവുകൾ , തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് ഒക്കെ വ്യത്യസ്തമാണ്. എത്ര ശ്രമിച്ചാലും ഒരാൾക്ക് മറ്റെയാളെപ്പോലെ ചിന്തിക്കാനോ ആകാനോ കഴിയില്ല. (ഒരാൾ മറ്റെയാളെക്കാൾ മെച്ചമാകുമായിരിക്കാം ).
കാരണം പുരുഷന് അവന്റെ മാത്രമായ ഗുണങ്ങളും സ്ത്രീക്ക് അവളുടെ മാത്രമായ ഗുണങ്ങളും കൃത്യമായി നൽകിയാണ് ദൈവം അവരെ സൃഷ്ടിച്ചത്. പക്ഷെ അവർ സ്വന്തം തന്നിഷ്ടത്തിനും സ്വാർത്ഥതക്കും വേണ്ടി ദൈവീക ഗുണങ്ങളെ നശിപ്പിച്ചു ക്രൂരരായി മാറുന്നു. അഹങ്കാരം, ഞാൻ ഭാവം , ധാർഷ്ട്യ സ്വഭാവം, പക ഇവയൊക്കെ നല്ല ഗുണങ്ങളെ കാർന്നു തിന്നുന്ന ചിതലുകളാണ് . അങ്ങനെ കുടുംബ ബന്ധങ്ങൾ , വ്യക്തിബന്ധങ്ങൾ ഒക്കെ ശിഥിലമാകുന്നു, അറ്റുപോകുന്നു.
അതിനാൽ എല്ലാ പുരുഷ കേസരികളോടും ഒരപേക്ഷ .. ദൈവം നിങ്ങളിൽ നിക്ഷേപിച്ചിരിക്കുന്ന സദ്ഗുണങ്ങളെ ചില നൈമിഷിക സുഖങ്ങൾക്കും സ്വാർത്ഥ താല്പര്യങ്ങൾക്കും വേണ്ടി നശിപ്പിക്കരുതേ . മാർദ്ദവമായ ഹൃദയത്തെ മാർദ്ദവമായി തന്നെ സൂക്ഷിക്കുക.
കരയേണ്ടിടത്തു കരയുക, പുരുഷന്മാർക്ക് കരയാൻ പാടില്ല എന്ന് എവിടെയും എഴുതി വച്ചിട്ടില്ല. പക്ഷേ ഒരു പെണ്ണായ ഞാൻ പറയുന്നു . ആരുടെ മുന്നിലും നിങ്ങളുടെ വ്യക്തിത്വം അടിയറവു വയ്ക്കരുത്. ആർക്കും അവർ അർഹിക്കുന്ന ബഹുമാനം നൽകുക, അതുപോലെ നിങ്ങൾക്ക് കിട്ടേണ്ട ബഹുമാനം നേടുക. സ്നേഹം പ്രകടിപ്പിക്കേണ്ടിടത്തു അത് കാണിക്കുക തന്നെ വേണം.. തിരുത്തലുകൾ നൽകേണ്ടിടത്തു നിങ്ങളുടെ പദവിക്കനുസരിച്ചു മിതമായ ശിക്ഷണം നൽകുക. നിങ്ങളാണ് അടുത്ത തലമുറയുടെ പിതാക്കന്മാർ അതൊരിക്കലും മറക്കാതിരിക്കുക. കുടുംബത്തിൽ നിങ്ങളുടെ ഉറ്റവർക്കു സമയം നൽകുക.
വല്ലപ്പോഴും ചിരിക്കുക, ചിരിപ്പിക്കുക.. ഏതു ബന്ധത്തിലായാലും നമ്മുടെ സാന്നിധ്യം മറ്റുള്ളവർക്ക് ഒരനുഗ്രഹം ആകാൻ ശ്രമിക്കുക. സ്വർഗ്ഗത്തിലിരിക്കുന്ന എന്റെ പ്രിയപ്പെട്ട അപ്പച്ചന് വേണ്ടിയും , പ്രിയപ്പെട്ട സഹോദരന്മാർക്കും , എന്റെ ജീവന്റെ ജീവനായ ഭർത്താവിനും, ദൈവം ദാനമായി തന്ന രണ്ടു ആൺ മക്കൾക്കും , എന്നെ അമ്മെ എന്ന് വിളിക്കുന്ന, എന്റെ ഉദരഫലമല്ലാത്ത എന്റെ മക്കൾക്കും , ഇന്നുവരെയുള്ള എന്റെ വളർച്ചക്ക് സഹായിച്ച ഓരോ പുരുഷ നാമ്പുകൾക്കും, എന്റെ എല്ലാ പുരുഷ സുഹൃത്തുക്കൾക്കും .
എന്റെ സഹപ്രവർത്തകർക്കും, ലോകത്തിലെ എല്ലാ ആൺകുഞ്ഞുങ്ങൾക്കും ഏറ്റവുമൊടുവിൽ ആരോരുമില്ലാതെ അനാഥരായി, സുബോധമില്ലാതെ തെരുവിൽ അലയുന്ന പുരുഷ സഹോദരങ്ങൾക്കും വേണ്ടി ഞാനിതു സമർപ്പിക്കുന്നു. എല്ലാവർക്കും ഒത്തിരി സ്നേഹത്തോടെ, ബഹുമാനത്തോടെ ആശംസിക്കുന്നു ലോക പുരുഷദിന മംഗളങ്ങൾ . ഇത്തിരി ലേറ്റ് ആയി പോയതിൽ ക്ഷമ ചോദിക്കുന്നു.
സസ്നേഹം ഷേർലി മാത്യു. (19.11.2021)