ഹൃദയത്തെക്കുറിച്ചും, ഹൃദയാരോഗ്യം എങ്ങനെ കാത്തു സൂക്ഷിക്കാം എന്നതിനെക്കുറിച്ചും മാനവജാതിയെ ബോധവൽക്കരിക്കുന്നതിന് വേണ്ടിയാണ് ഈ ദിവസം ആചരിക്കുന്നത്. നമ്മുടെ
ശരീരത്തിലെ ഏറ്റവും മൃദുലവും സുന്ദരവുമായ അവയവമാണ് ഹൃദയം.
ഹൃദയാരോഗ്യം എന്നു കേൾക്കുമ്പോൾ പലതും നമ്മുടെ മനസ്സിൽ ഓടിയെത്തും. വ്യായാമക്കുറവും അസന്തുലിതമായ ഭക്ഷണരീതിയും ആവശ്യത്തിനുള്ള ഉറക്കമില്ലായ്മയും അനിയന്ത്രിത ടെൻഷനുകളും ഒക്കെ നമ്മുടെ ഹൃദയത്തെ ദുർബലമാക്കുമെന്ന് നമ്മുക്ക് അറിയാം. പക്ഷേ പലപ്പോഴും അറിഞ്ഞുകൊണ്ടു തന്നെ നാം ഇവയ്ക്ക് അടിമകളായി മാറുന്നു.
അതുപോലെതന്നെ നമ്മുടെ ഹൃദയത്തെ ദുർബലമാക്കുന്ന, അഥവാ രോഗിയാക്കുന്ന മറ്റൊരു
വലിയ കാര്യമാണ് മറ്റുള്ളവരോടുള്ള ദേഷ്യവും പകയും. പലപ്പോഴും ഇതേക്കുറിച്ച് നാം ചിന്തിക്കാറില്ല. അഥവാ മനസ്സിലാക്കാറില്ല. ഇന്ന് മനുഷ്യന്റെയുള്ളിൽ ഏറ്റവും കൂടുതൽ അടിഞ്ഞു കൂടുന്ന വിഷമാണ് ദേഷ്യം.
ഇന്നത്തെ ഈ കാല ഘട്ടത്തിൽ കൊച്ചുകുട്ടികൾ മുതൽ വയോധികർ വരെ ഈ വിഷം ഉള്ളിൽ സൂക്ഷിക്കുന്നവരാണ്. ഇതെക്കുറിച്ച് പലരും ബോധവാന്മാരേ അല്ല. ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരാണ് നമ്മിൽ പലരും. നമ്മുടെ ദേഷ്യത്തെക്കുറിച്ച് നാം ആധികാരികമായി ചിന്തിച്ചാൽ നമുക്ക് മനസ്സിലാകും നമ്മുടെതന്നെ സ്വാർത്ഥതയും മത്സരബുദ്ധിയും എവിടെയും ഞാൻ മാത്രം ജയിക്കണം ഞാൻ മാത്രം ഉയർന്നു നിൽക്കണം എന്നുള്ള അത്യാഗ്രഹവും ഒക്കെതന്നെ അല്ലേ പല ദേഷ്യങ്ങൾക്കും വഴക്കുകൾക്കും പൊട്ടിത്തെറികൾക്കും ഒക്കെ അടിസ്ഥാനകാരണം.
മറ്റുള്ളവരോടുള്ള അടങ്ങാത്ത പകയും ദേഷ്യവും ഈർഷ്യയും പ്രതികാര മനോഭാവവുമൊക്കെ
നമ്മുടെതന്നെ ഹൃദയത്തെ ദുർബലമാക്കുന്നു എന്ന സത്യം നാം അറിയുന്നില്ല. ശത്രുവിനെ കാണുമ്പോൾ നമ്മുടെ ഹൃദയമിടിപ്പ് കൂടുന്നു, ബിപി കൂടുന്നു മുഖം ചുവക്കുന്നു. ശരിയല്ലേ. ഇവ നമ്മുടെ ടെൻഷൻ കൂട്ടുന്നു, ഉറക്കം ഇല്ലാതെയാക്കുന്നു. ഇത് നമ്മുടെ ഹൃദയത്തെ ബാധിക്കുന്നു.
വളരെ മനോഹരമായ ഒരു ഭിത്തിയിൽ 100 ആണികൾ അടിച്ചതിനുശേഷം അവ വലിച്ചൂരിയെടുക്കുക. എന്നിട്ട് ആ ഭിത്തിയിലേക്ക് നോക്കുക. നാം അടിച്ച ആണികളുടെ കുഴികൾ നമ്മെ നോക്കി കരയുന്നത് നമ്മുക്ക് കാണാൻ കഴിയും. എത്ര തുടച്ചാലും മായിച്ചാലും അത് മായില്ല.
അതുപോലെ തന്നെയാണ് മറ്റുള്ളവരുടെ ഹൃദയത്തിൽ നാം ഏൽപ്പിക്കുന്ന മുറിവുകളും.
നാം എത്ര മാപ്പ് ചോദിച്ചാലും എന്തെല്ലാം പ്രായശ്ചിത്തം ചെയ്താലും പലപ്പോഴും ആ മുറിവുകൾ ഉണങ്ങില്ല. അവർ ക്ഷമിച്ചേക്കാം, പക്ഷേ മറക്കില്ല!
ഹൃദയം, അത് ആരുടെതായാലും മൃദുലമാണ്, വിലപ്പെട്ടതാണ്. ഒരു ഹൃദയവും വേദനിക്കാൻ നാം കാരണമാകരുത്. നമ്മുടെ വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും ദേഷ്യം കൊണ്ടും മറ്റുള്ളവരുടെ ഹൃദയം മുറിയുന്നത് നാം പലപ്പോഴും അറിയാറില്ല. അന്ധമായ ക്ഷിപ്ര കോപം കൊണ്ട് നാം പറഞ്ഞു കൂട്ടുന്ന വാക്കുകളും ചെയ്തുകൂട്ടുന്ന പ്രവർത്തികളും മറ്റുള്ളവരുടെ ഹൃദയത്തിൽ തുളച്ചു കയറുന്ന ആണികളാണെന്ന് നാം മറന്നു പോകുന്നു. അറിഞ്ഞോ അറിയാതെയോ ആരുടെയും മരണത്തിന് നാം കാരണക്കാർ ആകരുത്.
ആരോഗ്യമുള്ള ശരീരവും മനസ്സും ഉണ്ടാവുക എന്നത് വലിയൊരു ഭാഗ്യമാണ്. ഹൃദയംകൊണ്ട് ധനികരായവരാണ് യഥാർത്ഥ ധനികർ. ആരോഗ്യമുള്ള ഹൃദയം ഉള്ളവർക്ക് മാത്രമേ മറ്റുള്ളവരെ അവർ ആയിരിക്കുന്ന അവസ്ഥയിൽ ഉൾക്കൊള്ളുവാനും സ്നേഹിക്കുവാനും അവർക്കായി എന്തെങ്കിലും കൊടുക്കുവാനും കഴിയുകയുള്ളൂ..ഈ ലോകത്തിൽ നാം എന്തെല്ലാം നേടിയാലും ചിലരുടെയെങ്കിലും ഹൃദയത്തിൽ നമ്മുക്ക് ഇടമില്ലെങ്കിൽ എന്ത് ഫലം. ആരെയും ഹൃദയം കൊണ്ട് സ്നേഹിക്കുക, ബുദ്ധി കൊണ്ടവരുത്.
സുന്ദരമായ ഒരു ഹൃദയം മനോഹരമായ ഒരു ഭവനം പോലെയാണ്. അവിടെ എപ്പോഴും സമാധാനം നിറഞ്ഞു നിൽക്കും. നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം സമാധാനം ഉള്ള ഒരു ഹൃദയമാണ്. അതുപോലെ നന്നായി ഉറങ്ങാനും ഇത്തിരി വ്യായാമത്തിനും വേണ്ടി കുറച്ചു സമയം മാറ്റി വച്ചാൽ കുറെയൊക്കെ ടെൻഷൻ ഫ്രീയാകും..
അതിനാൽ നമ്മുടെ ഹൃദയത്തെ ലഘുവായി കാണരുത്. അതിൽ ചപ്പുചവറുകൾ നിറയ്ക്കാതിരിക്കുക. സ്നേഹവും ശാന്തിയും ദയയും നിറഞ്ഞ സ്വർണ്ണ ചെപ്പുകൾ ആകട്ടെ നമ്മുടെ ഹൃദയങ്ങൾ.. നമ്മുക്ക് വേണ്ടി തുടിക്കുന്നതോടൊപ്പം മറ്റുള്ളവർക്ക് വേണ്ടി കൂടി തുടിക്കട്ടെ നമ്മുടെ ഹൃദയങ്ങൾ. അപ്പോൾ അത് കൂടുതൽ ആരോഗ്യമുള്ളതും സുന്ദരവും ചെറുപ്പവുമാകും.
സ്നേഹവും ദയയുമില്ലാത്ത ഹൃദയം സൂര്യ പ്രകാശമില്ലാത്ത പുന്തോട്ടം പോലെയാണ് . അവിടെ പൂക്കൾ വിടരില്ല. അതിൽ നിന്നും സൗരഭ്യം പടരില്ല. എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ ഹൃദയത്തിൽ നിന്നും, ഹൃദയ ദിനത്തിന്റെ ആശംസകൾ !
സസ്നേഹം, ഷേർലി മാത്യു
(29.09.2021)