ജൂൺ 26- ലോക ലഹരി വിരുദ്ധ ദിനം-കൈകോർക്കാം ലഹരിക്കെതിരെ!
മനുഷ്യ സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്ന ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം നിർത്തുന്നതിനും അത് ഉപയോഗിക്കുന്നവരെ ബോധവൽക്കരിക്കാനും വേണ്ടി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 1987 മുതലാണ് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിക്കാൻ ആരംഭിച്ചത്.
ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനില്‍പ്പ് ഉറപ്പു വരുത്തുക എന്നിവയാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും വർധിച്ചു വരുമ്പോഴും ജനങ്ങൾക്കിടയിലുള്ള ലഹരിയുടെ സ്വാധീനം ആശങ്കഉയർത്തുന്നത് തന്നെയാണ്. കേവലം, മയക്കു മരുന്ന് മാത്രമല്ല ലഹരി, അനിയന്ത്രിതമായ മദ്യപാനവും ലഹരിയുടെ ഭാഗമാണ്. മയക്കു മരുന്നുകൾ ഉൾപ്പെടെയുള്ള ലഹരികൾ മനുഷ്യസമൂഹത്തെ കാര്‍ന്നുതിന്നുമ്പോൾ ഒരു പുനർവിചിന്തനത്തിനുള്ള സമയമായെന്ന് ഓർമ്മപ്പെടുത്തുന്നതാണ് ലോക ലഹരി വിരുദ്ധ ദിനം.
യുവജനങ്ങളാണ് പലപ്പോഴും ലഹരിയുടെ കെണിയിൽ വീഴുന്നത്. ജീവിതം പോലും വഴിതെറ്റിക്കുന്ന ഈ വസ്തുക്കളെ കുറിച്ച് യുവ ജനങ്ങൾക്ക് വേണ്ടത്ര അറിവില്ലെന്നതാണ് യഥാർത്ഥ കാരണം. കേവലം ഒരു വിനോദത്തിന് വേണ്ടി ആരംഭിക്കുന്ന പല ശീലങ്ങളും പിന്നീട് ഒഴിവാക്കാനാവാത്ത ലഹരിയോടുള്ള അടിമത്തമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. ഒരിക്കലും പിന്മാറാൻ സാധിക്കാതെ ലഹരിയുടെ അഗാധ ഗർത്തത്തിലേക്കാണ് അവർ വീണു പോകുന്നത്.
ലഹരികൾ വ്യക്തിജീവിതത്തേയും കുടുംബജീവിതത്തേയും അതിലുപരി സമൂഹത്തെ തന്നെയും ബാധിക്കുമ്പോഴാണ് പലപ്പോഴും ഗൗരവകരമായ ചിന്തകൾ ഉടലെടുക്കുന്നത്. അതിനാൽ ലഹരി ഉപയോഗത്തിനെതിരെ ആളുകളിൽ പ്രചാരണം നടത്തുക എന്നത് മാത്രമല്ല, ഓരോരുത്തരും ലഹരി ഉപയോഗിക്കില്ല എന്ന ഉറച്ച തീരുമാനം കൂടി എടുക്കണം. കൂട്ടായ പ്രയത്നവും ഇതിന് ആവശ്യമാണ്.
സർക്കാർ ലഹരി പദാർത്ഥങ്ങളുടെ വില്‍പ്പന നിയന്ത്രിക്കുകയും സ്കൂൾ പരിസരങ്ങളിൽ പൂർണ്ണമായി നിരോധിക്കുകയും ചെയ്തെങ്കിലും ഇന്നും പരസ്യമായി തന്നെ അവ ലഭ്യമാണ്. സമൂഹത്തില്‍ പടർന്നുപിടിച്ചു കൊണ്ടിരിക്കുന്ന പാന്മസാലയിൽ തുടങ്ങി വിദേശമദ്യത്തിലും കഞ്ചാവിലും മറ്റ് മയക്ക് മരുന്നുകളിലും എത്തുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രതികരിക്കാൻ, പ്രചാരണം നടത്താൻ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ബാധ്യതയുണ്ട്.
ലഹരിക്ക് പിന്നാലെ പോകുന്നവരെ, വിശേഷിച്ചു യുവാക്കളെ മാറ്റിയെടുക്കാനായാൽ മാത്രമേ സമൂഹത്തെ രക്ഷിക്കാനാകൂ. നമുക്കറിയാവുന്ന ആരെങ്കലും ഏതെങ്കിലും തരത്തിലുള്ള ലഹരി പദാർത്ഥം ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിൽ നിന്നും പിന്മാറ്റാനുള്ള എളിയ ശ്രമം ഓരോരുത്തരുടെയും ഭാഗത്തുനിന്നും ഉണ്ടാവണം. യുവതലമുറ ആരോഗ്യത്തിന്റേയും യൗവ്വനത്തിന്റേയും വില മനസ്സിലാക്കുന്നത് അത് നഷ്ടപ്പെട്ടതിനുശേഷമാണ്.
“ലഹരി പദാർത്ഥങ്ങൾ വർജ്ജിക്കുകയും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കു ചേരുകയും ചെയ്യുക ” എന്നതിനെ മുറുകെ പിടിച്ചു കൊണ്ട് നമുക്ക് ഒത്തൊരുമിച്ചു പ്രവർത്തിക്കാം. ലഹരി വിമുക്ത സമൂഹം ആയിരിക്കട്ടെ നമ്മുടെ ലക്ഷ്യം. ഏവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.
BY, ഫാ. റ്റെറി തങ്കച്ചൻ