തിരുനാളുകളിലും, ഞായറാഴ്ച കുർബാനകളിലും എല്ലാം ആളുകൾ നിറഞ്ഞു കവിഞ്ഞിരുന്ന ദേവാലയങ്ങൾ മൂന്നിലൊന്ന് ആളുകൾ പോലും ഇല്ലാതെ നിർജനമായിരിക്കുന്നു. ഇടവകകളിൽ വിരലിലെണ്ണാവുന്ന അത്രയും യുവജനങ്ങൾ മാത്രം.
-ഉണ്ടായിരുന്നവരെല്ലാം മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കായി വിദേശരാജ്യങ്ങളിലേക്ക് കുടിയേറിയിരിക്കുന്നു. ആഘോഷപൂർവ്വം നടന്നിരുന്ന തിരുനാൾ പ്രദക്ഷിണങ്ങളും, രൂപതാ കലോത്സവങ്ങളും, ഭക്തസംഘടനകളുടെ പരിപാടികളും എല്ലാം, വളരെ അപൂർവമായിരിക്കുന്നു. വിദേശത്ത് മരണമടഞ്ഞ വൃദ്ധരായ മാതാപിതാക്കളെ, വിദേശ പൗരത്വം ഇല്ലാത്തതിനാൽ നാട്ടിൽ കൊണ്ടുവന്ന സംസ്കാര ശുശ്രൂഷകൾ നടത്തിയതിന് ശേഷം എല്ലാം ഉപേക്ഷിച്ച് തിരികെ മടങ്ങുന്ന മക്കൾ.
-ഒരു കാലഘട്ടത്തിൽ വലിയ പ്രൗഢിയിലും അന്തസ്സിലും അഭിരമിച്ചിരുന്ന പേരുകേട്ട ദേവാലയങ്ങളുടെ മുന്നിൽ നിന്ന് നഷ്ടപ്പെട്ടുപോയ പ്രതാപ കാലത്തെ ഓർത്ത് നെടുവീർപ്പിടുന്ന വൃദ്ധജനങ്ങൾ, ധാർമികതയുടെ എല്ലാ അതിരുകളും ലംഘിച്ച് തീവ്ര ആവേശത്തോടുകൂടി കുതിച്ചുപായുന്ന ഒരു സമൂഹത്തിനോടൊപ്പം തളർന്നും കിതച്ചും ഓടാൻ വിധിക്കപ്പെട്ട വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹം.
സാമൂഹ്യ സാംസ്കാരിക കലാ കായികമേഖലകളിൽ മോശമില്ലാത്ത പങ്കാളിത്തം ഒരു കാലഘട്ടങ്ങളിൽ ഉണ്ടായിരുന്നിട്ടും ഇന്ന് പേരിന് ഒരാൾ പോലും ഇല്ലാതെ അന്യമായ സമൂഹം, നല്ല വിദ്യാഭ്യാസവും വിദേശരാജ്യ കുടിയേറ്റവും സാധ്യമാവാത്തതിന്റെ പേരിൽ മാത്രം ഇവിടെ ജീവിക്കാൻ വിധിക്കപ്പെടുകയും, പുത്തൻ കാലത്തെ പുതിയ ഭൂരിപക്ഷത്തിന്റെ ധാർമികതക്കൊപ്പം ദൈവത്തെയും ദൈവവചനത്തേയും മറന്ന് ഓടാൻ വിധിക്കപ്പെട്ട ഒരു ദരിദ്ര സമൂഹം,
-കുറഞ്ഞ ജനന നിരക്കും വിദേശ കുടിയേറ്റവും മൂലം തലമുറകൾ ഇല്ലാതെ അന്യംനിന്ന് പോയ പേര് കേട്ട അനേകം കുടുംബങ്ങൾ, നോക്കി നടത്താൻ വേണ്ടത്ര വൈദികരും സന്ന്യസ്ഥരും ഇല്ലാതെ അടച്ചു പൂട്ടേണ്ടി വന്ന, അല്ലെങ്കിൽ വിറ്റൊഴിയേണ്ടിവന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും, പേരുകേട്ട ആതുരാലയങ്ങളും. വിദേശത്തുള്ള മക്കളുടെ അഭാവത്തിൽ നാട്ടിൽ നടത്തപ്പെടുന്ന മാതാപിതാക്കളുടെ ശവസംസ്കാര ശുശ്രൂഷകളുടെ പതിവു കാഴ്ചകൾ, ഇങ്ങനെ ഒരു ദിവസം മുഴുവൻ എഴുതിയാലും തീരാത്തത്ര കാഴ്ചകളും, അനുഭവങ്ങളും ആയിരിക്കും 20-25 വർഷങ്ങൾക്കപ്പുറം കേരള സഭ ദർശിക്കേണ്ടി വരുന്നത് എന്നത് അതിശയോക്തി അല്ല.
-ഈ പറഞ്ഞതിലും അധികമായിരിക്കും അന്ന് കാണാനാവുന്ന കാഴ്ചകളും അനുഭവങ്ങളും. പെട്ടകം പണിയാൻ വേണ്ടി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് നോഹ അനേക നാൾ സഞ്ചരിച്ചിട്ടും അന്നത്തെ സമൂഹം നോഹയെ ശ്രവിച്ചില്ല. എന്നാൽ ഇന്ന് അനേകം നോഹമാർ, കേരളത്തിൽ അങ്ങിങ്ങിരുന്ന്, സോഷ്യൽ മീഡിയയിലൂടെയും വേദികളിലൂടെയും കേരളസഭ വരും കാലഘട്ടങ്ങളിൽ അഭിമുഖീകരിക്കേണ്ടി വരുന്ന വൻ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ഇതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല എന്ന മട്ടിൽ നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു സഭാ സമൂഹത്തെയാണ് ഇന്ന് നമ്മൾ കാണുന്നത്.
-വാസ്തവത്തിൽ നിലവിലെ ജനന മരണ നിരക്കുകളും, നമ്മുടെ സമുദായത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന കുടിയേറ്റങ്ങളും പരിഗണിക്കുമ്പോൾ ഈ മുന്നറിയിപ്പുകൾ യാഥാർത്ഥ്യമാകും എന്നതിൽ സംശയമില്ല. അടുത്ത തലമുറയ്ക്ക് വേണ്ടിയുള്ള ഒരു നോവും വേവും ഉള്ളിലില്ലാത്ത കാപട്യം നിറഞ്ഞ സ്വാർത്ഥ നേട്ടങ്ങളിൽ അഭിരമിക്കുന്ന ഒരു കപട ആത്മീയ ജീവിതം നയിച്ചു കൊണ്ടിരിക്കുന്ന ആളുകളുടെ കൂട്ടമായി സഭ മാറിയിരിക്കുന്നു.
എല്ലാവരുമാണെന്ന് പറയുന്നില്ല എങ്കിലും ഭൂരിപക്ഷം അങ്ങനെതന്നെ. ഈശോ തന്റെപീഡാനുഭവ യാത്രാവേളയിൽ, ജെറുസലേമിലെ സ്ത്രീകളെ നോക്കി പറഞ്ഞു നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓർത്ത് വിലപിക്കുവിൻ എന്ന്. കർത്താവിൻറെ ആ തിരുവചനത്തിന് ഇന്നും പ്രസക്തി ഉണ്ട്. ഞാനും എൻറെ ദൈവവും എൻറെ കുടുംബവും, എന്ന മട്ടിൽ നാം ഇന്ന് ശീലിച്ചു പോകുന്ന ആത്മീയ ജീവിതമല്ല സഭയ്ക്ക് വേണ്ടത് .
-മറിച്ച് ഞാനും എൻറെ ദൈവവും എൻറെ കുടുംബവും ഒപ്പം എന്റെ സഭയും സമുദായവും, ഈയൊരു ബോധ്യത്തിലേക്ക് ഓരോ വിശ്വാസികളും കടന്നു വരേണ്ട സമയമാണിത്, ഓരോരുത്തരും സഭയെയും സമുദായത്തെയും നെഞ്ചിലേറ്റിക്കൊണ്ട് നാളത്തെ തലമുറയ്ക്കും സമുദായത്തിനും വേണ്ടി ദൈവ സന്നിധിയിൽ വിലപിക്കേണ്ട സമയംഅതിക്രമിച്ചിരിക്കുന്നു.
നിർഭാഗ്യവശാ ൽ ആസന്നമായിരിക്കുന്ന ദുരന്തത്തിന്റെ ലക്ഷണങ്ങൾ ഒരു ദശാബ്ദം മുമ്പേ എങ്കിലും കേരള സഭയിൽ കണ്ടു തുടങ്ങിയിട്ടും, അതിനുവേണ്ടി നിരന്തരം പ്രാർത്ഥിച്ചുകൊണ്ട് ദീർഘവീക്ഷണത്തോടെ അതിനെ മറികടക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിലും, നടപ്പാക്കുന്നതിലും പരാജയപ്പെട്ടു പോയവരാണ് നാം. ഇനി തൊലിപ്പുറത്തെ ചികിത്സ അല്ല വേണ്ടത്,. പരിഹാരമാർഗങ്ങളെ പറ്റിയാണ് സഭ ചിന്തിക്കേണ്ടത്.
-സഭാ നേതൃത്വവും, എല്ലാ ഔദ്യോഗിക അനൗദ്യോഗിക സംഘടനകളും, ദൈവസന്നിധിയിൽ ഹൃദയം നുറുങ്ങിയ നിലവിളിയോടെ സമീപിക്കുകയും പരിഹാരമാർഗ്ഗങ്ങൾ ആസൂത്രണം ചെയ്യുകയും പ്രവർത്തിപഥത്തിൽ എത്തിക്കുകയുമാണ് വേണ്ടത്. വരുംകാല സഭയുടെ നിലനിൽപ്പും തുടർച്ചയും കേരള സഭയുടെ മുഴുവൻ ലക്ഷ്യമായി മാറേണ്ടതാണ് ഈ സമയം. നിസ്സംഗ രായാൽ വലിയ വില കൊടുക്കേണ്ടി വരും എന്നതിൽ തർക്കമില്ല.
By, CROSS ORGANIZATION