കാലിത്തൊഴുത്തിലെ ഉണ്ണിയേശു! കാലികൾ വൈക്കോലിനായി തലനീട്ടുന്നിടത്ത്
ലോകത്തിനു മുഴുവൻ അപ്പമായി ഒരു ജീവൻ! വെളിപാടിന്റെ വെളിച്ചം ലഭിച്ചവർ അവനെ തേടിയെത്തുകയും അവന്റെ മുൻപിൽ മുട്ടുകുത്തുകയും ചെയ്യുന്നു…
അവന്റെ സാന്നിധ്യം ജീവിതത്തിന്റെ ഇരുണ്ട ഇടനാഴികളിൽ
നിത്യതയുടെ വെളിച്ചം പരത്തുന്നു! മാലാഖമാരുടെ നേർത്ത സംഗീതം ഹൃദയങ്ങളെ സ്നേഹാർദ്രമാക്കുന്നു! ആട്ടിടയർ അവനെ തേടിയെത്തുന്നു!
ലോകം തീർത്തും പരിത്യക്തമല്ല അപരിമേയനും അദൃശ്യനുമായവൻ പരിമിതികളിൽ സന്നിഹിതനായി മറഞ്ഞിരിക്കുകയും അടയാളങ്ങളിലൂടെ വെളിപ്പെടുകയും ചെയ്യുന്നു!
ഒപ്പം നടക്കുന്ന സ്നേഹസാന്നിധ്യമായ്ജീ വിതങ്ങളെ അവൻ തൊട്ടുണർത്തുന്നു!
അവൻ ശരീരത്തെ ആത്മാവിന്റെ കൂദാശയാക്കുന്നു! ആറടിമണ്ണിൽ ഒടുങ്ങാത്ത പ്രത്യാശയെ യാഥാർത്ഥ്യമാക്കുന്നു! ഒടുവിൽ, ഞാനെന്റെ മൺകൂട് വിട്ടു പറന്നുപോകുന്ന നാൾ
അടയാളങ്ങളിൽ ഞാനറിഞ്ഞ സാന്നിധ്യം, നിത്യതയിൽ സത്യമായെന്നെ ഗ്രസിക്കുമെന്നുറപ്പു നൽകുന്നു!
ക്രിസ്മസിനെക്കുറിച്ചുള്ള ഈ നുറുങ്ങു ചിന്തകൾ ജീവിതത്തിന്റെയും ഈ പ്രപഞ്ചത്തിന്റെയും പൊരുൾ തേടുന്ന മനുഷ്യനെക്കുറിച്ചും, നമുക്ക് ചുറ്റുമുള്ള പ്രകൃതിയെക്കുറിച്ചും, വർണ്ണനാതീതമായ ഈ മഹാ പ്രപഞ്ചത്തെക്കുറിച്ചുമെല്ലാം നമ്മോടു ചിലതെല്ലാം പറയുകയും പങ്കുവയ്ക്കുകയും ചെയ്യുന്നു…
ദൈവപുത്രന്റെ മനുഷ്യാവതാരം ചരിത്രത്തിലെ സജ്ജീവമായ ദൈവസാന്നിധ്യത്തിന്റെ മൂർത്തരൂപമാണ്! ദൈവം സ്ഥല കാല ബന്ധിതമായ ചരിത്രത്തിൽ സന്നിഹിതമാകുന്ന അത്ഭുതകരമായ പ്രതിഭാസമാണ് യേശു!
അവൻ ജനതകൾക്കു പ്രകാശവും പ്രപഞ്ചം മുഴുവൻ നിറയുന്ന ദൈവ സാന്നിധ്യത്തിന്റെ ചൈതന്യവുമാകുന്നു!
ക്രിസ്തു സംഭവത്തിന്റെ വെളിപാടു മൂല്യവും ക്രിസ്തീയ ആത്മീയതയുടെ അടിത്തറയും, മനുഷ്യ ഭവനങ്ങളിൽ ഇടം കിട്ടാതിരുന്ന ഈ ദിവ്യ ശിശുവിൽ വെളിപ്പെടുന്നു… ഇതാ മനുഷ്യൻ!
പൊരുൾ തേടുന്ന മനുഷ്യൻ
മറ്റെല്ലാ ജീവജാലങ്ങളിൽനിന്നു വ്യത്യസ്തമായി മനുഷ്യന് ആഴത്തിലുള്ള സ്വയാവബോധമുണ്ട്. അതിനാൽത്തന്നെ, താൻ ആരാണ് എന്ന ചോദ്യം ഓരോ വ്യക്തിയും സ്വയം ചോദിക്കുകയും ഒരു പരിധിവരെയെങ്കിലും ഓരോരുത്തരും അതിനുള്ള ഉത്തരം കണ്ടെത്തുകയും ചെയ്യുന്നു.
അസ്തിത്വത്തിന്റെ പൊരുൾ തേടുന്ന മനുഷ്യൻ സത്യം, നന്മ, സൗന്ദര്യം എന്നിവയുടെ ഉപാസകനായിത്തീരുന്നു. കാരണം, സത്യം തേടുന്ന മനസ്സും നന്മയിലേക്ക് ആകർഷിക്കപ്പെടുന്ന ഹൃദയവും സൗന്ദര്യത്തിൽ ആമഗ്നമാകുന്ന പ്രതിഭയുമാണ് മനുഷ്യനുള്ളത്.
സത്യം അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുമ്പോൾ അത് മുറുകെപ്പിടിക്കാനുള്ള പ്രവണത എല്ലാ മനുഷ്യരിലുമുണ്ട്. ഒരാൾ കണ്ടെത്തിയ സത്യത്തിൽ അയാൾ സ്വയം നിലയുറപ്പിക്കുമ്പോൾ അയാൾ ഒരു വിശ്വാസിയാകുന്നു.
യുക്തി ഉപയോഗിച്ചാണ് മനുഷ്യൻ സത്യത്തെ അന്വേഷിക്കുന്നത്. യുക്തി വിചാരം മനുഷ്യനു മാത്രം സാധ്യമാകുന്ന ഒരു പ്രക്രിയയാണ്. അത് ഒരാളെ വിശ്വാസിയോ അവിശ്വാസിയോ സംശയ വാദിയോ ആക്കാം.
സത്യാന്വേഷിയായ മനസ്സ് പരമ സത്യമായി ദൈവത്തെ കണ്ടെത്തുമ്പോഴാണ് ഒരാൾ ദൈവ വിശ്വാസിയാകുന്നത്. ഒരാൾ എന്ത് വിശ്വസിക്കുന്നു എന്നത് അയാളുടെ ജീവിതത്തെ രൂപപ്പെടുത്തുന്ന മുഖ്യ ഘടകമാണ്.
ബൈബിളിലെ ഉൽപ്പത്തിപ്പുസ്തകത്തിൽ ദൈവം, ‘താൻ സൃഷ്ടിച്ചതെല്ലാം നല്ലതെന്നു കണ്ടു’ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവത്തിന്റെ അനന്ത നന്മയുടെ പ്രതിഫലനം സൃഷ്ടിയിലുണ്ട് എന്നാണ് ഗ്രന്ഥകർത്താവ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. നന്മയെ തിരിച്ചറിയുമ്പോൾ അതിനെ സ്നേഹിക്കാനും സ്വന്തമാക്കാനുമുള്ള പ്രവണതയും മനുഷ്യനിലെ ദൈവാംശത്തിന്റെ ഭാഗം തന്നെയാണ്…
തനിക്കു ചുറ്റുമുള്ള പ്രകൃതിയും അതിൽ മാറി മാറി വരുന്ന ഋതുക്കളും പ്രകൃതിയിലെ മറ്റു പ്രതിഭാസങ്ങളുമെല്ലാം മനുഷ്യനിൽ അത്ഭുതവും സംഭ്രമവും ഭക്ത്യാദരങ്ങളും ഉണർത്താറുണ്ട്. പ്രപഞ്ചത്തിന്റെ പ്രതിഭാസങ്ങളിൽ ഒരു മഹാനായ കലാകാരന്റെ കരവിരുതും സർഗ്ഗ ശക്തിയും അനുഭവിക്കുന്ന മനുഷ്യൻ, ചിലപ്പോഴെല്ലാം ആ മഹാ കലാകാരന്റെ ഒരു ചെറു പതിപ്പായി സ്വയം തിരിച്ചറിയാറുമുണ്ട്!
യുക്തിവിചാരം, നന്മയോടുള്ള പ്രതിപത്തി, സൗന്ദര്യ ബോധം എന്നിവ സർഗാത്മകമാകുമ്പോൾ, അവ മനുഷ്യനിൽ യഥാക്രമം വിശ്വാസവും, സ്നേഹവും, പ്രത്യാശയും ഉദ്ദീപിപ്പിക്കുന്നു. ഇവയാണ് സൃഷിപരമായ പ്രവർത്തനങ്ങൾക്ക് മനുഷ്യന് പ്രചോദനം നൽകുന്നത്.
സർഗാത്മകതയും ആത്മീയതയും
ജീവിതത്തിന്റെയും ഈ പ്രപഞ്ചത്തിന്റെയും പൊരുൾ തേടുന്നത് ആത്മീയമായ ഒരു പ്രക്രിയതന്നെയാണ്. ശാസ്ത്ര വിജ്ഞാനം വികസിക്കുന്നതിന് ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപുതന്നെ മനുഷ്യൻ ഈ അന്വേഷണം ആരംഭിച്ചിരുന്നു. ആത്മീയമായ ഇത്തരം അനേഷണങ്ങൾ വ്യത്യസ്ത ദൈവ സങ്കല്പങ്ങളിലേക്കും മതങ്ങളിലേക്കും മനുഷ്യനെ എത്തിക്കുകയായിരുന്നു എന്നു പറയാം. എല്ലാ മതങ്ങളുടെയും അടിസ്ഥാനമായി നിലകൊള്ളുന്നത് മനുഷ്യന്റെ ആത്മാന്വേഷണം തന്നെയാണ്.
ആത്മീയതയിൽ സങ്കൽപ്പ ശക്തിക്കു അതുല്യ സ്ഥാനമാണുള്ളത്. പുരാതന ഭാരതത്തിലെ മഹർഷിമാർ ഇത് തിരിച്ചറിഞ്ഞിരുന്നു. അതിനാലാണ് അവർ ഈശ്വരനെ ഏതെങ്കിലും ഒരു പ്രത്യേക ഭാവത്തിൽ സങ്കൽപ്പിച്ചു ദീർഘകാലം തപസ് അനുഷ്ഠിച്ചതും ആ ഈശ്വര സ്വരൂപത്തെ പ്രാർത്ഥനയും പൂജകളും ബലികളും അർപ്പിച്ചു ആരാധിച്ചുപോന്നതും.
സങ്കല്പശക്തികൊണ്ടു ജീവിതത്തിന്റെ വ്യത്യസ്ത ചോദനകളുടെ ഇഴകൾ നെയ്തുചേർക്കുകയും അനുഭവങ്ങളെയും അനുഭൂതികളെയും സ്പുടംചെയ്തു വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും ആവിഷ്കരിക്കുകയും ചെയ്തുകൊണ്ടാണ് മനുഷ്യൻ തന്റെ ആത്മീയതയുടെ ലോകം വിപുലമാക്കിയത്. പുരാതന ഗുഹാ ചിത്രങ്ങളും തലമുറകൾ കൈമാറിവന്ന സൃഷ്ടി കഥകളും വംശാവലിക്കഥകളുമെല്ലാം മനുഷ്യൻ ആര് എന്നു വെളിപ്പെടുത്തുന്നവയാണ്.
അനുഭവങ്ങളെയും അനുഭൂതികളെയും ആഖ്യാനങ്ങളാക്കി കഥ പറയാനുള്ള കഴിവിൽനിന്നാണ് മിത്തുകളും കാവ്യങ്ങളും ആഖ്യാനങ്ങളും ഉണ്ടാകുന്നത്. കഥകൾ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുമ്പോൾ അനുഭവങ്ങളും സംഭവങ്ങളും കൂട്ടിച്ചേർക്കപ്പെടുകയും ആഖ്യാനങ്ങൾ വികാസം പ്രാപിക്കുകയും മൂല്യങ്ങൾക്കു രൂപാന്തരം സംഭവിക്കുകയും ചെയ്യാം. ഒരേ കഥ തന്നെ വ്യത്യസ്ത ആഖ്യാനങ്ങളിലൂടെ ജീവിതത്തിനു വ്യത്യസ്ത വ്യാഖ്യാനങ്ങൾ ചമച്ചെന്നും വരാം.
കഥകൾ പറഞ്ഞു പറഞ്ഞാണ് സമൂഹങ്ങൾ രൂപംകൊള്ളുന്നതെന്നു അമേരിക്കൻ സാമൂഹ്യ ശാസ്ത്രജ്ഞനായ ആൻഡ്രൂ എം. ഗ്രീലി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിൽ ഏറെ വാസ്തവമുണ്ടുതാനും. കൈമാറ്റം ചെയ്യപ്പെടുന്ന കഥയുമായി ഓരോ തലമുറയും താദാത്മ്യം പ്രാപിക്കുകയും ക്രമേണ അത് തങ്ങളുടെതന്നെ കഥയായി അവർ മനസ്സിലാക്കുകയും അത് അവരുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. ബൈബിളിലെ പുറപ്പാട് പുസ്തകം പറയുന്ന പലായനത്തിന്റെ കഥ ഇത്തരത്തിലുള്ള ഒന്നാണ്. ആ കഥയാണ് പിൽക്കാലത്ത് ഇസ്രായേൽ എന്ന സമൂഹത്തെ രൂപപ്പെടുത്തുന്നത്. കാലിത്തൊഴുത്തുമുതൽ കാൽവരിവരെയുള്ള ജീവിതത്തിലൂടെയും, യേശുവിന്റെ മരണോത്ഥാനങ്ങളിലൂടെയും വെളിപ്പെട്ട ദൈവ കാരുണ്യത്തിന്റെ കഥയാണ് ക്രിസ്തീയ സമൂഹത്തെ രൂപപ്പെടുത്തുന്നതും രൂപാന്തരപ്പെടുത്തുന്നതും…
ഒരു സമൂഹത്തിലെ അംഗങ്ങൾ തമ്മിൽ പരസ്പര വിശ്വാസവും ധാരണയും സഹകരണവും വളർത്തുന്നതും സമൂഹങ്ങൾക്ക് സ്വത്വബോധവും അഭിമാനബോധവും പ്രദാനം ചെയ്യുന്നതും ഇത്തരം ആഖ്യാനങ്ങളാണ്. സ്നേഹിക്കാനും പ്രതിസന്ധിഘട്ടങ്ങളിൽ പതറാതെ നിൽക്കാനും പരസ്പരം സഹായിക്കാനും തയ്യാറാകുന്ന കെട്ടുറപ്പുള്ള സമൂഹങ്ങളെ രൂപപ്പെടുത്തുന്നതിന് അവയ്ക്ക് കഴിയും. ഇത്തരം കാവ്യങ്ങളും ആഖ്യായികകളുമില്ലെങ്കിൽ സമൂഹം കഥയില്ലാത്തതായി തീരും!
ഇപ്രകാരം സമൂഹങ്ങളെ രൂപപ്പെടുത്തുകയും നിലനിർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ആഖ്യായികകളെയും കാവ്യങ്ങളെയും മഹാ കാവ്യങ്ങളെയും രൂപപ്പെടുത്തുന്നത് ദൈവീക പ്രചോദനം ലഭിച്ച മനുഷ്യരുടെ സങ്കൽപ്പ ശക്തിയുടെ പ്രവർത്തന ഫലമായാണ്. ആ സങ്കൽപ്പ ശക്തിയെ നയിക്കുന്നതാകട്ടെ അനുഭവങ്ങളിൽനിന്നു അവർ ആർജിച്ചെടുത്ത വിശ്വാസവുമാണ്.
അറിവിന്റെ രണ്ടു വഴികൾ: സാമ്യവും വൈരുധ്യവും
ബൃഹദാഖ്യാനങ്ങളുടെ രചനയിൽ മനുഷ്യനിലെ സങ്കല്പശക്തി രണ്ടു രീതിയിൽ പ്രാവർത്തികമാകുന്നതു കാണാം: വൈരുധ്യങ്ങൾക്കു ഊന്നൽ കൊടുത്തുകൊണ്ടും, സാമ്യം ചൂണ്ടിക്കാട്ടിയും. പരമ നന്മ സ്വരൂപനായ ഈശ്വരൻ തിന്മ നിറഞ്ഞ ഈ ലോകത്തിൽനിന്നു അനന്തമായി അകന്നിരിക്കുന്നു, അനശ്വരനായ ദൈവവും നശ്വരനായ മനുഷ്യനും തമ്മിൽ യാതൊരു സാമ്യവുമില്ല തുടങ്ങിയവ വൈരുധ്യങ്ങളിൽ ഊന്നിയുള്ള സങ്കൽപ്പ ശക്തിയുടെ പരികല്പനകളാണ്.
സാമ്യത്തിന് ഊന്നൽ നൽകുന്ന സങ്കല്പശക്തിയുടെ ഫലമാണ് ദൈവത്തിന്റെ ശക്തിയും നന്മയും സൗന്ദര്യവുമെല്ലാം സൃഷ്ടിയിൽ പ്രതിഫലിക്കുന്നു എന്ന പുരാതന ഗ്രീക്ക് ചിന്തകരുടെ കാഴ്ചപ്പാട്. മനുഷ്യൻ ദൈവത്തിന്റെ ഛായയും സാദൃശ്യവുമാണ് എന്ന ബൈബിളിന്റെ കാഴ്ചപ്പാടിനു പിന്നിലും സാമ്യത്തിൽ ഊന്നിയുള്ള സങ്കൽപ്പ ശക്തിയുടെ പ്രവർത്തനം കാണാം. ഇത് സൃഷ്ടിയിൽ മറഞ്ഞിരിക്കുന്ന ദൈവസാന്നിധ്യത്തിലേക്കു ദൃഷ്ടി പായിക്കുന്നതിനു വായനക്കാരനെ സഹായിക്കുന്നു.
അന്തര്യാമിയായ ഈശ്വരനെ ധ്യാനിക്കുന്നതിനും, ദൃശ്യ വസ്തുക്കളിലും വ്യക്തികളിലും സംഭവങ്ങളിലും ഈശ്വരന്റെ അദൃശ്യ സാന്നിധ്യം ദർശിക്കുന്നതിനും, പുരാതന ഭാരതത്തിലെ മഹർഷിമാർക്കു കഴിഞ്ഞിരുന്നു. നാമരൂപങ്ങൾക്കതീതനായ ബ്രഹ്മന്റെ അതിശായിത്വം ഊന്നിപ്പറഞ്ഞ അവർ മനുഷ്യനിൽ അവിടത്തെ അന്തര്യാമിത്വവും അറിഞ്ഞിരുന്നു. ദൈവം എന്തിനു മനുഷ്യനാവണം എന്ന ചോദ്യത്തിനുള്ള ഉത്തരവും ഇങ്ങനെയേ ഗ്രഹിക്കാൻ കഴിയൂ.
ആത്മീയതയെന്നാൽ ദൈവസാന്നിദ്ധ്യ ബോധമാണ്
സൃഷ്ടി സ്രഷ്ടാവിനെ സന്നിഹിതമാക്കുന്നു! എല്ലായിടത്തും എല്ലാറ്റിനും പിന്നിൽ ദൈവം മറഞ്ഞിരിക്കുന്നു! ഓരോ വ്യക്തിയിലും , ജീവിയിലും, നിർജ്ജീവ വസ്തുക്കളിൽപോലും ദൈവിക ചൈതന്യം മിന്നി മറയുന്നു! ദൈവപുത്രന്റെ മനുഷ്യാവതാരം ചരിത്രത്തിലെ സജ്ജീവമായ ദൈവസാന്നിധ്യത്തിന്റെ മൂർത്തരൂപമാണ്! ദൈവം സ്ഥല കാല ബന്ധിതമായ ചരിത്രത്തിൽ സന്നിഹിതമാകുന്ന അത്ഭുതകരമായ പ്രതിഭാസമാണ് യേശു! അവൻ ജനതകൾക്കു പ്രകാശവും പ്രപഞ്ചം മുഴുവൻ നിറയുന്ന ദൈവ സാന്നിധ്യത്തിന്റെ ചൈതന്യവുമാകുന്നു!
ക്രൂരതയും അക്രമവും മാത്സര്യവും നിറഞ്ഞ ലോകത്തിൽ, പരസ്പര വിശ്വാസവും, സ്നേഹവും, പ്രത്യാശയും സാധ്യമാണെന്ന് ദൈവ സാന്നിധ്യ ബോധം മനുഷ്യന് ഉറപ്പുനൽകുന്നു. പ്രപഞ്ചം ദൈവ സാന്നിധ്യത്തിന്റെയും ദൈവ കാരുണ്യത്തിന്റെയും ഓർമ്മപ്പെടുത്തലാകുമ്പോൾ, മനുഷ്യന് പരസ്പരം സ്നേഹിക്കാനും, ക്ഷമിക്കാനും, ആദരിക്കാനും കഴിയുന്നു.പുൽക്കൂട്ടിലെ ഉണ്ണി ‘ഇമ്മാനുവേൽ’ അഥവാ നമ്മോടൊപ്പം വസിക്കുന്ന ദൈവമാണ്! അവന്റെ സജ്ജീവ സാന്നിധ്യം വിശുദ്ധ സഭയിലൂടെ, കൂദാശകളിലൂടെ, ദരിദ്രരിലൂടെ, പീഡിതരിലൂടെ, സ്നേഹിതരിലൂടെ, വ്യക്തികളിലൂടെ, സംഭവങ്ങളിലൂടെ നാം ഇന്നും അനുഭവിക്കുന്നു! വിശുദ്ധ സമയങ്ങളും, സ്ഥലങ്ങളും വ്യക്തികളും അവന്റെ സാന്നിധ്യത്തിന്റെ സവിശേഷ അടയാളങ്ങളും പ്രതീകങ്ങളുമാകുന്നു!
വിശക്കുന്നവരിലും ദാഹിക്കുന്നവരിലും രോഗിയിലും പരദേശിയിലും ദരിദ്രനിലും കാരാഗൃഹവാസിയിലും തന്നെ ദർശിക്കുന്നവരാണ് തന്റെ യഥാർത്ഥ ശിഷ്യരെന്ന് സുവിശേഷങ്ങളിലെ യേശു ചൂണ്ടിക്കാട്ടുന്നു. സ്വജീവിതംകൊണ്ട് മറ്റുള്ളവരെ സ്നേഹിക്കാനും മറ്റുള്ളവരുടെ നന്മക്കായി ജീവിതം സമർപ്പിക്കാനുമുള്ള സന്നദ്ധതയാണ് ഒരുവനെ ആത്മീയനാക്കുന്നത്.
ദൈവം മനുഷ്യനായി എന്നത് കേവലം ഒരു ഭാവനയല്ല. മനുഷ്യനിലെ സങ്കൽപ്പ ശക്തിയെ നിരന്തരം ഉണർത്തുകയും യുക്തിയെ വെല്ലുവിളിക്കുകയും ഹൃദയത്തെ സാന്ദ്രമാക്കുകയും ആത്മാവിനെ ദൈവീകതയിലേക്കു ഉയർത്തുകയും ചെയ്യുന്ന ചരിത്ര സംഭവമായി അത് നിലകൊള്ളുകയാണ്!
ലോകത്തിൽ ഓരോ സംഭവങ്ങൾക്കു പിന്നിലും ദൈവത്തിന്റെ ഒരു കയ്യൊപ്പു മറഞ്ഞിരിക്കുന്നുണ്ടാവും; ലോകത്തെ കൂടുതൽ നല്ലതും മനോഹരവുമാക്കാൻ മനുഷ്യരെ ക്ഷണിക്കുന്ന ഒരു ആഹ്വാനം! ദൈവത്തിനു ലോകത്തിൽ പ്രവർത്തിക്കാൻ നമ്മുടെ മനസ്സും ഹൃദയവും കരങ്ങളും ആവശ്യമുണ്ട് എന്ന് ഓർമ്മിപ്പിക്കുന്ന ഒരടയാളം!
ശരീരം വെറും ഒരു വസ്തുവല്ല, അത് ഒരു സാന്നിധ്യത്തിന്റെ അടയാളമാണ്. വചനത്തിന്റെ മനുഷ്യാവതാരം എല്ലാ ശരീരങ്ങളെയും വചനത്തിന്റെ കൂദാശയാക്കുന്നു. ജീവിതങ്ങളെ ലോകത്തിൽ ദൈവത്തിന്റെ ദൗത്യ വാഹകരാക്കുന്നു.
വൈരുദ്ധ്യാത്മക സങ്കൽപ്പ ശക്തിക്കു പ്രാധാന്യമില്ല എന്നോ ആത്മീയ ജീവിതത്തിൽ അതിനു സ്ഥാനമില്ല എന്നോ ഇതിനർത്ഥമില്ല. ദൈവത്തിന്റെ അതിശായിത്വത്തിലും അസാന്നിധ്യത്തിലും ഊന്നിയുള്ള പ്രാർത്ഥനകളും ദൈവത്താൽ ഉപേക്ഷിക്കപ്പെട്ട മനുഷ്യന്റെ വിലാപങ്ങളും ആത്മീയ ജീവിതത്തിന്റെ ഭാഗമാകാം എന്ന് സങ്കീർത്തനങ്ങളും സുവിശേഷങ്ങളും സാക്ഷ്യം നൽകുന്നു…
കാർമേഘം സൂര്യനെ എന്നപോലെ ചില അനുഭവങ്ങൾ ദൈവത്തെ മറയ്ക്കുന്നു. ബൈബിളിലെ ജോബിന്റെ പുസ്തകം ദൈവത്തിന്റെ നീതിക്കു മുന്പിൽ മനുഷ്യന്റെ നിസ്സാരതയും നിസ്സഹായതയും വെളിപ്പെടുത്തുന്നതാണ്. ദൈവത്താൽ കൈവിടപ്പെട്ട മനുഷ്യ വംശത്തിന്റെ വിലാപം കുരിശിൽ മനുഷ്യപുത്രന്റെ വിലാപമായി മാറുന്നുണ്ടല്ലോ…
ദൈവം ഇല്ലാത്ത അനുഭവം ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഭീകരമായ ശൂന്യതയും അന്ധകാരവുമായിരിക്കും. വിശുദ്ധാത്മാക്കളുടെ ജീവിതങ്ങളിൽ പോലും ഇപ്രകാരമുള്ള ഇരുണ്ട രാത്രികൾ ഉണ്ടായെന്നു വരാം. ഇരുപതാം നൂറ്റാണ്ടിലെ രണ്ടു ലോകമഹാ യുദ്ധങ്ങളും, ഹിറ്റ്ലർ നടത്തിയ മനുഷ്യക്കുരുതികളും, പ്രത്യയശാസ്ത്രങ്ങളുടെയും മതഭീകരതയുടേയുമൊക്കെ പേരിൽ ഇന്നും നടന്നുകൊണ്ടിരിക്കുന്ന മഹാ പാതകങ്ങളും മനുഷ്യനെ ഇത്തരം അന്ധകാര അനുഭവത്തിലേക്ക് എത്തിക്കുന്നുണ്ട്. ഈശ്വരാസ്തിത്വത്തെ നിഷേധിക്കുന്നതിൽ വരെ ഇത്തരം അനുഭവങ്ങൾക്കു വിധേയരായവർ എത്തിച്ചേർന്നിട്ടുമുണ്ട്.
ആത്മീയത ക്രിയാത്മകമാവണം.
സൃഷ്ടി ഈശ്വരന്റെ ഒരു ലീലയായി ഭാരതീയ ദർശനങ്ങൾ വ്യാഖാനിച്ചിട്ടുണ്ട്. ലീലയെന്നാൽ ആവിഷ്കാരമാണ്. അതിൽ എല്ലാവർക്കും ഒരു പങ്കു വഹിക്കാനുണ്ട്. ഈ മഹാ നാടകത്തിൽ അർത്ഥപൂർണ്ണമായി പങ്കുപറ്റുന്നവർക്കാണ് വെളിപാടിന്റെ വെളിച്ചം അഥവാ ജ്ഞാനം ലഭിക്കുന്നത്.
ദൈവിക ജ്ഞാനത്തിന്റെ വെളിച്ചം ലഭിച്ചവർക്ക് ജീവിതം ദൈവവുമായി പങ്കുചേരാനുള്ള ഒരു വേദിയും അവസരവുമാണ്. ജീവിതം അർത്ഥപൂര്ണമാക്കുന്നതിനു ഈ പങ്കുചേരൽ നമ്മെ സഹായിക്കുന്നു. സ്നേഹിക്കാനും മറ്റുള്ളവരുടെ നന്മക്കായി ജീവിതം ഹോമിക്കാനുമുള്ള സന്നദ്ധതയാണ് ഒരുവനെ മറ്റൊരു ക്രിസ്തുവാക്കുന്നത്.
ആത്മീയത മാറ്റത്തിനുവേണ്ടി നിലകൊള്ളാനുള്ള സന്നദ്ധതയാണ്
മനുഷ്യ സങ്കൽപ്പത്തിന് കല്പനാശേഷിയുണ്ട്. അതിനു നിലവിലുള്ളവയെ മാറ്റാനും മെച്ചമായതിനെ സൃഷ്ടിക്കാനുമുള്ള ശക്തിയുണ്ട്. ചരിത്രം സൃഷ്ടിക്കാനും ചരിത്രഗതിയെ വഴിതിരിച്ചുവിടാനും അതിനു കഴിയും. നിലവിലുള്ളവയുടെ പരിമിതിയും പ്രശ്നങ്ങളും ഗ്രഹിക്കാനും പുതിയവയെ വിഭാവനം ചെയ്യാനും മനുഷ്യനെ പ്രാപ്തനാക്കുന്ന മനുഷ്യനിലെ ഈ കല്പനാശക്തിയാണ് പ്രവാചകന്മാരെ സൃഷ്ടിക്കുന്നത്.
ഈ ലോകത്തിനും ഇവിടെയുള്ള എല്ലാ യാഥാർഥ്യങ്ങൾക്കും പരിമിതിയുണ്ട്. പരിമിതികളും പരാജയങ്ങളും ജീവിതത്തിന്റെ ഭാഗമായി സ്വീകരിക്കാൻ ആത്മീയത നമ്മെ സഹായിക്കുന്നു. ലോക ദൃഷ്ട്യാ പരാജയമായിരുന്ന അത്തരം വിശുദ്ധ ജീവിതങ്ങളാണ് മനുഷ്യ രാശിയെ ഏറ്റവുമധികം പ്രചോദിപ്പിച്ചിട്ടുള്ളത്! പരാജയത്തിലും മരണത്തിലും പതറാത്ത ആത്മധൈര്യം പ്രദാനം ചെയ്യാൻ ആത്മീയതയ്ക്ക് കഴിയും.
സൃഷ്ടി അതിന്റെ പൂർണ്ണത പ്രാപിക്കുന്നത് സ്രഷ്ടാവിലെത്തിച്ചേരുമ്പോഴാണെന്നു വിശ്വാസം ഒരുവന് ഉറപ്പുനൽകുന്നു. മരണത്തേക്കാൾ ശക്തമായ ഒരു സ്നേഹത്തിനു ആത്മീയ മനുഷ്യൻ സ്വയം ഏൽപ്പിച്ചു കൊടുക്കുന്നു. അങ്ങനെയുള്ളവർക്കാണ് ഒരിക്കലും അണയാത്ത പ്രത്യാശയുടെ വാഹകരാകാൻ കഴിയുന്നത്. തിരുപ്പിറവിയുടെ പൊരുൾ അവന്റെ ഉയിർത്തെഴുന്നേൽപ്പിൽ വെളിപ്പെടുവോളം, ഏവർക്കും ഹൃദയം നിറയെ സ്നേഹത്തോടെ ക്രിസ്മസ് ആശംസകൾ!
By, Fr. Varghese Vallikkatt