ജിൽസ ജോയ്
വിശുദ്ധ പൗലോസ് ശ്ലീഹ: From persecutor to apostle ! ഞൊടിനേരം കൊണ്ടുണ്ടായ അമ്പരപ്പിക്കുന്ന ഒരു പരിവർത്തനം താർസോസിലെ സാവൂളിനെ പൗലോസ് അപ്പസ്തോലനാക്കി. അവനെ അറിയാമായിരുന്ന ക്രിസ്ത്യാനികൾ അവനിൽ ഒരു പീഡകനെ കണ്ടപ്പോൾ, യേശു കണ്ടത് ‘വിജാതീയരുടെയും രാജാക്കന്മാരുടെയും ഇസ്രായേൽ മക്കളുടെയും മുൻപിൽ അവന്റെ നാമം വഹിക്കാൻ തിരഞ്ഞെടുക്കപ്പെട്ട പാത്രമായാണ്’ (അപ്പ .9:15) ജെറുസലേം ദേവാലയത്തിലെ വിശാലമായ ചത്വരത്തിൽ ഒരു ചുവർ/ മതിൽ കെട്ടിപ്പൊക്കിയിരുന്നു. എന്നിട്ടൊരു മാർബിൾ ഫലകത്തിൽ കൊത്തിവെച്ചിരുന്നു യഹൂദരല്ലാത്തവർ അതിനപ്പുറം പോയാൽ മരണമാണെന്ന്.
ക്രിസ്തുവിൽ നമ്മളെല്ലാം ഒന്നാണെന്നുള്ള പ്രഖ്യാപനം വിശുദ്ധ പൗലോസിന്റെ പ്രത്യേക ദൗത്യമായിരുന്നു. ‘കാരണം അവൻ നമ്മുടെ സമാധാനമാണ്. ഇരുകൂട്ടരെയും അവൻ ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകൾ ( dividing wall) തകർക്കുകയും ചെയ്തു’ ( എഫേ 2:14) .. ‘യേശുക്രിസ്തുവിലുള്ള വിശ്വാസം വഴി നിങ്ങളെല്ലാവരും ദൈവപുത്രന്മാരാണ്. ക്രിസ്തുവിനോട് ഐക്യപ്പെടാൻ വേണ്ടി സ്നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല. നിങ്ങളെല്ലാവരും യേശുക്രിസ്തുവിൽ ഒന്നാണ്’ (ഗലാ.3: 26-28)
ബെഞ്ചമിൻ ഗോത്രത്തിൽ പിറന്ന, യഹൂദനായ സാവൂളിന്റെ പിതാവ് മതാനുഷ്ടാനങ്ങളിൽ കാർക്കശ്യമുള്ള റോമാപൗരനായിരുന്നു. 13 വയസ്സുള്ളപ്പോൾ മകനെ ജറുസലേമിൽ പ്രശസ്തറബ്ബിയായ ഗമാലിയേലിന്റെ അടുത്തേക്ക് ശിക്ഷണത്തിനായി പറഞ്ഞയച്ചു. തികഞ്ഞ ഒരു ഫരിസേയനായാണ് അവിടെ നിന്നും പുറത്തിറങ്ങിയത്. അപ്പസ്തോലനായതിനു ശേഷം, അവന്റെ ബഹുമുഖവ്യക്തിത്വത്തിന്റെ സവിശേഷതകൾ C.C .മാർട്ടിൻ ഡെൽ തൻറെ എഴുത്തിൽ വിവരിക്കുന്നത് ഇങ്ങനെയാണ്, “സൗഹൃദങ്ങൾ നേടിയെടുക്കാനുള്ള അവൻറെ അസാമാന്യപാടവം, അവസരോചിതമായ പ്രതികരണശേഷി, അതിവിശിഷ്ടമായ കൃതജ്ഞപ്രകാശനം, എല്ലാറ്റിലുമുള്ള അത്യുൽക്കടമായ താല്പര്യം -എന്തിനേറെ? കായികമത്സരങ്ങളിൽ പോലും.
അമ്മമാരോട് കിടപിടിക്കുന്ന ആർദ്രത, കത്തിജ്വലിക്കുന്ന അചഞ്ചലമായ വിശ്വാസദൃഢത…. ചെറിയ കാര്യങ്ങളിൽ പോലും ചെലുത്തുന്ന ശ്രദ്ധ, ഉൽകൃഷ്ടമായ ആദർശങ്ങൾ, ശരീരവേദനയെ ഒട്ടും വകവെക്കാത്ത പ്രകൃതം… മനോഹരമായ നർമ്മബോധം, തികഞ്ഞ മര്യാദ… ആർക്കും വഴങ്ങാത്ത അവന്റെ ധൈര്യം, നാട്ടുകാരായ യഹൂദരെ വശപ്പെടുത്താൻ വീണ്ടും വീണ്ടുമുള്ള ശ്രമങ്ങളും പരാജയങ്ങളും, പിന്നെ വിജാതീയരെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളും അതിലെ വിജയവും , മാനസാന്തരപ്പെട്ടവരെ അവർ ഏറ്റുപറഞ്ഞ വിശ്വാസത്തിൽ പിടിച്ചുനിർത്താൻ അക്ഷീണമുള്ള ശ്രമങ്ങൾ…”
എത്രയെത്ര യാത്രകൾ അവൻ പോയി, എത്ര കഷ്ടപ്പാടുകൾ സഹിച്ചു, എത്ര സഭകൾ സ്ഥാപിച്ചു, അപ്പസ്തോലപ്രവർത്തനങ്ങളിൽ എത്ര പേജുകൾ നിറച്ചു . റോമക്കാരോട് തന്നെ പരിചയപ്പെടുത്തുന്നതിങ്ങനെ: ‘യേശുക്രിസ്തുവിന്റെ ദാസനും അപ്പസ്തോലനായിരിക്കാൻ വിളിക്കപ്പെട്ടവനും ദൈവത്തിന്റെ സുവിശേഷത്തിനായി പ്രത്യേകം നിയോഗിക്കപെട്ടവനുമായ, പൗലോസ്’.. കോറിന്തോസുകാരോട് പറയുന്നു: ‘ ഞാൻ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്ക് ദുരിതം’ ….’ഞാൻ അതീവസന്തോഷത്തോടെ നിങ്ങളുടെ ആത്മാക്കൾക്ക് വേണ്ടി എനിക്കുള്ളതെല്ലാം ചിലവഴിക്കുകയും എന്നെത്തന്നെ സമർപ്പിക്കുകയും ചെയ്യും’…. ‘എല്ലാ പ്രകാരത്തിലുമുള്ളവരെ രക്ഷിക്കേണ്ടതിനു ഞാൻ എല്ലാവർക്കും എല്ലാമായി’ …. എഫേസോസുകാരോട്: ‘വിജാതീയരോട് ക്രിസ്തുവിന്റെ ദുർഗ്രഹമായ സമ്പന്നതയെക്കുറിച്ചു പ്രസംഗിക്കാനും…… എല്ലാവർക്കും വ്യക്തമാക്കികൊടുക്കാനുള്ള വരം വിശുദ്ധരിൽ ഏറ്റവും നിസ്സാരനായ എനിക്ക് നൽകപ്പെട്ടു’.
ഹൃദയം തൊടുന്ന എളിമയോടെ പറയുന്നു, ‘…ഏറ്റവും ഒടുവിൽ അകാലജാതന് എന്നപോലെ എനിക്കും അവിടുന്ന് പ്രത്യക്ഷനായി. ഞാൻ അപ്പസ്തോലന്മാരിൽ ഏറ്റവും നിസ്സാരനാണ്. ദൈവത്തിന്റെ സഭയെ പീഡിപ്പിച്ചത് നിമിത്തം അപ്പസ്തോലനെന്ന പേരിന് ഞാൻ അയോഗ്യനുമാണ്. ഞാൻ എന്തായിരിക്കുന്നോ അത് ദൈവകൃപയാലാണ്’. എവിടുന്നാണ് വിശുദ്ധ പൗലോസിന് ഇത്രയും ഊർജ്ജം കിട്ടിയത് ? ‘ക്രിസ്തുവിന്റെ സ്നേഹം ഞങ്ങൾക്ക് ഉത്തേജനം നൽകുന്നു’ 2 കോറി . 5:14) … ‘എനിക്ക് ജീവിതം ക്രിസ്തുവാണ് ‘( ഫിലി. 1:21).. ഞാൻ ക്രിസ്തുവിനോട് കൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേൽ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്’ (ഗലാ : 2:20).
പൗലോസ് ശ്ലീഹ സഭകൾ സ്ഥാപിക്കുക മാത്രമല്ല ചെയ്തത്, ക്രിസ്ത്യൻ സമൂഹങ്ങളെ ആഴമേറിയ പ്രബോധനങ്ങളാൽ പോഷിപ്പിച്ചു. എന്താണ് അദ്ദേഹം വിളിച്ചുപറഞ്ഞത് ? ക്രിസ്തു എന്നിലും നിന്നിലും ഉണ്ട്, നമ്മളോരോരുത്തരും പരിശുദ്ധാത്മാവിന്റെ ആലയമാണ്, നമ്മൾ ക്രിസ്തുവിൽ ഒറ്റ ശരീരമാണ്, നമ്മൾ ഓരോരുത്തരും മറ്റൊരു ക്രിസ്തു ആയി മാറണം …. ‘യേശുക്രിസ്തു നിങ്ങളിലുണ്ട് എന്ന് നിങ്ങൾക്ക് ബോധ്യമായിട്ടില്ലേ ?'(2 കോറി : 13:5)’. ‘നിങ്ങൾ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നെന്നും നിങ്ങൾ അറിയുന്നില്ലേ?’ (1 കോറി.3:16) ‘സ്നേഹത്തിൽ സത്യം പറഞ്ഞുകൊണ്ട് ശിരസ്സായ ക്രിസ്തുവിലേക്ക് എല്ലാ വിധത്തിലും നാം വളരേണ്ടിയിരിക്കുന്നു’ (എഫേ . 4:15).
ക്രിസ്തുവിനോടും സഭയോടുമുള്ള സ്നേഹത്തെപ്രതി വേണ്ടി നിരവധിയായ കഷ്ടപ്പാടുകൾ സഹിച്ച് പരിക്ഷീണനായ പൗലോസ്ശ്ലീഹ, നീറോ ചക്രവർത്തിയുടെ കാലത്ത് റോമിലെ ഭൂഗർഭജയിലിൽ നിന്ന് ഓസ്റ്റിയൻ റോഡിലൂടെ നഗരത്തിന് പുറത്ത് പൈൻ മരങ്ങൾ തിങ്ങിനിൽക്കുന്നിടത്തേക്ക് കാവല്ഭടന്മാരാൽ പുറത്തേക്ക് നയിക്കപ്പെട്ടു. AD 67 ആയിരിക്കണമത് . ക്രിസ്തുദാസൻ വസ്ത്രങ്ങളുരിഞ്ഞെടുക്കപ്പെട്ട് ചാട്ടവാറിനടിക്കപ്പെട്ട് അവസാനം ശിരച്ഛേദം ചെയ്യപ്പെട്ടു. അപ്പസ്തോലന്റെ ശവകുടീരത്തിൽ PAUL, APOSTLE, MARTYR എന്ന് പിന്നീട് എഴുതിവെച്ചു. തൻറെ പ്രിയസന്താനമായി കരുതിയിരുന്ന തിമോത്തേയോസിന് എഴുതിയ വാചകങ്ങൾ നമ്മുടെ ചെവികളിൽ മുഴങ്ങുന്നു: ‘എന്റെ വേർപാടിന്റെ സമയം സമാഗതമായി. ഞാൻ നന്നായി പൊരുതി. എന്റെ ഓട്ടം പൂർത്തിയാക്കി. വിശ്വാസം കാത്തു. എനിക്കായി നീതിയുടെ കിരീടം ഒരുക്കിയിരിക്കുന്നു….’
വിശുദ്ധ പത്രോസ് ശ്ലീഹ: പന്ത്രണ്ട് അപ്പസ്തോലർക്കിടയിൽ വിശുദ്ധ പത്രോസിനുണ്ടായിരുന്ന പ്രാമുഖ്യം നാല് സുവിശേഷങ്ങളും സമ്മതിക്കും. 182 പ്രാവശ്യത്തിൽ കുറയാതെ പുതിയ നിയമത്തിൽ പത്രോസിന്റെ പേര് പ്രത്യക്ഷപ്പെടുന്നു. അന്ത്രയോസിന്റെ സഹോദരനായ, ഗലീലിയനായ ഈ മീൻപിടുത്തക്കാരൻ ക്രിസ്തു ആദ്യം വിളിച്ചുചേർത്ത ശിഷ്യരിൽ പെടുന്നു, സുവിശേഷങ്ങളിലെ പല നിർണ്ണായക ഘട്ടങ്ങളിലും യേശുവിന്റെ കൂടെ ഉണ്ടായിരുന്നു.
സുവിശേഷങ്ങൾ പത്രോസിന്റെ കുറവുകൾ ഒന്നും മറച്ചു വെച്ചിട്ടില്ല.
എടുത്തുചാട്ടം – പത്രോസ് പ്രധാനപുരോഹിതന്റെ ഭൃത്യനായ മാൽക്കൂസിന്റെ ചെവി ഛേദിക്കുന്നു കാര്യങ്ങൾ മനസ്സിലാക്കുളള മന്ദത – അന്ധരെ നയിക്കുന്ന അന്ധരെപറ്റി ഗുരു പറയുന്നത് മനസ്സിലാവാത്ത പത്രോസ്… അവന്റെ വിമുഖത -കർത്താവിന്റെ പീഡാസഹനവും മരണവും സമ്മതിക്കാനുള്ള ബുദ്ധിമുട്ട് സാത്താനെ, എന്ന് വരെ യേശു വിളിക്കുന്നതിൽ കൊണ്ടുചെന്നെത്തിച്ചു. ആവശ്യമില്ലാത്ത ജിജ്ഞാസ- എല്ലാമുപേക്ഷിച്ച് യേശുവിനെ അനുഗമിക്കുന്നതിൽ എന്താണ് കിട്ടാനിരിക്കുന്നതെന്നും യോഹന്നാന്റെ അവസാനം എങ്ങനെയാകും എന്നൊക്കെ അറിയാനുള്ള ആകാംക്ഷ.
അവന്റെ ഉറപ്പില്ലായ്മ – ക്ഷമിക്കാനുള്ളവരോട് എത്രവട്ടം ക്ഷമിക്കണമെന്ന് ചോദിക്കുന്നത് .
അവന്റെ പതർച്ച – കടലിനു മീതെ നടക്കുമ്പോൾ സംശയിച്ചതുകൊണ്ട് വെള്ളത്തിൽ താണുപോയി. അവന്റെ ഭീരുത്വം – ഈശോയെ തള്ളിപ്പറയാനുണ്ടായ സാഹചര്യം…
പത്രോസ് കുറവുകളുള്ളവനായിരുന്നു, പക്ഷെ ഒരിക്കലും പരാജയം സമ്മതിക്കുകയോ നേരെയാകാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കുകയോ ചെയ്തില്ല. മൂന്നുപ്രാവശ്യം ഈശോയെ തള്ളിപ്പറഞ്ഞ് മനം നൊന്തുകരഞ്ഞ പത്രോസ്, ഉത്ഥാനം ചെയ്ത ഈശോയോടുള്ള സ്നേഹം മൂന്നുപ്രാവശ്യം ഏറ്റുപറയുന്നു.
തൻറെ വിശ്വാസം ക്ഷയിക്കാതിരിക്കേണ്ടതിന്റെയും മറ്റുള്ളവരെ ശക്തിപ്പെടുത്തേണ്ടതിന്റെയും ആവശ്യകത മനസ്സിലാക്കുന്ന പത്രോസ് സഭയിലെ തൻറെ മിനിസ്ട്രിക്ക് അവശ്യം വേണ്ട ഒന്നാണ് കൃപ എന്ന് തിരിച്ചറിയുന്നു. അത് കാരുണ്യത്തിന്റെ മിനിസ്ട്രിയാണ്, ക്രിസ്തുവിന്റെ കാരുണ്യത്തിൽ നിന്നുയിർകൊണ്ടത്. തള്ളിപ്പറഞ്ഞവനെ സ്വർഗ്ഗരാജ്യത്തിന്റെ താക്കോലും സഭയുടെ പരമോന്നത സ്ഥാനവും ഏൽപ്പിക്കുന്ന കാരുണ്യം.
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽ പത്രോസ് ആദിമസഭയുടെ നേതാവായി ജറുസലേമിൽ താമസിക്കുന്നു. യൂദാസിന് പകരം മറ്റൊരാളെ (മത്തിയാസിനെ) തിരഞ്ഞെടുക്കാൻ നേതൃത്വം കൊടുത്തത് പത്രോസാണ്. പന്തക്കുസ്ത അഭിഷേകത്തിന് ശേഷം ആദ്യം പ്രസംഗിച്ചതും മൂവായിരത്തോളം പേര് അന്ന് മാമോദീസ സ്വീകരിക്കാനിടയാക്കിയതും തീക്ഷ്ണതയോടെ പത്രോസ് പരിശുദ്ധാത്മാവുമായി സഹകരിച്ചപ്പോഴാണ്.
ശിഷ്യന്മാരിൽ ആദ്യത്തെ അത്ഭുതം ചെയ്യുന്നതും പത്രോസാണ്. കൊർണേലിയൂസ് എന്ന ശതാധിപനെയും അവന്റെ സുഹൃത്തുക്കളെയും കേസറിയായിൽ വെച്ചു കണ്ടതിന് ശേഷം ക്രിസ്ത്യൻ മിഷൻ വിജാതീയരിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിൽ മുൻകൈയെടുക്കുന്നത് പത്രോസാണ്. പലവട്ടം തടവിലാക്കപ്പെടുന്നു, അവിടെനിന്ന് രക്ഷപ്പെടുന്നത് കാണുന്നു. അന്ത്യോക്യയിൽ പോയി ആദ്യത്തെ ബിഷപ്പായതിനുശേഷം അവിടെനിന്നു റോമിൽ പോയി സഭ സ്ഥാപിച്ചു. അതിനുശേഷമാണ് റോമിന്റെ ബിഷപ്പ് വിശുദ്ധ പത്രോസിന്റെ പിൻഗാമിയും കത്തോലിക്കാസഭയുടെ പരമോന്നതനായ തലവനും ആകാൻ തുടങ്ങിയത്.
തെരുവുകളിൽ നടന്നുകൊണ്ട് രക്ഷകനായ യേശുവിനെ പ്രസംഗിക്കുമ്പോൾ ഒരുപാട് ഓർമ്മകൾ പത്രോസിന്റെ ഉള്ളിൽ മിന്നിമറഞ്ഞിട്ടുണ്ടാകണം. (ആദിമക്രൈസ്തവർ യേശുവിന്റെ ജീവിതവും പ്രബോധനങ്ങളും അവനിൽ നിന്ന് കേൾക്കാൻ എത്ര ആഗ്രഹിച്ചിരിക്കണം. അവരുടെ ആഗ്രഹം കൊണ്ടാണ് മാർക്കോസ് പത്രോസിന്റെ വാക്കുകൾ സുവിശേഷത്തിൽ രേഖപ്പെടുത്തിയതും. സഭാപിതാക്കന്മാർ പത്രോസിന്റെ സുവിശേഷം എന്നാണു മാർക്കോസിന്റെ സുവിശേഷത്തെ വിളിക്കുന്നത് ) യേശു ആദ്യമായി അവനെ വിളിച്ച ദിവസം അവൻ ഓർത്തിട്ടുണ്ടാകണം. മനുഷ്യരെ പിടിക്കുന്നവരാക്കാൻ അവരെ വിളിച്ച ഈശോയിലേക്ക് കാന്തം കൊണ്ടെന്ന പോലെ അവർ ആകർഷിക്കപ്പെട്ടു.
സ്നേഹത്താൽ പിടിക്കപ്പെട്ട അവർ അവനെ പിൻചെല്ലാനായി , അവനെപ്പോലെ ജീവിക്കാനായി , അവനായി ജീവിക്കാനായി എന്തും ഉപേക്ഷിക്കാൻ തയ്യാറായി. ഇന്നും ഓരോ സമർപ്പിതരും അവന്റെ വഴിയേ പോകുമ്പോൾ അവനോ അവളോ ചെയ്യുന്നത് ഇതൊക്കെ തന്നെയാണ് .
സൈമൺ എന്ന പേര് മാറി ഒരു പുതിയ പേര് ലഭിച്ച ദിവസം അവൻ ഓർത്തിട്ടുണ്ടാവണം.Cephas എന്ന വാക്കിന് അരമായ ഭാഷയിൽ പാറ എന്നാണു അർത്ഥം. പീറ്റർ എന്ന വാക്ക് വന്ന ‘Petros ‘എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥവും പാറ എന്നാണ്… കേസറിയ ഫിലിപ്പിയിൽ വെച്ചു ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നതെന്ന് ചോദിച്ച ഈശോയോട് താൻ നടത്തിയ വിശ്വാസ പ്രഖ്യാപനവും അവൻ ഓർത്തിരിക്കണം. AD 64 -ന് അടുത്താണ് വത്തിക്കാൻ കുന്നിൽ പത്രോസ് രക്തസാക്ഷിയാകുന്നത്. ഗുരുവിനെ പോലെ ക്രൂശിക്കപ്പെടാനുള്ള യോഗ്യതയില്ലെന്നു വിശ്വസിച്ച് തല കീഴായി ക്രൂശിക്കാൻ പറഞ്ഞവൻ. അവിടെയാണ് പിന്നീട് സെന്റ് പീറ്റേഴ്സ് ബസിലിക്ക ഉയർന്നത്.
395 -ൽ തൻറെ പ്രഭാഷണത്തിൽ വി. അഗസ്റ്റിൻ വിശുദ്ധ പത്രോസിനെയും വിശുദ്ധ പൗലോസിനെയും പറ്റി പറഞ്ഞു,”രണ്ടു അപ്പസ്തോലന്മാരുടെയും തിരുന്നാളുകൾ ഒരേ ദിവസമാണ് കാരണം അവർ ഒന്നായിരുന്നു, അവർ സഹിച്ചത് ഒരേ ദിവസമായിരുന്നില്ലെങ്കിലും അവർ ഒന്നെന്ന പോലെ ആയിരുന്നു. ആദ്യം പോയത് പത്രോസ് ആയിരുന്നു, പൗലോസ് അനുഗമിച്ചു.അതുകൊണ്ട് അപ്പസ്തോലന്മാരുടെ രക്തത്താൽ പരിശുദ്ധമായ ഈ ദിനം നമ്മൾ ആഘോഷിക്കുന്നു. അവർ വിശ്വസിച്ചതിനെയും, അവരുടെ ജീവിതത്തെയും അവരുടെ അധ്വാനത്തെയും അവരുടെ കഷ്ടപ്പാടിനെയും അവർ പ്രഘോഷിച്ച സുവിശേഷത്തെയും അവരുടെ വിശ്വാസപ്രഖ്യാപനത്തെയും എല്ലാം നമുക്കും പുൽകാം”.
സ്നേഹിതന് വേണ്ടി ജീവനർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല എന്ന് പറഞ്ഞ നാഥനെ ജീവനായി സ്നേഹിച്ച് അവനായി ജീവൻ കൊടുത്തവരാണ് രണ്ടുപേരും. സഭക്ക് അടിസ്ഥാനമായ പ്രധാന നെടുംതൂണുകള്. ഒരാൾ മൂന്നു കൊല്ലം അവന്റെ സന്തതസഹചാരിയായപ്പോൾ ഒരാൾ അവന്റെ ജീവിതകാലത്ത് അവനെ കണ്ടിട്ടേ ഇല്ല. തള്ളിപ്പറഞ്ഞവനെയും പീഡിപ്പിച്ചവനെയും ലോകത്തിന്റെ അതിർത്തി വരേയ്ക്കും ഓടാൻ മടിയില്ലാത്ത തീക്ഷ്ണത നിറഞ്ഞ അപ്പസ്തോലരാക്കിയ, സാക്ഷികളാക്കിയ നമ്മുടെ കർത്താവ്. ഈശോ പത്രോസിനെ തിരിഞ്ഞു നോക്കിയ പോലെ ഇന്നും നമ്മെ നോക്കുന്നു. പൗലോസിനോട് പറഞ്ഞ പോലെ നമ്മളോടും പറയുന്നു, ‘നീ പീഡിപ്പിക്കുന്ന ഈശോ ആകുന്നു ഞാൻ’. പ്രത്യുത്തരിക്കേണ്ട ഊഴം ഇപ്പോൾ നമ്മുടെയാണ്.