കേരളത്തിന് വെളിയിൽ Post Basic BSc നഴ്സിംഗ്, MSc നഴ്സിംഗ് അഡ്മിഷനുകളുടെ പേരിലുള്ള വൻ തട്ടിപ്പുകൾ സൂക്ഷിക്കുക. പ്രധാനമായിട്ടും Post Basic BSc നഴ്സിംഗ് കോഴ്സിന്റെ പേരിലാണ് തട്ടിപ്പ് നടക്കുന്നത് എന്നതിനാൽ GNM കഴിഞ്ഞ പോസ്റ്റ് ബേസിക് BSc നഴ്സിംഗ് കോഴ്സിനു ചേരാൻ പ്ലാൻ ചെയ്യുന്നവർ ഒരു കാരണവശാലും ഈ പോസ്റ്റ് മിസ്സ് ചെയ്യരുത്.
EVERY NURSE MUST READ AND SHARE മലയാളി നഴ്സുമാരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് ഈ കുറിപ്പിലൂടെ ഞാൻ നിങ്ങളിലേക്ക് എത്തിക്കുന്നത്. ഇത് പരമാവധി ആളുകളിലേക്ക് എത്തിക്കാൻ നിങ്ങളുടെ സഹായവും കൂടി വേണം. ദയവായി ഇത് വായിക്കുന്ന എല്ലാ നഴ്സുമാരും നിർബന്ധമായും ഷെയർ ചെയ്യുക. നിങ്ങളുടെ കൂട്ടുകാരെങ്കിലും ഈ പോസ്റ്റ് കണ്ട് ഈ തട്ടിപ്പിൽ നിന്ന് രക്ഷപെടട്ടെ. ഇപ്പോൾ നഴ്സിംഗ് കോഴ്സുകളിൽ അഡ്മിഷൻ സീസണാണ്. കേരളത്തിലെ കോളേജുകളിൽ BSc നഴ്സിംഗ്, പോസ്റ്റ് ബേസിക് BSc നഴ്സിംഗ്, MSc നഴ്സിംഗ് കോഴ്സുകൾക്ക് ആവശ്യത്തിന് സീറ്റ് ലഭ്യമല്ലാത്തതിനാൽ മലയാളികൾ ഭൂരിപക്ഷം പേരും മറ്റ് സംസ്ഥാനങ്ങളിലെ നഴ്സിംഗ് കോളേജുകളെ ആശ്രയിക്കാൻ നിർബന്ധിതരാകുന്നു.
കേരളത്തിന് വെളിയിലുള്ള സ്ഥാപനങ്ങളിൽ പോസ്റ്റ് ബേസിക് BSc നഴ്സിംഗ്, MSc നഴ്സിംഗ് എന്നീ കോഴ്സുകളുടെ അഡ്മിഷൻ സംബന്ധിച്ച് ധാരാളം പരസ്യങ്ങൾ സോഷ്യൽ മീഡിയ വഴി വരുന്നുണ്ട്. സ്ഥാപനങ്ങൾ നേരിട്ടും കേരളത്തിന് വെളിയിൽ മെഡിക്കൽ കോഴ്സുകൾക്ക് അഡ്മിഷനുകൾ എടുത്ത് കൊടുക്കാൻ സഹായിക്കുന്ന ഏജൻസികളും ഇത്തരത്തിൽ വ്യാപകമായി പരസ്യം ചെയ്യുന്നുണ്ട്. എന്നാൽ സോഷ്യൽ മീഡിയ വഴി വരുന്ന ഇത്തരം പരസ്യങ്ങളിൽ മാത്രം പലപ്പോഴും ഒരു വാചകം കൂടി കാണാം. ‘ജോലി ചെയ്തു കൊണ്ടും പഠിക്കാം’!!!അതിൽ എത്രത്തോളം സത്യമുണ്ട്?? ഇങ്ങനെ പഠിക്കുന്നത് നിയമം മൂലം അനുവദനീയമാണോ?? എല്ലാവരും വായിക്കുക. മറക്കാതെ ഷെയർ ചെയ്യുക കൂടി വേണം…
ഡിസ്റ്റൻസ് എഡ്യൂക്കേഷൻ കോഴ്സ് പോലെ നേരിട്ട് ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാതെ നിങ്ങളുടെ നിലവിലുള്ള ജോലിയിൽ തുടർന്നുകൊണ്ട് Post Basic BSc നഴ്സിംഗ് കോഴ്സും MSc നഴ്സിംഗ് കോഴ്സും പഠിക്കാം എന്നാണ് ഈ പറഞ്ഞതിന്റെ അർത്ഥം! പരീക്ഷ എഴുതാൻ മാത്രം ചെന്നാൽ മതി. പരസ്യം കണ്ട് വിളിക്കുന്നവരോട് പരീക്ഷകളിലും ആവശ്യമായ ഹെൽപ്പുകൾ ലഭിക്കും എന്നും വാഗ്ദാനമുണ്ടാകും! അതായത് ഉത്തരങ്ങൾ പറഞ്ഞ് തരും എന്ന്!!കുറച്ചുകൂടി വിശദമായി പറഞ്ഞാൽ കോഴ്സിൽ അഡ്മിഷൻ എടുക്കുക, ഫീസ് അടയ്ക്കുക, ടെക്സ്റ്റ് ബുക്ക്സ് വാങ്ങുക. എന്നിട്ട് വീട്ടിലേക്ക് പോകാം. ക്ലാസ്സ് അറ്റൻഡ് ചെയ്യേണ്ട കാര്യമില്ല.
പരീക്ഷയെഴുതാൻ സമയത്ത് ചെന്നാൽ മതി. ഒന്നും പഠിക്കാതെ ചെന്നാലും പരീക്ഷയിൽ പാസ്സാവാനുള്ള വക സഹായവും സ്ഥാപനം ചെയ്ത് തരും. ഹോസ്റ്റൽ ഫീസ് ലാഭം, ഇടയ്ക്കിടെയുള്ള യാത്രകൾ ലാഭം, ഹോസ്റ്റൽ ഫീസ് ലാഭം, മെസ്സ് ഫീസ് ലാഭം, രണ്ട് വർഷം സമയവും ലാഭം. വിദേശത്തോ നാട്ടിലോ ഒക്കെ നല്ല ജോലിയുള്ളവർക്ക് ആ ജോലിയിൽ നിന്നുകൊണ്ട് തന്നെ ലീവെടുക്കാതെ ചുളുവിൽ ഒരു ഡിഗ്രി ഒപ്പിക്കാം.അങ്ങനെ എങ്ങിനെ നോക്കിയാലും സർവ്വത്ര ലാഭം!എന്നാൽ ഒരു കാര്യം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഇത്തരം പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ മാത്രമേ കാണൂ. അതേ സ്ഥാപനത്തിന്റെ പരസ്യം പത്രത്തിൽ വരുമ്പോൾ മുകളിൽ പറഞ്ഞ ‘ ജോലി ചെയ്ത് കൊണ്ടും പഠിക്കാം’ എന്ന വാഗ്ദാനം ഉണ്ടാകില്ല!
അതെന്താ അങ്ങനെ?? ചിന്തിച്ച് നോക്കിയിട്ടുണ്ടോ നിങ്ങൾ?? സംഭവം സിമ്പിൾ! ചെയ്യുന്നത് ശുദ്ധതട്ടിപ്പും നിയമവിരുദ്ധമായ കാര്യവും ആണ് എന്നത് തന്നെ കാരണം!! ഇത്തരം കോഴ്സുകളിൽ അഡ്മിഷൻ എടുക്കുന്ന പലർക്കും ഇത് നിയമവിരുദ്ധമായ നടപടിയാണ് എന്നറിയില്ല എന്നതാണ് യാഥാർഥ്യം!! നിയമപരമായ ഡിസ്റ്റൻസ് കോഴ്സ് ആണെന്നുള്ള ധാരണയിലാണ് പലരും ഇത്തരം കോഴ്സുകൾക്ക് അഡ്മിഷൻ എടുക്കുന്നത്!! ഇനി പറയുന്നത് ശ്രദ്ധിച്ചു വായിക്കണം. ഇന്ത്യയിൽ പോസ്റ്റ് ബേസിക് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ കോഴ്സ് നടത്താൻ അനുവാദമുള്ള ഒരേയൊരു സ്ഥാപനം ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി എന്ന IGNOU മാത്രമാണ്. അവിടെ ഈ കോഴ്സ് 3 വർഷമാണ്.
പ്രവേശനപരീക്ഷ നടത്തി അതിന്റെ റാങ്കിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് അഡ്മിഷൻ. ഇന്ത്യയിൽ വേറെ ഒരു സ്ഥാപനത്തിനും പോസ്റ്റ് ബേസിക് BSc നഴ്സിംഗിൽ ഡിസ്റ്റൻസ് കോഴ്സ് നടത്താൻ അധികാരമോ അംഗീകാരമോ ഇല്ല. IGNOU ഒഴികെ ബാക്കി ഇത്തരം കോഴ്സുകളൊക്കെ അനധികൃതമാണ്, നിയമവിരുദ്ധമാണ്. ഡിസ്റ്റൻസ് എഡ്യൂക്കേഷൻ കോഴ്സ് എന്ന പേരിൽ നിങ്ങൾ ജോയിൻ ചെയ്യുന്നത് യഥാർത്ഥത്തിൽ റെഗുലർ പോസ്റ്റ് ബേസിക് BSc നഴ്സിംഗ് കോഴ്സിൽ ആണ്. നിങ്ങൾ ക്ലാസ്സ് കൃത്യമായി അറ്റൻഡ് ചെയ്യുന്നതായി കോളേജ് അധികൃതർ രേഖയുണ്ടാക്കുന്നുണ്ട്. കോളേജിൽ നിങ്ങളുടെ അറ്റൻഡൻസ് ദിവസവും മാർക്ക് ചെയ്യുന്നുണ്ട്. അതായത് ജോലി ചെയ്തുകൊണ്ട് ഇത്തരം കോഴ്സുകൾ പഠിക്കുമ്പോൾ നിങ്ങൾ ജോലിയിൽ ഹാജർ രേഖപ്പെടുത്തുന്ന അതേ ദിവസങ്ങളിൽ കർണ്ണാടകത്തിലോ ആന്ധ്രയിലോ അല്ലെങ്കിൽ മറ്റേതെങ്കിലും സംസ്ഥാനത്തോ ഉള്ള നഴ്സിംഗ് കോളേജിലും നിങ്ങൾ ഹാജർ ബുക്കിൽ ഒപ്പിടുന്നുണ്ട്!
നിങ്ങൾ ചിലപ്പോൾ കേരളത്തിൽ സർക്കാർ സർവീസിലായിരിക്കും ജോലി ചെയ്യുന്നത്! അല്ലെങ്കിൽ NHM പോലെയുള്ള സർക്കാർ സർവീസിലെ താൽക്കാലികപോസ്റ്റുകളിൽ ആയിരിക്കും. അതുമല്ലെങ്കിൽ പ്രൈവറ്റ് ഹോസ്പിറ്റലിലോ കേരളത്തിന് വെളിയിലോ വിദേശത്തോ ആയിരിക്കും. അതെവിടെ ആയാലും ഒരേ സമയം രണ്ട് സ്ഥലങ്ങളിൽ നിങ്ങൾ അറ്റൻഡൻസ് രേഖപ്പെടുത്തുന്നു എന്നതാണ് ഇതിലെ ഒരു അപകടം! അതായത് നിങ്ങളറിയാതെ നിങ്ങളെ ഒരു കുമ്പിടിയാക്കി മാറ്റുകയാണ് ഇത്തരം കോളേജുകാർ ചെയ്യുന്നത്! ഒന്നാലോചിച്ചു നോക്കൂ.. എത്ര വലിയ നിയമവിരുദ്ധമായ കാര്യമാണ് നിങ്ങൾ ചെയ്യുന്നത്? പിടിക്കപ്പെട്ടാലത്തെ അവസ്ഥ ആലോചിച്ചു നോക്കിയിട്ടുണ്ടോ??
ആൾമാറാട്ടം, വഞ്ചന, കബളിപ്പിക്കൽ, സർക്കാർ സ്ഥാപനത്തെ തെറ്റിദ്ധരിപ്പിക്കൽ, വ്യാജമായി ബിരുദം ഉണ്ടാക്കൽ അങ്ങനെ എന്തെല്ലാം ഗുരുതരമായ കുറ്റങ്ങൾ!! കുറ്റം ചെയ്യുന്നത് കോളേജുകാർ ആണല്ലോ, ഞങ്ങളല്ലല്ലോ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. നിയമത്തിന് മുന്നിൽ നിങ്ങളും ഈ കുറ്റകൃത്യത്തിൽ തുല്യഉത്തരവാദികളാണ്. നിങ്ങളുടെ അറിവോടെയാണ് കോളേജ്കാർ എല്ലാം ചെയ്തത്! നിയമം അറിയില്ലായിരുന്നു എന്ന് വാദിച്ചാലും രക്ഷയില്ല! കാരണം നിയമം അറിയേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. ഇനി പിടിക്കപ്പെടാതെ നിങ്ങൾ കോഴ്സ് പാസ്സായി എന്ന് തന്നെ വയ്ക്കുക. ലീവ് എടുക്കാതെ പഠിച്ച ഒരു കോഴ്സിന്റെ സർട്ടിഫിക്കറ്റ് ഗവണ്മെന്റ് സർവീസിൽ സർവീസ് ബുക്കിൽ ചേർക്കാൻ കഴിയുമോ?
ആ യോഗ്യത നിങ്ങൾക്ക് സർവീസിൽ എന്തെങ്കിലും ആവശ്യങ്ങൾക്കായി കാണിക്കാൻ പറ്റുമോ? അങ്ങനെ പുറത്ത് കാണിച്ചാൽ സർക്കാരിനെ വ്യാജസർട്ടിഫിക്കറ്റ് നൽകി കബളിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് നിങ്ങൾ അകത്തുപോകും. ഗൾഫിൽ വർക്ക് ചെയ്തുകൊണ്ട് ഇങ്ങനെ പോസ്റ്റ് ബേസിക് എടുത്തവർക്കും ആ യോഗ്യത ആ രാജ്യത്തേക്കോ മറ്റേതെങ്കിലും രാജ്യത്തേക്കോ ജോലിക്കായി കാണിക്കാൻ പറ്റുമോ?? ഗൾഫിലെ നിയമം ഞാൻ പറയേണ്ട കാര്യമില്ലല്ലോ. അവിടെ സർക്കാരിനെ കബളിപ്പിക്കാൻ നോക്കിയാൽ എന്താവും സംഭവിക്കുക എന്നത് ആലോചിക്കാൻ പോലും പറ്റില്ല. മറ്റൊരു രാജ്യത്തേക്കും ആ യോഗ്യത കാണിക്കാൻ കഴിയില്ല.
ഉദാഹരണം നിങ്ങൾ സൗദിയിൽ ജോലി ചെയ്തുകൊണ്ട് 2018-2020 വർഷത്തിൽ ഇതുപോലെ പോസ്റ്റ് ബേസിക് എടുത്തു എന്ന് കരുതുക. അത് എടുത്തശേഷം കുവൈറ്റിൽ ഒരു മികച്ച ജോലിക്ക് ശ്രമിക്കുന്നു എന്നും കരുതുക. നിങ്ങൾ സമർപ്പിക്കുന്ന സർട്ടിഫിക്കറ്റ് പ്രകാരം 2018 മുതൽ 2020 വരെ നിങ്ങൾ ഇന്ത്യയിൽ റെഗുലർ ആയി പഠിച്ച പോസ്റ്റ് ബേസിക് BSc നഴ്സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റാണ് ജോലിക്കായി നൽകുന്നത്. പക്ഷേ പാസ്സ്പോർട്ട് നോക്കുമ്പോൾ ആ കാലയളവിൽ നിങ്ങൾ ഇന്ത്യയിൽ ആയിരുന്നില്ല എന്നും സൗദിയിൽ ആയിരുന്നു എന്നും നിങ്ങൾ സമർപ്പിച്ച സർട്ടിഫിക്കറ്റ് വ്യാജമാണെന്നും ഏത് പൊട്ടനും മനസ്സിലാകും!
മറ്റു രാജ്യങ്ങളിലെ MOH അധികൃതർ വെറും മണ്ടന്മാരാണെന്ന് ആരും കരുതരുത്. ഇന്ത്യയിൽ ഇത്തരം തട്ടിപ്പ് കോഴ്സുകൾ ധാരാളം ഉണ്ടെന്നും അത് പഠിച്ചവർ ധാരാളം പേർ അങ്ങോട്ട് ചെല്ലുമെന്നും അവർക്കൊക്കെ അറിയാം. വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയ ഇരുപതോളം മലയാളി നഴ്സുമാർ സൗദിയിലെ വിവിധ ജയിലുകളിലായി ശിക്ഷ അനുഭവിക്കുന്നുണ്ട് എന്നുള്ളത് നിങ്ങൾക്കെല്ലാം അറിവുള്ള കാര്യമായിരിക്കും എന്ന് കരുതുന്നു. ഗൾഫ് രാജ്യങ്ങളിൽ ഇത്തരം കുറ്റകൃത്യങ്ങൾ വളരെ ഗൗരവമായിട്ടാണ് കാണുന്നത്. യൂറോപ്യൻ രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമായിരിക്കില്ല! ഇനി അഥവാ തുടക്കത്തിൽ പിടിക്കപ്പെട്ടില്ല എന്ന് തന്നെ ഇരിക്കട്ടെ. വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സത്യാവസ്ഥ പരിശോധിക്കാനായി അവർക്ക് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സംവിധാനമുണ്ട്.
പ്രൈവറ്റ് ഡീറ്റക്റ്റീവ് ഏജൻസിപോലുള്ള ചില സ്ഥാപനങ്ങളുമായി എല്ലാ രാജ്യങ്ങളും കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. എല്ലാവരുടെയും സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നത് പ്രയോഗികമല്ലാത്തതിനാൽ Random Samples എടുത്താണ് പരിശോധന നടത്താറുള്ളത്. ഇങ്ങനെ സാമ്പിൾ എടുക്കുന്നതിൽ നിങ്ങളുടെ സർട്ടിഫിക്കറ്റ് പെട്ടാൽ കഥ തീർന്നു എന്ന് കൂട്ടിയാൽ മതി!ഇനി ചിലർ ആനമണ്ടത്തരം കാണിച്ചും പിടിക്കപ്പെടും. എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിൽ കാണിക്കുന്ന അതേ കാലയളവിൽ തന്നെ കോഴ്സ് പഠിച്ചതായും കാണിച്ചാൽ പിന്നെ പിടി വീഴാതിരുന്നാലല്ലേ അതിശയമുള്ളൂ??? ഉദാഹരണം പറയാം.
നിങ്ങളുടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിൽ നിങ്ങൾ 2016 മുതൽ 2021 ഡിസംബർ 31 വരെ മെഡിസിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്തതായി കാണിച്ചിരുന്നു. നിങ്ങളുടെ പോസ്റ്റ് ബേസിക് സർട്ടിഫിക്കറ്റ് പ്രകാരം കോഴ്സ് ചെയ്തിരിക്കുന്ന കാലയളവ് 2018 മുതൽ 2020 വരെ!! ഈ സർട്ടിഫിക്കറ്റുകൾ വച്ച് നിങ്ങൾ ജോലിക്ക് അപേക്ഷിച്ചാൽ എങ്ങനെയുണ്ടാകും!! ഞാൻ മുൻപ് പറഞ്ഞതുപോലെ നിയമപരമായി നടത്തുന്ന കോഴ്സ് ആണെന്നാണ് ഭൂരിപക്ഷം പേരുടെയും വിചാരം. കോളേജ് അധികൃതർ അല്ലെങ്കിൽ അവരെ അവിടെ അഡ്മിഷൻ എടുക്കാൻ വേണ്ടി സഹായിച്ച ഏജന്റ് അല്ലെങ്കിൽ അവിടെ പഠിച്ച സീനിയർ വിദ്യാർത്ഥി അങ്ങനെയാണ് അവരെ പറഞ്ഞ് മനസ്സിലാക്കിയിരിക്കുന്നത്. അപ്പോൾ പിന്നെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിൽ കാണിച്ചിരിക്കുന്ന പീരീയഡിൽ തന്നെ ഈ കോഴ്സ് ചെയ്തതായി കാണിച്ചാൽ അതിൽ അസ്വഭാവികത ഒന്നും ഇല്ലല്ലോ.
IGNOU പോസ്റ്റ് ബേസിക് പഠിക്കുന്നവർക്ക് അങ്ങനെ കാണിക്കാൻ കഴിയും.അങ്ങനെ നിയമപരമായി അംഗീകാരമുള്ള ഡിസ്റ്റൻസ് കോഴ്സ് ആണെന്ന് കരുതി എക്സ്പീരിയൻസും പഠനവും ഒരേ കാലയളവിൽ കാണിച്ചാൽ നിങ്ങൾ പെട്ടു എന്ന് കൂട്ടിയാൽ മതി. മറ്റൊരു കാര്യം. അംഗീകാരമുള്ള GNM കോഴ്സ് പഠിച്ച് സംസ്ഥാനനഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർക്ക് മാത്രമേ പോസ്റ്റ് ബേസിക് BSc നഴ്സിംഗ് കോഴ്സ് ചെയ്യാൻ കഴിയൂ. അല്ലാതെ ANM, Nursing Assistant, JPHN പോലെയുള്ള കോഴ്സുകൾ പഠിച്ചവർക്ക് അത് രജിസ്ട്രേഷൻ ഉള്ള കോഴ്സ് ആണെങ്കിലും ശരി അല്ലെങ്കിലും ശരി, യാതൊരു കാരണവശാലും അവർക്ക് പോസ്റ്റ് ബേസിക് BSc നഴ്സിംഗ് കോഴ്സ് ചെയ്യാൻ കഴിയില്ല. ഇനി, നിങ്ങൾ പഠിച്ചത് മൂന്ന് വർഷത്തെ നഴ്സിംഗ് കോഴ്സ് ആണെങ്കിലും നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ഇല്ലെങ്കിൽ നിങ്ങൾക്ക് പോസ്റ്റ് ബേസിക് BSc നഴ്സിംഗ് കോഴ്സിനു ചേരാൻ കഴിയില്ല.
ഇനി ചില സ്ഥാപനങ്ങൾ MSc നഴ്സിംഗ് കോഴ്സും ഇങ്ങനെ ഉടായിപ്പ് സെറ്റപ്പിൽ നടത്തുന്നുണ്ട് എന്നറിഞ്ഞു. സൂക്ഷിക്കുക. അത്രേ പറയാനുള്ളൂ..ഇപ്പോൾ മറ്റൊരു പ്രശ്നം കൂടി ഉയർന്നു വന്നിട്ടുണ്ട്. കർണാടകയിലെ നഴ്സിംഗ് കോളേജുകൾ തമ്മിലുള്ള കിടമത്സരം മൂലമോ മറ്റോ ഇങ്ങനെ ഉഡായിപ്പിൽ BSc നഴ്സിംഗ് പഠിപ്പിക്കുന്ന സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ ഡീറ്റെയിൽസ് യൂണിവേഴ്സിറ്റിയിൽ നിന്നും എടുത്ത് പൊലീസിലും സർക്കാരിനും ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും പരാതി പോകുന്നുണ്ട്. ഈ പരാതിയിൽ കൃത്യമായ അന്വേഷണം നടന്നാൽ ഉറപ്പായും ഇത്തരം സ്ഥാപനങ്ങളിൽ പഠിക്കുന്നവരുടെ ഭാവി അവതാളത്തിലാകും.ഈ പോസ്റ്റ് നമ്മൾ ആരെയും കുറ്റപ്പെടുത്താനോ നിരുത്സാഹപ്പെടുത്താനോ വേണ്ടി ഇടുന്നതല്ല. കാര്യങ്ങൾ പഴയ പോലെയല്ല എന്നത് ഒന്ന് പറഞ്ഞ് ബോധ്യപ്പെടുത്താൻ വേണ്ടി മാത്രം ഇട്ടതാണ്.
അഞ്ചും എട്ടും ഒക്കെ വർഷങ്ങൾക്ക് മുൻപ് ഇത്തരത്തിൽ ഉടായിപ്പ് പോസ്റ്റ് ബേസിക് BSc നഴ്സിംഗ് കോഴ്സുകൾ പഠിച്ച് തങ്ങളുടെ GNM യോഗ്യത BSc യാക്കി Upgrade ചെയ്ത നിരവധി പേരെ എനിക്ക് നേരിട്ടറിയാം. ഇന്ന് GNM കോഴ്സ് കഴിഞ്ഞവർക്ക് ഗൾഫിൽ യാതൊരു സ്കോപ്പും ഇല്ലാത്ത അവസ്ഥയാണ്. കോഴ്സ് പഠിച്ച കുട്ടികൾ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അന്തംവിട്ടു നിൽക്കുകയാണ്. അങ്ങനെ ഒരു സാഹചര്യത്തിൽ മേൽസൂചിപ്പിച്ച പോലെ വലിയ മുടക്കില്ലാതെ ഒരു പോസ്റ്റ് ബേസിക് കോഴ്സ് ചെയ്യാൻ കഴിയുക എന്നത് GNM കഴിഞ്ഞ കുട്ടികളെ സംബന്ധിച്ചിടത്തോളം വലിയ ഒരു അനുഗ്രഹമായിരുന്നു. എന്നാൽ ഇന്ന് സാഹചര്യങ്ങൾ മാറിയിരിക്കുന്നു.
കോളേജുകാർ പരസ്പരം പാര പണിയാൻ തുടങ്ങിയിരിക്കുന്നു! അതിന്റെ ഭാഗമായി നിരവധി പരാതികൾ പല തലങ്ങളിലേക്ക് എത്തിയിരിക്കുന്നു. കൃത്യമായ ഒരു അന്വേഷണം നടന്നാൽ ആദ്യകാലം മുതൽ ഈ സ്ഥാപനങ്ങളിൽ പഠിച്ചവർ കുടുങ്ങും എന്നതിൽ ഒരു സംശയവും വേണ്ടാ..അതുകൊണ്ട് തന്നെ സൂക്ഷിക്കുക. വലിയ ചതിയിൽ പെടാതിരിക്കുക. ചതിയിൽ പെട്ടാൽ നമ്മൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം മാത്രമല്ല നഷ്ടമാവുക. മറിച്ച് നമ്മളുടെ ഭാവിയും ജീവിതവും കൂടിയാണ്..അത് മാത്രമേ എനിക്ക് പറയാനുള്ളൂ. മറ്റൊരു ശ്രദ്ധിക്കേണ്ട കാര്യം അംഗീകാരമില്ലാത്ത നഴ്സിംഗ് കോളേജുകളെ കുറിച്ചാണ്. ചില നഴ്സിംഗ് കോളേജുകൾക്ക് ബേസിക് BSc Nursing കോഴ്സ് നടത്താൻ മാത്രമായിരിക്കും നഴ്സിംഗ് കൗൺസിൽ അംഗീകാരം ഉണ്ടാവുക. എന്നാൽ ഇത് മറച്ചു വച്ച് ഇവർ പോസ്റ്റ് ബേസിക് കോഴ്സ് കൂടി നടത്തുന്നു. ഇത്തരം കോഴ്സുകളിൽ ചേർന്നാൽ പണവും ആ രണ്ട് വർഷവും നിങ്ങൾക്ക് നഷ്ടമാകും.
കോളേജിൽ ചേരുന്നതിന് മുൻപ് ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ, അതാത് സംസ്ഥാന നഴ്സിംഗ് കൗൺസിൽ എന്നിവയുടെ വെബ്സൈറ്റ് നോക്കുക. അതിൽ അംഗീകാരമുള്ള നഴ്സിംഗ് കോളേജുകളുടെ ലിസ്റ്റ് കൊടുത്തിട്ടുണ്ടാകും. അത് നോക്കി ബോധ്യപ്പെട്ട ശേഷം മാത്രം ചേരുക. BSc നഴ്സിംഗ് കോഴ്സ് നടത്താൻ മാത്രമാണ് ആ കോളേജിന് അംഗീകാരം ഉള്ളൂ എങ്കിൽ അവിടെ യാതൊരു കാരണവശാലും പോസ്റ്റ് ബേസിക് BSc നഴ്സിംഗ് കോഴ്സിന് ചേരരുത്. അതുപോലെ ചേരാൻ ഉദ്ദേശിക്കുന്ന കോളേജിന് യൂണിവേഴ്സിറ്റി അഫിലിയേഷൻ ഉണ്ട് എന്നതും ഉറപ്പ് വരുത്തുക.സൂക്ഷിക്കുക. സൂക്ഷിച്ചാൽ ദുഖിക്കേണ്ടി വരില്ല.നഴ്സുമാർ ഭൂരിപക്ഷവും സാധാരണ കുടുംബങ്ങളിൽ നിന്ന് വരുന്നവരാണ്. അവരുടെ ഓരോ രൂപയും വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതാണ്.
അതുകൊണ്ട് നിങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം തട്ടിയെടുക്കാൻ ഒരാളെയും അനുവദിച്ചു കൂടാ. അങ്ങനെ നമ്മുടെ നഴ്സുമാർ ചതിയിൽ പെടുന്നത് തടയാൻ നഴ്സിംഗ് വിദ്യാഭ്യാസമേഖലയിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് നമ്മുടെ നഴ്സുമാരെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ കുറിപ്പ് എഴുതുന്നത്. അതുകൊണ്ട് തന്നെ ഈ കുറിപ്പ് പരമാവധി ആളുകളിലേക്ക് എത്തിക്കേണ്ടതുണ്ട്. ദയവായി ഇത് വായിക്കുന്ന ഓരോരുത്തരും ഇത് ഒന്ന് ഷെയർ കൂടി ചെയ്യാൻ ഉണർത്തുന്നു.