നമ്മുടെ ആധ്യാത്മിക സൗധത്തിന്റെ അസ്തിവാരം എളിമയാണെന്ന് എല്ലാ ആധ്യാത്മിക ഗ്രന്ഥകാരന്മാരും സമ്മതിക്കുന്ന വസ്തുതയാണ്. പക്ഷെ ആദത്തിന്റെ ഓരോ സന്താനത്തിനും അഹങ്കാരം പരമ്പരാഗതമായി ലഭിച്ചിട്ടുള്ളത് കൊണ്ട് ഇത് വളരെ പ്രയാസകരമായ സുകൃതമാണ്. എളിമയുടെ ശത്രുവായ സ്വയംസ്നേഹം എപ്പോഴും പ്രവർത്തനനിരതവുമാണ്. അതുകൊണ്ട് അന്ത്യശ്വാസം വരെ നമ്മൾ അതിനോട് പടവെട്ടേണ്ടി വരുന്നു.
നിങ്ങൾ ഒരു പാപിയാണെങ്കിൽ എളിമ നിങ്ങൾക്കാവശ്യമുണ്ട്. നിങ്ങൾ ഒരു വിശുദ്ധനാണെങ്കിൽ കൂടുതൽ എളിമ നിങ്ങൾക്കാവശ്യമുണ്ട്. എളിമയുണ്ടെന്ന് സ്വയം ചിന്തിക്കുന്ന പക്ഷം, നമുക്ക് എളിമയില്ലെന്നതിന്റെ ഉറപ്പായ അടയാളമാണത്. യഥാർത്ഥത്തിൽ എളിമയുള്ളവർ അതറിയുന്നുപോലും ഉണ്ടാവില്ല. മാലാഖമാർ വീണുപോയത് അഹങ്കാരം നിമിത്തമാണ്. സ്വയംസ്നേഹത്തിൽ നിന്ന് സ്വതന്ത്രനായ മനുഷ്യനില്ല.
നമ്മുടെ മാനുഷികമായ ദൗർബ്ബല്യം അറിയുന്നതുകൊണ്ട് ഈശോ പറയുന്നു, “ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്നിൽ നിന്നും പഠിക്കുവിൻ” മറ്റൊരു സുകൃതത്തെക്കുറിച്ചും ഈശോ ഇങ്ങനെ പറഞ്ഞിട്ടില്ല. ഓരോ ക്രിസ്ത്യാനിയും ക്രിസ്തുവിനെ അനുകരിക്കേണ്ടവനാണ്. അവിടുത്തെ ഏറ്റവും അദ്ഭുതകരമായ സവിശേഷത അവിടുത്തെ എളിമയാണ്.
താൻ തന്നെ സൃഷ്ടിച്ചവനും വിശേഷബുദ്ധിയുള്ളവനുമായ ഒരു വിനീതസൃഷ്ടിയുടെ രൂപമെടുത്തു. വിശപ്പും ദൗർബല്യങ്ങളും അവിടുത്തേക്ക് അനുഭവപ്പെട്ടു. അവിടുന്ന് ഉറങ്ങി, വിലപിച്ചു. ഇതിലൊക്കെ അന്തർഭവിച്ചിരിക്കുന്ന സ്വയം താഴ്ത്തൽ നമുക്ക് ഗ്രഹിക്കാനാവാത്തതാണ്. ഒരു ദൈവത്തിന് മാത്രമേ അത്രയൊക്കെ ചെയ്യാൻ പറ്റൂ.
അവിടുത്തെ അമ്മയ്ക്കും വിശുദ്ധന്മാർക്കുമൊക്കെ ആ എളിമ അല്പമൊന്നനുകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. സുകൃതങ്ങളിൽ വെച്ച് തൻറെ അനുയായികളുടെ അനുകരണത്തിനായി അവിടുന്ന് തിരഞ്ഞെടുത്തത് എളിമയാണ്. ഒരു അടിമയുടെ നിലവാരത്തിലേക്ക് സ്വയം താഴ്ത്തി ശിഷ്യരുടെ കാലുകൾ കഴുകിക്കൊണ്ട് അവിടുന്ന് പറഞ്ഞു, “നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും പരസ്പരം കാലുകൾ കഴുകണം”. തന്മൂലം ഓരോ ക്രിസ്ത്യാനിയും എളിമ പരിശീലിക്കേണ്ടിയിരിക്കുന്നു. നിയമാനുസൃതമായ അധികാരത്തിന് വഴങ്ങാനും മനസ്സിനെയും ബുദ്ധിയെയും വിശ്വാസസത്യങ്ങൾക്ക് വിധേയമാക്കാനും എളിമ കൂടാതെ സാധ്യമല്ല.
ദൈവപ്രസാദം ലഭിക്കാൻ എളിമ അത്യന്താപേക്ഷിതമാണ്. ആത്മാവിലേക്ക് പ്രസാദവരം കടന്നുചെല്ലുന്നതിന് അതിലംഘിക്കാനാവാത്ത പ്രതിബന്ധമാണ് അഹങ്കാരം. ദൈവം നൽകുന്ന പ്രസാദവരത്തിന്റെ സഹായം കൂടാതെ നന്മയായിട്ടുള്ളതൊന്നും ചെയ്യാൻ നമുക്ക് സാധ്യമല്ല. നമ്മുടെ എളിമക്ക് ആനുപാതികമായിട്ടായിരിക്കും നമുക്ക് ലഭിക്കുന്ന പ്രസാദവരം. ദൈവത്തെ പ്രസാദിപ്പിക്കാൻ ആദ്യം ചെയ്യേണ്ടുന്ന കാര്യം തന്നെത്തന്നെ വിനീതനാക്കുക എന്നുള്ളതാണ്. ദൈവം എനിക്ക് എതിരായിട്ടല്ലാതെ എന്റെ ഭാഗത്തുനിന്ന് പൊരുതണം എന്ന് ഞാനാഗ്രഹിക്കുന്ന പക്ഷം ഞാൻ എളിമയുള്ളവനായിരിക്കണം.
നമ്മെ രക്ഷിക്കാൻ വേണ്ടി ദൈവം സ്വയം താഴ്ത്തി. അഹങ്കരിക്കുന്നതിൽ മനുഷ്യൻ ലജ്ജിക്കണം. എളിമയിലൂടെ സ്വയം താഴ്ത്തുന്നതനുസരിച്ച് പരിപൂർണ്ണതയിൽ നാം അടിക്കടി ഉന്നതി പ്രാപിക്കുന്നു. (സെന്റ് അഗസ്റ്റിൻ)
By, ജിൽസ ജോയ്
Ref: ഏറ്റവും പ്രയാസകരമായ സുകൃതം( Part -2)