അഗസ്റ്റിൻ ക്രിസ്റ്റി
നമുക്ക് ഒരാളോട് വല്ലാത്ത ദേഷ്യവും വെറുപ്പും, അതിനൊപ്പം അസൂയയും ഉണ്ടെന്നിരിക്കട്ടെ. എങ്ങനെയാണു അവരുമായി ഒന്നിച്ചുപോവുക.? എളുപ്പവഴി പറയട്ടെ. അവരെ അനുഗ്രഹിച്ചു പ്രാർത്ഥിക്കുക എന്നതാണത്.
എന്റെ അനുഭവത്തിൽ നിന്നും ഞാൻ ഒരു കാര്യം പറയാം. എന്റെ ചെറുപ്പത്തിൽ ഡോക്ടറാക്കമേ എന്നതായിരുന്നു എന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രാർത്ഥനാനിയോഗം. അതിനുവേണ്ടി ഞാൻ എന്നും പ്രാർത്ഥിക്കുമായിരുന്നു. ആ ആഗ്രഹത്തിന്റെ അടിസ്ഥാനകാരണം എന്റെ മുഖ്യ എതിരാളിയായ മറ്റൊരാൾ അതേ ആഗ്രഹത്തിന്റെ പിന്നാലെയാണെന്നറിഞ്ഞതാണ്. ആദ്യമൊക്കെ എന്റെ പ്രാർത്ഥന എനിക്ക് മാത്രം ഡോക്ടറാകണമെമെന്നതായിരുന്നു.
പിന്നീടെപ്പോഴോ ആണ് മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിച്ചാൽ ദൈവം നമ്മുടെ പ്രാർത്ഥന വേഗം കേൾക്കുമെന്ന് കേൾക്കാനിടയായത്. അതറിഞ്ഞ ഉടനെ ഞാൻ എന്റെ എതിരാളിക്കുവേണ്ടി, എതിരാളി എന്നുപറഞ്ഞാൽ അയ്യാൾ എന്നെക്കാൾ നന്നായി എല്ലാം ചെയ്യുമായിരുന്നു; അതുകൊണ്ടുണ്ടായ കുശുമ്പ് നൽകിയ വിശേഷണമാണ് എതിരാളിയെന്നൊക്കെ. അസൂയതോന്നുംവിധം എന്നെക്കാൾ നന്നായി പഠിച്ചിരുന്ന ഒരു പെൺകുട്ടിയായിരുന്നു അത്.
ഏതായാലും അവൾക്കുവേണ്ടി ഞാൻ നന്നായി പ്രാർത്ഥിക്കാൻ തുടങ്ങി. എന്റെ ഈശോയെ ഇത്തവണത്തെ എൻട്രൻസിൽ അവളെ ഡോക്ടറാക്കണമേ എന്നുമാത്രമേ ഞാൻ പ്രാർഥിച്ചിരുന്നൊള്ളു. എന്റെ കാര്യം ഞാൻ പറഞ്ഞില്ല.
ഏതായാലും എന്റെ പ്രാർത്ഥന ദൈവം കേട്ടു. അവളെ അനുഗ്രഹിച്ചു. ഞാൻ മറ്റൊരുവിധത്തിൽ അനുഗ്രഹിക്കപ്പെട്ടു. അതോടെ അവളോട് എനിക്ക് യാതൊരു ശത്രുതയും ഇല്ലാതായി.
നല്ല ഹെൽത്തിയായി എനിക്കതിനെ നേരിടാൻ കഴിഞ്ഞു. ഇത് എന്റെ കൊച്ചു അനുഭവമാണെങ്കിലും ഇതിനുപിന്നിൽ വലിയൊരു ദൈവശാസ്ത്രം ഒളിഞ്ഞുകിടക്കുന്നുണ്ട്. ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ ശപിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുക എന്നുതുടങ്ങിയ ക്രിസ്തുവിന്റെ അനന്യമായ സുവിശേഷോപദേശങ്ങളാണ് ( വി മത്തായി 5:44, റോമാ 12:14) ഇതിന്റെ കാതൽ. പ്രിയപ്പെട്ടവരേ, നിസ്സാരകാര്യമല്ലിതെന്നു വ്യക്തമായി എനിക്കറിയാം പക്ഷേ ഇത് ചെയ്യാനായാൽ നാം ഇരട്ടിയായി അനുഗ്രഹിക്കപ്പെടുമെന്നു തീർച്ച.
രണ്ടുകാര്യങ്ങൾ മാത്രമേ ശ്രദ്ധിക്കേണ്ടതൊള്ളൂ. ഒന്ന്, നമുക്ക് താത്പര്യകുറവുള്ളവരെ സ്നേഹിക്കണമെന്ന് തീരുമാനിക്കുക. ആഗ്രഹിക്കുക. രണ്ടു, അതിനുവേണ്ടി പരിശുദ്ധാത്മാവിനെ നേടുക. പരിശുധാത്മാവിനെക്കൂടാതെ ഇതൊന്നും നമുക്ക് നടക്കില്ല. ഇതെന്നല്ല, പുണ്യപ്പെട്ടൊരു ജീവിതശൈലി രൂപപ്പെടുത്താൻ പരിശുധാത്മാവിനെക്കൂടാതെ നമുക്കാർക്കും കഴിയില്ലെന്നത് വാസ്തവമാണ്. അതുകൊണ്ടാണ് യേശു പിതാവിന്റെ ഉറപ്പുള്ള വാഗ്ദാനമായി പരിശുദ്ധാത്മാവിനെ നമുക്ക് തന്നിട്ടുപോയത്.
യേശുവിന്റെ ഉത്ഥാനത്തിനു നാൽപ്പതാം നാൾ സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്ത മിശിഹാ പിതാവിന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവിനെ മനുഷ്യരിലേക്ക് അയച്ചദിവസമാണ് പെന്തക്കുസ്താദിനം. ആത്മാവിനെക്കൂടാതെ യേശു പഠിപ്പിച്ച യാതൊന്നും പ്രാവർത്തികമാക്കാൻ പറ്റില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ആ സത്യാത്മാവിനെ നിങ്ങൾ സ്വീകരിക്കണമെന്ന് യേശു നമ്മോട് പറഞ്ഞിട്ടുപോയത്. എല്ലാവരും വിശ്വാസത്തോടെ ചോദിക്കുക. അവിടുത്തെ ആത്മാവിനെ അയക്കണമേ. ഞങ്ങളെ അങ്ങയുടെ പ്രിയമക്കളായും സാക്ഷികളായും മാറ്റേണമേയെന്നു ദാഹത്തോടെ പ്രാർത്ഥിക്കുക.
ഇതാ, എന്റെ പിതാവിന്റെ വാഗ്ദാനം നിങ്ങളുടെമേല്‍ ഞാന്‍ അയയ്ക്കുന്നു. ഉന്നതത്തില്‍നിന്നു ശക്തി ധരിക്കുന്നതുവരെ നഗരത്തില്‍ത്തന്നെ വസിക്കുവിന്‍. (വി ലൂക്ക 24:49)
എന്തെന്നാല്‍, ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവന് കണ്ടെത്തുന്നു. മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു. നിങ്ങളില്‍ ഏതൊരു പിതാവാണ് മകന് മീന്‍ ചോദിച്ചാല്‍ പകരം പാമ്പിനെ കൊടുക്കുക?മുട്ട ചോദിച്ചാല്‍ പകരം തേളിനെ കൊടുക്കുക? മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്കാന് ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, സ്വര്‍ഗ സ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്കുകയില്ല! (വി ലൂക്ക 11:10-13)