Fr. Scott Sleeba Pulimuden
അന്തി മയങ്ങുന്ന നേരത്ത് കാലവർഷ മഴയുടെ തണുപ്പത്തു വീട്ടിൽ അമ്മച്ചി ഉണ്ടാക്കി തന്ന ചെറുകടിയും ചായയും കുടിച്ചു ഇരുന്ന കുറെ ആളുകളെയും SMYM, CASA പിള്ളാരെയും കത്തോലിക്ക കോൺഗ്രസ്സുകാരെയും തെരുവിൽ ഇറക്കിയപ്പോൾ സമാധാനം ആയോ നിങ്ങൾക്ക്….
ഇന്ന് നിങ്ങൾ കണ്ടത് കേവലം ഒരു സമരമോ, പ്രതിഷേധമയോ, നിലനിൽപ്പിന്റെ പോരാട്ടമായോ, അമൽ ജ്യോതി കോളേജിന് സംരക്ഷണം തീർക്കുവാനുള്ള ശ്രെമമായിട്ടോ ആരും കാണേണ്ട… കേവലം ഒരു വെല്ലുവിളിയായി ആരും കാണേണ്ട… ഒരു ഓർമ്മപ്പെടുത്തലയോ ആരും കാണേണ്ട…
പിന്നയോ…..
ഇനിയും ഞങ്ങൾക്കു നേരെ വന്നാൽ അതിപ്പോൾ കമ്മിയോ, സങ്കിയോ, സുടുവോ, കൊങ്ങിണിയോ, ലീഗോ, കെകോയോ ആരു വന്നാലും… ഇടനെഞ്ചിൽ താളം നിലയ്ക്കുവോളം ഞങ്ങൾ പ്രതിരോധം തീർക്കും തിരിച്ചടിച്ചിരിക്കും…. വിമോചന സമരകാലത്തു വിളിച്ച മുദ്രാവാക്യം ഒന്നു ഓർമിപ്പിക്കുന്നു
അങ്കമാലി കല്ലറയ്ക്കുള്ളിൽ
ഞങ്ങളുടെ സോദരരാണെങ്കിൽ
കല്ലറ കട്ടായാം…
പകരം ഞങ്ങൾ ചോദിച്ചീടും…
ചുമ്മാ വിളിച്ചതല്ല പകരം ചോദിച്ച തലമുറയുടെ പിന്മുറയെ വിരട്ടാൻ വരല്ലേ…
ഇതൊരു കേവല ജാഥയായി ആരും കാണേണ്ട പകരം ഈ മണ്ണിൽ ഞങ്ങൾക്ക് നേരെ കൊമ്പുകുലുക്കി വന്നാൽ വർഗ്ഗബോധമുള്ള ഞങ്ങൾ ഒന്നിച്ചു നേരിടും… നേരിട്ടിരിക്കുമെന്നുള്ളതിന്റെ പ്രഖ്യാപനമായി കണ്ടാൽ മതി…
Johnson John
ഞാൻ സാധാരണ തുമ്മുമ്പോൾ അടക്കിപ്പിടിച്ചോ തൂവാല ഉപയോഗിച്ച് മറപിടിച്ചോ തുമ്മാറില്ല. അതിൻ്റെ ഫുൾ സ്ട്രെങ്തിലങ്ങ് ചെയ്യും. അതുകൊണ്ടുതന്നെ നല്ല ശബ്ദമായിരിക്കും തുമ്മുമ്പോൾ. ഇന്ന് ക്ലാസ്സിന്റെ സമയത്ത് ഇതുപോലൊരു തുമ്മൽ ഞാൻ പാസാക്കി. ശബ്ദം കേട്ട് എല്ലാവരും അത്ഭുതത്തോടെ ചിരിച്ചു. സ്വാഭാവികം. എന്നാൽ ക്ലാസ്സ് എടുത്തിരുന്ന സോജൻ സാർ നിശബ്ദമായ അന്തരീക്ഷത്തിൽ പറഞ്ഞു, ‘ഡിസിപ്ലിൻഡ്’ ആയ ഒരു വ്യക്തിക്ക് വൈയ്യക്തികമായ ആനന്ദങ്ങൾ ഹനിക്കപ്പെടും. പ്രത്യേകിച്ച് ഒരു കോമൺ പ്ലാറ്റ്ഫോമിൽ ആയിരിക്കുമ്പോൾ.
എനിക്ക് ഉറക്കെ തുമ്മണം എന്നുള്ളത് വ്യക്തിപരമായി ആനന്ദം നൽകുന്ന ഒന്നാണെങ്കിലും എൻ്റെ അടുത്തിരിക്കുന്നവനെ മാനിക്കണമെങ്കിൽ ആ ആനന്ദം വേണ്ടെന്നു വയ്ക്കണം. അത് മനസ്സിലാക്കണമെങ്കിൽ ഡിസിപ്ലിൻഡ് ലൈഫ് ഉണ്ടായിരിക്കണം. സമൂഹത്തിൽ ജീവിക്കുന്ന വ്യക്തിക്ക് അത് കുടുംബമാകട്ടെ, സ്കൂളാകട്ടെ, കോളേജാകട്ടെ വൈയ്യക്തികമായ ആനന്ദങ്ങൾ ഹനിക്കപ്പെടും.
എന്നാൽ അത് മനസ്സിലാക്കാനും വ്യക്തിപരതയേക്കാൾ സാമൂഹികമാനത്തിന് പ്രാധാന്യം കൊടുക്കാനും ഡിസിപ്ലിൻ ഉള്ള വ്യക്തിക്കേ കഴിയൂ.
ഇന്ന് നമ്മൾ കാണുന്ന ഏത് പ്രശ്നത്തിനും അത് കാമ്പസിൽ ഉള്ളതാകട്ടെ, കുടുംബത്തിലുള്ളതാകട്ടെ കാരണം, ഡിസിപ്ലിൻ ഇല്ല എന്നതു മാത്രമാണ്. കുടുംബത്തിൽ സ്വന്തം മുറിയിൽ വ്യക്തിതാൽപര്യങ്ങൾക്കാകാം പ്രാധാന്യം. എന്നാൽ ഊട്ടുമേശയിൽ ഒരുമിച്ചിരിക്കുമ്പോൾ പൊതുവായ ഇഷ്ടങ്ങൾ ആയിരിക്കണം ഉണ്ടാകേണ്ടത്. അവിടെ വ്യക്തിപരമായ ഇഷ്ടങ്ങൾക്കുവേണ്ടി വാശിപിടിച്ചാൽ ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാകും.
ഈ ദിവസങ്ങളിൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിൽ വിദ്യാർത്ഥികൾ നടത്തിയ പ്രതികരണങ്ങൾ കാണാനിടയായി. ഒരു കോളേജിൽ സമൂഹത്തിനേക്കാൾ പ്രാധാന്യം വ്യക്തികൾക്ക് വേണമെന്ന് വാദിക്കുമ്പോൾ എത്ര കുട്ടികളുണ്ടോ അത്രയും കുട്ടികൾക്ക് ഓരോ നിയമവും ഉണ്ടാക്കേണ്ടതായിവരും. അതായത് ഓരോ കുട്ടിക്കും ഓരോ കോളേജ് എന്നപോലെ. ഭക്ഷണം കഴിക്കാൻ വരുമ്പോൾ ഷോട്ട്സ് ഇടരുത് എന്ന നിയമം വ്യക്തിപരമായി ചിന്തിച്ചാൽ വ്യക്തിസ്വാതന്ത്ര്യത്തെ തകർക്കുന്നതായി വിദ്യാർത്ഥിയുടെ തലച്ചോറിൽ രൂപപ്പെടുക സ്വാഭാവികം.
എന്നാൽ അത് ഞാനുൾപ്പെടുന്ന സമൂഹത്തിന് വേണ്ടിയുള്ളതാണ്, അവിടെ എൻ്റെ വ്യക്തിപരമായ ഇഷ്ടങ്ങൾക്കല്ല പ്രാധാന്യം എന്ന് ചിന്തിക്കണം. ഒരു ഹോസ്റ്റലിന്റെ നിയമം പാലിക്കാൻ പറ്റാത്തവർ എന്തിനാണ് അവിടെ ജീവിക്കുന്നത്? മറിച്ച് ഇത് വിദ്യാർത്ഥികളുടെ ഡിസിപ്ലിനു വേണ്ടിയാണ് എന്ന് ചിന്തിക്കാൻ എന്തേ കഴിയാതെ പോകുന്നത്? നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാൻ ആണെങ്കിൽ സ്വന്തമായി ഒരു ഹോസ്റ്റൽ പണിത് ജീവിക്ക്. സാമൂഹിക നന്മയ്ക്കുവേണ്ടി വൈയ്യക്തിക താൽപര്യങ്ങൾ ഹനിക്കപ്പെടുക തന്നെ വേണം. അത് മനസ്സിലാക്കാൻ ഡിസിപ്ലിൻ കൂടിയേ തീരൂ.
അമൽജ്യോതിയിൽ വളരെ സ്ട്രിക്നെസ്സ് ആണെന്നും ഞങ്ങൾക്ക് സ്വാതന്ത്ര്യം അല്പം തരൂ എന്നും നിലവിളിക്കുന്ന കുട്ടികളോട് ഒരു ചോദ്യം. ഇത്രയും സ്ട്രിക്നെസ്സ് ഉണ്ടായിട്ട് ശ്രദ്ധയ്ക്ക് ഇത്രയും സപ്ലി ഉണ്ടാകുന്നത് എങ്ങനെയാണ്? അക്കഡമിക് ആയി ഏറെ മുന്നിൽ നിൽക്കുന്ന ഈ കോളേജിൽ ഇങ്ങനെയും കണ്ണുവെട്ടിച്ച് പഠിക്കാതെ സ്വന്തം താല്പര്യങ്ങൾക്ക് മുൻതൂക്കം നൽകി ജീവിക്കാം എന്നതിന് ഇതിൽക്കൂടുതൽ എന്ത് തെളിവാണ് വേണ്ടത്. എന്നിട്ടും സ്വാതന്ത്ര്യം വേണം എന്ന് നിങ്ങൾ മുറവിളിയിടുന്നു.
പഠിക്കുന്ന കാലത്ത് വിദ്യാർത്ഥികൾ കലാലയത്തെ ചൊല്ലി എന്നും അസംതൃപ്തരായിരിക്കും. കലാലയത്തിനുള്ളിൽ എത്ര തേൻ വിളമ്പിയാലും എത്ര മധുരം പങ്കുവച്ചാലും എത്ര ഓളത്തിൽ നടന്നാലും ഒരിക്കൽപോലും സ്വന്തം കലാലയത്തെ കുറിച്ച് കുറ്റം പറയാത്ത വിദ്യാർത്ഥി ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. അധ്യാപകനും പ്രിൻസിപ്പലും ഹോസ്റ്റൽ വാർഡനുമൊക്കെ നമ്മുടെ സ്ഥിരം തെറി പറയുന്ന പട്ടികയിൽ ഉള്ളവരാണ്.
പരാതികൾ പറയുക എന്നത് ഒരു ഇൻസ്റ്റിറ്റ്യൂഷൻ്റെ ഉള്ളിൽ നിൽക്കുമ്പോൾ സ്വാഭാവികം. ഇവിടെ ഉള്ള നിയമങ്ങൾ സമൂഹത്തിൻ്റെ നല്ല നടത്തിപ്പിനും അതിലൂടെ വ്യക്തിപരമായ ഡിസിപ്ലിനും വഴിതെളിക്കും.കുടുംബത്തിൽ നിന്നും കിട്ടാതെ പോകുന്ന ഡിസിപ്ലിൻഡ് ലൈഫ് കോളേജിൽ കൊടുക്കാൻ ശ്രമിക്കുമ്പോൾ ഇവർ ഇങ്ങനെ പ്രതികരിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. എത്ര മാതാപിതാക്കൾക്ക് മക്കളെ ശിക്ഷണത്തിൽ വളർത്താൻ കഴിയുന്നുണ്ട് ?
ഓ.. അവൻ നമ്മുടെ കൊച്ചല്ലേ, എല്ലാം ശരിയായിക്കോളും എന്ന് ഉഴപ്പി പറയാനല്ലാതെ തെറ്റ് കാണുമ്പോൾ വേണ്ടശിക്ഷണം നൽകി വളർത്തുന്നവർ കുറവാണ്. എൻ്റെ കൊച്ച് എന്തെങ്കിലും ചെയ്തു കളഞ്ഞാലോ എന്നിങ്ങനെയുള്ള ചിന്താധാരകൾ മക്കളുടെ തോന്ന്യാസത്തിന് കൂട്ടുനിൽക്കുന്നതാകും. സത്യത്തിൽ മാതാപിതാക്കൾക്ക് മക്കളെ പേടിയാണ്.
അപ്പോൾ ക്ലാസ്സിൽവച്ച് ഒന്ന് തുമ്മിയാൽ പോലും അത് അടുത്തു നിൽക്കുന്നവന് ബുദ്ധിമുട്ടുണ്ടാക്കരുത്.
വ്യക്തി താൽപര്യങ്ങളെക്കാൾ സമൂഹനന്മയ്ക്ക് പ്രാധാന്യം നൽകാൻ സമൂഹത്തിൽ ജീവിക്കുമ്പോൾ നമുക്ക് കടമയുണ്ട്. അതിന് ഡിസിപ്ലിൻ ആവശ്യംതന്നെ. ഡിസിപ്ലിൻഡ് ആയ ഒരു വ്യക്തിക്ക് വൈയ്യക്തികമായ ആനന്ദങ്ങൾ ഹനിക്കപ്പെടും. ഞങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനിലൂടെ ഈ കാര്യങ്ങൾ കേട്ടപ്പോൾ സമൂഹത്തോട് പങ്കുവയ്ക്കണമെന്ന് തോന്നി. നന്ദി.