Honey Bhaskaran
ഇന്ന് ജൂൺ 29. കഴിഞ്ഞ മാസം മെയ് 29 ഇതേ ദിവസം പുലർച്ചെയാണ് അപകട മരണത്തിൽ ഞങ്ങൾക്ക് നീ ഇല്ലാതെയാവുന്നത്. എന്തുകൊണ്ട് നിന്നെ കുറിച്ച് വീണ്ടും വീണ്ടും എഴുതേണ്ടിവരുന്നുവെന്ന് ചോദിച്ചാൽ മനുഷ്യർ നിന്നെ അറിയേണ്ടതുണ്ട് എന്നതു തന്നെയാണുത്തരം. വരികൾക്കിടയിലൂടെ ഒരാളെങ്കിലും നവീകരിക്കപ്പെടുന്നുണ്ടെങ്കിൽ അതാണെനിക്ക് നിന്നിലൂടെ ഈ ലോകത്തിനു നൽകാനുള്ള സ്നേഹം. അത്രയും കനമുള്ള വിശേഷപ്പെട്ട അനുഭവങ്ങൾ നമുക്കിടയിൽ ബാക്കി വെച്ചാണ് നീ കടന്നു പോയതെന്നത് മറ്റൊരു വശം.
ഈ ഒരു മാസക്കാലത്തിനിടയിൽ ഒരാൾക്കൂട്ടത്തിരക്കിലും നിന്നെ മറന്നു പോയൊരു ദിവസമുണ്ടായിട്ടില്ല, നിന്നെയോർത്തു കരയാത്ത രാത്രിയോ പകലോ ഉണ്ടായിട്ടില്ല.
നോക്കൂ… ഇന്നലെ രാത്രിയും, നിർത്തിയിട്ടൊരു കൂറ്റൻ വാഹനത്തിനു പിന്നിലേക്ക് ഇടിച്ചു കയറുന്ന നിൻ്റെ കാറിൻ്റെ ശബ്ദം ഇന്ന് വെളുക്കുവോളം എൻ്റെ കാതിൽ മുരളുന്നുണ്ടായിരുന്നു. നീ മരിച്ചു പോയാലോ എന്ന ഹാലൂസിനേഷനിൽ സങ്കടപ്പെട്ട് വെളുക്കുവോളം ഞാനുണർന്നിരിക്കെയായിരുന്നു.
ഈ ദിവസങ്ങളിലെല്ലാം ഞാൻ അറിയണമെന്ന് തീവ്രമായി ആഗ്രഹിച്ച രണ്ടു കാര്യങ്ങളാണുള്ളത്.
കഴിഞ്ഞ ആറുമാസക്കാലങ്ങൾക്കിടയിൽ നിന്നെ നേരിട്ടു കാണാൻ ശ്രമിച്ച പലരുടെയും കൂടിക്കാഴ്ച്ചകൾ പല മുട്ടാപ്പോക്ക് ന്യായങ്ങൾ പറഞ്ഞു നീ മുടക്കിയിരുന്നു എന്ന് നിനക്കേറെ പരിചിതരായ പലരും പറഞ്ഞു. വേദനകളോട് നിരന്തരം ഏറ്റുമുട്ടിയ നിൻ്റെ രോഗവുമായി ബന്ധപ്പെട്ട മരുന്നിൻ്റെ കാഠിന്യം നിൻ്റെ മുഖത്തെ, ചലനങ്ങളെ മാറ്റി തുടങ്ങിയിരുന്നു. മനസെത്തുന്നിടത്ത് വിരലുകൾക്ക് വേഗത കുറഞ്ഞ്, ബ്രഷെടുത്തൊന്ന് നീ കുടഞ്ഞാൽ പോലും അതു പൂക്കളായി മാറുന്ന അത്ഭുതത്തിന് തെളിച്ചം കുറഞ്ഞിരുന്നു.
മുഖം നീരു വന്നു വീർക്കുന്നതിനാൽ അതൊരാൾക്കും മനസിലാക്കാൻ അവസരം കൊടുക്കാത്ത രീതിയിൽ നീ ആളുകളിൽ നിന്ന് സമർത്ഥമായി തെന്നി തെന്നി നടന്നിരുന്നു.
ലോകത്തിന്റെ രണ്ടറ്റങ്ങളിൽ ഇരുന്ന് എന്തു മാത്രം ആഹ്ളാദിച്ചു. ഈ ഡിസംബറിലെ അവധിക്ക് വന്നപ്പോൾ നമ്മളെന്തു മാത്രം മിണ്ടി. കണ്ണിൻ്റെ കാഴ്ച്ചക്കുറവിനെ കുറിച്ച് പറഞ്ഞത് വെള്ളെഴുത്ത് എന്നാണ്. വൃദ്ധനായല്ലോ എന്ന് ഞാൻ കളിയാക്കി ചിരിച്ചപ്പോഴും ഒരു സംശയത്തിനും ഇട വരുത്താതെ നീയാ ചിരിക്ക് ഒപ്പം കൂടി.
തൊണ്ടക്ക് സർജറി കഴിഞ്ഞപ്പോൾ “ഒരാവശ്യവുമില്ലാത്ത ഗ്ലാൻ്റിനെ വലിച്ചു പറിച്ചു ഞാൻ ദൂരെക്കളഞ്ഞു. നമ്മൾ മാത്രം അറിഞ്ഞാൽ മതി, അല്ലെങ്കിൽ കലിയുഗം കഴിഞ്ഞാലും മനുഷ്യരുടെ ചോദ്യങ്ങളവസാനിക്കില്ലെന്ന് “യെന്ന് സ്വകാര്യം പറഞ്ഞു. എന്നിലെ വിണ്ഢി നിൻ്റെ രോഗകാരണത്തെ സംശയിച്ചതേയില്ല. യു. എ. ഇ യിൽ നിന്നു യാത്ര ചെയ്യും മുമ്പേ തന്നെ നമ്മൾ പറഞ്ഞുറപ്പിച്ചുള്ള യാത്രയായിരുന്നു നിന്നെ കാണാൻ തലശ്ശേരിക്ക്.
വഴി മധ്യേ പെട്ടന്നാണ് ആ യാത്ര നീ മുടക്കുന്നത്. എൻ്റെ പരിഭവത്തോട് ” കൂശ്മാണ്ടത്തീ … വിചാരിച്ച പോലല്ല ഇന്നത്തെ ദിവസം നീ വന്നാൽ ഞാൻ പറയണ്ട കാര്യമില്ലല്ലോ. നമ്മൾക്കിരുന്ന് പൊട്ടത്തരം പറഞ്ഞു ചിരിക്കാൻ പറ്റുന്നൊരു സ്പേസ് ഇന്നിവിടെ കിട്ടിയേക്കില്ല, അതിഥികൾ ഉണ്ട് വൈകിട്ടായാലും ഇവർക്കിടയിൽ നിന്ന് പുറത്തിറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല”. എന്ന സ്നേഹത്തിൽ പുരട്ടിയ മറുപടിയാണ്.
എന്നെയും കാണാതിരിക്കാൻ നീ മനപ്പൂർവ്വം സൃഷ്ടിച്ച കഥയാണോ എന്നു വേദനയോടെ ഞാൻ തിരക്കുകയായിരുന്നു ഇതുവരേയ്ക്കും. ഇന്നലെ മൈനർ സെമിനാരിയിലെ നിൻ്റെ ശിഷ്യനാണ് ആ പ്രോഗ്രാമിൻ്റെ വീഡിയോ എനിക്കയച്ചു തന്നത്. ശരിയാണ് അതിഥികൾക്കും തിരക്കുകൾക്കും ബാൻഡ് വായിക്കുന്ന കുഞ്ഞുങ്ങൾക്കും നടുവിലായിരുന്നു അന്നു നീ.
സമാധാനം തോന്നി, സന്തോഷം തോന്നി. പക്ഷേ ഇനിയൊരവധിക്ക് കൂടിക്കാഴ്ച ബാക്കിയാവുന്നില്ലല്ലോ എന്ന് കണ്ണുകൾ നീറിയൊഴുകി.
മറ്റൊന്ന് അപകടം നടന്ന ശേഷം നീ കൂടുതൽ വേദന സഹിച്ച് പ്രിയപ്പെട്ടവരെ ഓർത്ത് നൊന്തിട്ടാണോ മരിച്ചു പോയിട്ടുണ്ടാവുക, നീ സദാ മൂളുന്ന
“സമയമാകുന്നു പോകുവാന് രാത്രി തന്
നിഴലുകള് നമ്മള് പണ്ടേ പിരിഞ്ഞവര്…”
മൂളിക്കൊണ്ടിരിക്കെയാണോ ശ്വാസം നിലച്ചു പോയത് എന്ന ആകുലതയാണ്.
നിന്നെ കുറിച്ചുള്ള എൻ്റെ ആകുലതകൾക്കിപ്പോൾ യുക്തിബോധമില്ലല്ലോ. നിൻ്റെ മരണശേഷമുള്ള എന്നെ എനിക്കു തന്നെ മുമ്പൊരിക്കലും പരിചയമില്ലല്ലോ.
അല്ല, കുഞ്ഞേട്ടായിക്ക് എന്താണ് സംഭവിച്ചതെന്ന് സ്വയം തിരിച്ചറിയാനുള്ള നേരം പോലും കൊടുക്കാത്ത രീതിയിൽ സംഭവിച്ച അപകടം എന്നാണ് മനസിലാക്കുന്നത് എന്ന കൂടപ്പിറപ്പിൻ്റെ മറുപടിയാണ് എനിക്കേറ്റവും വല്യ ആശ്വാസമായത്. ജീവിച്ചിരുന്ന കാലത്ത് നീ ഏറ്റു വാങ്ങിയ സഹനങ്ങൾ മരണ നേരത്ത് കൂടെ ഉണ്ടായില്ലല്ലോ.
എടാ… മനുഷ്യർ ഈ ലോകത്തെ വിട്ടു പിരിയുമ്പോൾ പ്രിയപ്പെട്ടവർക്കുണ്ടാകുന്ന ശൂന്യതയെ കുറിച്ചും വെളിവു കേടുകളെ കുറിച്ചും അതിനെ മറികടക്കാൻ ചെയ്തു കൂട്ടുന്ന വെപ്രാളങ്ങളെ കുറിച്ചും എൻ്റെ ആദ്യത്തെ വെളിപാട് നീയാണ്. നിൻ്റെയീ മരണം തന്നതാണ്.
എന്തുകൊണ്ടാണൊരാൾ ഇത്ര പ്രിയപ്പെട്ടതായതെന്ന്, പല വട്ടം എഴുതിയിട്ടും അവസാനിക്കാത്തത് എന്നു ഞാനോർത്തു നോക്കി.
34 വർഷങ്ങൾ നീണ്ട സൗഹൃദത്തിനിടയിൽ, വൈദിക പശ്ഛാത്തലമുള്ള നിനക്കും വിരുദ്ധ ധ്രുവത്തിൽ പെട്ട എനിക്കുമിടയിൽ ഒരിക്കൽ പോലും എന്തുകൊണ്ടാവും ദൈവമോ മതമോ ഒരു വിഷയമായി കടന്നു വരാതിരുന്നത് ? പറയുന്നതു ശ്രദ്ധയോടെ കേൾക്കുകയും സമാധാനിപ്പിക്കുകയും ചെയ്യുന്നതിനപ്പുറം ഒരിക്കൽ പോലും എന്തുകൊണ്ടാവും നീ വ്യക്തിപരമായ ഇടങ്ങളിലേക്ക് ഇടിച്ചു കയറി ഒരു വാക്കു കൊണ്ടു പോലും സ്വകാര്യത കയ്യേറാതിരുന്നത്?
സോഷ്യൽ മീഡിയയിലെ ആക്രമണങ്ങൾക്കിടയിൽ വാങ്ങിക്കൂട്ടുന്ന തെറി വാക്കുകൾ കാണുമ്പോൾ “പോരാട്ടവീര്യത്തിന് അഭിവാദ്യങ്ങൾ ” എന്നൊരൊറ്റ വാക്കിൽ ചേർത്തു നിർത്തിയത് ? പ്രളയകാലത്തും കോവിഡ് കാലത്തും ധൈര്യം തന്നത്
ഒരു കവിത നീ ചൊല്ലിത്തുടങ്ങുമ്പോൾ പാതിക്കു നിർത്തി നീ കാതോർത്തത്
അതെ, സൗഹൃദത്തിൻ്റെ ആഴമളക്കാൻ അധിക വാക്കുകൾ നമുക്കൊരിക്കലും വേണ്ടി വന്നിരുന്നില്ലല്ലോ.
പരസ്പര ബഹുമാനമില്ലാത്തൊരു വാക്കു പോലും നമുക്കിടയിൽ കണ്ടെടുക്കാനാവില്ല. ഇങ്ങനെ മറ്റൊരാൾ ഉണ്ടായിരുന്നില്ല ഇനി മറ്റൊരാൾ ഉണ്ടാവുകയുമില്ല.
നീ ആഗ്രഹിച്ചതു പോലെ “നെല്ലിക്ക”യിൽ നമ്മുടെ 11 വർഷത്തെ സ്കൂൾ കൂട്ടുകാരൊക്കെ സജീവമാണ് ഇപ്പോൾ. എല്ലാവരും പരസ്പരം ചേർത്തു പിടിക്കുന്നുണ്ട്. അതിനിടയിലും നിനക്കു വേണ്ടി ഇനി ചെയ്യേണ്ട കാര്യങ്ങൾക്കു പിന്നാലെയുണ്ട്.
നിനക്കിഷ്ടമുള്ള പാട്ടുകളും കവിതകളും കേൾക്കുമ്പോൾ പുസ്തകങ്ങൾ, ചിത്രങ്ങൾ കാണുമ്പോൾ ഇപ്പോൾ നെഞ്ചിലൊരു തീ നിറയും..! ഒരിക്കൽ ഏറ്റവും സന്തോഷത്തോടെ നമ്മൾ ഒരുമിച്ചു പങ്കിട്ടതെല്ലാം എത്ര പെട്ടന്നാണ് വേദനയാവുന്നത്.
പിതാവിൻ്റെ അംശവടി ഉരുട്ടിയിട്ടു പൊട്ടിച്ച വൈദിക വിദ്യാർത്ഥിയെ, നീ സ്കൂൾ മാനേജരായിരുന്നപ്പോ കുട്ടികളുടെ പെൻസിലുകൾ മോഷ്ടിക്കുമായിരുന്നൊരു വിദ്യാർത്ഥിയെ വെളിപ്പെടുത്താതെ, വിചാരണയ്ക്ക് വിട്ടു കൊടുക്കാതെ ചേർത്തു പിടിച്ചു തിരുത്തിയ ശ്രേഷ്ഠാ…
അതാണു നീ.
സെമിത്തേരിയിലേക്കുള്ള നിൻ്റെ അവസാന യാത്രയിൽ സെൻ്റ് മേരീസ് ഫൊറോനാ പള്ളിക്കരികിൽ നിന്നെ കാണാൻ നിന്ന ആദിവാസികൾ പറഞ്ഞുവത്രേ… ഈ അച്ചൻ കുടിലുകളിൽ ഞങ്ങളെ കാണാൻ വരാറുണ്ട്, ഞങ്ങൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. എന്ന്.
ഏതു മത പൗരോഹിത്യത്തിലും സ്വന്തം ഉടുപ്പിൽ അഴുക്കു പുരളാതെ പൗരോഹിത്യം ഉയർത്തിപ്പിടിക്കുന്ന ആൾ ദൈവങ്ങൾക്കിടയിൽ, ജാതി പറഞ്ഞ് മാറ്റി നിർത്തുന്ന മനുഷ്യർക്കിടയിൽ നീ അത്രമേൽ പ്രിയപ്പെട്ടവനാകുന്നത്, മരണത്തിനപ്പുറത്തേക്കും ആഴത്തിൽ സ്നേഹിക്കപ്പെടുന്നത് അതുകൊണ്ടാണ്.
അടിയുറച്ച വൈദികനായ നീ, നിൻ്റെ പൗരോഹിത്യം ശഠിക്കുന്ന ഇടങ്ങളിലല്ലാതെ മറ്റൊരു ഇടങ്ങളിലും നിൻ്റെ ദൈവത്തെ കുറിച്ച് പുകഴ്ത്തിയില്ല, ആ വിശ്വാസങ്ങളെ അംഗീകരിക്കാൻ വാശി പിടിച്ചില്ല. മതത്തിൻ്റെ മതിലുകൾക്കപ്പുറം ജീവിച്ച അതുല്യനായ “മനുഷ്യനായിരുന്നു”.
അതുകൊണ്ടാണല്ലോ നാടകക്കളരികളിൽ ചെളിയും നിറങ്ങളും ദേഹത്ത് വാരിത്തേച്ച് നീ അഭിനയത്തിന്റെ പകർന്നാട്ടങ്ങൾ നടത്തിയത്.
പരിമിതികൾക്ക് പുതിയ മാർഗ്ഗം കണ്ടെത്തിയ മനുഷ്യൻ. അതുകൊണ്ടാണല്ലോ വലതു കൈ ഒടിഞ്ഞപ്പോൾ ഇടതു കൈ കൊണ്ട് നീ വരച്ചു തുടങ്ങിയത്. ഒന്നുമില്ലായ്മയിൽ മണ്ണും ചായമട്ടും ഉജാലയും വരെ മഷിയാവുന്നത്. ഈർക്കിലും ചുരുട്ടിയ കടലാസും വരെ ബ്രഷാവുന്നത്. രണ്ടു കൈകളാലും എഴുത്ത് സാധ്യമായിരുന്നത്.
കലയായിരുന്നു നമുക്കിടയിലെ സ്നേഹത്തിൻ്റെ പാലം. നീ ഒറ്റക്കണ്ണിൻ്റെ കാഴ്ച്ചകൊണ്ട് പൂർത്തിയാക്കിയ ധർമ്മടം തുരുത്തിൻ്റെ അവസാന ചിത്രം കാൺകെ കാൺകെ എൻ്റെ കണ്ണിൽ കടൽ പെരുക്കുന്നുണ്ട്. വിരലുകൾക്ക് ജീവനുള്ള കാലത്തോളം നിന്നെ കുറിച്ചും ഞാൻ എഴുതിക്കൊണ്ടിരിക്കും. നമ്മൾ ഒരുമിച്ചു കളിച്ചു നടന്ന വഴികളിൽ, എടൂർ സെൻ്റ് മേരീസ് സ്കൂളിൻ്റെ ചുറ്റുവട്ടങ്ങളിൽ ഇനി നീയില്ല എങ്കിലും അനേകായിരം മനുഷ്യർക്ക് വെളിച്ചമാകാൻ 38 വർഷം കൊണ്ട് നീ അതിവേഗത്തിൽ ചെയ്തു തീർത്ത നന്മകളുണ്ട്.
അത്രയും പ്രിയപ്പെട്ടവനേ… എൻ്റെ ഹൃദയത്തിൽ പച്ച കുത്തിയ നോവാണു നീ… !
മരണത്തോളമത് മായുന്നില്ല. ഈ വേദന മാത്രം വിട്ടു കൊടുക്കണമെന്ന് ഞാനാഗ്രഹിക്കുന്നുമില്ല…! ഊരി മാറ്റാൻ ഇഷ്ടമല്ലാത്തൊരു എഴുത്താണി പോലെ അതവിടെ തറച്ചു നിൽക്കട്ടെ …! അക്ഷരങ്ങൾക്ക് തെളിച്ചം മിനുക്കട്ടെ…!
സ്നേഹമേ…. അലിവേ….
എൻ്റെ തണുത്ത വലതു കൈ നിൻ്റെ നെറുകയിൽ, അഗാധമായ വാത്സല്യത്തോടെ എന്നന്നേക്കുമായി ചേർത്തു വയ്ക്കുന്നു. പ്രിയപ്പെട്ടവനേ… വേദനകളില്ലാത്ത പുതിയ ലോകത്ത് ശാന്തമായി ഉറങ്ങുക…
നക്ഷത്രങ്ങൾക്കപ്പുറമൊരു ലോകമുണ്ടെങ്കിൽ അവിടെയും നമ്മൾ ഇനിയുമേറെ ആഴത്തിൽ എന്ന വാക്കോടെ…!