മാർട്ടിൻ N ആന്റണി
ആരാധനക്രമവും വിശ്വാസജീവിതവും.
“The Lord’s gift is not some rigid formula but a living reality. It was open to historical development, and only where this development is accepted can there be continuity with Jesus.” Joseph Ratzinger, The Feast of Faith, p. 49.
ഏതൊരു ആത്മീയതയെയും നിർവീര്യമാക്കുന്നതിനുള്ള എളുപ്പവഴി അതിലെ ആരാധനക്രമത്തെ ഇല്ലാതാക്കുക എന്നതാണ്. രേഖപ്പെടുത്താത്ത ചരിത്രമാണ് ആരാധനക്രമം. അത് ആത്മീയതയുടെ സംഗമ വൈപരീത്യമാണ്. ലത്തീൻ ഭാഷയിൽ അതിനെ Conjunctio Oppositorum എന്നു പറയും. ഭാര്യയ്ക്ക് ഭർത്താവ് എന്നതുപോലെ, ചൂടിന് തണുപ്പ് എന്നതുപോലെ, ശരീരത്തിന് ആത്മാവ് എന്നതുപോലെ എല്ലാ ആത്മീയതയുടെയും പരിപൂരകമാണ് ആരാധനക്രമം. ആത്മീയതയില്ലെങ്കിൽ ആരാധനക്രമമില്ല. അതുപോലെതന്നെ ആരാധനക്രമമില്ലാത്ത ആത്മീയതയ്ക്ക് നിലനിൽപ്പും ഉണ്ടാവുകയില്ല.
അതുകൊണ്ടാണ് ആരാധനക്രമത്തിന്മേലുള്ള കടന്നാക്രമണങ്ങൾ ആത്മീയതയോടുള്ള ആക്രമണങ്ങളാണെന്ന് പറയുന്നത്. ഈ ആക്രമണം വിശ്വാസജീവിതത്തിനോടുള്ള ആക്രമണത്തിന് തുല്യമാണ്. ആത്മീയത, ആരാധനക്രമം, വിശ്വാസജീവിതം, ഇവ മൂന്നും പരസ്പരബന്ധിതമാണ്. ഒന്നിനെ അവഗണിച്ചു മറ്റതിനെ പുൽകാമെന്ന് വിചാരിക്കരുത്. ഒന്ന് ഇല്ലാതായാൽ എല്ലാം ഇല്ലാതാകും.
ആരാധനക്രമമെന്ന ദൈവീകജിഹ്വാ
ആത്മീയതയുടെ നാവാണ് ആരാധനക്രമം. അത് ദൈവ-മനുഷ്യബന്ധത്തെ ഊഷ്മളമാക്കുന്ന ബലി മാത്രമല്ല, സാമൂഹ്യ ജീവിതത്തിലെ നൈതികതയെ സ്പർശിക്കുന്ന പ്രവർത്തി കൂടിയാണ്. എന്തെന്തു മാർഗ്ഗങ്ങൾ സ്വീകരിച്ചാലും ഉച്ചത്തിൽ സത്യം വിളിച്ചു പറയുക എന്നതാണ് ആരാധനക്രമത്തിന്റെ അടിസ്ഥാന ദൗത്യം. അതുകൊണ്ടാണ് ഏതു കൂരിരുട്ടിലും പ്രവചനാത്മകതയെ പേറുന്ന ആരാധനക്രമത്തിന്റെ നാക്കരിയേണ്ടത് പലരുടെയും ആവശ്യമായി മാറിയത്. പല സാമൂഹിക വിപ്ലവകാരികളും ആദ്യം നിരോധിക്കാൻ ശ്രമിച്ചത് ആരാധനക്രമങ്ങളെയായിരുന്നു എന്നത് ചരിത്രമാണ്. ഫ്രഞ്ച് വിപ്ലവം അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. “സംശയ രാജാക്കന്മാർ” എന്നറിയപ്പെടുന്ന ചിന്തകരായ നീഷേ, മാർക്സ്, ഫ്രോയിഡ് തുടങ്ങിയവർ പോലും മണ്ണിൽ നിന്നും ആദ്യം ഇല്ലാതാക്കാൻ ആഗ്രഹിച്ചത് മതവിശ്വാസത്തിനുള്ളിലെ ആരാധനക്രമത്തെയായിരുന്നു.
പാരമ്പര്യചരിത്രനിർമ്മാതാക്കൾക്ക് ആരാധനക്രമം എന്നും അലോസരവും അസ്വസ്ഥതയുമാണ്. വ്യവസ്ഥാപിത ചരിത്രം എല്ലാക്കാലത്തും നിരാകരിച്ച ജീവിതങ്ങളെ ആരാധനക്രമങ്ങൾക്ക് ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെയുള്ള ഏറ്റെടുക്കലുകളിൽ അസ്വസ്ഥരായ ചിന്തകരാണ് മതത്തിനെയും ആത്മീയതയെയും മയക്കുമരുന്നായി ചിത്രീകരിച്ചത്. ഗ്രാമങ്ങളിലെ സ്ത്രീകളുടെ ഏക ആശ്വാസം ദേവാലയങ്ങളിലെ ആരാധനയായിരുന്നുവെന്ന് എലേന എല്ഫ്രഡിനെ പോലെയുള്ള എഴുത്തുകാർ കുറിക്കുന്നത് നിരാകരിക്കപ്പെട്ട ജീവിതങ്ങളുടെ പശ്ചാത്തലത്തിലാണെന്നതും ചിന്തനീയമാണ്.
ആരാധനക്രമവും വിശ്വാസത്തിന്റെ അതിഭൗതികതയും (Meta-pragmatics of Faith)
യോഹന്നാന്റെ സുവിശേഷത്തിലെ സമരിയാക്കാരി ഒരു വ്യക്തിയല്ല, മറിച്ച് ഒരു പ്രതിനിധിയാണെന്ന് പറഞ്ഞത് അലൻ കുൾപെപ്പറും സാന്ദ്ര ഷ്നൈഡറുമാണ്. അഞ്ച് ഭർത്താക്കന്മാരുള്ള ഒരു സ്ത്രീയല്ല ആ കഥാപാത്രം, അഞ്ചു ദേവന്മാരെ ആരാധിക്കുന്ന ഒരു ജനതയാണത്. ആ ജനതയോടാണ് യേശു പറയുന്നത് ഈ മലയിലോ ജറുസലെമിലോ അല്ല പിതാവിനെ ആരാധിക്കേണ്ടത്, ആത്മാവിലും സത്യത്തിലുമാണെന്നാണ് (യോഹ 4: 21-23). നിരാകരിക്കപ്പെട്ട ഒരു ജനതയോടാണ് ആരാധനയുടെ ആന്തരികതയെ കുറിച്ച് അവൻ പറയുന്നത്.
ആരാധന എന്നത് ഒരു ആചാരമല്ലെന്നും അതൊരു ആന്തരിക സന്നദ്ധതയാണെന്നും പിന്നീട് അവൻ തന്റെ ജീവിതത്തിലൂടെ കാണിച്ചു തരുന്നുണ്ട്. ആചാരങ്ങളുടെ ആഘോഷമായ തിരുനാളിൽ അവൻ പോയത് ദേവാലയത്തിലേക്കല്ല, ബെത്സഥാ കുളക്കടവിലെ തളർവാതരോഗിയിലേക്കാണ്. ജെറുസലേം ദേവാലയത്തിന്റെ പരിസരത്ത് നിന്നുകൊണ്ട് അവൻ ആരാധനക്രമങ്ങളിലെ പല പ്രതീകങ്ങളെയും ആത്മബിംബമായി ചിത്രീകരിക്കുന്നുണ്ട്. ഉദാഹരണത്തിന്, “ഞാൻ ജീവന്റെ അപ്പമാണ്… ഞാനാകുന്നു ജീവജലം… ഞാൻ ലോകത്തിന്റെ പ്രകാശമാണ്” (യോഹ 6:48, 7:37, 8:12).
ഇങ്ങനെ ആരാധനയേയും ആരാധനക്രമത്തെയും ആന്തരികവൽക്കരിച്ചവനാണ് പിന്നീട് തന്റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യാത്തവന് തന്നിൽ പങ്കില്ല എന്നും പ്രഖ്യാപിക്കുന്നത്. അതാണ് കാലുകഴുകലായും അപ്പം മുറിക്കലായും സ്വയം ശൂന്യമാകുന്ന സ്നേഹത്തിന്റെ സ്മരണയായും നമുക്ക് കൈമാറിയത്. അങ്ങനെ അവൻ നമ്മുടെ വിശ്വാസത്തിനെ ഒരു അതിഭൗതിക പ്രവർത്തിയാക്കി മാറ്റി. അതായത് ആരാധനക്രമം എന്നത് ഒരു അനുഷ്ഠാനമോ ആചാരമോ അല്ല, വിശ്വാസത്തിന്റെ അതിഭൗതികമായ പ്രവർത്തി തലമാണ്. ഇവിടെ വേണ്ടത് വൈകാരികതയല്ല, വ്യക്തമായ അവബോധമാണ്. വൈകാരികമായി കാര്യങ്ങളെ കാണുന്നവർക്ക് ആരാധനക്രമത്തിന്റെ യുക്തിയെ മനസ്സിലാകണമെന്നില്ല. അങ്ങനെയുള്ളവർ “ഈ വചനം കഠിനമാണ്. ഇതു ശ്രവിക്കാന്‍ ആര്‍ക്കു കഴിയും?” എന്നു പറഞ്ഞുകൊണ്ട് ആരാധനക്രമത്തിൽ നിന്നും ആത്മീയതയിൽ നിന്നും വിട്ടുപോകും.
ആരാധനക്രമവും വൈകാരികതയും
വൈകാരികത മാത്രമല്ല ആരാധനക്രമവും ആത്മീയതയും. ബൗദ്ധികതയും കൂടിയാണ്. എന്തുകൊണ്ടാണ് ബൗദ്ധികതയും കൂടിയാണെന്ന് പറയുന്നത്? കാരണം, വ്യക്തമായ ബോധത്തോടുകൂടി ചെയ്യുന്ന പ്രവർത്തികളാണ് ആരാധനക്രമം. അവിടെ മുന്നിൽ നിൽക്കേണ്ടത് വൈകാരികതയല്ല, അവബോധമായിരിക്കണം. ഉദാഹരണത്തിന്, ആരാധനയുടെയും ആരാധനക്രമത്തിന്റെയും പശ്ചാത്തലത്തിലാണ് പൗലോസപ്പോസ്തലൻ കോറിന്തോസുകാരുടെ ഒന്നാമത്തെ ലേഖനത്തിൽ പ്രവചനവരത്തെയും ഭാഷാവരത്തെയും കുറിച്ച് പറയുന്നത്. അപ്പോസ്തലൻ തുടങ്ങുന്നത് സ്നേഹമായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം എന്ന് പറഞ്ഞു കൊണ്ടാണ് (1 കോറി 14:1).
എന്നിട്ട് അദ്ദേഹം പറയുന്നു പ്രവചനവരത്തിനായി തീക്ഷ്ണതയോടെ ആഗ്രഹിക്കുവിൻ. ഏതാണ് കൂടുതൽ അഭികാമ്യം? പ്രവചനവരമാണോ ഭാഷാവരമാണോ? അപ്പോസ്തലൻ പറയുന്നു പ്രവചനവരമാണെന്ന്. എന്തുകൊണ്ട് പ്രവചനവരം? കാരണം, ഭാഷാവരം വൈകാരികമാണ്. അവിടെ മനസ്സിനും ചിന്തയ്ക്കും സ്ഥാനമില്ല. അതുകൊണ്ടാണ് അപ്പോസ്തലൻ പറയുന്നത്: “സഭയില്‍ പതിനായിരം വാക്കുകള്‍ ഭാഷാവരത്തില്‍ സംസാരിക്കുന്നതിനെക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത്, മറ്റുള്ളവരെ പ്രബോധിപ്പിക്കുന്നതിന് അഞ്ചുവാക്കുകള്‍ ബോധപൂര്‍വം സംസാരിക്കുന്നതാണ്” (1കോറി 14:19). ആരാധനക്രമത്തിന്റെ കാര്യത്തിൽ വൈകാരികത മാത്രം പോരാ, ബൗദ്ധികതയും വേണം.
ഹൃദയം മാത്രം പോരാ, മനസ്സും വേണം. “ഞാന്‍ എന്റെ ആത്മാവുകൊണ്ടും മനസ്സുകൊണ്ടും പ്രാര്‍ഥിക്കും; ആത്മാവുകൊണ്ടും മനസ്സുകൊണ്ടും പാടുകയും ചെയ്യും. നേരേമറിച്ച്, നീ ആത്മാവുകൊണ്ടു മാത്രം സ്തോത്രം ചെയ്താല്‍ നിന്റെ വാക്കുകള്‍ ഗ്രഹിക്കാന്‍ ത്രാണിയില്ലാത്ത അന്യന് നിന്റെ കൃതജ്ഞതാസ്തോത്രത്തിന് എങ്ങനെ ആമേന്‍ പറയും?” (1കോറി 14:15-16). എന്നിട്ട് അവസാനം പൗലോസപ്പോസ്തലൻ ഒരു കാര്യം പറയുന്നുണ്ട്; “ദൈവം കോലാഹലത്തിന്റെ ദൈവമല്ല. സമാധാനത്തിന്റെ ദൈവമാണ്” (1കോറി 14:33).
ആരാധനക്രമവും പൗരോഹിത്യവും
ആരാധനക്രമത്തെ വൈകാരികതയാക്കി ചുരുക്കിയപ്പോഴാണ് അതിലെ പ്രവചനവരം നഷ്ടപ്പെട്ടത്. ഇന്ന് ആരാധനക്രമം ഭാഷാവരം പോലെയായി മാറിക്കഴിഞ്ഞു. ആമേൻ പറയാൻ ആളില്ലാതെയായി. എങ്ങനെ ഇത് സംഭവിച്ചു? പുരോഹിതർ മാത്രമാണ് അതിന്റെ പ്രധാന ഉത്തരവാദികൾ. ആരാധനക്രമത്തെ തങ്ങളുടെതാക്കി മാറ്റിയാണ് പൗരോഹിത്യം അതിൽ നിന്നും പ്രവചനവരത്തെ ഇല്ലാതാക്കിയതെന്ന് പറഞ്ഞാൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. കാരണം, പൗരോഹിത്യ അധികാരവ്യവസ്ഥയാണ് എല്ലാ മതങ്ങളിലെയും ആരാധനക്രമത്തെ നിയന്ത്രിക്കുന്നത്.
ആത്മീയതയും ആരാധനക്രമവും എന്ന സംഗമ വൈപരീത്യത്തെ (Conjunctio Oppositorum) വിവേചനത്തിന്റെ ദൈവശാസ്ത്രം കൊണ്ട് വ്യാഖ്യാനിച്ചു എന്നതാണ് അവർ ചെയ്ത ഏറ്റവും വലിയ തെറ്റ്. അങ്ങനെ അവർ ഒന്നിനുമുകളിൽ മറ്റൊന്നിനെ സ്ഥാപിച്ചെടുത്തു. ആത്മീയത ഇല്ലെങ്കിലും ആരാധനക്രമം ആകാം എന്ന ചിന്ത രൂഢമൂലമായി. അത് ex opere operantis ecclesiae എന്ന പ്രമാണീകരണത്തിനു വഴിതെളിച്ചു. വ്യക്തിപരമായി വിശുദ്ധിയില്ലെങ്കിലും സഭയുടെ വിശുദ്ധിയിൽ എല്ലാം സാധൂകരിക്കപ്പെടും എന്നതാണ് ആ പ്രമാണം. അങ്ങനെ ഒന്നിനെ അവഗണിച്ചു മറ്റൊന്നിനെ പുൽകാനുള്ള ശ്രമത്തിൽ എല്ലാം പതുക്കെ മായാൻ തുടങ്ങി.
എല്ലാത്തിലും യാന്ത്രികത കടന്നുവന്നു. വിശ്വാസത്തിന്റെ രഹസ്യം എന്നറിയപ്പെടുന്ന ആരാധനക്രമത്തെ നിഗൂഢതയായി ചിത്രീകരിക്കാൻ തുടങ്ങി. രഹസ്യം യുക്തിയെ സ്വീകരിക്കുമ്പോൾ, നിഗൂഢത യുക്തിയുടെ മുൻപിൽ സ്വയം അടയുകയാണ് ചെയ്യുക. അങ്ങനെ ബൗദ്ധികതയിൽ നിന്നും ആരാധനക്രമങ്ങൾ അകന്നു. യുക്തിയില്ലാത്ത ഇടത്തിൽ വൈകാരികത പെട്ടെന്ന് പടർന്നു കയറും. ആ വൈകാരികതയെ വിശ്വാസമായി ചിത്രീകരിച്ചത് കൊണ്ടാണ് ദൈവീക രഹസ്യങ്ങൾ ആഘോഷിക്കുന്ന ആരാധനക്രമത്തിന്റെ പേരിൽ പോലും നമ്മൾ ഇപ്പോഴും പരസ്പരം ശത്രുക്കളായി തുടരുന്നത്. ഇവിടെയാണ് പൗലോസപ്പോസ്തലന്റെ വാക്കുകൾക്ക് പ്രശസ്തിയേറുന്നത്; “സഹോദരരേ, ചിന്തയില്‍ നിങ്ങള്‍ ശിശുക്കളായിരിക്കരുത്. തിന്മയെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ പൈതങ്ങളെപ്പോലെയും ചിന്തയില്‍ പക്വമതികളെപ്പോലെയും ആയിരിക്കുവിന്‍” (1 കോറി 14: 20).
ആരാധനക്രമവും വിശ്വാസജീവിതവും
ആരാധനക്രമം ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് പറഞ്ഞത് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയാണ്. ദൈവത്തിനു പ്രാധാന്യം കൊടുക്കാത്ത ആരാധനക്രമങ്ങൾ വർധിക്കുന്നു എന്നതാണ് അതിന് കാരണം. എന്നിട്ട് അദ്ദേഹം പറയുന്നു: “സഭയുടെ അസ്തിത്വം ആരാധനക്രമത്തിന്റെ ശരിയായ ആഘോഷത്തിലാണ്. ആരാധനക്രമത്തിലോ തത്ഫലമായി ജീവിതത്തിലോ ദൈവത്തിനു പ്രഥമത്വം നഷ്ടപ്പെടുമ്പോൾ സഭ അപകടത്തിലാണ്” (Theology of the Liturgy, p. 575). ഇവിടെ ഒരു കാര്യം നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. സഭയുടെ അസ്തിത്വം ആരാധനക്രമത്തിന്റെ ആഘോഷത്തിലാണ് എന്നല്ല പാപ്പ പറയുന്നത്, മറിച്ച് ആരാധനാക്രമത്തിന്റെ ശരിയായ ആഘോഷത്തിലാണെന്നാണ്.
അതായത്, എങ്ങനെ നമ്മൾ ആരാധനക്രമങ്ങൾ പരികർമ്മം ചെയ്യുന്നു എന്നതാണ് ഇവിടത്തെ വിഷയം. ആരാധനക്രമം വീണാൽ സഭയും വീഴും. ആരാധനക്രമം ശരിയായി നിന്നാൽ സഭയും നിലനിൽക്കും. കാരണം, ആരാധനക്രമത്തിന്റെ യഥാർത്ഥ പരികർമ്മത്തിൽ നിന്നാണ് സഭ സ്വയം നവീകരിക്കുന്നത്. ആരാധനക്രമമാണ് സഭയിലെ ഏതൊരു നവീകരണത്തിന്റെയും കേന്ദ്രം. ദൈവത്തിനു നൽകേണ്ട മുൻഗണനയാണ് ഇവിടത്തെ പ്രധാന വിഷയം. അതുകൊണ്ടുതന്നെ ആരാധനക്രമ സംബന്ധമായ കാര്യങ്ങൾ വിശ്വാസത്തിന്റെ പ്രശ്നം കൂടിയാണ്.
രണ്ടാം വത്തിക്കാൻ സൂനഹദോസ് നമ്മെ പഠിപ്പിക്കുന്നതുപോലെ, നമ്മുടെ വിശ്വാസജീവിതത്തിന്റെ ഉറവിടവും ഉച്ചകോടിയും ആരാധനക്രമമാണ് (Sacrosanctum Concilium 10). ആരാധനക്രമത്തിലൂടെയാണ് നമ്മൾ ദൈവത്തെ കണ്ടുമുട്ടുന്നത്. അങ്ങനെയൊരു കണ്ടുമുട്ടൽ സഭയിൽ സാധ്യമാകുന്നില്ലെങ്കിൽ, സഭ വീഴും എന്ന കാര്യം 100% ഉറപ്പാണ്. അതുകൊണ്ടുതന്നെ വിശ്വാസികളുടെ വിശ്വാസത്തിന് തടസ്സമാകുന്ന തരത്തിലുള്ള ആരാധനക്രമത്തിന്റെ അനുചിതമായ ആഘോഷങ്ങളെ തിരിച്ചറിയുകയെന്നത് എല്ലാവരുടെയും ഉത്തരവാദിത്വം കൂടിയാണ്.
ഉപസംഹാരം
ആരാധനാക്രമത്തിന്റെ ശരിയായ പരികർമത്തിലൂടെ മാത്രമേ ദൈവത്തെ എല്ലാവർക്കും സുതാര്യമായി അനുഭവിക്കാൻ സാധിക്കു. വിശ്വാസത്തിൽ നിന്നാണ് ഈ ദൈവിക സുതാര്യത നമ്മൾ അനുഭവിക്കുന്നത്. അതുപോലെതന്നെ ഈ ദൈവിക സുതാര്യതയിൽ നിന്നുമാണ് വിശ്വാസം ജനിക്കുകയും ചെയ്യുന്നത്. ഓർക്കുക, വിശ്വാസത്തിലായാലും ആരാധനക്രമത്തിലായാലും മുൻഗണന എപ്പോഴും ദൈവത്തിന് മാത്രമാണ്. സഭ നിരന്തരം നവീകരണത്തിലൂടെ കടന്നുപോകുകയാണ്.
സങ്കീർണ്ണങ്ങളായ ഒത്തിരി പ്രശ്നങ്ങളും ആശയക്കുഴപ്പങ്ങളും ദുരുപയോഗങ്ങളും അഴിമതികളുമെല്ലാം സഭയുടെ ചട്ടക്കൂടിനെ മലീമസമാക്കുന്നുണ്ട് എന്നത് പച്ചയായ യാഥാർത്ഥ്യം തന്നെയാണ്. ഈ പ്രതിസന്ധികളെ പരിഹരിക്കാനുള്ള താക്കോലുകൾ തുല്യമല്ല എന്ന കാര്യവും സഭയ്ക്ക് അറിയാം. എങ്കിലും നവീകരണങ്ങൾ എല്ലാം തുടങ്ങേണ്ടത് ആരാധനക്രമത്തിന്റെ യഥാർത്ഥ ആഘോഷത്തിൽ നിന്നാണ്. കാരണം, ആരാധനക്രമത്തിൽ മാത്രമാണ് നമ്മുടെ അടുക്കലേക്ക് വരുന്ന ജീവനുള്ള ദൈവവുമായി ഒരു യഥാർത്ഥ കൂടിക്കാഴ്ച സാധ്യമാകു. ആരാധനക്രമത്തിൽ വീഴ്ച ഉണ്ടായാൽ, സഭയും വീഴും.