പറ്റിക്കാനും പറ്റിക്കപെടാനും ഈ ലോകത്തു മലയാളികളോളം പോന്നവർ വേറെയില്ല എന്ന് പറയാം . IELTS /OET പാസ്സാകാത്ത കേരളത്തിലുള്ള നഴ്സുമാരെ ലക്ഷ്യം വച്ചാണ് ഏറ്റവും പുതിയ തട്ടിപ്പും വഞ്ചനയും അരങ്ങേറുന്നത് . ഈയിടെയാണ് യുകെയും അയർലണ്ടും ഇന്ത്യ പോലുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് നഴ്സുമാർക്കായി കെയറർ വിസ അനുവദിച്ചത്.
IELTS / OET പാസ്സാകാൻ കഴിയാത്ത നേഴ്സുമാർക്ക് കെയറർ ആയി ജോലിചെയ്യുവാൻ വിസ നൽകുന്നുണ്ട് .ഇതിന്റെ മറവിലാണ് വലിയ ചൂഷണങ്ങൾ ഇപ്പോൾ നടക്കുന്നത്. അയർലണ്ടിലേക്ക് വരുവാനായി 8 ലക്ഷം മുതൽ 13 ലക്ഷം രൂപ വരെയാണ് ചില ഏജൻസികൾ മലയാളികളിൽ നിന്ന് ഈടാക്കുന്നത് ! ഈ വിഷയത്തിൽ ഇതിനോടകം നാട്ടിൽ നിന്നുള്ള അഞ്ചോളം അപേക്ഷകരുടെ അന്വേഷണമാണ് റോസ് മലയാളത്തെ തേടിയെത്തിയത്.
ഈ വിസയിൽ വരുന്നവരുടെ പങ്കാളിയ്ക്ക് (Spouse) ഒരു വർഷത്തിന് ശേഷം മാത്രമേ വിസാ അനുവദിക്കൂ .എങ്കിലും പങ്കാളിയ്ക്ക് അയർലണ്ടിൽ ജോലി ചെയ്യാൻ അനുവാദമില്ല .എന്നാൽ പങ്കാളിയ്ക്കും ജോലി ചെയ്യാൻ സാധിക്കും എന്ന് ചില ഏജന്റുമാർ കള്ളം പറയുന്നു . പ്രൈവറ്റ് നഴ്സിംഗ് ഹോമുമായുള്ള 2 അല്ലെങ്കിൽ 3 വർഷത്തെ കോൺട്രാക്റ്റിൽ ആണ് കെയറർ ആയി വരുന്നത് .
ഭക്ഷണവും താമസവും ടാക്സും കഴിഞ്ഞു ഒരു ലക്ഷം രൂപ വരെ മാസം സമ്പാദിക്കാം എന്നാണ് ഇവർ പറഞ്ഞു മോഹിപ്പിക്കുന്നത്. എന്നാൽ വെറും 13 euro / hour വേതനമായി ലഭിക്കുന്നതിൽ നിന്ന് അയർലണ്ടിലെ ഉയർന്ന വീട്ടുവാടകയും കൊടുത്തു ,പങ്കാളിക്കു ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ കാര്യമായി ഒന്നുംതന്നെ മിച്ചം പിടിക്കാൻ കഴിയില്ല എന്നതാണ് വസ്തുത . അയർലണ്ടിൽ വന്നതിനു ശേഷം ഇംഗ്ലീഷ് ടെസ്റ്റ് പാസായാൽ നഴ്സായി ജോലിചെയ്യാൻ കഴിയും എന്നത് മാത്രമാണ് ഏക പ്രതീക്ഷ.
കൗണ്ടി റോസ്കോമൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു മലയാളി ഏജന്റ് തന്റെ കേരളത്തിലെ ഓഫീസ് വഴി നഴ്സുമാരിൽ നിന്നു 8 ലക്ഷം ആണ് സർവീസ് ചാർജ് ഇനത്തിൽ ആവശ്യപ്പെടുന്നത് . എയർ ടിക്കറ്റ്, വിസ ഫീസ് , രണ്ടു ആഴ്ചത്തെ ക്വറെന്റിൻ ചിലവുകൾ ഉൾപെടെ 10 ലക്ഷം കരുതണമെന്നാണ് ഉദ്യോഗാർത്ഥികളോട് ഇവർ പറയുന്നത് .മറ്റൊരു ഏജന്റ് പറയുന്നത് 12 ലക്ഷം ത്തിനും 13 ലക്ഷം ലക്ഷത്തിനും ഇടയിൽ ചെലവ് വരുമെന്നാണ് .നാലു മാസത്തിനകം വിസാ കിട്ടി അയർലണ്ടിൽ എത്തിക്കുമെന്നാണ് വാഗ്ദാനം.
തുടക്കത്തിൽ ബയോഡേറ്റ വാങ്ങുമ്പോൾ തന്നെ 25000 രൂപയാണ് റെജിസ്ട്രേഷൻ ഫീസായി കൊടുക്കേണ്ടത് . യൂറോപ്യൻ രാജ്യങ്ങളുടെ പുറത്തു നിന്നും ഈ ജോലിക്കു ആളുകളെ എടുക്കുന്നതിനു മുൻപായി ഈ ജോലിയെ കുറിച്ച് അയർലണ്ടിലെ പത്രങ്ങളിൽ പരസ്യം (Labour market test ) ചെയ്യണമെന്ന് നിയമമുണ്ട് . ഇങ്ങനെ പരസ്യം ചെയ്യുന്നതിനായി 2 ലക്ഷം രൂപയോളം ചെലവ് ഉണ്ടെന്നാണ് ഏജന്റുമാർ ഉദ്യോഗാർത്ഥികളോട് പറയുന്നത് .എന്നാൽ പത്രപരസ്യം ചെയ്യാൻ 300 യൂറോ മാത്രമേ വരൂ എന്നതാണ് യാഥാർഥ്യം (25000 രൂപ മാത്രം ) .
അത് മാത്രമല്ല ഒരു നഴ്സിംഗ് ഹോമിലെ എല്ലാ ഒഴിവുകൾക്കും കൂടി ഒറ്റ പരസ്യം മതിയാകും എന്നുകൂടി അറിയണം . അതിനാണ് ഓരോരുത്തരിലും നിന്നായി 2 ലക്ഷം ഈ വകയിലേക്കു എന്ന് പറഞ്ഞു വാങ്ങുന്നത് . വർക്ക് പെർമിറ്റിന് ഫീസ് അടക്കണം എന്നാണ് ഉദ്യോഗാർത്ഥികളോട് പറയുന്ന മറ്റൊരു കാരണം .എന്നാൽ വർക്ക് പെർമിറ്റിന്റെ പണം അടക്കുന്നത് ഉൾപ്പെടെ എല്ലാ ചെലവുകളും നിർവഹിക്കുന്നത് അതാതു നഴ്സിംഗ് ഹോമുകളാണ് (തൊഴിൽ ദാതാക്കൾ) .
ചുരുക്കം പറഞ്ഞാൽ ഒരു നയാ പൈസ പോലും വേണ്ടാത്ത ഒരു കാര്യത്തിനാണ് ഈ അന്യായമായ തുക കണ്ണിൽ ചോരയില്ലാത്ത ഈ ഷൈലോക്കുമാർ വാങ്ങുന്നത് .എന്നിട്ടു പോലും രണ്ടു ആഴ്ചത്തെ ക്വാറന്റൈൻ കാലത്തു പോലും ഇങ്ങനെ കൊണ്ട് വരുന്നവരുടെ സംരക്ഷണം ഏറ്റെടുക്കാൻ ഈ ഏജന്റുമാർ തയാറാകുന്നില്ല!
പണം ബാങ്ക് വഴിയായി ഈ ഏജൻസികൾക്ക് അയക്കുന്നവർ 18 ശതമാനം GST ആയി വേറെ കൊടുക്കണമെന്നും ഈ ഏജന്റുമാർ പറയും . അല്ലെങ്കിൽ ക്യാഷ് ആയി നേരെ കൊടുക്കാം . അപ്പോൾ അതിനു ബിൽ തരുന്നതല്ലെന്നു പ്രത്യേകം പറയും. GST ഒഴിവാക്കി കിട്ടാനായി പലരും ക്യാഷ് നേരിട്ട് ഇവർക്ക് കൊടുക്കും . അതോടെ പണം വാങ്ങിച്ചതിന്റെ തെളിവും ഇല്ലാതാവും.തട്ടിപ്പിന്റെ എല്ലാവഴികളും പഠിച്ചവരാണ് ഈ വ്യാജന്മാരായ ഏജന്റുമാർ.
ഇംഗ്ലീഷ് ടെസ്റ്റുകൾ പലവട്ടം എഴുതിയിട്ടും പാസ്സാകാത്ത ഉദ്യോഗാർത്ഥികൾ എങ്ങനെയെങ്കിലും അയർലണ്ട് പോലുള്ള രാജ്യങ്ങളിൽ എത്തിപ്പെടണമെന്നു ആഗ്രഹിക്കുന്നു. ആ മനസ്ഥിതിയെയാണ് അത്യാഗ്രഹികളായ ചില ഏജന്റുമാർ ചൂഷണം ചെയുന്നത്. ഇതിനായി പല പേരുകളിൽ വ്യാജമായ അഡ്രസുകളിൽ കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പണം വാങ്ങാതെയും, ചിലപ്പോൾ ന്യായമായ സർവിസ്ചാർജ് മാത്രം ഈടാക്കിയും കേരളത്തിൽനിന്ന് ഉദ്യോഗാർത്ഥികളെ അയർലണ്ടിൽ എത്തിക്കുന്ന പ്രമുഖരായ ആയ മലയാളി ഏജന്റുമാർക്ക് തന്നെ അപമാനമാണ് ഇത്തരം ആർത്തിമൂത്ത ഷൈലോക്കുമാർ.
നേഴ്സുമാരിൽ നിന്ന് പോലും വാങ്ങാത്ത ഭീമമായ സർവീസ് ചാർജ് ആണ് അതിലും കുറഞ്ഞ വേതനത്തിന് കെയറർ ആയി ജോലി ചെയ്യാൻ വരുന്നവരിൽ നിന്ന് ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ ഈ ക്രൂരന്മാർ വാങ്ങുന്നത് . അയർലണ്ടിലെ ഈ പുതിയ വിസാ നിയമം മുതലെടുക്കാനായി കൂണുപോലെ ഏജൻസികൾ മുളച്ചുപൊന്തുന്നുണ്ട് .
കുറച്ചു വർഷങ്ങൾക്കുമുൻപ് വരെ വലിയ തുക സർവിസ് ചാർജ് വാങ്ങി നഴ്സുമാരെ കൊണ്ടുവരുന്നത് അയർലണ്ടിൽ വിവാദമായിരുന്നു .മലയാളികളുടെ ജാഗ്രതയും ഇടപെടലുകളും മൂലം അത് നിയന്ത്രിക്കാൻ കഴിഞ്ഞു .അതിനു സമാനമായ സാഹചര്യമാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്. അപേക്ഷകരിൽനിന്നു സർവീസ് ചാർജ് വാങ്ങി ഉദ്യോഗാർത്ഥികളെ അയർലണ്ടിലേക്ക് കൊണ്ടുവരുന്നത് ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.
By, Febin Cyriac