വൈകിട്ട് അഞ്ചിന് കുടയത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പൊതുദർശനം!
കുടയത്തൂർ വില്ലേജിൽ സംഗമം മാളിയേക്കൽ കോളനിയിൽ രാത്രി 3.30 ന് ഉണ്ടായ ഉരുൾപൊട്ടലിൽ ചിറ്റടിച്ചാലിൽ സോമൻ )(53) ,മാതാവ് തങ്കമ്മ (70) ഭാര്യ ഷിജി ( 50 ), മകൾ – ഷിമ (25), ഷിമയുടെ മകൻ ദേവാനന്ദ് (4) എന്നിവരുടെ മൃതദേഹം കണ്ടെടുത്തു.
ഇടുക്കി കുടയത്തൂർ സംഗമം ജംഗ്ഷന് സമീപം മാളിയേക്കൽ കോളനിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്.
ഇവർ താമസിച്ചിരുന്ന വീടിന് സമീപത്തെ മലയിൽ നിന്ന് ഉരുൾപൊട്ടി താഴേക്ക് പതിക്കുകയായിരുന്നു.
വെള്ളവും മണ്ണും കുത്തിയൊലിച്ചെത്തി വീട് പൂർണ്ണമായും തകർന്നു. പുലർച്ചെയായിരുന്നതിനാൽ വെളിച്ച കുറവ് മൂലം നാട്ടുകാർ ടോർച്ചും മറ്റുമായി ആദ്യഘട്ട രക്ഷാപ്രവർത്തനത്തെത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കാഞ്ഞാർ പോലീസും മൂലമറ്റത്ത് നിന്നുള്ള അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി. ആദ്യ ഘട്ട തിരച്ചിലിൽ തന്നെ തങ്കമ്മയുടെ മൃതദേഹം ലഭിച്ചു. മണ്ണും കല്ലും മറ്റും കുത്തിയൊലിച്ച് പ്രദേശത്താകെ തകർന്ന നിലയിലാണ് .
ഇന്നലെ രാത്രി മുതൽ അതിശക്തമായ മഴയായിരുന്നു പ്രദേശത്ത് പെയ്തത്. തകർന്ന വീടിന് താഴെയുള്ള അഞ്ച് കുടുംബങ്ങളെ ഉടൻ സുരക്ഷിതമായി കുടയത്തൂർ ന്യൂ ഗവ. എൽ പി സ്കൂളിലേക്ക് മാറ്റി പാർപ്പിക്കുമെന്ന് ദുരന്ത സ്ഥലത്തെത്തിയ റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു. ഡീൻ കുര്യാക്കോസ് എം.പി. ജില്ലാ കളക്ടർ ഷീബ ജോർജ്, എഡിഎം ഷൈജു പി. ജേക്കബ്, ആർ.
ഡി.ഒ എം.കെ. ഷാജി എന്നിവർ തിരച്ചിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഫയർ & റെസ്ക്യു, പോലീസ്, ഫോറസ്റ്റ്, സിവിൽ ഡിഫൻസ് തുടങ്ങിയ സന്നദ്ധ സംഘടകളും തിരച്ചിൽ പ്രവർത്തനത്തിനുണ്ടായിരുന്നു.
ദുരിതത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം തൊടുപുഴ ജില്ലാ ആശുപത്രിയിൽ ആരംഭിച്ചു. മൂന്ന് മണിയോടെ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. കുടയത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വൈകിട്ട് അഞ്ച് മുതലുള്ള പൊതുദർശത്തിന് ശേഷം അവിടെ വെച്ച് അന്ത്യകർമ്മം പൂർത്തിയാക്കി തൊടുപുഴ വൈദ്യുതി ശ്മശാനത്തിൽ ഇന്ന് തന്നെ സംസ്കരിക്കാനാണ് തീരുമാനം.
ഇടുക്കി കെ9 സേനയിലെ കഡാവർ വിഭാഗത്തിലെ ബൽജിയം മാൽ നോയിസ് ഇനത്തിൽപ്പെട്ട എയ്ഞ്ചൽ, ലാബ്രഡോർ ഇനത്തിൽപ്പെട്ട ഡോണ എന്നീ പോലീസ് നായ്ക്കളാണ് സോമൻ്റേയും ഭാര്യ ഷിജിയുടേയും മൃതദേഹം കണ്ടെത്തുന്നതിന് സഹായിച്ചത്.