വികാരി ജനറൽ, ഇംഫാൽ അതിരൂപത, മണിപ്പൂർ.
മണിപ്പൂരിൽ മൂന്നു ദേവാലയങ്ങൾ തകർക്കപ്പെട്ടത് ഒട്ടേറെ ഊഹാപോഹങ്ങൾക്കു വഴിമരുന്നിടുകയും ചിലർ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി താന്താങ്ങളുടെ പാർട്ടി ലൈനുകൾക്കനുസൃതമായി പൊടിപ്പും തൊങ്ങലുംവച്ച് വിപുലമായി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. മണിപ്പുരിന്റെ തലസ്ഥാനമായ ഇംഫാലിൽനിന്ന് ആറു കിലോമീറ്റർ അകലെയുള്ള ന്യൂ ചക്കോൺ എന്ന ഇംഫാൽ പ്രാന്തപ്രദേശത്തുള്ള ഗോത്രവർഗ കോളനിയിലെ ഹോളി സ്പിരിറ്റ് കാത്തലിക് ചർച്ച്, ഇവാഞ്ചലിക്കൽ ബാപ്റ്റിസ്റ്റ് ചർച്ച്, മണിപ്പുർ ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച് എന്നിവ കഴിഞ്ഞ 11-ന് പുലർച്ചെ മൂന്നിന് ഉയിർപ്പു തിരുനാൾ കഴിഞ്ഞ് ഒരു ദിവസത്തിനുശേഷം മണിപ്പൂർ ഗവൺമെന്റ് അധികാരികൾ ഇടിച്ചുപൊളിച്ചു എന്നത് യാഥാർഥ്യമാണ്.
കത്തോലിക്കാ പള്ളിയിൽ പരിശുദ്ധ കുർബാനയെ അവഹേളിച്ചുവെന്നും തിരുസ്വരൂപങ്ങൾ തകർത്തുവെന്നും പ്രചരിപ്പിക്കുന്നത് അസത്യമാണ്. വർഷങ്ങളായി ഞായറാഴ്ചകളിൽ മാത്രമാണ് ഈ കത്തോലിക്കാ പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കാറുള്ളൂ. മാത്രമല്ല അത് അടുത്തുള്ള സെന്റ് പോൾ ചർച്ചിന്റെ കീഴിലുള്ള ഒരു കുരിശുപള്ളി മാത്രമാണ്. അവിടെയാകട്ടെ വൈദികൻ സ്ഥിരമായി താമസവുമില്ല. കുർബാന അൾത്താരയിൽ സൂക്ഷിച്ചിട്ടുമില്ല. ലൂഥറൻ ദേവാലയത്തിലും ബാപ്റ്റിസ്റ്റ് ദേവാലയത്തിലും പ്രധാനമായും ഞായറാഴ്ചകളിൽ മാത്രമാണു കർമങ്ങൾ നടക്കാറുള്ളത്.
പട്ടയത്തിൽ തർക്കം
പല ഗോത്രവിഭാഗങ്ങൾ ഒരുമിച്ചു വസിക്കുന്ന വലിയൊരു പുൽമേട്ടിലാണ് ഈ പള്ളികൾ നിൽക്കുന്നത്. കുറേ വർഷങ്ങളായി സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് കേസുകൾ നിലനിൽക്കുന്നുണ്ടായിരുന്നു. 20 വർഷം മുന്പായിരുന്നു മണിപ്പൂർ അതിരൂപത ഈ സ്ഥലം വാങ്ങി ചെറിയൊരു ചാപ്പൽ അവിടെ പണികഴിപ്പിച്ചത്. യഥാർത്ഥ പട്ടയം ഉണ്ടെന്ന് അവകാശപ്പെട്ട ഒരു വ്യക്തിയിൽനിന്നാണു പട്ടയം പരിശോധിച്ചശേഷം അതിരൂപത മേൽപ്പറഞ്ഞ സ്ഥലം കൈവശമാക്കിയത്. പക്ഷേ, പിൽക്കാലത്ത് പട്ടയത്തിന്റെ നിജസ്ഥിതിയെക്കുറിച്ചു തർക്കമുണ്ടായി. സുപ്രീംകോടതിയുടെ നിർദേശമനുസരിച്ച് സ്ഥലം കൈയേറി നിർമിച്ച ആരാധനാലയങ്ങൾ റഗുലറൈസ് ചെയ്യുന്നതിനായുള്ള തീരുമാനമനുസരിച്ച് 2011-ൽ മണിപ്പൂർ കാബിനറ്റ് അഞ്ചു ജില്ലകളിലുള്ള 188 ആരാധനാലയങ്ങൾ 27-10-2011-ൽ നിയമാനുസൃതമാക്കുകയുണ്ടായി.
പക്ഷേ അതിലൊന്നിൽപോലും ക്രൈസ്തവ ആരാധനാലയങ്ങൾ പരിഗണിക്കപ്പെട്ടില്ല. കത്തോലിക്കാ ദേവാലയം നിർമിച്ചതു സ്ഥലം കൈയേറിയാണെന്ന ആക്ഷേപം വന്നപ്പോൾ 2020-ൽ കോടതിയിൽ കേസ് കൊടുക്കുകയും തങ്ങളുടേത് നിയമാനുസൃതമായ പട്ടയമനുസരിച്ചാണെന്ന് വാദിക്കുകയും ചെയ്തു. ഈ കേസുകൾ കൈകാര്യം ചെയ്തിരുന്നത് അതിരൂപതയായിരുന്നില്ല, പ്രത്യുത സ്ഥലം വാങ്ങിയ കത്തോലിക്കാ ഇടവകാംഗങ്ങളായിരുന്നു.
പൊളിക്കലിൽ ദുരൂഹത
2023 മാർച്ച് നാലുവരെ തത്സ്ഥിതി തുടരാൻ കോടതി ഉത്തരവിട്ടു, 2020-ൽ തന്നെ. പക്ഷേ, ഏപ്രിൽ നാലിന് മണിപ്പുർ ഹൈക്കോടതി ഈ സ്റ്റാറ്റസ്കോ വെക്കേറ്റ് ചെയ്തു. കാരണം യഥാർത്ഥ പട്ടയം സമർപ്പിക്കാൻ ഇടവകാംഗങ്ങൾക്കു കഴിഞ്ഞില്ല. യഥാർത്ഥമായ പട്ടയം തങ്ങളുടെ കൈവശമുണ്ടായിരുന്നുവെന്നും അതു കോടതിയിൽ വളരെ വൈകി സമർപ്പിച്ചിരുന്നുവെന്നും ഇത്രയും നാൾ നിങ്ങൾ എവിടെയായിരുന്നുവെന്നു കോടതി ചോദിച്ചുവെന്നും ജനങ്ങളുടെയിടയിൽ പ്രചരിക്കുന്നുണ്ട്. പള്ളിയുടെ ഉത്തരവാദിത്വമുള്ള ആളുകൾ മാറുകയും പ്രധാന രേഖകൾ കൈമാറാൻ അഭിഭാഷകർ വിട്ടുപോകുകയും ചെയ്തത് ഒരു പിഴവായി കരുതപ്പെടുന്നു. ഏപ്രിൽ നാലിനുശേഷം ഗവൺമെന്റ് അധികാരികൾ ഉടനെ പള്ളി പൊളിക്കുമെന്ന നിർദേശം നല്കിയിരുന്നുവെങ്കിലും ഇസ്ലാം മതസ്ഥനായ അഭിഭാഷകന്റെ ശക്തമായ അഭിപ്രായം ഒന്നും സംഭവിക്കില്ലെന്നായിരുന്നു.
തന്മൂലം വേണ്ടത്ര ശ്രദ്ധയോടെ, ഉടനടി വേണ്ട നടപടികളെടുക്കാൻ ആരുംതന്നെ ഉത്സാഹിച്ചില്ല. മാത്രമല്ല വിശുദ്ധ വാരമായിരുന്നതിനാൽ ഉത്തരവാദിത്വമുള്ളവർക്ക് ഇടപെടുവാൻ സമയവും ലഭിച്ചില്ല. എല്ലാവരും ഉറങ്ങിക്കിടന്ന സമയത്ത് പുലർച്ചെ മൂന്നിന് സന്നാഹങ്ങളുമായി ഗവൺമെന്റ് അധികാരികളും പോലീസും വന്നപ്പോഴാണ് സംഭവം കൈവിട്ടുപോയി എന്നു പള്ളിപ്പരിസരത്തുള്ളവർ അറിയുന്നത്. ദേവാലയം സൂക്ഷിപ്പുകാരൻ തങ്ങൾക്കു കുറച്ചു സമയം അനുവദിക്കണമെന്ന് സ്ഥലം എസ്പിയോട് അഭ്യർഥിക്കുകയും തിരുസ്വരൂപങ്ങളും അത്യാവശ്യ സാധനങ്ങളും എടുത്തുമാറ്റാൻ ചുരുക്കം സമയം അനുവദിക്കുകയും അതിനുശേഷം ദേവാലയം ബുൾഡോസർ ഉപയോഗിച്ചു നിലംപരിശാക്കുകയും ചെയ്തു.
കോടതിയുടെ വിലക്ക് മാറ്റലും പൊളിക്കാനുള്ള തീരുമാനവും തിടുക്കത്തിലെടുത്തതും അതിരാവിലെ ആരുമറിയാതെ പൊളിക്കാൻ ശ്രമിക്കുകയും ചെയ്തത് ദുരൂഹമാണ്. കുറച്ചുകൂടി മനുഷ്യോചിതമായി സാവകാശം നല്കി ജനങ്ങളെ ബോധവാന്മാരാക്കി നടപടി പൂർത്തിയാക്കാമായിരുന്നുവെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. ധൃതിയിലുള്ള നീക്കങ്ങളും ഇരുളിലുള്ള പൊളിക്കലും ആരുടെയൊക്കെയോ കുത്സിതമായ ഇടപെടലുകൾ ഉണ്ടെന്നു സന്ദേഹിക്കാൻ അവസരമൊരുക്കുന്നു. നിയമാനുസൃതമാക്കപ്പെട്ട ആരാധനാലയങ്ങൾക്കൊപ്പം ഒറ്റ ക്രൈസ്തവ ദേവാലയംപോലും ഉൾപ്പെട്ടില്ലാ എന്നത് ഗവൺമെന്റിന്റെ സമഭാവനയ്ക്കുനേരേ കൊഞ്ഞനം കുത്തുന്നതാണ്. ശാന്തത പുലർത്താനും ദേവാലയങ്ങളെ തകർത്തതിനോട് ശാന്തമായി പ്രതികരിക്കാനും സഭാധികാരികൾ ക്രൈസ്തവരെ ഉദ്ബോധിപ്പിച്ചു.
ഗോത്ര വിഭാഗക്കാരും മൈയ്തേയി സമൂഹവും
ഇതു ക്രൈസ്തവർക്കെതിരായ ഒരു നീക്കം എന്നതിലുപരി മലകളിൽ അധിവസിക്കുന്ന ഗോത്ര വിഭാഗക്കാരും താഴ്വാരങ്ങളിൽ വസിക്കുന്ന മൈയ്തേയി സമൂഹവും തമ്മിലുള്ള ശീതസമരത്തിന്റെ പരിണതഫലമാണ്. ഇംഫാൽ നഗരം മലകളാൽ ചുറ്റപ്പെട്ട പരന്ന പ്രദേശമാണ്. മലകളിൽ കുക്കി, നാഗാ ഗോത്ര വംശജരും താഴ്വാരങ്ങളിൽ മൈയ്തേയി നിവാസികളുമാണ്. മൈയ്തേയി ജനവിഭാഗം ‘സത്യമഹി’ എന്ന പ്രാദേശിക മതത്തിൽ വിശ്വസിക്കുന്നവരാണ്.
ഉരുകുന്ന സ്വർണം എന്നാണ് ഈ മതത്തിന്റെ വാച്യാർഥം. ബംഗാളിൽനിന്നുള്ള വൈഷ്ണവ സന്യാസിയായ നരോത്തം ദാസ് താക്കൂർ അന്നത്തെ മൈയ്തേയ് രാജാവായ ഭാഗ്യചന്ദ്രയെ വൈഷ്ണവ വിശ്വാസത്തിലേക്ക് നയിക്കുകയും അദ്ദേഹം മൈയ്തേയ് വിഭാഗം മുഴുവൻ ഇതു സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. അങ്ങനെ താഴ്വാരങ്ങളിലുള്ള മൈയ്ത്തേയ് വിഭാഗം ഹിന്ദുക്കളായി. മലമുകളിൽ വസിക്കുന്ന കുക്കികളും നാഗന്മാരും പിൽക്കാലത്ത് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയും ചെയ്തു. ഗോത്രവംശജർക്കു മണിപ്പൂരിലെവിടെയും സ്ഥലം വാങ്ങാൻ സാധിക്കുന്പോൾ ഗോത്രവർഗ മേഖലയിൽ സ്ഥലം വാങ്ങാൻ താഴ്വാര നിവാസികളായ മൈയ്തേയികൾക്ക് അനുവാദമില്ല. 22,327 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള മണിപ്പൂരിൽ 2222 ചതുരശ്ര കിലോമീറ്റർ വരുന്ന ഇംഫാലിലാണ് മൈയ്തേയ് വിഭാഗക്കാർ മുഴുവൻ വസിക്കുന്നത്. ആനിമിസ്റ്റുകൾ, മുസ്ലിംകൾ തുടങ്ങിയവരും മണിപ്പൂരിലുണ്ട്.
ക്രൈസ്തവ സഭയിലേക്ക്
അമേരിക്കൻ ബാപ്റ്റിസ്റ്റുകളും വെയിൽസിൽനിന്നുള്ള ആംഗ്ലിക്കൻ മിഷണറിമാരുമെത്തി മലമുകളിലെ കുക്കി, നാഗന്മാരുടെ ഇടയിൽ പ്രേഷിതപ്രവർത്തനം നടത്തി. സാൽവത്തോറിയൻ മിഷണറിയായ ജർമൻകാരൻ ഫാ. അൻസ്ഗാറിനോട് 1908-ൽ മഹാരാജാവ് കാത്തലിക് മിഷൻ ആരംഭിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഒന്നാം ലോകമഹായുദ്ധ കാലത്ത് ജർമൻകാരെ ബ്രിട്ടീഷുകാർ നാടുകടത്തുകയും സലേഷ്യൻ മിഷണറിമാർ 1948-ൽ ഇവിടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 1948-ൽ മഹാരാജാവ് മിഷണറി മെത്രാനായ മരേൻഗായോട് താൻ ഷില്ലോംഗിലെ സെന്റ് എഡ്മണ്ട് സ്കൂളിൽ പഠിച്ചയാളാണെന്നു പറഞ്ഞ് അവർക്കു മണിപ്പൂരിലേക്കു സ്വാഗതമരുളി.
1956-ൽ നിർമലാബാസ് എന്ന പേരിൽ ഇംഫാലിൽ കത്തോലിക്കാ സ്ഥാപനം തുടങ്ങി. തുടർന്ന് എഫ്സിസി, സിഎംസി, എസ്എബിഎസ് സിസ്റ്റർമാരും വൈദികരുമെത്തി. കൊഹിമ-ഇംഫാൽ രൂപത പോൾ ആറാമൻ മാർപാപ്പ 1973 ജനുവരി 29-ന് സ്ഥാപിക്കുകയും കത്തോലിക്കാസഭ ശക്തമായി വളരുകയും ചെയ്തു. 1980 ഏപ്രിൽ 21-ന് ടെസ്പൂർ ബിഷപ്പായ ജോസഫ് മിറ്റത്താനിയെ മണിപ്പുർ രൂപതയുടെ മെത്രാനായി നിയമിച്ചു. 1995 ഓഗസ്റ്റ് ഒന്നിന് ഇംഫാൽ രൂപത അതിരൂപതയായി ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഉയർത്തുകയും ജോസഫ് മിറ്റത്താനിയെ ആർച്ച്ബിഷപ്പായി അവരോധിക്കുകയും ചെയ്തു.
ഇന്നു 30 ലക്ഷത്തോളം വരുന്ന മണിപ്പുരികൾക്ക് സേവനവുമായി കത്തോലിക്കാസഭ ശക്തമായി രംഗത്തുണ്ട്. 50ലേറെ സ്കൂളുകളും നാലു കോളജുകളും വലിയൊരു ആശുപത്രിയുമായി സഭ പ്രവർത്തനനിരതമാണ്. 60 നിയമസഭാ സീറ്റുകൾ മണിപ്പുരിലുള്ളത്, 40 സമതലവാസികൾക്കും, 20 മലമുകൾവാസികൾക്കുമായി വീതിച്ചത് തികച്ചും അനീതിപരമായാണ്. ഒരുതരത്തിലും മലമുകൾ വാസികളായ ഗോത്രവിഭാഗക്കാർ അധികാരത്തിൽ വരരുത് എന്ന തരത്തിലാണ് നിയമസഭാ മണ്ഡലങ്ങൾ വിഭജിച്ചിട്ടുള്ളത്. മന്ത്രിമാരിൽ ഭൂരിഭാഗവും മെയ്തേയ് വർഗത്തിൽപ്പെട്ടവരും എല്ലാ പുരോഗമനനടപടികളും സമതലത്തിലേയ്ക്ക് കേന്ദ്രീകൃതവുമാണ്.
അതുകൊണ്ട് നാഗന്മാരുടെ നേതൃത്വത്തിലും കുക്കികളുടെ നേതൃത്വത്തിലും രാജ്യത്തിനെതിരായ വിമതനീക്കം നടക്കുന്നുണ്ട്. മുന്പ് ശക്തമായിരുന്ന വിമത പോരാളികൾ ഇന്ന് കുറച്ചുകൂടി ശക്തമാണ്. അനീതി അനന്തമായി അനുഭവിക്കേണ്ടിവരുന്പോൾ, അനീതിക്കിരയാക്കപ്പെട്ടവർ ആയുധമെടുക്കുന്നത് നമ്മുടെ ചുറ്റുമുള്ള രാജ്യങ്ങളിലും മറ്റ് ലോകരാഷ്ട്രങ്ങളിലും നാം കാണാറുണ്ട്. എന്നാണ് ഈ രാഷ്ട്രീയ അനീതി, ജനാധിപത്യത്തിലേക്ക് പൂർണമായും മണിപ്പുർ നയിക്കപ്പെട്ട് ശാന്തിതീരം അണയുക എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
അഞ്ചിലേറെ കത്തോലിക്കാ വൈദികർ മണിപ്പുരിൽ വെടിയേറ്റു മരിച്ചിട്ടുണ്ട്. അവരുടെ ചുടുനിണമാണ് സഭയ്ക്കു ശക്തിയും വിശ്വാസതീക്ഷ്ണതയും പകർന്നത്. താഴ്വര, മലമുകൾ നിവാസികളെ രമ്യതയോടെ കൊണ്ടുപോകാൻ സഭ കിണഞ്ഞുശ്രമിക്കുന്നു. ഈയൊരു ചെറിയ പള്ളി തകർക്കൽ സഭയ്ക്കു പുത്തരിയല്ല. 2002 ഏപ്രിൽ ഏഴിന് സഹായമെത്രാനായി നിയമിതനായ ഡൊമിനിക് ലുമേൺ 2006 ജൂലൈ 12-ന് ആർച്ച്ബിഷപ്പായി അധികാരമേറ്റെടുത്തു. മണിപ്പുരിലെ ചന്ദേൽ എന്ന സ്ഥലത്തുനിന്നുള്ള ആർച്ച്ബിഷപ്പ് ഡൊമിനിക് മോൺസാങ്ങ് എന്ന നാഗ ഉപവർഗത്തിൽപ്പെട്ടയാളാണ്.
ആർച്ച്ബിഷപ് ഡൊമിനിക്കിന്റെ നേതൃത്വത്തിൽ മണിപ്പൂരിലെ കത്തോലിക്കാസഭ ഏറെ വളർന്നിട്ടുണ്ട്. ഊഹാപോഹങ്ങളും രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ചുള്ള വിശദീകരണങ്ങളും മണിപ്പൂർ നിവാസികളെ കൂടുതൽ ഭിന്നിപ്പിക്കുകയേയുള്ളൂ. താഴ്വരയും മലമുകളും അശാന്തി പുകഞ്ഞാൽ മറ്റൊരു അഗ്നിപർവതമായി ഇതു മാറും. ശാന്തതയും പുരോഗതിയും ലക്ഷ്യംവച്ചു മനുഷ്യത്വവും സ്നേഹവും പടർത്താനുള്ള അസുലഭമായ അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്.
ഫാ. വർഗീസ് വേലിക്കകം
വികാരി ജനറാൾ, ഇംഫാൽ അതിരൂപത, മണിപ്പൂർ.