“നിൻ്റെ സൗഹൃദം എനിക്കിഷ്ടമാണ്, പക്ഷെ നീ വൈകാരികതയുടെ അതിർ വരമ്പുകൾ ഭേദിക്കുന്നു.”എന്ന് പറയേണ്ടി വന്നിട്ടുണ്ടോ? അല്ലെങ്കിൽ പറയാൻ ഭയപ്പെട്ട് പിന്നീട് വിഷമിക്കേണ്ടി വന്നിട്ടുണ്ടോ? പറഞ്ഞു വരുന്നത് പേഴ്സണൽ സ്പേസും, ഇമോഷണൽ സ്പേസും എന്താണ് എന്നാണ്. “പേഴ്സണൽ സ്പേസ് എന്നാൽ, നമ്മുടെ ശരീരത്തിൽ ഒരു അപരിചിതന് അതിക്രമിച്ചു കടക്കാൻ കഴിയാത്ത വിധം ശരീരത്തിനു ചുറ്റും നമ്മൾ തന്നെ തീർക്കുന്ന ഒരു അദൃശ്യ അതിർ വരമ്പാണ്” എന്ന് പറഞ്ഞത് കാലിഫോർണിയ യൂണിവേഴ്സിറ്റി യിലെ സൈക്കോളജി പ്രൊഫസ്സർ ആയ റോബർട്ട് സോമ്മർ ആണ്.
പേഴ്സണൽ സ്പേസിനെ പ്പറ്റി ഞാൻ ആദ്യം കേൾക്കുന്നത്, എൻ്റെ പഴയ ഒരു സഹപ്രവർത്തകൻ ആയ ഡേവിഡിൽ നിന്നാണ്. അദ്ദേഹത്തിന്റെ കേട്ടറിവിൽ പേഴ്സണൽ സ്പേസിനെ നാലായി തിരിച്ചിട്ടുണ്ട്. പബ്ലിക് സ്പേസ് ഏകദേശം ആറടി അല്ലെങ്കിൽ ഒരാൾ അകലം. ഒരു പരിചയവും ഇല്ലാത്ത ആൾക്കാരുമായി സംസാരിക്കുമ്പോൾ അദ്ദേഹം ഒരാൾ അകലം സ്വീകരിക്കാറുണ്ടത്രെ.
നമ്മുടെ സേഫ്റ്റിക്ക് അത്രയും അകലം വേണമത്രേ, അതായത് കഴുത്തിൽ കയറിപ്പിടിക്കുവാനോ, കയ്യിലുള്ള ബാഗ് തട്ടിപ്പറിച്ചു കൊണ്ടു പോകുവാനോ ഉള്ള സാധ്യതകൾ ഇല്ലാതാക്കാൻ ആണ് ഇങ്ങനെ ചെയുന്നത്. അടുത്തത് സോഷ്യൽ സ്പേസ് ആണ്, അതായത് പാർട്ടികൾ, കല്യാണം, ജോലി സംബദ്ധമായ കോൺഫറന്സുകൾ, ബാറുകൾ, ആരാധനാലയങ്ങൾ അല്ലെങ്കിൽ നമ്മുടെ സമാന ആശയങ്ങൾ ഉൾക്കൊള്ളുന്നവർ ഉള്ളയിടങ്ങൾ, അവിടെ ഒരു കൈ അകലം. അവിടെ മരണ ഭയം വേണ്ട, ബാഗ് തട്ടിപ്പറിച്ചു കൊണ്ട് പോകുമോ എന്ന ഭയം വേണ്ട, പക്ഷെ നമ്മളെ അവർ അനാവശ്യമായി തൊടുന്നതോ, തോണ്ടുന്നതോ ഒഴിവാക്കാം.
വേണമെങ്കിൽ ഒരു ഷേക്ക് ഹാൻഡ് കൊടുക്കാം എന്ന തരത്തിൽ. ആ അകലത്തിൽ കൂടുതൽ സൗകര്യമായി സമാന ആശയങ്ങൾ ഉൾക്കൊള്ളുന്നവരുമായി സംസാരിക്കാൻ പറ്റും. ഇനിയുള്ളത് ക്ലോസ് പേഴ്സണൽ സ്പേസ് ആണ്, അര കൈ അകലം. അതായത് ഒരു വൈൻ ഗ്ലാസ്സോ, ബിയർ കുപ്പിയോ പിടിച്ചാൽ തമ്മിൽ മുട്ടാതെ സംസാരിക്കാനുള്ള അകലം. നമ്മുടെ അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ ഇവർക്ക് മാത്രമായുള്ളതാണ് ഈ ‘ക്ലോസ്’ പേർസണൽ സ്പേസ്. ഇനിയുള്ളതാണ് ഇന്റിമേറ്റ് സ്പേസ്, പൂജ്യം അടി മുതൽ രണ്ടടി അകലം ആണ് ഇത്. ഇത് നമ്മുടെ ഇണ അല്ലെങ്കിൽ പങ്കാളിക്ക് മാത്രമുള്ള സ്പേസ് ആണ്.(ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ അല്ലെങ്കിൽ, മറ്റു ചില പബ്ലിക്ക് ഇടങ്ങളിൽ മുകളിലത്തെ സ്പേസ് പാലിക്കാൻ പറ്റില്ല, എങ്കിലും കഴിവതും, ശരീരത്തിൽ അതിക്രമിച്ചു കടക്കുന്നവരെ പെട്ടെന്ന് തിരിച്ചറിയാൻ പറ്റും).
പേഴ്സണൽ സ്പേസ് പോലെ, കൃത്യമായി നിർവചിക്കാനോ, കൃത്യമായി അളവുകൾ കണ്ടെത്താനോ ബുദ്ധിമുട്ടുള്ളതാണ്, ഇമോഷണൽ സ്പേസ്. എന്നിരുന്നാലും നമ്മുടെ വൈകാരികതയിലേക്കുള്ള കടന്നു കയറ്റത്തെ (emotional intrusion) ചെറുക്കണം എങ്കിൽ അദൃശ്യ അതിർ വരമ്പുകൾ തീർക്കേണ്ടത് ആവശ്യമാണ്. അപരിചിതന്, സമാന ചിന്താഗതിക്കാരന്, സുഹൃത്തിന്, പങ്കാളിക്ക് ഒക്കെ നമ്മുടെ വൈകാരികതയിലേക്കും, സ്വകര്യതയിലേക്കും ഇറങ്ങി വരുവാൻ അദൃശ്യ അതിർ വരമ്പുകൾ കൃത്യമായി വേണം. നമ്മുടെ വൈകാരികതയ്ക്ക്, സ്വകര്യതയ്ക്ക് കോട്ടം തട്ടുന്നു എന്ന് കണ്ടാൽ ആ ഇടങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാനും ശീലിക്കേണ്ടതുണ്ട്.
എല്ലാത്തരം നല്ല ബന്ധങ്ങൾക്കും അതിർവരമ്പുകൾ ആവശ്യമാണ്. “നിൻ്റെ സൗഹൃദം എനിക്കിഷ്ടമാണ്, പക്ഷെ നീ വൈകാരികതയുടെ അതിർ വരമ്പുകൾ ഭേദിക്കുന്നു” എന്ന് പറയേണ്ടി വരുന്ന അവസരങ്ങൾ പലപ്പോളും ജീവിതത്തിൽ ഉണ്ടാവും. അങ്ങിനെ തോന്നുമ്പോൾ അങ്ങിനെ തന്നെ പറയണം. സൗഹൃദത്തിന്, വൈകാരികതയ്ക്ക്, സ്വകാര്യതയ്ക്ക് എല്ലാം അതിർവരമ്പുകൾ (സ്പേസ്) വേണം. അതിർവരമ്പ് എന്ന് പറയുന്നത്, ഒരിക്കലും തുറക്കാൻ പറ്റാത്ത ഒരു ഇരുമ്പു ഗേറ്റിനെ അല്ല, മറിച്ച് അദൃശ്യ മതിൽ, അല്ലെങ്കിൽ അദൃശ്യ സ്പേസിനെ ആണ്. ആ സ്പേസ് നിയന്ത്രിക്കേണ്ടത് നമ്മൾ മാത്രമാണ്.
Matthieu Ricard എന്ന ഫ്രഞ്ച് സൈദ്ധാന്തികൻ പറഞ്ഞത് “Happiness is a skill, emotional balance is a skill, compassion and altruism are skills, and like any skill they need to be developed. That’s what education is about.” വിദ്യാഭ്യാസം എന്നാൽ ഇപ്പോളും, മാത്തമാറ്റിക്ക്സും, സയൻസും മാത്രമാണ് എന്നാണ് പൊതുബോധം. വൈകാരിക സ്വകര്യത, ഇവയുടെ അതിരുകൾ പഠിക്കേണ്ടത് സ്കൂളിൽ നിന്നും കൂടിയാണ്. പറഞ്ഞു വന്നതിന്റെ, ചുരുക്കം എന്തെന്നാൽ നമ്മൾ തീർക്കുന്ന വൈകാരിക മതിലുകളുടെ താക്കോൽ നമ്മുടെ കയ്യിൽ മാത്രം ആയിരിക്കണം, നമ്മൾ വിചാരിക്കുമ്പോൾ മാത്രം തുറക്കാനായി.
ഇമോഷണൽ സ്പേസ് കൃത്യമായി കൈകാര്യം ചെയ്യുന്നത് ഒരു സ്കിൽ ആണ്. ഇമോഷണൽ സ്പേസ് മാത്രമല്ല, സന്തോഷവും, വിഷമങ്ങളും, സ്വകര്യതയും, വൈകാരികതയും എല്ലാം കൃത്യമായി മാനേജ് ചെയ്യേണ്ടത് സംതൃപ്തമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. പാഠ്യ പദ്ധതികളിലൂടെയും, കൃത്യമായ വിദ്യാഭ്യാസത്തിലൂടെയും മാത്രമേ വൈകാരിക വകതിരിവുള്ള ഒരു സമൂഹത്തെ ഉണ്ടാക്കാൻ പറ്റൂ.
By, സുരേഷ് സി പിള്ള